''അമ്മേ, വെള്ളാരം കണ്ണുള്ള ആ വെളുത്ത ചെക്കന് 
മുല കൊടുക്കരുത്, അവനൂറ്റിയെടുക്കും മുലപ്പാലിന്റെ പേറ്റന്റ്''

To advertise here,

ആരെഴുതിയതാണ് ഈ വരികളെന്ന് ഓര്‍മയില്ലെങ്കിലും ആഗോളവത്ക്കരണത്തെക്കുറിച്ചായിരുന്നു ഇതെന്നതിന് സംശയമില്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പെഴുതപ്പെട്ട ഈ വരികള്‍ കവി ദീര്‍ഘദര്‍ശനത്തോടെ എഴുതിയതാണെന്ന് ഉറപ്പ്. ആഗോളവത്ക്കരണവും അതിന്റെ ഭാഗമായ ഉപഭോഗ സംസ്‌ക്കാരവും അതിന്റെ ഉപോത്പ്പന്നമായ ഡിജിറ്റല്‍ വിപ്ലവവുമെല്ലാം മുലപ്പാലില്‍ മാരകമായ വിഷം കലര്‍ത്തിയിരിക്കുന്നു. പണമുണ്ടാക്കുകയും ജയിക്കുകയും മാത്രമാണ് ജീവിതമെന്ന ജനിതക സന്ദേശമാണ് ഈ മുലപ്പാല്‍ ഇന്ന് കുട്ടികള്‍ക്ക് നല്‍കുന്നത്. ഇതു കുടിച്ച് വളരുന്ന കുട്ടികള്‍ക്ക് ഇന്ന് പുതിയൊരു പേരുകൂടി കിട്ടിയിരിക്കുന്നു; കുട്ടിക്കുറ്റവാളി! 

താമരശ്ശേരിയില്‍ സംഘം ചേര്‍ന്ന് വിദ്യാര്‍ഥികള്‍ ആക്രമിച്ചു കൊലപ്പെടുത്തിയ മുഹമ്മദ് ഷഹബാസിന്റെ കാര്യമോര്‍ക്കുമ്പോള്‍ എന്താണ് നമ്മുടെ കുട്ടികള്‍ക്ക് പറ്റിയതെന്നോര്‍ത്ത് തരിച്ചിരിക്കുകയാണ് കേരളം. ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ കുട്ടികള്‍ക്ക് കാര്യമായ മാറ്റമുണ്ടായിട്ടുണ്ടെന്ന കാര്യത്തില്‍ ആര്‍ക്കുമിപ്പോള്‍ സംശയമില്ല. പണ്ടൊക്കെ കുട്ടികള്‍ കൂട്ടുകൂടിയിരുന്നത് സ്നേഹത്തിനും കരുതലിനുമൊക്കെയായിരുന്നെങ്കില്‍ ഇന്ന് ഇത് മത്സരത്തിനും അടിയുണ്ടാക്കാനും തല്ലിക്കൊല്ലാനുമൊക്കെയായി മാറിയിട്ടുണ്ടെന്ന് പറഞ്ഞാല്‍ അതെങ്ങനെ അതിശയോക്തിയാവും. അതുപോലുള്ള വാര്‍ത്തകളാണ് കേരളത്തില്‍ ഒരാഴ്ചക്കിടയില്‍ കേള്‍ക്കേണ്ടി വന്നത്. തിങ്കളാഴ്ച നിയസഭയെ വരെ പ്രക്ഷുബ്ധമാക്കിയ ഈ വിഷയത്തില്‍ ഭരണ-പ്രതിപക്ഷ പോരുണ്ടായെങ്കിലും കുട്ടികള്‍ക്ക് സംഭവിച്ചുകൊണ്ടിരിക്കുന്ന മാറ്റം സംബന്ധിച്ച് ഇരുപക്ഷങ്ങള്‍ക്കും ഏക അഭിപ്രായം തന്നെയാണ്. ഗൗരവമായ ഇടപെടല്‍ ഇക്കാര്യത്തില്‍ ഉണ്ടാവണമെന്ന്. 

