
ഒരു ദിവസം ഏറ്റവും ഊര്‍ജസ്വലമായി തുടങ്ങാന്‍ കാപ്പിയേക്കാള്‍ മികച്ച പാനീയമില്ലെന്നാണ് പറയപ്പെടുന്നത്. ലോകത്ത് ഏറ്റവും കൂടുതല്‍ ആളുകള്‍ സ്ഥിരമായി ഉപയോഗിക്കുന്ന പാനീയമെന്ന ബഹുമതി കാപ്പിക്ക് സ്വന്തം. മനുഷ്യരെ ഇത്രത്തോളം ഉദ്ദീപിപ്പിക്കുന്ന, ഊര്‍ജസ്വലമാക്കുന്ന മറ്റൊരു പാനീയം ഇല്ലാത്തതാണ് കാപ്പി ഇത്രത്തോളം ജനപ്രിയമാവാന്‍ കാരണം. എന്നാല്‍ കാപ്പി കുടിക്കാന്‍ ഇനി അല്‍പം ചെലവേറും. കാപ്പിവിലയിലെ വന്‍ വര്‍ധനവാണ് കാപ്പിയെ പൊള്ളിക്കുന്നത്. സാധാരണക്കാര്‍ക്ക് കാപ്പിവില അല്‍പം കടുക്കുമെങ്കിലും ലോകത്താകമാനമുള്ള കാപ്പി ഉത്പാദപകര്‍ക്ക് ഇത് ബമ്പറടിച്ച സന്തോഷമാണുണ്ടാക്കുന്നത്. കാരണം ആഗോളതലത്തിൽ 1977ന് ശേഷമുള്ള ഏറ്റവും വലിയ വിലയിലാണ് ഇപ്പോൾ കാപ്പി.
ആഗോള വിപണിയില്‍ 2025 ഫെബ്രുവരി മാസത്തിലാണ് വിലയിലെ വന്‍കുതിച്ചുചാട്ടം രേഖപ്പെടുത്തിയിരിക്കുന്നത്. ഉത്പാദനത്തില്‍ മുന്‍പന്തിയിലുള്ള ബ്രസീല്‍, വിയറ്റ്‌നാം തുടങ്ങിയ രാജ്യങ്ങളിലുണ്ടായ കാലാവസ്ഥാ പ്രതിസന്ധിയാണ് ആഗോള കാപ്പി വിലയിലും പ്രതിഫലിക്കുന്നത്. ഇതിനു പുറമേ യൂറോപ്യൻ യൂണിയന്റെ വനനശീകരണ നിയന്ത്രണ (ഇ.യു.ഡി.ആർ.) മാനദണ്ഡങ്ങൾ കാപ്പി ഉത്പാദനത്തേയും വിലയേയും സാരമായി ബാധിച്ചിട്ടുണ്ട്. ലോകമാര്‍ക്കറ്റിലെ കൂടിയ ഡിമാന്‍ഡിനൊപ്പം എത്താന്‍ കഴിയാത്ത ഉത്പാദന വിതരണപ്രതിസന്ധി കാരണം ഈ വര്‍ഷം മാത്രം 70 ശതമാനം വര്‍ധനവാണ് ആഗോളതലത്തില്‍ കാപ്പിവിലയിലുണ്ടായിരിക്കുന്നത്. കാപ്പി കുടിയില്‍ മുന്‍പന്തിയിലുള്ള അമേരിക്കക്കാര്‍ മുതല്‍ ഇങ്ങ് കേരളത്തിലെ കാപ്പി കര്‍ഷകരും കാപ്പി പ്രിയരുമെല്ലാമടങ്ങുന്ന ലോക കോഫി മാര്‍ക്കറ്റില്‍ എങ്ങനെയാവും ഈ വിലക്കയറ്റം പ്രതിഫലിക്കുക?
ബ്രസീലും വിയറ്റ്‌നാമും കാപ്പിയും
ലോകത്ത് ഏറ്റവും കൂടുതല്‍ കാപ്പി ഉത്പാദിപ്പിക്കുന്ന അഞ്ച് രാജ്യങ്ങള്‍ ബ്രസീല്‍, വിയറ്റ്‌നാം, കൊളംബിയ, ഇൻഡൊനീഷ്യ, എത്യോപ്യ എന്നിവയാണ്. ആദ്യ പത്തില്‍ ഇന്ത്യയുമുണ്ട്. 2024ല്‍ പുറത്തുവന്ന കണക്കുകള്‍ പ്രകാരം ലോകത്തെ മൊത്തം കാപ്പി ഉത്പാദനത്തിന്റെ 39 ശതമാനം ബ്രസീലും 16 ശതമാനം വിയറ്റ്‌നാമുമാണ് കൈയാളുന്നത്. 8, 5, 6 ശതമാനം എന്നിങ്ങനെയാണ് മറ്റ് മൂന്ന് രാജ്യങ്ങളുടെ ഓഹരി. 2.6 ബില്ല്യണ്‍ കിലോഗ്രാം കാപ്പിയാണ് പ്രതിവര്‍ഷം ബ്രസീലില്‍ നിന്ന് കയറ്റുമതി ചെയ്യുന്നത്. ഉത്പാദനത്തിലും കയറ്റുമതിയിലുമൊക്കെ ബ്രസീലും വിയറ്റ്‌നാമുമാണ് മുന്‍പന്തിയിലെങ്കിലും എത്യോപ്യയിലാണ് കാപ്പി ഉത്ഭവിച്ചതെന്നാണ് കഥകള്‍.
