താരിഫ് യുദ്ധം രൂക്ഷമാകുന്നതിനിടെ അമേരിക്കയ്ക്ക് കനത്ത പ്രഹരമേല്‍പ്പിച്ച് ചൈന! വ്യാപാരയുദ്ധം രൂക്ഷമാകുകയും ലോകവിപണിയില്‍ അനിശ്ചിതത്വം നിലനിൽക്കുകയും ചെയ്യുന്നതിനിടെ സാങ്കേതിക, വൈദ്യശാസ്ത്ര, പ്രതിരോധ, ഊര്‍ജ്ജ രംഗങ്ങളിലെല്ലാം നിര്‍ണായകമായ ഏഴ് റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയാണ് ചൈന തിരിച്ചടിച്ചത്. ആധുനിക വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ സമേരിയം (Samarium), ഗാഡോലിനിയം (Gadolinium), ടെർബിയം (Terbium), ഡിസ്പ്രോസിയം (Dysprosium), ല്യൂട്ടീഷ്യം (Lutetium), സ്കാൻഡിയം (Scandium), യിട്രിയം (Yttrium) എന്നീ ഏഴ് ലോഹങ്ങള്‍, അവയുടെ ലോഹസങ്കരങ്ങൾ, ഓക്‌സൈഡുകള്‍, സംയുക്തങ്ങള്‍, അനുബന്ധ ഉത്പന്നങ്ങള്‍ എന്നിവയുടെ കയറ്റുമതിക്കാണ് നിയന്ത്രണം. വൈദ്യുതവാഹനങ്ങള്‍,  ഊര്‍ജ്ജ സാങ്കേതികവിദ്യ, സൈനിക ഉപകരണങ്ങള്‍, വൈദ്യശാസ്ത്ര ഉപകരണങ്ങള്‍ എന്നിങ്ങനെ അധുനിക സാങ്കേതികവിദ്യകളില്‍ ഏറെ പ്രധാനപ്പെട്ടവയാണ് ഈ ലോഹങ്ങള്‍. 

To advertise here,

അമേരിക്കയിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിക്കും നിയന്ത്രണമുണ്ട്. റെയര്‍ എര്‍ത്ത് ലോഹങ്ങള്‍വെച്ചുള്ള ചൈനയുടെ ഈ വിലപേശല്‍ ഇവയുടെ കയറ്റുമതിയില്‍ തങ്ങളുടെ ആധിപത്യം ആയുധമാക്കാനുള്ള വ്യക്തമായ സൂചനയായാണ് വിലയിരുത്തുന്നത്. ഇതാദ്യമായല്ല, ഈ ലോഹങ്ങളെ വിലപേശല്‍ ആയുധമായി ചൈന ഉപയോഗിക്കുന്നത്. 2010-ല്‍, ജപ്പാനിലേക്കുള്ള റെയര്‍ എര്‍ത്ത് കയറ്റുമതി ചൈന നിര്‍ത്തിവച്ചിരുന്നു. 2021-ല്‍ റെയര്‍ എര്‍ത്ത് ലോഹമേഖലയിൽ പ്രവര്‍ത്തിച്ചിരുന്ന മൂന്ന് കമ്പനികള്‍ ചൈന ലയിപ്പിച്ചു. കയറ്റുമതി നിയന്ത്രണം കൂടുതല്‍ ശക്തമാക്കാനുള്ള ചൈനീസ് നടപടികളുടെ ഭാഗമായിരുന്നു ഇത്. വ്യാപാരയുദ്ധം രൂക്ഷമാകുന്നതിനിടെയുള്ള ചൈനയുടെ നടപടിയും വിലപേശലായാണ് വിലയിരുത്തുന്നത്. എങ്ങനെയാണ് ചൈന ഈ ലോഹങ്ങളുടെ ഉത്പാദനത്തില്‍ നിര്‍ണായക ശക്തിയായത്? എങ്ങനെയാണ് ഈ നിയന്ത്രണം അമേരിക്കയെ ബാധിക്കുക? 