വെഞ്ഞാറമൂട് കൂട്ടക്കൊലക്കേസ് കേരളത്തെ ഞെട്ടിച്ചതിന്റെ തൊട്ടുപിന്നാലെയാണ് താമരശ്ശേരിയിലെ വിദ്യാര്‍ഥികളുടെ കൂട്ട ആക്രമണവും മുഹമ്മദ് ഷഹബാസിന്റെ ദയനീയ അന്ത്യവും ദേശത്തിന്റെ വേദനയായത്. യുവാക്കള്‍ക്കും കുട്ടികള്‍ക്കും എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത് എന്നാലോചിച്ച് ആശങ്കപ്പെടുന്ന നിരവധി പ്രതികരണങ്ങളും ഇതിനോടകം തന്നെ വന്നു കഴിഞ്ഞു. മിക്ക ചര്‍ച്ചകളും വില്ലനാക്കുന്നത് വയലന്റ് സിനിമകളെയും ലഹരിയെയും വീഡിയോ ഗെയിമുകളെയുമാണ്. ഇതില്‍ ലഹരിയൊഴിച്ച് മറ്റ് രണ്ടും ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഭാഗമായി കുട്ടികളെ ഗ്രസിച്ചിരിക്കുന്ന അപകടം തന്നെയാണെന്ന് നിസംശയം പറയാം. 

ശരിക്കുള്ള ലോകത്ത് ചെയ്യാന്‍ കഴിയാത്ത നിയമ ലംഘനങ്ങളും വയലന്‍സും സിമുലേഷന്‍ വീഡിയോ ഗെയിമുകളില്‍ ചെയ്യാന്‍ കഴിയുമ്പോള്‍ ലഹരി ഉപയോഗിക്കുമ്പോഴെന്നത് പോലെ ഒരു കിക്ക് കുട്ടികള്‍ക്ക് കിട്ടുന്നു.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പെ പുറത്തിറങ്ങുകയും പിന്നീട് വീഡിയോ ഗെയിമുകളില്‍ ഏറെ പ്രചാരം ലഭിച്ച ഒരു ഗെയിമില്‍(പേര് ഒഴിവാക്കുന്നു)
തങ്ങള്‍ റോള്‍ പ്ലേ നടത്തുന്ന, അതായത്, കളിക്കുന്ന ആളാകുന്ന ഇതിലെ ഹീറോക്ക് പോലീസ് സ്റ്റേഷന്‍ ആക്രമിക്കുന്നതടക്കമുള്ള കാര്യങ്ങള്‍ ഗെയിമില്‍ ചെയ്യാന്‍ സാധിക്കുന്നുണ്ട്. 

ഒരു നഗരത്തില്‍ ഇറങ്ങി നടക്കുന്ന ഈ ഹീറോക്ക് റോഡിലൂടെ വരുന്ന കാറുകളടക്കം ഡ്രൈവറെ വലിച്ച് പുറത്തിട്ട് അപഹരിക്കാനും റോഡിലൂടെ നടക്കുന്നവരെ ആക്രമിച്ച് അവരുടെ പണവും മറ്റും കട്ടെടുക്കാനും സാധിക്കുന്നുണ്ട്. ഒരോ കുറ്റകൃത്യം ചെയ്യുമ്പോഴും ഹീറോയുടെ ക്രൈം റേറ്റിങ് കൂടിക്കൊണ്ടിരിക്കുന്നതാണ് ഗെയിമിലെ പ്രത്യേകത. 

റെയിറ്റിങ് കൂടന്നതനുസരിച്ച് പോലീസ് പുറകെ വരുന്നതോടെ യഥാര്‍ഥത്തില്‍ ഗെയിമും ഗെയിമറും ചൂടുപിടിക്കുകയായി. ഇതു കളിക്കുന്ന കുട്ടികള്‍ക്ക് കുറ്റവാസന ഉണ്ടാവില്ലെന്ന് ആര്‍ക്കെങ്കിലും പറയാന്‍ കഴിയുമോ. റോഡില്‍ നടക്കുന്ന ബിക്കിനിധാരികളായ പെണ്‍കുട്ടികളെ(ഇവരെ കോള്‍ ഗേള്‍സായാണ് ചിത്രീകരിച്ചിരിക്കുന്നത്) കാറില്‍ കയറ്റി കൊണ്ടുപോയി നഗരത്തിലെ ഏതെങ്കിലും കോണില്‍ കാര്‍ പാര്‍ക്ക് ചെയ്ത് ഭോഗിക്കാനും വിര്‍ച്വലായി സാധിക്കുന്ന രീതിയില്‍ ഗെയിമിന്റെ ചീറ്റ് കോഡുകളും വികസിപ്പിച്ചിട്ടുണ്ട്. 