അറബിക്ക, റോബസ്റ്റ തുടങ്ങിയ കാപ്പി ഇനങ്ങള്‍ക്കാണ് ലോകത്താകമാനം ജനപ്രിയമായ രണ്ട് ഇനങ്ങള്‍. ബ്രസീലിലും വിയ്റ്റ്‌നാമിലും ഇന്ത്യയില്‍ പോലും ഏറ്റവും കൂടുതല്‍ ഉത്പാദിപ്പിക്കുന്നതും ഇവ തന്നെയാണ്. കാപ്പിക്കുരു സംസ്കരിക്കുന്നത് പാനീയമാക്കാന്‍ മാത്രമല്ല. സൗന്ദര്യവർധക ആവശ്യങ്ങള്‍ക്കും ഇന്ന് ലോകവ്യാപകമായി കാപ്പിയെ ആശ്രയിക്കുന്നുണ്ട്.
ലോകത്തെ ഏറ്റവും വലിയ കാപ്പി ഉത്പാദകരെന്ന നിലയില്‍ കാപ്പി വിതരണ ശൃംഖലയില്‍ വലിയ സ്വാധീനമാണ് ബ്രസീലിനുള്ളത്. വിതരണത്തില്‍ ബ്രസീലിന് താളം തെറ്റുകയെന്നാല്‍ അത് ലോകത്തെ കാപ്പി വ്യാപാരത്തെ ആകെപ്പാടെ ബാധിക്കുമെന്നര്‍ഥം. ബ്രസീലില്‍ കാപ്പി ഉത്പാദനം ഗണ്യമായി കുറഞ്ഞിരിക്കുകയാണ്. ബ്രസീലില്‍ കാപ്പി പൂവിടുന്ന സമയത്ത് നേരിട്ട വരള്‍ച്ചയാണ് രാജ്യത്തെ ആകെ ഉത്പാദനത്തില്‍ തിരിച്ചടിയായത്. നീണ്ട വരള്‍ച്ചയ്ക്ക് ശേഷമെത്തിയ ശക്തമായ മഴയും എല്‍നിനോ പ്രതിഭാസത്തിന്റെ സ്വാധീനവും വിളകളെ, പ്രത്യേകിച്ച് അറബിക്ക കാപ്പി ഉത്പാദനത്തെ ബാധിച്ചു. അതിനാല്‍ ഫെബ്രുവരി പിന്നിട്ടപ്പോഴും ബ്രസീലില്‍ കാപ്പി വില കുത്തനെ ഉയരുകയാണ്. കാപ്പി ഉത്പാദനത്തില്‍ വലിയ വര്‍ധനവ് രേഖപ്പെടുത്തിയില്ലെങ്കില്‍ വില ഇനിയും കൂടും.
ബ്രസീലിൽ ഏറ്റവും കൂടുതൽ ഉത്പാദിപ്പിക്കുന്നത് അറബിക്ക ഇനത്തിലുള്ള കാപ്പിയാണ്. എന്നാൽ, ഇതിന്റെ ചെടികൾ ചെറുതായതിനാൽ കാലാവസ്ഥയിലെ മാറ്റങ്ങൾ വളരെ പെട്ടെന്ന് കാപ്പി കൃഷിയെ ബാധിക്കുന്നുണ്ട്. വരൾച്ചയുടെ ആഘാതവും എൽനിനോ പ്രതിഭാസവും ബ്രസീലിന്റെ കാപ്പി ഉത്പാദനത്തെ പ്രതിസന്ധിയിലാക്കി. ലോകത്തിലെ ഏറ്റവും വലിയ കാപ്പി വ്യാപാരികളായ ‘വോൾകഫെ’ 2025-26 സീസണിൽ ബ്രസീലിലെ അറബിക്ക ഉത്പാദനം സംബന്ധിച്ച അനുമാനം 344 ലക്ഷം ചാക്കായി ചുരുക്കി. ഒരു ചാക്ക് എന്നാൽ 60 കിലോയാണ്. സെപ്റ്റംബറിൽ പുറത്തുവിട്ട അനുമാനത്തെക്കാൾ 110 ലക്ഷം ചാക്കുകളുടെ കുറവ്. അതായത് ഉത്പാദനം ഏതാണ്ട് നാലിലൊന്ന് കുറയും. ഇതനുസരിച്ച് 2025-26 സീസണിൽ ആഗോള കാപ്പി ആവശ്യകത നിറവേറ്റുന്നതിനാവശ്യമായ ഉത്പാദനം ഉണ്ടാകില്ലെന്നാണ് റിപ്പോർട്ട്.