റെയര്‍ എര്‍ത്ത് എലമെന്റ്‌സ്

സ്കാൻഡിയം, യിട്രിയം എന്നിവയ്ക്കൊപ്പം 15 ലാന്‍ഥനോയ്ഡുകളും (Lanthanide) ഉള്‍പ്പെടെ 17 ലോഹമൂലകങ്ങളാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ (Rare-earth element) എന്ന് അറിയപ്പെടുന്നത്. സ്കാൻഡിയം (Scandium), യിട്രിയം (Yttrium), ലാന്തനം (lanthanum), സീറിയം (cerium), പ്രീസിയോഡീമിയം (praseodymium), നിയോഡീമിയം (neodymium), പ്രോമീത്തിയം (promethium), സമേരിയം (samarium), യൂറോപ്യം (europium), ഗാഡോലിനിയം (gadolinium), ടെർബിയം (terbium), ഡിസ്പ്രോസിയം (dysprosium), ഹോൾമിയം (holmium), എർബിയം (erbium), തൂലിയം ( thulium ), യറ്റര്‍ബിയം ( ytterbium), ല്യൂട്ടീഷ്യം (lutetium) എന്നിവയാണ് റെയര്‍ എര്‍ത്ത് മൂലകങ്ങളായി കണക്കാക്കുന്നത്. ഇവയെ ലൈറ്റ് റെയര്‍ എര്‍ത്ത്, ഹെവി റെയര്‍ എര്‍ത്ത് എന്നിങ്ങനെ രണ്ടായി തരംതിരിച്ചിരിക്കുന്നു. റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ എന്ന് വിളിക്കുന്നുണ്ടെങ്കിലും ഭൂമിശാസ്ത്രപരമായി ഇവ അത്ര അപൂര്‍വമല്ല. പേരില്‍നിന്ന് വിഭിന്നമായി ഈ ലോഹങ്ങളുടെ നിക്ഷേപം ലോകമെമ്പാടുമുള്ള പല സ്ഥലങ്ങളിലും കാണപ്പെടുന്നു. ഭൂവല്‍ക്കത്തില്‍ താരതമ്യേന സമൃദ്ധമായി റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ കാണാം. ഓക്‌സൈഡ് രൂപങ്ങളില്‍ നിന്ന് വേര്‍തിരിച്ചെടുക്കാന്‍ സാങ്കേതികമായി ബുദ്ധിമുട്ടായിരുന്നതിനാലും ഖനനത്തിന് അനുയോജ്യമായ സാന്ദ്രീകൃത നിക്ഷേപങ്ങള്‍ വളരെ അപൂര്‍വമായിനാലുമാണ് ചരിത്രപരമായി ഈ ലോഹങ്ങളെ റെയര്‍ എര്‍ത്ത് എലമെന്റ്‌സ് എന്ന് വിളിച്ചത്. 

റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഒരിക്കലും വളരെ ഉയര്‍ന്ന സാന്ദ്രതയില്‍ കാണപ്പെടുന്നില്ല. അവ സാധാരണയായി പരസ്പരം അല്ലെങ്കില്‍ യുറേനിയം, തോറിയം പോലുള്ള റേഡിയോ ആക്ടീവ് മൂലകങ്ങളുമായി കൂടിച്ചേര്‍ന്നാണ് കാണപ്പെടുന്നത്. ഇവയുടെ രാസഗുണങ്ങള്‍ കാരണം അയിരുകളില്‍നിന്നും അവയെ വേര്‍തിരിക്കുന്നത് സങ്കീര്‍ണമാണ്. ഈ പ്രക്രിയ ബുദ്ധിമുട്ടേറിയതും ചെലവേറിയതും പരിസ്ഥിതിക്ക് വലിയ തോതില്‍ നാശമുണ്ടാക്കുന്നതുമാണ്. ഈ ലോഹങ്ങളുടെ ശുദ്ധീകരണ പ്രക്രിയയും അതീവ സങ്കീര്‍ണമാണ്. തുടക്കത്തില്‍, യുറേനിയം ഖനന പ്രക്രിയയില്‍ നിന്നാണ് റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ലഭിച്ചിരുന്നത്. 60-കളില്‍, കളര്‍ ടെലിവിഷനുകളിലാണ് ഇവ ആദ്യമായി വാണിജ്യപരമായി ഉപയോഗിക്കന്നത്. അവയില്‍ ഭൂരിഭാഗവും കാലിഫോര്‍ണിയയിലാണ് ഖനനം ചെയ്തത്. പരമ്പരാഗത ഖനന-വേര്‍തിരിക്കല്‍ പ്രക്രിയകള്‍ വളരെ അധ്വാനം വേണ്ടതും ഗണ്യമായ മലിനീകരണം സൃഷ്ടിക്കുന്നതുമായിരുന്നു. നിലവിലെ ഉത്പാദനരീതിക്ക് ധാരാളം അയിര് ആവശ്യമാണ്. കൂടാതെ ചെറിയ അളവില്‍ പോലും ഇവ  വേര്‍തിരിച്ചെടുക്കുന്നത് വലിയ തോതില്‍ മാലിന്യങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. റേഡിയോ ആക്ടീവ് പദാര്‍ഥങ്ങള്‍, ഫ്‌ളൂറിന്‍, ആസിഡുകള്‍ പോലുള്ള മാലിന്യങ്ങള്‍ ഇവയുടെ സംസ്‌കരണ പ്രക്രിയയുടെ ഭാഗമായുണ്ടാകുന്നു. 