അതായത് കീ ബോര്‍ഡില്‍ ഒരോ ആക്ടിവിറ്റിക്കും പ്രോഗ്രാം ചെയ്തു വെച്ചിരിക്കുന്ന പ്രത്യേക കോഡുകളെയാണ് ചീറ്റ് കോഡുകളെന്ന് പറയുന്നത്. ഈ കോഡുകളടിച്ചാല്‍ അതിനായി നിര്‍വചിക്കപ്പെട്ടിട്ടുള്ള പ്രവര്‍ത്തി വെര്‍ച്വലായി ചെയ്യാം. കോഡുകളൊക്കെ ഗൂഗിളില്‍ തിരഞ്ഞാല്‍ എളുപ്പം കിട്ടും. ഇതൊക്കെ കളിക്കുന്നതാകട്ടെ പത്ത് വയസുമുതലുള്ള കുട്ടികളാണെന്ന് വരുമ്പോള്‍ അവരുടെ മനസിനെ ഈ ഗെയിമുകള്‍ എത്ര കണ്ട് മലീമസപ്പെടുത്തുന്നുണ്ടാവുമെന്ന് ആലോചിക്കാവുന്നതല്ലേയുള്ളു.     

പത്തുവയസുകാരന്‍ കളിക്കുന്ന ഗെയിമില്‍ ഇത്രയും വയലന്‍സും സെക്ഷ്വല്‍ റഫറന്‍സുമൊക്കെ ഉണ്ടായിരിക്കുമെന്ന് കുട്ടികള്‍ക്ക് ഈ ഗെയിം കളിക്കാനുള്ള കമ്പ്യൂട്ടര്‍ വാങ്ങിക്കൊടുത്ത എത്ര മാതാപിതാക്കള്‍ക്ക് അറിയുന്നുണ്ടായിരിക്കും. അതുകൊണ്ട് ഗെയിം കളിച്ചതുകൊണ്ടാണ് കുട്ടികള്‍ കുറ്റവാളികളാവുന്നതെന്ന് പറയുന്നത് ബാലിശമല്ലേ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലെന്ന് തന്നെ പറയാം. 

placeholder
റോണ്‍ മാത്യൂ കുരുവിള
റോണ്‍ മാത്യൂ കുരുവിള

താമരശ്ശേരി കൊലപാതകത്തില്‍ ഷഹബാസിനെ  കൂട്ടം ചേര്‍ന്ന് മര്‍ദിച്ച കുട്ടികള്‍ വയലന്റ് സിനിമകളുടെയും വീഡിയോ ഗെയിമുകളുടെയും ഇരകളായിരുന്നു എന്നതില്‍ സംശയമില്ലെന്നാണ് തിരുവല്ലയിലെ പരുമലയിലുള്ള സെയിന്റ് ഗ്രിഗോറിയസ് മെഡിക്കല്‍ മിഷന്‍ ഹോസ്പിറ്റലിലെ റീഹാബിലിറ്റേഷന്‍ സൈക്കോളജിസ്റ്റായ റോണ്‍ മാത്യൂ കുരുവിള പറയുന്നത്. മൂന്നര വയസു മുതലുള്ള കുട്ടികളുടെ സൈക്കോളജിക്കല്‍ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുന്ന വ്യക്തിയാണ് റോണ്‍. 

കുട്ടികളില്‍ കുറ്റവാസന ജനിതകമായി കിട്ടുന്നതാണെന്ന് പറയാനാവില്ല. മൂന്നര വയസുവരെ പ്രായമുള്ള കുട്ടികളുടെ മനസിനെ ഒന്നും എഴുതാത്ത ഒരു സ്ലേറ്റ് ആയാണ് ചൈല്‍ഡ് സൈക്കോളജിയില്‍ നിര്‍വചിക്കുന്നത്. ടാബുലറാസ എന്നാണ് ഈ മനസിനെ പറയുക. പിന്നീട് ഈ സ്ലേറ്റില്‍ മാതാപിതാക്കള്‍ എഴുതിക്കൊടുക്കുന്നതായിരിക്കും കുട്ടികളുടെ മനസ്സിനെ വികസിപ്പിക്കുക. മൂന്നര വയസുമുതല്‍ ഏഴു വയസുവരെയാണ് ഒരു കുട്ടിയുടെ വ്യക്തിത്വ വികസനത്തിന്റെ ആദ്യഘട്ടം. രണ്ടാം ഘട്ടമായ ഏഴു വയസുമുതല്‍ പതിനാറ് വയസുവരെയുള്ള പ്രായത്തിലാണ് കുട്ടിയുടെ വ്യക്തി വികസനം മുഴുവനാകുന്നത്. 