കാപ്പി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്തുള്ള വിയറ്റ്‌നാമിലും മഴക്കുറവും ചൂടും തന്നെയാണ് ഉത്പാദനത്തെ ബാധിച്ചത്. പ്രതീക്ഷിച്ചത്രയും മഴ ഈ സീസണില്‍ രാജ്യത്ത് ലഭിച്ചില്ല. വിളകളെ ഇത് ബാധിച്ചു. അടുത്തിടെ കാലാവസ്ഥയില്‍ അനുകൂലമായ മാറ്റം കണ്ടുതുടങ്ങുന്നുണ്ടെങ്കിലും ഇതുവരെയുള്ള വിളകള്‍ക്ക് അത് ഗുണം ചെയ്യില്ല. ചൂടും വരള്‍ച്ചയും മൊത്ത ഉത്പാദനത്തെ ബാധിച്ചുകഴിഞ്ഞു. വിലക്കയറ്റത്തിന് പുറമേ കാപ്പി കൃഷി ചെയ്യാനുള്ള സ്ഥലലഭ്യത കുറഞ്ഞതും തിരിച്ചടിയായി. വിയറ്റ്നാമില്‍ കാപ്പി കൃഷിചെയ്തിരുന്ന ഏതാണ്ട് 30 ശതമാനത്തോളം ഭൂമി കാപ്പിക്ക് വില കുറഞ്ഞ സമയത്ത് മറ്റ് പഴവര്‍ഗങ്ങള്‍ കൃഷിചെയ്യുന്നതിനായി തരംമാറ്റിയതാണ് ഉത്പാദനത്തെ ബാധിച്ചത്. അടുത്ത വര്‍ഷവും ഇതിന്റെ ആഘാതം കാപ്പി ലഭ്യതയില്‍ കണ്ടേക്കാമെന്ന് കര്‍ഷകര്‍ കണക്കുകൂട്ടുന്നു.
ഇന്ത്യയിലും സ്ഥിതി മറ്റൊന്നല്ല. ഡിസംബര്‍ അവസാനത്തോടെ തന്നെ കാപ്പി വിലയില്‍ വര്‍ധനവുണ്ടായേക്കാമെന്ന റിപ്പോര്‍ട്ടുകൾ പുറത്തുവന്നിരുന്നു. ജനുവരി, ഫെബ്രുവരി മാസത്തോടെ കാപ്പിവിലയില്‍ ഗണ്യമായ വര്‍ധനവ് രേഖപ്പെടുത്തി. ചൂടും ജലദൗര്‍ലഭ്യവും ആകെ കയറ്റുമതിയില്‍ ഉത്പാദനത്തില്‍ പത്ത് ശതമാനത്തിന്റെ കുറവാണുണ്ടാക്കിയത്. കാപ്പി വിലക്കയറ്റത്തിനൊപ്പം കാപ്പി അധിഷ്ഠിത ഉത്പന്നങ്ങളുടെ വിലയും കുതിച്ചുകയരുകയാണ്. നെസ്റ്റ്‌ലേ, പാര്‍ലേ തുടങ്ങിയ കമ്പനികള്‍ അവരുടെ ചില ഉത്പന്നങ്ങള്‍ക്ക് വില വര്‍ധനവ് നടപ്പാക്കിയിട്ടുണ്ട്.
ആഗോള കാപ്പി ഉത്പാദനത്തില്‍ വലിയ പ്രതിസന്ധി ഉണ്ടായേക്കുമെന്ന് ലോകത്തെ തന്നെ ഏറ്റവും വലിയ കാപ്പി വ്യാപാര അസോസിയേഷനായ സ്‌പെഷ്യാലിറ്റി കോഫി അസോസിയേഷന്‍ 2019ല്‍ തന്നെ മുന്നറിയിപ്പ് നല്‍കിയിരുന്നു.
വെല്ലുവിളിയായി യൂറോപ്യൻ യൂണിയൻ മാനദണ്ഡങ്ങളും
ആഗോള കാലാവസ്ഥാവ്യതിയാനത്തിന്റെ പശ്ചാത്തലത്തില്‍ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച കര്‍ശന മാനദണ്ഡങ്ങള്‍ മറ്റൊരു വെല്ലുവിളിയാവുകയാണ്. മരങ്ങളും വനവും നശിപ്പിച്ച് കാപ്പിക്കൃഷി ചെയ്തിട്ടില്ലെന്ന് ഉറപ്പാക്കുന്നതാണ് ഇ.യു.ഡി.ആര്‍ അഥവാ യൂറോപ്യന്‍ യൂണിയന്‍ ഡീഫോറസ്‌റ്റേഷന്‍ റെഗുലേഷന്‍. വനനശീകരണമില്ലാതെ കാപ്പികൃഷി ചെയ്തിട്ടില്ലെന്ന് ഉറപ്പുവരുത്തിയാല്‍ മാത്രമേ യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങള്‍ കാപ്പി വാങ്ങുകയുള്ളൂവെന്നാണ് നിബന്ധന. മരത്തണലില്‍ വളരുന്ന കാപ്പി വിപണിയിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം.
