ന്റെ ബിസിനസ്സ് സാമ്രാജ്യത്തിന്റെ പേര് പോലെ തന്നെ ആത്മവിശ്വാസത്തിന്റെ മൂർത്തീഭാവം എന്ന നിലയിലാണ് കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ സി.ജെ.റോയ് അറിയപ്പെട്ടിരുന്നത്. പ്രതികൂല സാഹചര്യങ്ങളെ നേരിടുന്നതിൽ അചഞ്ചലമായ ആത്മവിശ്വാസം റോയ്‌യുടെ വിജയങ്ങൾക്ക് ശക്തിപകർന്നെങ്കിലും കാലം പക്ഷേ, അദ്ദേഹത്തിന് വൈരുദ്ധ്യമായ ഒരു അന്ത്യമാണ് സമ്മാനിച്ചത്. ബെംഗളൂരുവിലെ തന്റെ ഓഫീസിൽ നടന്ന ആദായ നികുതി വകുപ്പിന്റെ റെയ്ഡിനിടെ റോയ് സ്വയം വെടിവെച്ച് ജീവനൊടുക്കിയെന്നാണ് പുറത്തുവന്ന വിവരം.

To advertise here,

തൃശ്ശൂർ സ്വദേശിയായ റോയ് ബഹുരാഷ്ട്ര കമ്പനിയിൽ ഉയർന്ന ശമ്പളത്തിൽ ജോലി ചെയ്ത് വരവെയാണ് അത് രാജിവെച്ച് സ്വന്തമായ ബിസിനസ്സ് സാമ്രാജ്യം കെട്ടിപ്പടുക്കാനിറങ്ങിയത്. 

ബെംഗളൂരുവിൽ ജനിച്ച് വളർന്ന റോയ് ഫ്രാൻസിലും സ്വിറ്റ്‌സർലൻഡിലുമാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. ബഹുരാഷ്ട്ര ഭീമനായ ഹ്യൂലറ്റ് പാക്കാർഡിലായിരുന്നു ജോലി. 1997-ലാണ് സ്വന്തമായി ബിസിനസ് എന്ന സ്വപ്‌നത്തിലേക്ക് ഇറങ്ങി തിരിച്ചത്. ദക്ഷിണേന്ത്യയിൽ നിന്ന് പിന്നീട് ബിസിനസ്സ് പശ്ചിമേഷ്യയിലേക്ക് വ്യാപിപ്പിച്ചു.

അസാധാരണമായ തീരുമാനങ്ങളും വിപ്ലവകരമായ ചുവടുവെപ്പുകളും കാരണം റിയൽ എസ്റ്റേറ്റ് വ്യവസായത്തിലെ ഇതിഹാസമായി റോയ് മാറി.

2006ൽ റിയൽ എസ്റ്റേറ്റ് രംഗത്തേക്ക് കടന്നുവന്നതോടെയാണ് കോൺഫിഡന്റ് ഗ്രൂപ്പിന്റെ ഉദയം. റോയിയുടെ തനതായ ചിന്താഗതിയും ഊർജ്ജസ്വലതയും കൊണ്ട് ഇത്രയും വർഷങ്ങൾക്കിടയിൽ ഗ്രൂപ്പ് വളർന്ന് ഇന്ത്യയിലെയും മിഡിൽ ഈസ്റ്റിലെയും പ്രമുഖ പ്രോപ്പർട്ടി ഡെവലപ്പർമാരിൽ ഒരാളായി മാറി. 2006-ൽ ബെംഗളൂരുവിൽ പ്രവർത്തനമാരംഭിച്ച് ഗൾഫിലേക്ക് വികസിച്ച കമ്പനി, ഹോസ്പിറ്റാലിറ്റി, വിനോദം, വിദ്യാഭ്യാസം, ഗോൾഫ്, റീട്ടെയിൽ മേഖലകളിലടക്കം വിജയമുദ്ര പതിപ്പിച്ചു.