മിക്കവാറും ബുദ്ധിപരമായി വളരെ മുന്നിലുള്ള കുട്ടികളില്‍ തന്നെയാണ് ഗെയിം അഡിക്ഷന്‍ സംഭവിക്കുന്നത്. കുട്ടികള്‍ എപ്പോഴും പുതിയ കാര്യങ്ങളറിയാന്‍ ക്യൂരിയസായിരിക്കും. പണ്ടത്തെപ്പോലെ പുറത്ത് പോയി കളിക്കാനും മറ്റും അവസരമില്ലാതാവുമ്പോഴായിരിക്കും ഏതെങ്കിലും സുഹൃത്ത് വഴിഗെയിമുകളെപറ്റിയൊക്കെ അറിയുന്നത്. ഗെയിമുകളിലുള്ള കാര്യങ്ങളറിയാനുള്ള ക്യൂരിയോസിറ്റിയായിരിക്കും ഇവ വാങ്ങാനും ഇന്‍സ്റ്റാള്‍ ചെയ്യാനുമൊക്കെ പ്രേരിപ്പിക്കുന്നത്. മള്‍ട്ടി പ്ലെയര്‍ ഗെയിമുകളൊക്കെയാവുമ്പോള്‍ കൂട്ടുകാരുടെകൂടെ വ്യത്യസ്ഥ സ്ഥലങ്ങളിലിരുന്ന് ഇവ കളിക്കാന്‍ സാധിക്കുന്നത് കൂട്ടികളെ ഗെയിമുകളോട് കൂടുതല്‍ അഡിക്ടഡ് ആക്കുന്നു. 

ഗെയിമുകളെല്ലാം മോശമാണെന്നൊന്നും പറയാന്‍ പറ്റില്ല. കമ്പ്യൂട്ടറിലും മൊബൈലിലും ടാബിലുമൊക്കെ കളിക്കാന്‍ ഇപ്പോള്‍ ഫുട്ബോള്‍ പോലുള്ള ഗെയിമുകളുമുണ്ട്. ഇവയൊന്നും അക്രമവാസന വളര്‍ത്തുന്നവയല്ല. എന്നിരുന്നാലും ഡിജിറ്റല്‍ അഡിക്ഷന്‍ കുട്ടികളുടെ മാനസിക വികാസത്തിന് തുരങ്കം വെക്കുമെന്നതിനാല്‍ ഏറെനേരം കുട്ടികള്‍ക്ക് മൊബൈല്‍ പോലുള്ള ഡിവൈസുകള്‍ നല്‍കുന്നത് നല്ലതല്ലെന്നാണ് തന്റെ അഭിപ്രായമെന്നും റോണ്‍ പറയുന്നു. 

അതേസമയം ടെക്‌നോളജിയില്‍ നിന്ന് കുട്ടികളെ മാറ്റി നിര്‍ത്തേണ്ടതിന്റെ കാര്യമില്ല. അവരുടെ സ്‌ക്രീന്‍ ടൈം അരമണിക്കൂറായി നിജപ്പെടുത്തുകയും എന്താണവര്‍ മൊബൈലിലും മറ്റും ചെയ്യുന്നതെന്ന് കൃത്യമായി നിരീക്ഷിക്കുകയും ചെയ്യുകയാവും നന്നാവുക. എന്ത് ഗെയിമായാലും കുട്ടികളെ ഇത് അഗ്രസീവാക്കുന്നുണ്ടോയെന്നും മറ്റും നിരീക്ഷിക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് ശരിയായ ശിക്ഷണത്തിന്റെ പരാജയമാവും. ഇത് കുട്ടികള്‍ വഴിപിഴച്ച് ഒന്നിനും കൊള്ളാത്തവരും ക്രിമിനലുകളും അവാനും വഴിയൊരുക്കും. 

എന്നാല്‍, പുതിയ കാര്യങ്ങള്‍ അറിഞ്ഞിരിക്കുന്നതില്‍ നിന്നും കുട്ടികളെ വിലക്കുന്നതും ആത്മഹത്യാപരമാണ്. ഉദാഹരണത്തിന്‌ ഇന്ന് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് കുട്ടികളുടെ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്ന ഒരു വിഷയമാണത്‌. അത് പഠിക്കരുതെന്ന് അവരോട് പറയുന്നതില്‍ എന്ത് അര്‍ഥമാണുള്ളത്. പക്ഷെ ആള്‍ക്കാരെ വെടിവെച്ചു കൊല്ലുന്ന പബ് ജി പോലുള്ള ഗെയിമുകള്‍(ഇന്ന് പബ് ജി മാതൃകയില്‍ ഒരുപാടു ഗെയിമുകളുണ്ട്) കുട്ടികള്‍ കളിക്കുമ്പോള്‍ മാതാപിതാക്കള്‍ ശ്രദ്ധിക്കുകയാണ് വേണ്ടതെന്നാണ് തന്റെ അഭിപ്രായമെന്നും റോണ്‍ പറഞ്ഞു. 