ഈ ലോഹങ്ങള്‍ക്ക് അസാധാരണമായ ഫ്‌ളൂറസെന്റ്, ചാലക, കാന്തിക ഗുണങ്ങളുണ്ട്. അതിനാല്‍ തന്നെ ഇലക്ട്രിക് വാഹനങ്ങള്‍, സ്മാര്‍ട്ട്ഫോണുകള്‍, കമ്പ്യൂട്ടര്‍ ഹാര്‍ഡ്‌വെയറുകള്‍, എല്‍ഇഡി ലൈറ്റുകള്‍, ഹൈബ്രിഡ് കാറുകള്‍, എം.ആര്‍.ഐ. മെഷീനുകള്‍, എന്നിവയുള്‍പ്പെടെ നമ്മള്‍ ദിവസവും ഉപയോഗിക്കുന്ന നിരവധി വസ്തുക്കളുടെ നിര്‍മാണത്തില്‍ ഇവ ഉപയോഗിക്കുന്നു. എണ്ണ ശുദ്ധീകരണത്തിലും ആണവസാങ്കേതികവിദ്യയിലും ചില റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ ഉപയോഗിക്കുന്നു. പ്രതിരോധ സംവിധാനങ്ങള്‍, ക്ലീന്‍ എനര്‍ജി, ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടറുകള്‍, ആശയവിനിമയ സാങ്കേതികവിദ്യ, ആരോഗ്യം, ഊര്‍ജ്ജ സാങ്കേതികവിദ്യകള്‍ എന്നിവയുള്‍പ്പെടെ നിരവധി മേഖലകളില്‍ റെയര്‍ എര്‍ത്ത് മൂലകങ്ങള്‍ നിര്‍ണായകമാണ്. ടെർബിയം സോണാര്‍ ട്രാന്‍സ്ഡ്യൂസറുകളിലും യിട്രിയം ലേസര്‍ ടാര്‍ഗെറ്റിങ്ങിലും ഉപയോഗിക്കുന്നു. വിന്‍ഡ് ടര്‍ബൈന്‍ ജനറേറ്ററുകളില്‍ ഡിസ്പ്രോസിയവും ഇവി മോട്ടോറുകളില്‍ നിയോഡീമിയവും എല്‍ഇഡി ഡിസ്പ്ലേകള്‍ക്ക്  യൂറോപ്യവും ക്യാമറ ലെന്‍സുകള്‍ക്ക് ലാന്തനവും ഉപയോഗിക്കുന്നു. 

പ്രതിരോധ ഉപകരണങ്ങളുടെ നിര്‍മാണത്തിലും ഈ ലോഹങ്ങള്‍ക്ക് അതിപ്രാധാന്യമുണ്ട്. ഒരൊറ്റ എഫ്-35 യുദ്ധവിമാനത്തിന് ഏതാണ്ട് 400 കിലോയിലധികം റയര്‍ എര്‍ത്ത് മൂലകങ്ങള്‍ ആവശ്യമാണ്. ഉപഗ്രഹങ്ങളുടെയും ആളില്ലാ സൈനിക വാഹനങ്ങളുടെയടക്കം നിര്‍മാണത്തിനും പ്രധാന ഘടകങ്ങളാണ് ഇവ. ടെസ്ലയുടെ മോഡല്‍ 3 പെര്‍മനന്റ് മാഗ്‌നറ്റ് മോട്ടോര്‍ ഏകദേശം രണ്ട് കിലോഗ്രാം നിയോഡീമിയം ഉപയോഗിക്കുന്നു. സാങ്കേതികവിദ്യ, പ്രത്യേകിച്ച് നിര്‍മിത ബുദ്ധി അധിഷ്ടിത സാങ്കേതികവിദ്യകള്‍ കൂടുതല്‍ പ്രാധാന്യം നേടുന്ന സാഹചര്യത്തില്‍ നിയോഡീമിയം, ഡിസ്പ്രോസിയം, പ്രീസിയോഡീമിയം, യിട്രിയം തുടങ്ങിയ മൂലകങ്ങള്‍ക്ക് ആവശ്യം വര്‍ദ്ധിച്ചുകൊണ്ടിരിക്കുകയാണ്. റോബോട്ടിക്‌സ്, ഹൈബ്രിഡ് വാഹനങ്ങള്‍, കാറ്റാടി യന്ത്രങ്ങള്‍ തുടങ്ങിയ പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യകള്‍ പോലുള്ളവയിലും ഇവ ഉപയോഗിക്കുന്നു. ചുരുക്കത്തില്‍ ആധുനിക ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്തൊരു നിര്‍മാണ വസ്തുവായതിനാലാണ് ഈ മൂലകങ്ങള്‍ക്ക് സാമ്പത്തിക, രാഷ്ട്രീയ പ്രാധാന്യം കൈവരുന്നത്.