'റിയൽ എസ്റ്റേറ്റ് വ്യവസായത്തിലേക്ക് ഞാൻ യാദൃശ്ചികമായി കടന്നുവന്നതല്ല, വലിയ ചിന്തകൾക്കും ആസൂത്രണത്തിനും ശേഷം, റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ എന്റെ ബിസിനസ്സ് കരിയർ രൂപപ്പെടുത്താൻ ഞാൻ തീരുമാനിച്ചു. എന്റെ 24 വർഷത്തെ ബിസിനസ്സ് കരിയറിൽ ഞാൻ പഠിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഒരാൾക്ക് കൃത്യമായ പദ്ധതി ഉണ്ടായിരിക്കണം, അതിൽ പടിപടിയായുള്ള ഒരു ബിസിനസ്സ് പ്ലാൻ ഉണ്ടാകണം, ഒരു ബിസിനസ്സും ഹ്രസ്വകാലയളവിൽ ഒരു ബില്യൺ ഡോളർ കമ്പനിയാകില്ല എന്നതാണ്. റിയൽ എസ്റ്റേറ്റ് വ്യവസായത്തിൽ ഇതുവരെ കേൾക്കാത്ത 'ജസ്റ്റ് ഇൻ ടൈം' എന്ന ആശയം ഞാൻ ഈ വ്യവസായത്തിലേക്ക് കൊണ്ടുവന്നു. 1999-ൽ തന്നെ ഞങ്ങളുടെ ബിസിനസ്സിൽ പ്രോജക്റ്റ് ആസൂത്രണത്തിലും നടത്തിപ്പിലും ഉയർന്ന സോഫ്റ്റ്‌വെയറുകൾ ഞങ്ങൾ ഉൾപ്പെടുത്തി. എന്റെ 24 വർഷത്തെ ബിസിനസ്സ് ജീവിതത്തിൽ ഞങ്ങൾ പഠിച്ച മറ്റൊരു പ്രധാന കാര്യം, ഒരു സ്ഥാപനം സാമ്പത്തിക മാന്ദ്യത്തെ അതിജീവിക്കുന്ന രീതിയിൽ രൂപകൽപ്പന ചെയ്യണം, അതുവഴി മാന്ദ്യത്തിന്റെ സമയത്തും സ്ഥാപനം നിലനിൽക്കുകയും അടുത്ത സാമ്പത്തിക വളർച്ചയിൽ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യും' ഒരു അഭിമുഖത്തിനിടെ റോയ് പറഞ്ഞു.

ദുഷ്‌കരമായ വിപണി സാഹചര്യങ്ങളെ അനുകൂലമാക്കി മാറ്റുന്നതിൽ പ്രത്യേക വൈദഗ്ദ്ധ്യം റോയ്ക്കുണ്ടായിരുന്നുവെന്നാണ് റിയൽ എസ്റ്റേറ്റ് മേഖലകളിലുള്ളവരുടെയും ജീവനക്കാരുടെയും വാദം.

43 ദശലക്ഷം ചതുരശ്ര അടിയിൽ അധികം വരുന്ന 165-ൽ അധികം പ്രോജക്ടുകൾ പൂർത്തിയാക്കി, കൂടാതെ കമ്പനിയുടെ വെബ്‌സൈറ്റിൽ ലഭ്യമായ വിവരങ്ങൾ അനുസരിച്ച് 15,000-ൽ അധികം ഉപഭോക്താക്കൾക്ക് സേവനം നൽകി. റിയൽ എസ്റ്റേറ്റിനപ്പുറം, സി.ജെ. റോയ് കോൺഫിഡന്റ് ഗ്രൂപ്പിനെ ഹോസ്പിറ്റാലിറ്റി, ഇൻഫ്രാസ്ട്രക്ചർ, വിനോദ മേഖലകളിലേക്കും വ്യാപിപ്പിച്ചു. ബിഗ് ബോസ് ഐഡിയ സ്റ്റാർ സിംഗർ പോലുള്ള ജനപ്രിയ ടെലിവിഷൻ ഷോകൾ സ്‌പോൺസർ ചെയ്യുന്നതിലും അദ്ദേഹം അറിയപ്പെട്ടിരുന്നു. കേരളത്തിൽ പ്രളയശേഷം 100 വീടുകൾ പുനർനിർമ്മിക്കുന്നതിലും, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രോഗികൾക്ക് ഹൃദയ ശസ്ത്രക്രിയകൾക്ക് ധനസഹായം നൽകുന്നതിലും ഉൾപ്പെടെയുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളിൽ റോയ് സജീവമായി ഇടപെട്ടിരുന്നു.

ആദായനികുതി വകുപ്പിന്റെ റെയ്ഡിനിടെ സ്വയം വെടിവെച്ച് മരിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ടുകളെങ്കിലും റോയിയുടെ ആത്മഹത്യക്ക് പിന്നിലെ യഥാർത്ഥ കാരണം ഇതുവരെ കണ്ടെത്താനായിട്ടില്ല.

മരണത്തിന് ഉത്തരവാദി ആദായ നികുതി വകുപ്പ് അധികൃതരാണെന്ന് ആരോപിച്ച് കുടുംബം രംഗത്തെത്തിയിട്ടുണ്ട്. കഴിഞ്ഞ രണ്ട് മൂന്ന് ദിവസമായി ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിവരുകയായിരുന്നുവെന്നാണ് കർണാടക പോലീസ് നൽകുന്ന വിവരം.