മാറുന്ന ഹീറോയിസം എന്ന സങ്കല്‍പ്പം 

വീഡിയോ ഗെയിമുകള്‍ പോലെ തന്നെയാണ് വയലന്റ് സിനിമകളും. ഇതുവായിച്ചാല്‍ വയലന്റ് സിനിമകള്‍ എന്ന സിനിമകളുണ്ടോ എന്ന് തോന്നിയേക്കാം. പക്ഷെ, മനുഷ്യമനസിനെ മഥിക്കുന്ന വയലന്‍സ് ബോധപൂര്‍വ്വം കുത്തിക്കയറ്റിയിറക്കുന്ന സിനിമകളെ മറ്റെന്താണ് വിളിക്കുക? പ്രതികാര പൂര്‍ത്തീകരണത്തിനായി വില്ലന്‍മാരെയാണെങ്കിലും മൃഗീയമായ രീതിയില്‍ വെട്ടിയും കുത്തിയും അടിച്ചും കൊല്ലുകയും അവരുടെ ഹൃദയം തുരന്ന് പുറത്തെടുക്കുകയും ചെയ്യുന്നത് ചിത്രീകരിക്കപ്പെടുമ്പോള്‍ നായക സങ്കല്‍പ്പത്തിന് പുതിയ പൂര്‍ണതയാണ് ഇന്ന് നല്‍കപ്പെട്ടുകൊണ്ടിരിക്കുന്നത്. ഇത്തരം സിനിമകള്‍ കൊമേഴ്സിയല്‍ ഹിറ്റുകളാവുന്നതാണ് പുതിയ കാലത്തിന്റെ ഏറ്റവും വലിയ ദുരന്തം. 

അഗ്രസീവാകുന്നതാണ് മറ്റുള്ളരില്‍ നിന്ന് വ്യത്യസ്തരാവാനുള്ള ഏറ്റവും എളുപ്പവഴിയെന്നാണ് ആണ്‍കുട്ടികള്‍ ഇന്ന് പരക്കെ ധരിച്ചുവെച്ചിരിക്കുന്നത്. പെണ്‍കുട്ടികളെ ആകര്‍ഷിക്കാനും ഇതുതന്നെയാണ് എളുപ്പവഴി എന്ന് ചിന്തിക്കുന്ന ചില വിദ്യാര്‍ഥികളാണ് സ്‌കൂളിലെത്തി അടിയുണ്ടാക്കി ഹീറോയാകാന്‍ ശ്രമിക്കുന്നവരില്‍ ഏറെയും. പെണ്‍കുട്ടികള്‍ക്കും ഇതുപോലുള്ള ആണ്‍കുട്ടികളെയാണ് ഇഷ്ടം. നീതി ബോധമുള്ള വിദ്യാര്‍ഥികള്‍ അറിയപ്പെടുന്നത് പടിപ്പികളായിട്ടും പോഴന്‍മാരായിട്ടുമാവുമ്പോള്‍ കൗമാരക്കാര്‍ നഞ്ചക്കും ഇടിക്കട്ടയുമൊക്കെയെടുക്കുന്നത് സ്വാഭാവികമായ പരിണാമമായി തന്നെ കരുതാം. 

കൂടാതെ എന്ത് തെറ്റ് ചെയ്താലും താന്‍ ചെയ്തത് തെറ്റല്ല, അതിനൊരു കാരണമുണ്ടായിരുന്നു എന്ന രീതിയില്‍ ഇവര്‍ തെറ്റുകളെ ന്യായീകരിക്കാനും ശ്രമിക്കാറുണ്ട്. ഇതൊരു പ്രതിരോധ ശ്രമമാണ്. തെറ്റുകള്‍ ചെയ്യുന്നതിനെക്കാള്‍ ഗുരുതരമാണ് അതില്‍ കുറ്റബോധമേതുമില്ലാതെ ന്യായീകരിക്കുന്നത്. താമരശ്ശേരി കോലപാതകത്തിന്റെ കാര്യം തന്നെയെടുക്കുകയാണെങ്കില്‍ ആക്രമണത്തിന് ശേഷം ആക്രമിച്ച വിദ്യാര്‍ഥികളിലൊരാള്‍ ഷഹബാസിന്റെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിലേക്ക് അയച്ച ശബ്ദ സന്ദേശം തന്നെ ഇതിന് ഉത്തമ ഉദാഹരണം. ഇതിനെ നമ്മള്‍ എടുത്തു പറയുന്നതില്‍ യാതൊരു കാര്യവുമില്ല പക്ഷെ സമൂഹത്തില്‍ നിലനില്‍ക്കുന്ന വയലന്‍സ് അടക്കമുള്ള കാര്യങ്ങളെക്കുറിച്ചുള്ള സ്‌കീമയാണ് ഈ ക്രൂരകൃത്യത്തിലേക്ക് അക്രമിച്ച വിദ്യാര്‍ഥികളെ എത്തിച്ചതെന്നാണ് മനസിലാക്കേണ്ടത്. സ്‌കീമ എന്നുവെച്ചാല്‍ രൂപരേഖ, ബ്ലൂപ്രിന്റ് എന്നൊക്കെയാണ് അര്‍ഥം. എന്തെങ്കിലും കാര്യത്തെക്കുറിച്ച് മനസിലുള്ള സങ്കല്‍പ്പം എന്ന് വേണമെങ്കില്‍ പറയാം.