placeholder
Photo : Forrest Anderson/Getty Images
ഡെങ് സിയാവോപിങ് | Photo : Forrest Anderson/Getty Images

റെയര്‍ എര്‍ത്ത് മെറ്റലില്‍ ചൈനീസ് കുത്തക

യുഎസ് ജിയോളജിക്കല്‍ സര്‍വേയുടെ കണക്കുകള്‍ പ്രകാരം ചൈന, അമേരിക്ക, മ്യാന്‍മര്‍, ഓസ്‌ട്രേലിയ, നൈജീരിയ, തായ്‌ലന്‍ഡ്, ഇന്ത്യ, റഷ്യ, മഡഗാസ്‌കര്‍, വിയറ്റ്‌നാം എന്നിവരാണ് 2024-ല്‍ ഏറ്റവും കൂടുതല്‍ അപൂര്‍വ എര്‍ത്ത് ഖനനം ചെയ്ത 10 രാജ്യങ്ങള്‍. 2024-ല്‍ ലോകമെമ്പാടും 390,000 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളാണ് ഉത്പാദിപ്പിച്ചത്. 2017-ലെ ഉത്പാദനത്തിന്റെ (132,000 മെട്രിക് ടണ്‍) മൂന്നിരട്ടിയായിരുന്നു ഇത്. ആഗോളതലത്തില്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ ഏറ്റവും വലിയ ഉറവിടവും ഉത്പാദകനും ചൈനയാണ്. കഴിഞ്ഞ കുറച്ചു കാലങ്ങളായി ഇവയുടെ ഉത്പാദനത്തില്‍ ചൈനയാണ് ആധിപത്യം പുലര്‍ത്തുന്നത്. കഴിഞ്ഞ വര്‍ഷം ഈ മൂലകങ്ങളുടെ ആഗോള ഉത്പാദനത്തിന്റെ 70 ശതമാനവും സംഭവന ചെയ്തതും ചൈനയായിരുന്നു. യു.എസ്. ജിയോളജിക്കല്‍ സര്‍വേയുടെ കണക്കനുസരിച്ച്, 2024-ല്‍ ചൈനയുടെഉത്പാദനം 270,000 മെട്രിക് ടണ്‍ ആയിരുന്നു. തൊട്ടു മുമ്പത്തെ വര്‍ഷം ഇത് 255,000 മെട്രിക് ടണ്‍ ആയിരുന്നു. രണ്ടാം സ്ഥാനത്തുള്ള അമേരിക്കയുടെ ഉത്പാദനമാകട്ടെ 45,000 മെട്രിക് ടണ്‍ മാത്രവും. അതായത് അമേരിക്കയേക്കാള്‍ അഞ്ചിരട്ടിയാണ് ചൈനയുടെ ഉത്പാദനം. തല്‍ഫലമായി, ടെസ്​ലയും ആപ്പിളും ഉള്‍പ്പെടെ നിരവധി കമ്പനികള്‍ അവരുടെ അപൂര്‍വ എര്‍ത്ത് ധാതുക്കള്‍ ചൈനയില്‍ നിന്നാണ് ശേഖരിക്കുന്നത്. 

17 വ്യത്യസ്ത റെയര്‍ എര്‍ത്ത് മൂലകങ്ങളില്‍ ഭൂരിഭാഗത്തിന്റെയും ആഗോളതലത്തില്‍ ഉത്പാദനത്തില്‍ ചൈനയാണ് മുന്നില്‍. ഈ വസ്തുക്കളില്‍ ഏതാണ്ടെല്ലാം ചൈന ഖനനം ചെയ്ത് സംസ്‌കരിക്കുന്നു. ആധുനിക സാങ്കേതികവിദ്യകള്‍ക്കും വ്യവസായങ്ങള്‍ക്കും അത്യാവശ്യമായ ഈ മൂലകങ്ങളുടെ സംസ്‌കരണത്തിലും ശുദ്ധീകരണശേഷിയിലും ചൈനയാണ് മുന്നില്‍. റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ സംസ്‌കരണശേഷിയുടെ 85% ത്തിലധികവും ചൈന കൈകാര്യം ചെയ്യുന്നു. ആഗോള വിപണിയില്‍ ചൈനയുടെ ആധിപത്യത്തിന് പ്രധാനമായും കാരണം ഡിസ്പ്രോസിയം, ടെർബിയം, നിയോഡീമിയം, പ്രീസിയോഡീമിയം തുടങ്ങിയ മൂലകങ്ങളുടെ സംസ്‌കരണത്തിലെ കുത്തകയാണ്. ന്യൂട്രോണ്‍ അബ്‌സോര്‍ബറുകള്‍, ന്യൂക്ലിയര്‍ റിയാക്ടറുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ഡിസ്‌പ്രോസിയത്തിന്റെ 85 ഉത്പാദനവും ചൈനയില്‍ നിന്നാണ്. സോണാര്‍ സിസ്റ്റങ്ങള്‍, ഇന്ധന സെല്ലുകള്‍ എന്നിവയില്‍ ഉപയോഗിക്കുന്ന ടെര്‍ബിയത്തിന്റെ കാര്യത്തില്‍ ഇത് 89% വരും. റഡാര്‍ ഘടകങ്ങള്‍, സൂപ്പര്‍കണ്ടക്ടറുകള്‍ എന്നവയുടെ നിര്‍മാണത്തില്‍ ഉപയോഗിക്കുന്ന യിട്രിയത്തിന്റെ 76% സംഭാവന ചെയ്യുന്നതും ചൈനയാണ്.

റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ ഉത്പാദനത്തിനാവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരുക്കുന്നതില്‍ അവര്‍ പതിറ്റാണ്ടുകളായി ശ്രദ്ധ കേന്ദ്രീകരിക്കുന്നു. റെയര്‍ എര്‍ത്തിന്റെ നിര്‍ണായക പ്രാധാന്യം തിരിച്ചറിഞ്ഞ ചൈനീസ് ഭരണാധികാരിയായ ഡെങ് സിയാവോ പിങ് വിപണിയില്‍ തന്ത്രപരമായ ആധിപത്യം നേടുന്നതിനുള്ള പ്രവര്‍ത്തനം നേരത്തെ തുടങ്ങിയിരുന്നു. ഇവയുടെ ഖനനവും ശുദ്ധീകരണവും മുതല്‍ ഉല്‍പ്പന്നങ്ങള്‍ സൃഷ്ടിക്കുന്നത് വരെയുള്ള ഘട്ടങ്ങളില്‍ ചൈന വ്യക്തമായ ആധിപത്യം സ്ഥാപിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ സുപ്രധാന ധാതുക്കളുടെ വിതരണ ശൃംഖലകളെ നിയന്ത്രിക്കുന്നതില്‍ ചൈനയ്ക്ക് നിലവില്‍ കാര്യമായ മുന്‍തൂക്കമുണ്ട്. ഖനനത്തിലെ മേധാവിത്വത്തിന് പുറമേ ലോഹം വേര്‍തിരിക്കാനുള്ള ശേഷിയുടെ 90 ശതമാനവും ചൈന കൈയാളുന്നു. ലോഹസങ്കരങ്ങളുടെ ഉത്പാദനത്തിന്റെ 85% വിപണി വിഹിതവും ചൈനയ്ക്ക്  തന്നെയാണ്. 2024-ല്‍ ചൈന 54,000 ടണ്‍ അപൂര്‍വ എര്‍ത്ത് ഓക്‌സൈഡുകള്‍ കയറ്റുമതി ചെയ്തു. 

placeholder
ചൈനയിലെ ഇന്നർ മംഗോളിയയിലെ ബായുൻ എബോ ഒരു റെയർ എർത്ത് ഖനി | Photo: Bert van Dijk / gettyimages
ചൈനയിലെ ഇന്നർ മംഗോളിയയിലെ ബായുൻ എബോ ഒരു റെയർ എർത്ത് ഖനി | Photo: Bert van Dijk / gettyimages

എങ്ങനെയാണ് ചൈന കുത്തക സ്ഥാപിച്ചത്?