ഇന്ത്യയില്‍ ഉത്പാദനത്തിന്റെ 70 ശതമാനം കാപ്പിയും കയറ്റുമതി ചെയ്യുകയാണ്. ഇന്ത്യയുടെ മൊത്തം കാപ്പി കയറ്റുമതിയുടെ 55 ശതമാനവും വാങ്ങുന്നത് യൂറോപ്യന്‍ യൂണിയനാണ്. 2023 ജൂണ്‍ 29-നാണ് യൂറോപ്യന്‍ കമ്മിഷന്‍ 'വനനശീകരണ ഉത്പന്നങ്ങളുടെ നിയന്ത്രണം' എന്ന നിയമം പാസാക്കിയത്. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ ഡിസംബര്‍ 30 മുതല്‍ യൂറോപ്യന്‍ യൂണിയനിലേക്ക് കയറ്റുമതി ചെയ്യുന്ന കാപ്പി 2020 ഡിസംബര്‍ 31-നുശേഷം വനം നശിപ്പിച്ച ഭൂമിയില്‍നിന്ന് ഉത്പാദിപ്പിച്ചതല്ലെന്ന് തെളിയിക്കാന്‍ കര്‍ഷകര്‍ നിര്‍ബന്ധിതരാവും. മാനദണ്ഡങ്ങള്‍ പാലിച്ചാല്‍ നല്ല വില ലഭിക്കുമെന്നും അല്ലെങ്കില്‍ അത് ഇന്ത്യയില്‍ നിന്നടക്കമുള്ള കയറ്റുമതിയെ സാരമായി ബാധിക്കും.

നേട്ടം കൊയ്ത് ഇന്ത്യയും
ഇന്ത്യയിലും കാപ്പി ഉത്പാദനം കുറഞ്ഞത് കയറ്റുമതിയേയും ബാധിച്ചിട്ടുണ്ടെന്ന് പറഞ്ഞല്ലോ, എങ്കിലും നിലവിലുള്ള ഉത്പാദകര്‍ നേട്ടത്തിലാണുള്ളത്. ഇന്ത്യയില്‍ കാപ്പി ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് കേരളം. 20-21 ശതമാനത്തോളം വിഹിതമാണ് കേരളത്തിനുള്ളത്. കര്‍ണാടകമാണ് ഒന്നാം സ്ഥാനത്തുളളത്. 71 ശതമാനമാണ് കർണാടകയുടെ പങ്ക്. മൂന്നാം സ്ഥാനത്തുള്ള തമിഴ്നാടിന്‍റെ വിഹിതം 5.7 ശതമാനമാണ്.
ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ കാപ്പി കയറ്റുമതി ചെയ്യുന്നത് ഇറ്റലിയിലേക്കാണ്. കൂടാതെ, ജര്‍മനി, റഷ്യ, യു.എ.ഇ., ബെല്‍ജിയം തുടങ്ങിയ രാജ്യങ്ങളും ഇന്ത്യന്‍ കാപ്പിയുടെ ആരാധകരാണ്. കയറ്റുമതിയുടെ 45 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്. സൗന്ദര്യവര്‍ധക ഉത്പന്നങ്ങളിലടക്കം കാപ്പി ഉപയോഗം കൂടിയിട്ടുണ്ട്.
കാപ്പിക്ക് ആഭ്യന്തര ഉപഭോഗം കുറവാണ്. അതിനാൽ, ഉത്പാദനത്തിന്റെ 80 ശതമാനവും കയറ്റുമതിയാണ്. ഇറ്റലിയാണ് പ്രധാന വിപണി. 20 ശതമാനം കയറ്റുമതിയും ഇറ്റലിയിലേക്കാണ്. കൂടാതെ, ജർമനി, റഷ്യ, യു.എ.ഇ., ബെൽജിയം തുടങ്ങിയ രാജ്യങ്ങളും ഇന്ത്യൻ കാപ്പിയുടെ ആരാധകരാണ്. കയറ്റുമതിയുടെ 45 ശതമാനവും ഈ രാജ്യങ്ങളിലേക്കാണ്. ഏകദേശം 50-ഓളം രാജ്യങ്ങളിലേക്ക് ഇന്ത്യ കാപ്പി കയറ്റി അയക്കുന്നുണ്ട്. സൗന്ദര്യവർധക ഉത്പന്നങ്ങളിലടക്കം കാപ്പി ഉപയോഗം കൂടിയിട്ടുണ്ട്.