ലഹരിയും കുട്ടികളെ കീഴടക്കുന്നുവോ

കുട്ടിക്കുറ്റവാളികള്‍ക്ക് ലഹരിയും ഊര്‍ജ്ജമാവുന്നുണ്ടോയെന്ന് ചോദിച്ചാല്‍ അതും തള്ളിക്കളയാനാവാത്ത സ്ഥിതിതന്നെയാണ്. എട്ടാം ക്ലാസിലെത്തുമ്പോള്‍ തന്നെ മദ്യമടക്കമുള്ള ലഹരി കുട്ടികള്‍ രുചിച്ചു തുടങ്ങിയിട്ടുണ്ടെന്നാണ് തന്റെ അനുഭവം തെളിയിക്കുന്നതെന്ന് റോണ്‍ പറയുന്നു. തന്റെ അടുത്തെത്തുന്ന കേസുകളില്‍ ഇതുപോലുള്ള കുട്ടികളുമുണ്ട്. മിക്കവരും കുടുംബങ്ങളില്‍ നടക്കുന്ന പാര്‍ട്ടികളിലൊക്കെയാണ് മദ്യത്തിന്റെ  രുചിയറിയുന്നത്. പലപ്പോഴും കുടുംബത്തിലെ ചേട്ടന്‍മാരായിരിക്കും ഇവര്‍ക്ക് മദ്യം നല്‍കുന്നതും. കുട്ടികള്‍ ലഹരി ഉപയോഗിച്ച് തുടങ്ങിയാല്‍ മൂന്ന് മാസത്തിനുള്ളില്‍ തന്നെ അവരുടെ സ്വഭാവത്തില്‍ നിന്ന് ഇത് മനസിലാക്കാമെന്നാണ് റോണ്‍ പറയുന്നത്. ഇത്തരത്തിലുള്ള കുട്ടികള്‍ എപ്പോഴും ക്ഷീണിതരായിട്ടാണ് കാണപ്പെടുക. മുറിയടച്ച് ഒറ്റക്കിരിക്കുന്നതും ഇതിന്റെ ഒരു സൂചനയാണ്. സ്ഥിരം ചെയ്യുന്ന കാര്യങ്ങളില്‍ താത്പര്യം നഷ്ടപ്പെടുന്നതാണ് മറ്റൊരു സൂചന ഇതുപോലുള്ള സ്വഭാവ മാറ്റങ്ങള്‍ കണ്ടാല്‍ ഉടനെ അവരെ നല്ലൊരു സൈക്കോളജിസ്റ്റിനെ കാണിക്കുകയാണ് ചെയ്യേണ്ടത്.

മാതാപിതാക്കള്‍ നല്ല സുഹൃത്തുക്കളാവണം? 