1985 വരെ അമേരിക്കയായിരുന്നു ലോകത്തെ ഏറ്റവും വലിയ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ നിര്‍മാതാക്കള്‍. ചൈന ഈ രംഗത്തേക്ക് കടന്നുവന്നതോടെയാണ് ഈ മേഖലയിലെ അമേരിക്കയുടെ കുത്തക അവസാനിക്കുന്നത്. 1970-കളുടെ അവസാനത്തോടെ, രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുന്നതിനും ആഭ്യന്തര അഭിവൃദ്ധി സ്ഥാപിക്കുന്നതിനും ചൈനീസ് കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ അതിന്റെ ഉത്പാദന-ആഗോള വ്യാപാരശേഷികള്‍ വികസിപ്പിക്കാന്‍ ആരംഭിച്ചു. 1976-ല്‍ ഡെങ് സിയാവോപിങ് (Deng Xiaoping) ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതാവായി. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ രാഷ്ട്രീയ നിയന്ത്രണം കുറയ്ക്കാതെ, ശ്രദ്ധാപൂര്‍വ്വം വിപണി-സാമ്പത്തിക പരിഷ്‌കാരങ്ങളിലൂടെ രാജ്യത്തിന്റെ  അഭിവൃദ്ധിയില്‍ അദ്ദേഹം ശ്രമിച്ചു. രാജ്യത്തെ ഒരു ആഗോള ഉത്പാദക ശക്തിയാക്കാനുള്ള ശ്രമങ്ങളുടെ ഫലമായി ചൈനയുടെ റെയര്‍ എര്‍ത്ത് മൂലക വ്യവസായത്തിന്റെ വികസനത്തില്‍ ശ്രദ്ധ ചെലുത്തി. ഗള്‍ഫ് രാജ്യങ്ങള്‍ക്ക് എണ്ണയെന്ന പോലെയാണ് ചൈനയ്ക്ക് റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ എന്നാണ് ഡെങ് സിയാവോപിങ് അഭിപ്രായപ്പെട്ടത്. 1978-നും 1995-നും ഇടയില്‍ ചൈനയുടെ റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ വാര്‍ഷിക ഉത്പാദനം പ്രതിവര്‍ഷം ശരാശരി 40 ശതമാനം വര്‍ദ്ധിച്ചു. 1990-കളില്‍ ചൈന ലോകത്തിലെ പ്രബലമായ ഉത്പാദകരായി മാറി. 1990-കളില്‍ ചൈനയില്‍നിന്നുള്ള റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിയും അതിവേഗം വര്‍ദ്ധിച്ചു. 

ഉത്പാദനഘട്ടത്തിലെ കുറഞ്ഞ വേതനവും കൂടുതല്‍ അയഞ്ഞ പരിസ്ഥിതി നിയമങ്ങളും ഉള്ളതിനാല്‍, മറ്റ് രാജ്യങ്ങള്‍ക്ക് അവരോട് മത്സരിക്കാന്‍ കഴിഞ്ഞില്ല. ഇത് ലോകമെമ്പാടുമുള്ള ഈ ലോഹങ്ങളുടെ വില കുത്തനെ കുറയാന്‍ കാരണമായി. കുറഞ്ഞ വിലയില്‍ അന്താരാഷ്ട്ര വിപണിയില്‍ ഉത്പന്നങ്ങള്‍ എത്തിയതോടെ മറ്റ് ഉത്പാദകര്‍ക്ക് വിപണി നഷ്ടമായി. അവര്‍ ഉത്പാദനം അവസാനിപ്പിക്കുകയോ ഉത്പാദനം കുത്തനെ കുറയ്ക്കുകയോ ചെയ്തു. പക്ഷേ, പലപ്പോഴും ചൈനയുടെ കുറഞ്ഞ വിലയ്ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാന്‍ സാധിച്ചില്ല. ഇതിന് പുറമേ 1990-കളുടെ തുടക്കത്തില്‍, ചൈനീസ് സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ള കമ്പനികള്‍ മറ്റ് രാജ്യങ്ങളിലെ റെയര്‍ എര്‍ത്ത് ഉത്പാദക കമ്പനികളുടെ നിയന്ത്രണ ഓഹരികള്‍ വാങ്ങാന്‍ ശ്രമിച്ചു. 1995-ല്‍ രണ്ട് ചൈനീസ് സ്ഥാപനങ്ങള്‍ അമേരിക്കന്‍ നിക്ഷേപകരുമായി ചേര്‍ന്ന് അമേരിക്കയില്‍ നിക്ഷേപം നടത്തിയിരുന്നു. വിദേശ നിക്ഷേപത്തിന്  അനുമതി നല്‍കിയ അമേരിക്ക, പക്ഷേ, കമ്പനി കുറഞ്ഞത് അഞ്ച് വര്‍ഷത്തേക്ക് അതിന്റെ പ്രവര്‍ത്തനങ്ങള്‍ തുടരണമെന്ന് ആവശ്യപ്പെട്ടു. അഞ്ച് വര്‍ഷത്തിന് ഫാക്ടറി ചൈനയിലേക്ക് മാറ്റി.