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 3.6 ലക്ഷം ടണ്ണായിരുന്നു രാജ്യത്തെ ഉത്പാദനം. 2024 സാമ്പത്തികവര്‍ഷം ഏപ്രില്‍- സെപ്റ്റംബര്‍ വരെയുള്ള ആദ്യ ആറ് മാസം 7,771.88 കോടി രൂപയുടെ കാപ്പിയാണ് കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്തത്. കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് 55 ശതമാനം വര്‍ധനവാണ് കാപ്പി കയറ്റുമതിയിലുണ്ടായത്.

കേരളത്തില്‍ റെക്കോഡ് കയറ്റുമതി
കേരളത്തിൽ ഉത്പാദനം കൂടുതലുള്ളത് വയനാട്ടിലാണ്. ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലും കാപ്പി ഉത്പാദിപ്പിക്കുന്നുണ്ട്. കേരളത്തില്‍ കൂടുതല്‍ കൃഷിചെയ്യുന്നത് റോബസ്റ്റ കാപ്പിയാണ്. അറബിക്ക ഇനം വളരെ ചെറിയ തോതില്‍ മാത്രമേയുള്ളൂ. എങ്കിലും രണ്ടിനം കാപ്പിക്കും വില റെക്കോര്‍ഡുയരത്തിലാണുള്ളത്. ലോകരാജ്യങ്ങളിലെ ശൈത്യകാലം തുടങ്ങിയതോടെ കയറ്റുമതി ആവശ്യകത ഉയര്‍ന്നതും വിലയില്‍ പ്രതിഫലിക്കുന്നുണ്ട്. കേരളത്തില്‍ ഉത്പാദനം കുറഞ്ഞതായാണ് കാപ്പി വന്‍തോതില്‍ കൃഷി ചെയ്യുന്ന വയനാട്ടിലേയും ഇടുക്കിയിലേയും കര്‍ഷകര്‍ പറയുന്നത്. അതിനാല്‍ വില ഇനിയും ഉയരാനാണ് സാധ്യതയെന്നും കര്‍ഷകര്‍ കണക്കുകൂട്ടുന്നുണ്ട്. കേരളത്തിൽ പതിനഞ്ച് വർഷത്തെ ഏറ്റവും കൂടിയ വിലയിലാണ് കാപ്പിയുള്ളത്.
ആഗോളതലത്തില്‍ കാപ്പിക്ക് ക്ഷാമം അനുഭവപ്പെട്ടത് കേരളത്തില്‍ നിന്നുള്ള കയറ്റുമതിയിലും പ്രതിഫലിച്ചു. ഇന്ത്യയുടെ കാപ്പി കയറ്റുമതിവരുമാനം 2024 ഏപ്രില്‍ മുതല്‍ നവംബര്‍വരെയുള്ള കാലയളവില്‍ 10,000 കോടി രൂപ കടന്നതായാണ് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ ഇക്കോണമി പുറത്തുവിട്ട കണക്കുകള്‍. സീസണ്‍ അനുസരിച്ചാണ് കാപ്പി കയറ്റുമതിയിലെ നേട്ടം. സാധാരണ മാര്‍ച്ച് മുതല്‍ ജൂണ്‍വരെയാണ് പീക് സീസണ്‍. ആഗോള ആവശ്യകത കുതിച്ചുയര്‍ന്നതും കാപ്പിയുടെ വിലക്കയറ്റവും റോബസ്റ്റ കാപ്പിയിലെ വര്‍ധനയുമാണ് 2024 ഏപ്രില്‍-നവംബര്‍ കാലയളവില്‍ കയറ്റുമതി റെക്കോഡ് നേട്ടത്തിലേക്ക് എത്തിച്ചത്. 128 കോടി ഡോളറിന്റെ (ഏതാണ്ട് 10,880 കോടി രൂപ) കയറ്റുമതി വരുമാനമാണ് കാപ്പിയില്‍നിന്ന് ഈ കാലയളവില്‍ ഇന്ത്യ നേടിയത്. 2023-നെ അപേക്ഷിച്ച് 12.22 ശതമാനമാണ് കയറ്റുമതിയിലെ വര്‍ധന.
പ്രധാന കാപ്പി ഇനമായ റോബസ്റ്റ കാപ്പി പരിപ്പിന് വിപണി അനുകൂലമായതും ഉയര്‍ന്ന നിലവാരമുള്ള ഇന്ത്യന്‍ കാപ്പിക്ക് ആഗോള ആവശ്യകത കുതിച്ചുയര്‍ന്നതുമാണ് കയറ്റുമതി വര്‍ധിക്കാനുള്ള പ്രധാന കാരണമായി പറയുന്നത്. ഇന്ത്യയില്‍ അറബിക്ക, റോബസ്റ്റ എന്നീ രണ്ടിനങ്ങളാണ് പ്രധാനമായും ഉത്പാദിപ്പിക്കുന്നത്. ഇതില്‍ റോബസ്റ്റ കാപ്പിക്കാണ് ആഗോള വിപണികളില്‍ പ്രിയം കൂടുതല്‍. ഇന്ത്യയിലെ കാപ്പി ഉത്പാദനത്തില്‍ 72 ശതമാനം റോബസ്റ്റയാണ്. കാപ്പി ഉത്പാദനത്തില്‍ ലോകത്ത് എട്ടാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

പൂഴ്ത്തിവെപ്പും കരിഞ്ചന്തയും, വിലക്കയറ്റം എവിടെ വരെ?