കുട്ടികളിലെ അക്രമവാസന വലിയരീതിയിലാവുന്ന കാലത്ത് ഇതെങ്ങനെ തടയാം എന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളു. കുട്ടികളുടെ സുഹൃത്താവുക. ഇന്ന് അണുകുടുംബങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്നം ആര്‍ക്കും സമയമില്ലെന്നതാണ്. ജോലിത്തിരക്ക് കഴിഞ്ഞ് വീട്ടിലെത്തുന്ന മാതാപിതാക്കള്‍ക്ക് പലപ്പോഴും കുട്ടികളുടെ കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും സമയമുണ്ടാവാറില്ല. കൂടാതെ കിട്ടുന്ന ചെറിയ ഒഴിവ് സമയം അവരും മൊബൈലില്‍ ചിലവിടുമ്പോള്‍ കുട്ടികളും സ്വാഭാവികമായി മൊബൈലില്‍ തന്നെ സമയം കൊല്ലുന്നതാണ് മിക്ക വീടുകളിലെയും കാഴ്ച. ഇത് അനാരോഗ്യകരമാണ്. കുട്ടികള്‍ക്ക് വേണ്ടി സമയം കണ്ടെത്തി അവര്‍ക്ക് നന്‍മയുണ്ടാവുന്ന കാര്യങ്ങള്‍ ഗെയിമുകളടക്കം അവരെ പരിചയപ്പെടുത്തി അവരോടൊപ്പമിരുന്ന് അത്തരം ഗെയിമുകള്‍ കളിക്കാന്‍ വരെ മാതാപിതാക്കള്‍ തയ്യാറാവണമെന്നാണ് തന്റെ അടുത്തെത്തുന്ന കുട്ടികളുടെ മാതാപിതാക്കളോട് ഉപദേശിക്കാറെന്ന് റോണ്‍ പറയുന്നു. സന്തോഷം വീട്ടില്‍ നിന്ന് തന്നെ കിട്ടിത്തുടങ്ങിയാല്‍ പിന്നെ കുട്ടികള്‍ക്ക് ഇത് തേടി പുറത്ത് പോകാന്‍ തോന്നില്ല. അതുകൊണ്ട് ഗെയിമുകളാണെങ്കിലും എല്ലാം മോശമാണെന്ന് പറഞ്ഞ് കാടടച്ച് വെടിവെക്കുന്നതില്‍ യാതൊരു കാര്യവുമില്ല. അതുപോലെ കരാട്ടെ, കളരി പോലുള്ളവ പഠിക്കാന്‍ കുട്ടികളെ പ്രോത്സാഹിപ്പിക്കുന്നതില്‍ തെറ്റില്ല. പക്ഷെ നഞ്ചക്ക് എടുത്ത് പോയി സഹപാഠിയുടെ തലക്കടിച്ച് കൊല്ലുന്നതാണ് ഹീറോയിസമെന്ന സന്ദേശം അവരുടെ മനസാകുന്ന സ്ലേറ്റില്‍ ആരെയും എഴുതാന്‍ സമ്മതിക്കരുത്.

കുറ്റവും ശിക്ഷയും

ചെറുപ്രായത്തില്‍ കുട്ടികള്‍ അറിയാതെ തെറ്റുകള്‍ ചെയ്യുന്നത് സ്വാഭാവികമാണ്. പക്ഷെ ഇത്തരത്തിലുള്ള തെറ്റുകള്‍ കണ്ടാല്‍ അവരെ വഴക്കു പറയരുത്. അത് പ്രശ്നം കൂടുതല്‍ വഷളാക്കാനേ വഴി വെക്കൂ. നല്ല കാര്യങ്ങള്‍ ചെയ്യാനുള്ള പ്രേരണയാവുകയാണ് മാതാപിതാക്കള്‍ ചെയ്യേണ്ടത്. ഒരു നായയെ വളര്‍ത്തുന്നത് പോലെ തന്നെയാണ് കുട്ടികളെ വളര്‍ത്തുന്നതും. ഇത് തെറ്റായ രീതിയില്‍ എടുക്കരുത്. പോലീസ് ഡോഗ് ട്രെയിനിങ്ങില്‍ ചെയ്യുന്ന ചില കാര്യങ്ങള്‍ തന്നെയാണ് കുട്ടികളെ വളര്‍ത്തുമ്പോഴും ശ്രദ്ധിക്കേണ്ടതെന്ന് റോണ്‍. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ റിവാര്‍ഡ് നല്‍കുക എന്നതാണ് ഇതില്‍ പ്രധാനം. കുട്ടികള്‍ക്ക് എല്ലാം എളുപ്പം നല്‍കാതെ അവര്‍ ആഗ്രഹിക്കുന്നത് സമ്മാനം എന്ന രീതിയില്‍ വേണം നല്‍കാന്‍. നല്ല കാര്യങ്ങള്‍ ചെയ്യുമ്പോള്‍ ഐസ് ക്രീം വാങ്ങി നല്‍കുകയും പാര്‍ക്കില്‍ കൊണ്ടുപോകുകയും ഒക്കെ ചെയ്യാം. അതുപോലെ ചെറിയ കുറ്റങ്ങള്‍ ചെയ്യുമ്പോള്‍ വഴക്ക് പറഞ്ഞ് കണ്ണ് പൊട്ടിക്കാതെ ചെയ്ത പ്രവര്‍ത്തിയിലെ അര്‍ഥശൂന്യത സ്നേഹത്തിന്റെ ഭാഷയില്‍ തന്നെ അവര്‍ക്ക് പറഞ്ഞ് മനസിലാക്കി കൊടുക്കാം. ഒരു നാലു വസുകാരന്‍ കൂടെ പഠിക്കുന്ന പെണ്‍കുട്ടിയോട് ഇഷ്ടം തോന്നിയെന്ന് വീട്ടില്‍ വന്ന് പറഞ്ഞാല്‍ അതിന് കടുത്ത രീതിയില്‍ ശകാരിക്കുകയാണെങ്കില്‍ പിന്നീടൊരിക്കലും ഇതുപോലുള്ള കാര്യങ്ങള്‍ അവന്‍ ജീവിതത്തിലൊരിക്കലും പറയുകയുണ്ടാവില്ല. അപ്പോള്‍ അതിലെ അര്‍ഥശൂന്യത തമാശ മട്ടിലും മറ്റും പറഞ്ഞ് അവനെ മനസ്സിലാക്കുകയാണ് ചെയ്യേണ്ടത്.