ഉത്പാദകര്‍ക്കിടയിലെ മത്സരം ചുരുങ്ങുകയും ചൈന ഒരു ശക്തമായ വ്യവസായം കെട്ടിപ്പടുക്കാന്‍ തുടങ്ങുകയും ചെയ്തു. ജപ്പാനും യുഎസും പോലുള്ള രാജ്യങ്ങള്‍ അവരുടെ ഉയര്‍ന്നുവരുന്ന സാങ്കേതികവിദ്യകള്‍ക്കായി ചൈനയെ ആശ്രയിച്ചു. 2000 ആയപ്പോഴേക്കും ലോകത്തിലെ റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ ഖനനത്തിന്റെ 95%-ത്തിലധികം ആധിപത്യം ചൈനയ്ക്കായിരുന്നു. 2010-ലെ ഒരു പ്രാദേശിക സംഘര്‍ഷത്തിന്റെ ഫലമായി ജപ്പാന് റെയല്‍ എര്‍ത്ത് മൂലകങ്ങള്‍ വില്‍ക്കുന്നത് ചൈന വിലക്കി. അത്ത് മുതല്‍ ഈ കുത്തകയുടെ അപകടങ്ങള്‍ വളരെ വ്യക്തമായി. ട്രംപിന് മുമ്പുണ്ടായിരുന്ന യുഎസ് ഭരണകൂടങ്ങളും ഇവയുടെ വിതരണ ശൃംഖലയുടെ ചൈനയുടെ കുത്തകയില്‍ ആശങ്കയുടെ പ്രശ്‌നമായി തിരിച്ചറിഞ്ഞിട്ടുണ്ട്. 2022-ലെ ഏകദേശം 35% റെയര്‍ എര്‍ത്ത് ധാതുക്കള്‍ ചൈനയ്ക്ക് പുറത്താണ് ഖനനം ചെയ്തിരുന്നത്. നിര്‍ഭാഗ്യവശാല്‍, ഈ വൈവിധ്യവല്‍ക്കരണം വിതരണ ശൃംഖലയുടെ ബാക്കി ഭാഗങ്ങളിലേക്ക് വ്യാപിച്ചിട്ടില്ല. ഇന്നും, മറ്റ് രാജ്യങ്ങളില്‍ ഖനനം ചെയ്യുന്ന റെയര്‍ എര്‍ത്ത് ധാതുക്കള്‍ ഭൂരിഭാഗവും വേര്‍തിരിക്കല്‍ ശുദ്ധീകരണം എന്നിവയ്ക്കായി ചൈനയിലേക്ക് അയയ്ക്കപ്പെടുന്നു. ഇതും ചൈനയ്ക്ക് വിതരണ ശൃംഖലയില്‍ ആധിപത്യം നല്‍കുന്നു. 

placeholder
ട്രംപ് താരിഫ് നിരക്കുകള്‍ പ്രഖ്യാപിക്കുന്നു | Photo: gettyimages
ട്രംപ് താരിഫ് നിരക്കുകള്‍ പ്രഖ്യാപിക്കുന്നു | Photo: gettyimages

അമേരിക്കയ്ക്ക് ചെക്ക് വെച്ച് ചൈന!

റെയല്‍ എര്‍ത്ത് ലോഹങ്ങളുടെ പ്രധാന ഇറക്കുമതിക്കാരാണ് യുഎസ്. 2024-ല്‍ അമേരിക്കയുടെ റെയല്‍ എര്‍ത്ത് ലോഹങ്ങളുടെ ഇറക്കുമതിയുടെ മൂല്യം 170 മില്യണ്‍ യുഎസ് ഡോളറായിരുന്നു. പോയവര്‍ഷം അമേരിക്കയുടെ റെയല്‍ എര്‍ത്ത് ലോഹ ഇറക്കുമതിയുടെ 70 ശതമാനവും ചൈനയില്‍ നിന്നായിരുന്നു. 2020-നും 2023-നും ഇടയിലും അമേരിക്ക റെയല്‍ എര്‍ത്ത് ലോഹങ്ങളുടെയും സംയുക്തങ്ങളുടെയും 70 ശതമാനവും ചൈനയില്‍ നിന്നാണ് ഇറക്കുമതി ചെയ്തത്. പക്ഷേ, ഇവയുടെ ഉത്പാദനത്തില്‍ രണ്ടാം സ്ഥാനത്താണ് അമേരിക്ക. എന്നാല്‍, ചൈനയുമായി താരതമ്യം ചെയ്യുമ്പോള്‍ ഉത്പാദനത്തില്‍ വളരെ പിന്നിലാണ് അവര്‍. അവരുടെ ധാതുശേഖരമാകട്ടെ, മൊത്തം ആഗോള കരുതല്‍ ശേഖരത്തിന്റെ രണ്ട് ശതമാനം മാത്രമാണെന്നാണ് കണക്കുകള്‍. 2024-ല്‍ അമേരിക്ക 45,000 മെട്രിക് ടണ്‍ റെയര്‍ എര്‍ത്ത് മൂലകങ്ങളണ് ഉത്പാദിപ്പിച്ചത്. പോയ വര്‍ഷം ഇത് 41,600 മെട്രിക് ടണ്ണായിരുന്നു. അമേരിക്കയിലാകട്ടെ ഒരേയൊരു റെയര്‍ എര്‍ത്ത് ലോഹ ഖനിയാണ് ഉള്ളത്. എംപി മെറ്റീരിയല്‍സിന്റെ ഉടമസ്ഥതയിലുള്ള കാലിഫോര്‍ണിയയിലെ മൗണ്ടന്‍ പാസ് ഖനി. ഇവിടെ നിന്നാണ് നിലവില്‍ യുഎസ് ഇവ പ്രധാനമായും ഖനനം ചെയ്യുന്നത്. 