മാസങ്ങളായി കാപ്പിവില ഉയര്‍ച്ചയുടെ പാതയിലാണ്. ലോക മാര്‍ക്കറ്റിലെന്ന പോലെ കേരളത്തിലും വിലക്കയറ്റത്തിന്റെ പ്രതിഫലനമുണ്ട്. കേരളത്തില്‍ ജനുവരി അവസാനവാരം ഉണ്ടക്കാപ്പിക്ക് 24,000 രൂപ വിലയുണ്ടായിരുന്നത് ഫെബ്രുവരി അവസാനത്തോടെ 28,500 രൂപ വരെയായി ഉയര്‍ന്നു. ആഗോളതലത്തില്‍ കാപ്പി ഉത്പാദനം ഗണ്യമായി കുറഞ്ഞതായുള്ള വാര്‍ത്തകള്‍ പ്രചരിച്ചതോടെ കാപ്പിവില വീണ്ടും വലിയ തോതില്‍ മെച്ചപ്പെടുമെന്ന ഉറച്ച പ്രതീക്ഷയിലാണ് കര്‍ഷകരും വ്യാപാരികളും വ്യവസായികളും. അതുകൊണ്ടുതന്നെ വിളവെടുപ്പ് ഏറക്കുറെ പൂര്‍ത്തിയായിട്ടും വില്‍പ്പന നടത്താന്‍ ബഹുഭൂരിപക്ഷം കര്‍ഷകരും തയ്യാറാകുന്നില്ല. വിപണിയില്‍ കാപ്പി ലഭ്യത ഇതുവരെയില്ലാത്ത വിധം കുറഞ്ഞതോടെ വരുംദിവസങ്ങളിലും വിലയില്‍ ഉയര്‍ച്ചയ്ക്ക് തന്നെയാണ് കൂടുതല്‍ സാധ്യത. 2025 പകുതി വരെയെങ്കിലും വിലക്കയറ്റം തുടര്‍ന്നേക്കാമെന്നാണ് കര്‍ഷകരും കാപ്പി വ്യാപാരികളും പ്രതീക്ഷിക്കുന്നത്.
പൂമഴ കുറഞ്ഞു, കേരളത്തിലും ഉത്പാദനം കുറവ്
(ജോര്‍ജ് ഡാനിയേല്‍- ഡയറക്ടര്‍, കോഫി ബോര്‍ഡ്)
കേരളത്തിലെ ആകെ കാപ്പി ഉത്പാദനത്തില്‍ പത്ത് മുതല്‍ പതിനഞ്ച് ശതമാനം വരെ കുറവാണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ പ്രശ്‌നങ്ങളാണ് കാരണം. പൂമഴ, അതായത് കാപ്പി പൂക്കണമെങ്കില്‍ ഫെബ്രുവരി മാര്‍ച്ച് മാസങ്ങളില്‍ മഴ കിട്ടേണ്ടതുണ്ട്. കഴിഞ്ഞ വര്‍ഷം അതുണ്ടായില്ല. ഏപ്രില്‍ മാസം അവസാനം മഴ പെയ്‌തെങ്കിലും ആവശ്യത്തിന് ലഭിച്ചില്ല. ഒരിഞ്ച് മഴയെങ്കിലും കിട്ടിയാലേ അത് കാപ്പിക്ക് ഗുണം ചെയ്യുകയുള്ളൂ. അതിനാല്‍ സ്വാഭാവികമഴയെ ആശ്രയിച്ച് കാപ്പി കൃഷി ചെയ്യുന്നവര്‍ക്ക് വിള കുറവാണ്. അതേസമയം മറ്റ് ജലസേചന സൗകര്യങ്ങള്‍ ചെയ്തവര്‍ക്ക് വിളയില്‍ വലിയ വ്യത്യാസം ഉണ്ടായില്ലെന്നാണ് കര്‍ഷകര്‍ പറയുന്നത്. പക്ഷേ, ആകെ കര്‍ഷകരില്‍ അമ്പത് ശതമാനത്തോളം പേര്‍ക്കും ഇത്തരം സൗകര്യങ്ങള്‍ ഉണ്ടാവില്ല. പൂമഴ പെയ്ത് രണ്ടാഴ്ചയ്ക്ക് ശേഷം ഒരു മഴ കൂടി കിട്ടേണ്ടതുണ്ട്. കര്‍ഷകര്‍ പിന്തുണ മഴ എന്നാണ് അതിനെ പറയുക. അതുകൂടി ലഭിച്ചാല്‍ നല്ല രീതിയില്‍ വിളവ് പ്രതീക്ഷിക്കാം.