തലച്ചോറിന്റെ പരിമിതി

കുട്ടികളുടെ കാര്യത്തില്‍ 16 വയസിലാണ് വ്യക്തിത്വ വികസനം പൂര്‍ണമാകുന്നതെങ്കില്‍ തലച്ചോറിലെ പല ഭാഗങ്ങളുടെയും വളര്‍ച്ച പൂര്‍ണമാവാന്‍ പിന്നെയും സമയമെടുക്കും. തെറ്റും ശരിയും തിരച്ചറിയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്ന തലച്ചോറിന്റെ മുന്‍ഭാഗമായ ഫ്രോണ്ടല്‍ ലോബ് പൂര്‍ണ വളര്‍ച്ചയെത്താന്‍ ഇരുപത്തിയൊന്ന് വയസാകും. അതുകൊണ്ട് താമരശ്ശേരി കൊലക്കേസില്‍ കുറ്റവാളികളായ കുട്ടികളുടെ തലച്ചോറിന്റെ കാര്യം പറയേണ്ടതില്ലല്ലോ. ഇവര്‍ക്ക് വിവേചന ബുദ്ധിയുടെ കാര്യത്തില്‍ പ്രശ്നങ്ങളുണ്ടെന്ന കാര്യത്തില്‍ അതുകൊണ്ട് തന്നെ യാതൊരു സംശയവുമില്ല. കുറ്റം മുന്‍ധാരണ പ്രകാരം ചെയ്തതാണെന്ന തരത്തിലും വാര്‍ത്തകള്‍ പറത്തു വരുന്നുണ്ടെങ്കിലും ഇത് ഇംപള്‍സീവായി ചെയ്ത കുറ്റകൃത്യമാവാന്‍ തന്നെയാണ് സാധ്യതയെന്നാണ് റോണിന്റെ വിശ്വാസം. 

വേണമോ നിയമ പരിഷ്‌കാരം

കുറ്റകൃത്യങ്ങളില്‍ പ്രായപൂര്‍ത്തിയാവാത്തവര്‍ക്ക് ലഭിക്കുന്ന പരിരക്ഷ ഇത്തരം കുറ്റങ്ങള്‍ ചെയ്യാന്‍ കുട്ടികള്‍ക്ക് പ്രചോദനമാവുന്നുണ്ടോയെന്ന് ചോദിച്ചാല്‍ അതിലും സംശയം തോന്നാവുന്ന പരിതസ്ഥിതിയാണ് നിലവിലേത്. ഒരാളെ തല്ലിക്കൊന്നാലും പതിനെട്ട് വയസാവാത്തതുകൊണ്ട് ശിക്ഷയില്‍ ഇളവ് ലഭിക്കുമെന്ന തിരിച്ചറിവ് ഇത്തരം കുറ്റങ്ങള്‍ ചെയ്യാനുള്ള പേടി കുട്ടികള്‍ക്കില്ലാതെയാക്കുന്നുണ്ടെങ്കില്‍ അത് സമൂഹത്തിന്റെ നിലനില്‍പ്പിന് തന്നെ അപകടകരമാണ്. ഉദാഹരണത്തിന് ഡല്‍ഹി കൂട്ട ബലാത്സംഗ കേസില്‍ ഏറ്റവും ക്രൂരമായി യുവതിയെ ബലാത്സംഗം ചെയ്ത പ്രായപൂര്‍ത്തിയാവാത്ത പ്രതി വധശിക്ഷയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു. ഇത് സമൂഹത്തിന് നല്‍കുന്നത് അത്ര ശുഭകരമായ സന്ദേശമല്ല. അതുകൊണ്ട് കുറ്റങ്ങള്‍ ചെയ്യുന്ന കാര്യത്തിലെങ്കിലും ഈ പ്രായപരിധി പതിനെട്ടില്‍ നിന്ന് താഴ്ത്തണമെന്നാണ് തന്റെ അഭിപ്രായമെന്നും ഡോ. റോണ്‍ മാത്യൂ കുരുവിള പറഞ്ഞു.