കത്തിപ്പടരുന്ന വ്യാപാരയുദ്ധം അവസാനിപ്പിക്കണമെന്നും സമവായമുണ്ടായില്ലെങ്കില്‍ അവസാനംവരെ പോരാടുമെന്നും യുഎസിന് മുന്നറിയിപ്പുനല്‍കിയതിനൊപ്പമാണ് ചൈന ഏഴ് റെയര്‍ എര്‍ത്ത് മൂലകങ്ങളുടെ കയറ്റുമതിക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. സാങ്കേതിക, വൈദ്യ, പ്രതിരോധ, ഊര്‍ജ്ജ വ്യവസായങ്ങള്‍ക്ക് നിര്‍ണായകമായ ലോഹങ്ങളുടെ കൈയറ്റുമതിക്കാണ് ചൈന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. അമേരിക്കയിലേക്ക് മാത്രമല്ല, എല്ലാ രാജ്യങ്ങളിലേക്കുമുള്ള കയറ്റുമതിക്കും നിയന്ത്രണമുണ്ടെങ്കിലും ഇത് അമേരിക്കയെ വലിയ തോതില്‍ ബാധിക്കും. റെയര്‍ എര്‍ത്ത് ലോഹങ്ങളുടെ കയറ്റുമതിക്ക് ചൈന നിയന്ത്രണം കൊണ്ടുവന്നത് യുഎസ് പ്രതിരോധ വ്യവസായത്തെ സാരമായി ബാധിക്കുമെന്നും ഇത് യുഎസിന്റെ 'താരിഫ് യുദ്ധ'ത്തെ പ്രതിരോധിക്കാനുള്ള ചൈനീസ് തന്ത്രമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. യുഎസിന്റെ സൈനിക ശേഷിയെ വരെ ഇത് ബാധിച്ചേക്കാമെന്നാണ് വിലയിരുത്തല്‍. 

ഈ മൂലകങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് കുറയ്ക്കണമെന്ന് അമേരിക്കയ്ക്കുള്ളില്‍ നിന്ന് തന്നെ പലരും നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു. പ്രതിരോധ കോണ്‍ട്രാക്ടര്‍മാര്‍ 2026-ഓടെ റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കുന്നത് പൂര്‍ണമായും അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ സെനറ്റില്‍ നേരത്തെ ഒരു ബില്‍ അവതരിപ്പിക്കപ്പെട്ടിരുന്നു. ദേശീയ സുരക്ഷയെ ശക്തിപ്പെടുത്താനും ചൈനയ്ക്ക് മേല്‍ നയപരമായ ആധിപത്യം നേടാനുമാണ് ബിൽ കൊണ്ട് ഉദ്ദേശിച്ചത്. റെയര്‍ എര്‍ത്ത് ലോഹങ്ങള്‍ക്കായി ചൈനയെ ആശ്രയിക്കാതിരിക്കുക എന്നത് കൂടിയായിരുന്നു അതുവഴി ലക്ഷ്യമിട്ടത്. അമേരിക്കയിലുടനീളം ഖനികളും സംസ്‌കരണ സൗകര്യങ്ങളും നിര്‍മിക്കുന്ന പദ്ധതികള്‍ക്കും തുടക്കമായിട്ടുണ്ട്. ട്രംപിന്റെ താരിഫ് യുദ്ധത്തെ തുടര്‍ന്നുണ്ടായ നടപടികള്‍ ഇത്തരം മാറ്റങ്ങളെ പ്രോത്സാഹിപ്പിച്ചേക്കാമെന്ന് കരുതുന്നവരുണ്ട്. ചൈനയുടെ നീക്കങ്ങള്‍ അമേരിക്കയെ ഈ മൂലകങ്ങളുടെ വിതരണ ശൃംഖല ശക്തിപ്പെടുത്താനും അതിന്റെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ നിര്‍ബന്ധിതരാക്കുമെന്നും ഒരു വിഭാ​ഗം ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ ഈ ധാധുക്കളുടെ സംസ്‌കരണത്തിനും ശുദ്ധീകരണത്തിനും ആവശ്യമായ അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്കയിലില്ല. അതിനാല്‍ തന്നെ ഖനന പദ്ധതികള്‍ ആരംഭിച്ചാലും ഉടനൊന്നും ഇവയുടെ അപര്യാപ്ത നികത്താൻ അമേരിക്കയ്ക്കാകില്ല. അതുകൊണ്ട് തന്നെ ചൈനയ്ക്ക് മുന്നിൽ മുട്ടുമടക്കുമോ എന്ന് കാത്തിരുന്ന് കാണാം.