റോബസ്റ്റയാണ് കേരളത്തില്‍ പ്രധാനമായും കൃഷി ചെയ്യുന്നത്. കേരളത്തില്‍ നിന്നുള്ള 80 ശതമാനം കാപ്പിയും ഉത്പാദിപ്പിക്കുന്നത് വയനാട്ടിലാണ്. ഉത്പാദനം കുറഞ്ഞതെങ്കിലും കയറ്റുമതിയെ അത് ബാധിച്ചിട്ടില്ല. ഇന്ത്യയില്‍ നിന്ന് ഇത്തവണ ഏകദേശം 11 ബില്ല്യണ്‍ ഡോളറിന്റെ കാപ്പിയാണ് കയറ്റുമതി ചെയ്തത്. യൂറോപ്പാണ് ഇന്ത്യന്‍ കാപ്പിയുടെ പ്രധാന വിപണി. കേരളത്തില്‍ കഴിഞ്ഞ വര്‍ഷത്തെ ഏകദേശം കാപ്പി ഉത്പാദനം 70,000 മെട്രിക് ടണ്‍ ആണ്. കഴിഞ്ഞ രണ്ട് മൂന്ന് വര്‍ഷത്തെ ശരാശരിയാണിത്. അഞ്ച് ശതമാനം കുറവോ കൂടുതലോ മാറാനുള്ള സാധ്യതയുണ്ട്. വയനാട്, ഇടുക്കി, പാലക്കാട് നെല്ലിയാമ്പതി, അട്ടപ്പാടി എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തില്‍ നിന്നുള്ള കാപ്പി ഉത്പാദനം.
ആഗോള മാര്‍ക്കറ്റില്‍ കാപ്പി വില ഉയരാനുള്ള സാഹചര്യങ്ങള്‍ക്ക് ഇന്ത്യയുമായി നേരിട്ട് ബന്ധമില്ല. കാരണം പ്രധാന ഉത്പാദകരായ ബ്രസീല്‍, വിയറ്റ്‌നാം എന്നിവിടങ്ങളിലെ കാലാവസ്ഥാ പ്രശ്‌നങ്ങളും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങളുമാണ് ഇപ്പോഴുള്ള വലിയ വിലയ്ക്ക് കാരണമായത്. പശ്ചിമേഷ്യയിലെ പ്രശ്‌നങ്ങള്‍ വ്യാപാരത്തെ തടസപ്പെടുത്തുന്നു. യൂറോപ്പിലേക്ക് ചരക്ക് എത്തിക്കണമെങ്കില്‍ ആഫ്രിക്ക വഴി ചുറ്റിപ്പോകേണ്ടിവരുമ്പോള്‍ അത് ചരക്കുനീക്കത്തിന്റെ ചെലവേറ്റും. ഇന്ത്യയെ സംബന്ധിച്ച് യൂറോപ്പാണ് പ്രധാനവിപണി.
എന്നിരുന്നാലും മാര്‍ക്കറ്റ് സ്ഥിരതയിലേക്കെത്തുന്നുണ്ട്. കേരളത്തില്‍ ഉണ്ടക്കാപ്പിക്ക് കഴിഞ്ഞയാഴ്ച 15000 രൂപയുണ്ടായിരുന്നത് ഈയാഴ്ച 14000ലേക്ക് താഴ്ന്നിട്ടുണ്ട്. ഇതുപോലെ മാര്‍ക്കറ്റ് നോര്‍മല്‍ ആവുമെന്നാണ് പ്രതീക്ഷിക്കുന്നത്. വില ഇനിയും കൂടുമെന്ന് വിചാരിച്ച് സ്റ്റോക്കിലുള്ള കാപ്പി വിപണിയിലേക്ക് ഇറക്കാതെ കാത്തിരിക്കുന്നവരുമുണ്ട്. അവരെല്ലാമാണ് കാപ്പിവില വര്‍ധനവിന് സംഭാവന ചെയ്യുന്നത്.
യഥാര്‍ഥത്തില്‍ കാപ്പിവില കൂടിയത് ഈ വര്‍ഷം വിളവ് വില്‍പനയ്‌ക്കെത്തിച്ച കര്‍ഷകര്‍ക്ക് മാത്രമാണ്. കഴിഞ്ഞ വര്‍ഷം വിളവെടുത്ത് സൂക്ഷിച്ചുവെച്ചവര്‍ക്ക് ഇപ്പോള്‍ വില്‍ക്കുന്നത് വലിയ ലാഭം നല്‍കും. വന്‍കിട കൃഷിക്കാരാണ് പൊതുവേ ഇങ്ങനെ ചെയ്യുന്നത്. ഡിസംബര്‍ ജനുവരി മാസത്തിലാണ് കാപ്പി വിളവെടുക്കുന്നത്. സാധാരണ ചെറുകിട കര്‍ഷകര്‍ വിളവെടുപ്പ് കഴിഞ്ഞാലുടന്‍ അത് പ്രോസസ് ചെയ്ത് വില്‍ക്കും. കഴിഞ്ഞവര്‍ഷം ഇത്തരത്തില്‍ ചെയ്തവര്‍ക്ക് വലിയ ലാഭമൊന്നും ഉണ്ടായില്ല. അത് സംഭരിച്ച് ഇപ്പോള്‍ വില്‍ക്കുന്നവര്‍ക്കാണ് ഇരട്ടിലാഭം. എന്നാല്‍ ഈ വര്‍ഷം എല്ലാത്തരം കര്‍ഷകര്‍ക്കും ഗുണം ചെയ്യും. ആ രീതിയിലാണ് മാര്‍ക്കറ്റ് വിലയുള്ളത്. ഒരു ഏക്കറില്‍ നിന്ന് ഏകദേശം അഞ്ച് ടണ്‍ പരിപ്പാണ് ഉത്പാദിപ്പിക്കുന്നത്. ഇങ്ങനെ വിളവ് കിട്ടിയ ഒരു കര്‍ഷകന് അഞ്ച് ലക്ഷം രൂപയുടെ വരുമാനം കിട്ടാം.
കാപ്പിയുടെ ഉയര്‍ന്ന വില കര്‍ഷകര്‍ക്ക് സന്തോഷമാണെങ്കിലും കാപ്പി ഒഴിച്ചുകൂടാനാവാത്ത ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് വില കടുപ്പമാണ്. മാര്‍ക്കറ്റ് ഡിമാന്‍ഡും കുറഞ്ഞ ഉത്പാദനവും വിലയില്‍ പ്രതിഫലിക്കും. ഒരു കപ്പ് കാപ്പിക്ക് ഇനി പഴയ വില കൊടുത്താല്‍ മതിയില്ലെന്ന് സാരം.
2025 ആദ്യ മൂന്ന് മാസങ്ങളിലെ ശരാശരി വില
| കാപ്പിവില | വയനാട് | മധ്യകേരളം | കട്ടപ്പന |
| റോബസ്റ്റ പരിപ്പ് | 435 | 460 | 470 |
| ഉണ്ടക്കാപ്പി | 260 | 260 | |
| പച്ചക്കുരു | 90 | 90 |
കാപ്പി വെട്ടി ഏലക്കൃഷിയിലേക്ക്, നിരാശയിൽ കർഷകർ
വില കൂടുമ്പോള്‍ കാപ്പിവിലയിലെ ഇടിവ് മൂലം കൃഷി ആകെപ്പാടെ ഇല്ലാതാക്കി പുതിയ കൃഷി ചെയ്തവരും നിരാശയിലാണ്. മൂന്നേക്കര്‍ കാപ്പി കൃഷിയാണ് ഇടുക്കിയിലെ കര്‍ഷകനായ ജിസ് നശിപ്പിച്ച് പകരം ഏലം നടന്നത്. കാപ്പിക്ക് വില നൂറു രൂപയിലും താഴെയായിരുന്നപ്പോഴാണ് കാപ്പി കൃഷിക്ക് പകരമെന്തെന്ന് ജിസ് ആലോചിച്ചുതുടങ്ങിയത്. പതിയെ ഏലത്തിലേക്ക് മാറി. മൂന്നേക്കറില്‍ ഇടവിളയായി മാത്രമാണ് ഇപ്പോള്‍ കാപ്പി കൃഷി ചെയ്യുന്നത്. വീട്ടിലെ ആവശ്യത്തിനുള്ള കാപ്പി മാത്രമാണ് ഇപ്പോള്‍ ഉത്പാദിപ്പിക്കുന്നത്. അയല്‍ക്കാരോ പരിചയക്കാരായ കര്‍ഷകരോ ആരും ഇപ്പോള്‍ പൂര്‍ണമായും കാപ്പി കൃഷി ചെയ്യുന്നില്ലെന്ന് ജിസ് പറഞ്ഞു. ദിനംപ്രതിയെന്നോണം കാപ്പിവില കൂടുമ്പോള്‍ കാപ്പി കൃഷി അവസാനിപ്പിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നതായി ജിസ് പറഞ്ഞു. ഉത്പാദനം വ്യാപകമായി കുറഞ്ഞിട്ടുണ്ട്. മഴക്കുറവും കാപ്പി പൂക്കുന്ന സമയത്ത് കാലം തെറ്റി പെയ്ത മഴയും വിളവിനെ ബാധിച്ചിട്ടുണ്ട്. എങ്കിലും ഗാര്‍ഹിക ഉപഭോഗത്തിന് പുറമേ കാപ്പി വില്‍പന നടത്തുന്ന ചെറുകിട കര്‍ഷകര്‍ക്ക് നല്ല ലാഭമുണ്ടാക്കാനായെന്നും ജിസ് കൂട്ടിച്ചേര്‍ത്തു.
Content Highlights: coffee prices hike in world market
Published: 08 Mar 2025, 01:30 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented