ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങും ചൈന നിയമിച്ച പഞ്ചെന്‍ ലാമ ഗ്യാല്‍സെന്‍ നോര്‍ബു (Gyaltsen Norbu) വും തമ്മില്‍ ചരിത്രത്തിലാദ്യമായി കൂടിക്കാഴ്ച നടത്തി. ജൂണ്‍ ആദ്യവാരം ബീജിങ്ങിലായിരുന്നു ഇരുവരും തമ്മിലുള്ള കൂടിക്കാഴ്ച. അത്യപൂര്‍വ കൂടിക്കാഴ്ചയില്‍ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദേശങ്ങള്‍ പാലിക്കുമെന്ന് ചൈന തിരഞ്ഞെടുത്ത പഞ്ചെന്‍ ലാമ പ്രതിജ്ഞയെടുത്തതായി ചൈനീസ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ചൈനയുടെ നേതൃത്വത്തെ ഉറച്ചു പിന്തുണയ്ക്കുമെന്നും ദേശീയഐക്യം സംരക്ഷിക്കുമെന്നും ഗ്യാല്‍സെന്‍ നോര്‍ബു പറഞ്ഞതായാണ് വാര്‍ത്താ ഏജന്‍സിയായ സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്തത്. ബുദ്ധമതത്തില്‍ ചൈനീസ് സംസ്‌കാരത്തിന്റെ സ്വാധീനം സ്വീകരിക്കുകയും സംയോജിപ്പിക്കുകയും ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുമെന്നും ടിബറ്റിന്റെ ആധുനികവല്‍ക്കരണത്തെ പ്രോത്സാഹിപ്പിക്കാന്‍ സംഭാവന ചെയ്യുമെന്നും നോര്‍ബു പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. 

To advertise here,

ഇന്ത്യയില്‍ പ്രവാസത്തില്‍ കഴിയുന്ന പതിനാലാമത് ദലൈലാമയുടെ 90-ാം ജന്മവാര്‍ഷികം ആഘോഷിക്കുന്നതിന് തൊട്ടുമുമ്പാണ് ചൈനീസ് പ്രസിഡന്റും ചൈന നിയമിച്ച പഞ്ചെന്‍ ലാമയും തമ്മില്‍ കൂടിക്കാഴ്ച നടത്തുന്നത്. ദലൈലാമയ്ക്ക് ശേഷം രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ആത്മീയ അധികാരിയായി കണക്കാക്കപ്പെടുന്ന പഞ്ചെന്‍ ലാമയ്ക്ക് ടിബറ്റന്‍ ബുദ്ധമതത്തില്‍ വലിയ സ്വാധീനമുണ്ട്. ദലൈലാമയ്ക്ക് പിന്നില്‍ ആത്മീയ അധികാരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഒരു പഞ്ചെന്‍ ലാമയ്ക്കുള്ളത്. അടുത്ത ദലൈലാമയെ അന്വേഷിക്കുന്നതിന്റെ പ്രധാന ചുമതലയും പഞ്ചെന്‍ ലാമയ്ക്കുണ്ട്. ദലൈലാമയുടെ പുനര്‍ജന്മത്തെ തിരിച്ചറിയുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നയാളാണ് പഞ്ചെന്‍ ലാമ. പക്ഷേ, പഞ്ചെന്‍ ലാമയുടെ തിരഞ്ഞെടുപ്പും അംഗീകാരവും രാഷ്ട്രീയ വിവാദങ്ങളില്‍ കുടുങ്ങിക്കിടക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ ചൈനയുടെ ഇടപെടലാണ് പ്രാധാന കാരണം. ആരാണ് ഒരു പഞ്ചെന്‍ ലാമ? ടിബറ്റ് തിരഞ്ഞെടുത്ത പഞ്ചെന്‍ ലാമയ്ക്ക് എന്താണ് സംഭവിച്ചത് ? എന്തുകൊണ്ടാണ് പഞ്ചെന്‍ ലാമയ്ക്ക് വലിയ രാഷ്ട്രീയ പ്രാധാന്യമുള്ളത്?

placeholder
ചൈനീസ് സർക്കാർ നിയമിച്ച പതിനൊന്നാമത് പഞ്ചെന്‍ ലാമ ഗ്യാല്‍സെന്‍ നോര്‍ബു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കണ്ടപ്പോൾ | Photo: AP/PTI

ആരാണ് പഞ്ചെന്‍ ലാമ?

ടിബറ്റന്‍ ബുദ്ധമതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ആത്മീയ വ്യക്തികളില്‍ ഒരാളാണ് പഞ്ചെന്‍ ലാമ. ദലൈലാമയ്ക്ക് പിന്നില്‍ ആത്മീയ അധികാരത്തിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനമാണ് ഒരു പഞ്ചെന്‍ ലാമയ്ക്കുള്ളത്. 'പഞ്ചെന്‍' (Panchen) എന്ന വാക്കിന് 'മഹാനായ പണ്ഡിതന്‍' എന്നാണ് അര്‍ത്ഥം. ടാഷി ലുമ്പോ എന്ന സ്ഥലത്തെ മഠത്തിന്റെ തലവനും ഷിഗാറ്റ് സെ പ്രവശ്യയുടെ ഭരണാധികാരിയുമാണ് അദ്ദേഹം. ദലൈലാമ ചരിത്രപരമായി ലാസയില്‍ പൊട്ടാല കൊട്ടാരത്തില്‍ താമസിക്കുമ്പോള്‍ പഞ്ചെന്‍ ലാമ പരമ്പരാഗതമായി ടിബറ്റിലെ രണ്ടാമത്തെ വലിയ നഗരമായ ഷിഗാറ്റ് സെയിലെ തഷില്‍ഹുന്‍പോ മൊണാസ്ട്രിയിലാണ് താമസിക്കുന്നത്. പതിനേഴാം നൂറ്റാണ്ടില്‍ അഞ്ചാമത്തെ ദലൈലാമയാണ് ഈ പദവി ഔപചാരികമായി നല്‍കിയത്. അദ്ദേഹം ദലൈലാമയ്ക്ക് തൊട്ടുപിന്നില്‍ ടിബറ്റന്‍ ബുദ്ധമതത്തിലെ രണ്ടാമത്തെ ഏറ്റവും ഉയര്‍ന്ന ആത്മീയ അധികാരിയായി പഞ്ചെന്‍ ലാമയെ കണക്കാക്കി. പിന്നാലെ ഇത് തുടര്‍ന്നുപോന്നു. 

ദലൈലാമയും പഞ്ചെന്‍ ലാമയും പ്രത്യേക ആത്മീയബന്ധം പങ്കിടുന്നു. ഓരോരുത്തരും മറ്റൊരാളുടെ തുടര്‍ച്ചയായ പുനര്‍ജന്മങ്ങളെ തിരിച്ചറിയുകയും മറ്റൊരാളുടെ ഗുരുവായി വര്‍ത്തിക്കുകയും ചെയ്യുന്നു. പ്രമുഖ മതനേതാക്കള്‍ വിലയിരുത്തുന്ന നിരവധി പരീക്ഷണങ്ങളിലൂടെയാണ് ഇരുവരുടേയും പുനര്‍ജന്മങ്ങള്‍ വെളിപ്പെടുന്നതെന്ന് ടിബറ്റന്‍ ബുദ്ധമതക്കാര്‍ വിശ്വസിക്കുന്നു. ഉന്നത ലാമമാരുടെ കൗണ്‍സിലിനൊപ്പം അടുത്ത ദലൈലാമയെ അന്വേഷിക്കുന്നതിന്റെ പ്രധാന ചുമതല പഞ്ചെന്‍ ലാമയ്ക്കുണ്ട്. ദലൈലാമയുടെ പുനര്‍ജന്മത്തെ തിരിച്ചറിയുന്നതില്‍ പ്രധാന പങ്ക് വഹിക്കുക എന്നതാണ് പഞ്ചെൻ ലാമയായി തിരഞ്ഞെടുക്കപ്പെടുന്ന ഒരാളുടെ പ്രധാന കര്‍ത്തവ്യം. ഇരുവരും മറ്റൊരാളുടെ പുനര്‍ജന്മത്തെ അംഗീകരിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നതിനാല്‍ അത്മീയമായി മാത്രമല്ല, ടിബറ്റിന്റെ സ്വയംഭരണത്തിന്റെയും ചൈനീസ് നിയന്ത്രണത്തിനെതിരായ പ്രതിരോധത്തിന്റെയും പശ്ചാത്തലത്തില്‍ ഈ സ്ഥാനത്തിന് വലിയ രാഷ്ട്രീയ പ്രസക്തിയുമുണ്ട്. അതിനാല്‍ തന്നെയാണ് പഞ്ചെന്‍ ലാമയെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടുവരാന്‍ ചൈന ആഗ്രഹിക്കുന്നതും.

placeholder
ചൈന തട്ടിക്കൊണ്ടുപോയ ഗെധുന്‍ ചോകി നൈമയെ സ്വതന്ത്രനാക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ 2008-ല്‍ നടന്ന പ്രതിഷേധം (ഫയല്‍ ചിത്രം) | Photo:David McNew/Getty Images

ചൈന തട്ടിക്കൊണ്ടുപോയ പഞ്ചെന്‍ ലാമ

പത്താമത്തെ പഞ്ചെന്‍ ലാമ ലോബ്‌സാങ് ചോക്കി ഗയാല്‍റ്റ്‌സെന്‍ (Lobsang Choekyi Gyaltsen) പലതവണ ചൈനീസ് ഭരണത്തിനെതിരേ രംഗത്തുവന്നയാളാണ്. 1960-കളിലെ ടിബറ്റിലെ ക്ഷാമത്തെക്കുറിച്ച് സംസാരിച്ചതിനെത്തുടര്‍ന്ന് എട്ട് വര്‍ഷത്തിലേറെ ജയിലില്‍ കഴിയുകയും ചെയ്തിട്ടുണ്ട്. 1989-ല്‍ സംശയാസ്പദമായ സാഹചര്യത്തിലാണ് അദ്ദേഹം മരിച്ചത്. പഞ്ചെന്‍ ലാമയുടെ മരണത്തിന് പിന്നാലെ ടിബറ്റന്‍ ഭരണകൂടം അദ്ദേഹത്തിന്റെ പുനര്‍ജന്മത്തിനായുള്ള അന്വേഷണം ഉടന്‍ ആരംഭിച്ചു. ടിബറ്റിനകത്തുനിന്നും പുറത്തുനിന്നും മുപ്പതോളം സാധ്യതാ പേരുകള്‍ ലഭിച്ചിരുന്നു. 1991 മാര്‍ച്ചില്‍, പഞ്ചെന്‍ ലാമയുടെ പുനര്‍ജന്മം ടിബറ്റിലാണ് ജനിച്ചതെന്ന് സ്ഥിരീകരിച്ചു. ഇന്ത്യയില്‍ പ്രവാസത്തില്‍ കഴിയുന്ന പതിനാലാമത് ദലൈലാമ പഞ്ചെന്‍ ലാമയുടെ പുനര്‍ജന്മത്തെക്കുറിച്ച് ചൈനീസ് അധികാരികളുമായി ആവര്‍ത്തിച്ച് ബന്ധപ്പെട്ടു. പഞ്ചെന്‍ ലാമയുടെ പുനര്‍ജന്മം സംബന്ധിച്ച് 1995-ല്‍ അദ്ദേഹം അന്നത്തെ ചൈനീസ് പ്രസിഡന്റ് ജിയാങ് സെമിനെ ബന്ധപ്പെട്ടെങ്കിലും കാര്യമായ ഗുണമുണ്ടായില്ല.

1995 ജനുവരിയില്‍ ലാസയുടെ വടക്ക് ഭാഗത്തുള്ള നാഗ്ചുവിലെ ലാരി ജില്ലയിൽ നിന്നുള്ള ഗെധുന്‍ ചോകി നൈമ(Gedhun Choekyi Nyima)യാണ് പഞ്ചെന്‍ ലാമയുടെ പുനര്‍ജന്മമാകാന്‍ സാധ്യതയെന്ന് വെളിപ്പെടുത്തി.  1995 മെയ് 14-ന് ആറ് വയസ്സുള്ള ഗെധുന്‍ ചോകി നൈമ പത്താമത്തെ പഞ്ചെന്‍ ലാമയുടെ പുനര്‍ജന്മമായി ദലൈലാമ ഔദ്യോഗികമായി പ്രഖ്യാപിച്ചു. പ്രഖ്യാപനം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍, ആറ് വയസ്സുള്ള ആണ്‍കുട്ടിയും മാതാപിതാക്കളും വീട്ടില്‍ നിന്ന് അപ്രത്യക്ഷനായി. ചൈനീസ് പോലീസ് കസ്റ്റഡിയിലെടുത്തതായായിരുന്നു റിപ്പോര്‍ട്ടുകള്‍. ടിബറ്റില്‍ തന്ത്രപ്രധാന സ്ഥാനങ്ങളെല്ലാം തങ്ങളോട് ആലോചിച്ച് മാത്രമേ പ്രഖ്യാപിക്കാവൂ എന്നണ് ചൈനീസ് നിലപാട്. ഇതിന് വിരുദ്ധമായി ചൈനീസ് ഭരണകൂടവുമായി കൂടിയാലോചിക്കാതെയായിരുന്നു ദലൈലാമ  ആറുവയസ്സുകാരനായ നൈമയെ പഞ്ചെന്‍ ലാമയായി പ്രഖ്യാപിച്ചത്. ഇതാണ് കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ കാരണമെന്നാണ് ആരോപണം.

placeholder
ഗെധുന്‍ ചോകി നൈമയുടെ പോസ്റ്റർ  | Photo : Frédéric Soltan/Getty Images

ഗെധുന്‍ ചോകി നൈമ എവിടെ?

ചൈന തട്ടിക്കൊണ്ടുപോയതിനുശേഷം, ഗെധുന്‍ ചോകി നൈമ എവിടെയാണെന്ന് അജ്ഞാതമാണ്. നൈമയുടെ സംരക്ഷണാര്‍ത്ഥമാണ് അദ്ദേഹം ഇപ്പോള്‍ എവിടെയാണുള്ളതെന്ന് വെളിപ്പെടുത്താത്തതെന്നാണ് ചൈനീസ് അധികൃതര്‍ പറയുന്നത്. മനുഷ്യാവകാശ സംഘടനകള്‍ അദ്ദേഹത്തെ 'ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ രാഷ്ട്രീയ തടവുകാരന്‍' എന്നാണ് വിശേഷിപ്പിച്ചത്. 1996 മെയ് 28-ന് നൈമ എവിടെയാണെന്ന് വെളിപ്പെടുത്തണമെന്ന് ഐക്യരാഷ്ട്രസഭയുടെ കുട്ടികളുടെ അവകാശങ്ങള്‍ക്കായുള്ള സമിതി ചൈനയോട് അഭ്യര്‍ഥിച്ചു. പക്ഷേ, ചൈന ഇത് തള്ളിക്കളഞ്ഞു. എന്നാല്‍ പിന്നീട് ഐക്യരാഷ്ട്രസഭയിലെ ചൈനയുടെ പ്രതിനിധി നൈമ സര്‍ക്കാരിന്റെ സംരക്ഷണത്തിലാണെന്ന് സമ്മതിച്ചു.  അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ അഭ്യര്‍ത്ഥന പ്രകാരം സര്‍ക്കാര്‍ സംരക്ഷണം ഏര്‍പ്പെടുത്തയെന്നായിരുന്നു ചൈനയുടെ അവകാശവാദം. നൈമ സാധാരണ ജീവിതം നയിക്കുകയാണെന്നാണ് അന്നു മുതല്‍ ചൈന അവകാശപ്പെടുന്നത്.

നൈമയെ ഇപ്പോള്‍ കണ്ടാല്‍ എങ്ങനെയിരിക്കും? വ്യക്തമായ ഉത്തരം ആര്‍ക്കും നല്‍കാന്‍ കഴിയാത്ത ചോദ്യം. എന്നാല്‍ 2019-ല്‍ ഒരു ഫോറന്‍സിക് ആര്‍ട്ടിസ്റ്റ് നൈമ ഇപ്പോള്‍ എങ്ങനെയുണ്ടാകുമെന്നതിന്റെ ഒരു ഛായാചിത്രം നിര്‍മിച്ചു. ടിബറ്റന്‍കാരുമായി കൂടിയാലോചിച്ച് സമഗ്രമായ വിവരങ്ങള്‍ ഉപയോഗിച്ചാണ് ടിം വിഡ്ഡന്‍ എന്ന കലാകാരന്‍ ചിത്രം പൂര്‍ത്തിയാക്കിയത്. ഇത്തരത്തിലൊരു ചിത്രം നൂറു ശതമാനം കൃത്യമായിരിക്കില്ല. എങ്കിലും മുഖത്തിന്റെ അനുപാതത്തിന്റെ കാര്യത്തില്‍, ചിത്രവും അവന്‍ ഇപ്പോഴുള്ള രൂപവും തമ്മില്‍ വലിയ പൊരുത്തമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നാണ് ടിം വിഡ്ഡന്‍ പ്രതികരിച്ചത്. 2019 ഏപ്രില്‍ 23-ന് ബിബിസിയുടെ ഒരു ഷോയിലാണ് ചിത്രം ലോകത്തിന് മുന്നില്‍ പ്രദര്‍ശിപ്പിച്ചത്. ഇതിനിടെ കാണാതായ പഞ്ചെന്‍ ലാമ എവിടെയെന്ന് വെളിപ്പെടുത്തണമെന്ന് അമേരിക്ക ചൈനയോട് ആവശ്യപ്പെട്ടിരുന്നു. കുട്ടിയുടെ തിരോധാനം അന്താരാഷ്ട്ര തലത്തില്‍ തന്നെ വലിയ ചര്‍ച്ചയാകുകയും മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും ഇക്കാര്യത്തില്‍ സുതാര്യത ആവശ്യപ്പെടുകയും ചെയ്യുന്നു.

36 വയസ് പിന്നിട്ട നൈമ എവിടെയാണെന്ന് അജ്ഞാതമായി തുടരുന്നു. ഐക്യരാഷ്ട്രസഭ, യുഎസ്, യുകെ ഉള്‍പ്പെടെയുള്ള സര്‍ക്കാരുകള്‍, എണ്ണമറ്റ മനുഷ്യാവകാശ ഗ്രൂപ്പുകള്‍ എന്നിവ നൈമയെക്കുറിച്ച് ആശങ്ക പങ്കുവെച്ചിരുന്നു. പക്ഷേ, അദ്ദേഹം സാധാരണ ജീവിതം നയിക്കുന്നുവെന്നും ശല്യപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് ചൈനയുടെ വാദം. ബിരുദം പൂര്‍ത്തിയാക്കിയ ലാമയ്ക്ക് ഇപ്പോള്‍ സ്ഥിരം ജോലിയുണ്ടെന്നും ചൈന പറഞ്ഞിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു തെളിവും ഇക്കാലത്തിനിടയില്‍ ചൈന നല്‍കിയിട്ടില്ല. പക്ഷേ, ടിബറ്റുകാര്‍ എല്ലാ വര്‍ഷവും അദ്ദേഹത്തിന്റെ ജന്മദിനം പ്രാര്‍ത്ഥനകളാലും പ്രതിഷേധങ്ങളാലും ആചരിക്കാറുണ്ട്. ടിബറ്റുകാര്‍ക്ക് നൈമ ആത്മീയ പ്രതിരോധത്തിന്റെ ശക്തമായ പ്രതീകവും ചൈനീസ് ഭരണം കവര്‍ന്ന അവകാശങ്ങളുടെ വേദനാജനകമായ ഓര്‍മപ്പെടുത്തലുമാണ്. അവരെ സംബന്ധിച്ചിടത്തോളം, ഗെധുന്‍ ചോകി നൈമ ഒരു കാണാതായകുട്ടി മാത്രമല്ല, ചൈനീസ് ഭരണത്തിന്‍ കീഴിലുള്ള അവരുടെ സംസ്‌കാരത്തിന്റെയും വിശ്വാസത്തിന്റെയും പോരാട്ടത്തിന്റെയും പ്രതീകമാണ്.

placeholder
ചൈനയിലെ ബീജിങ്ങിൽ നടന്ന ചൈനീസ് പീപ്പിൾസ് പൊളിറ്റിക്കൽ കൺസൾട്ടേറ്റീവ് കോൺഫറൻസിന്റെ (സിപിപിസിസി) ദേശീയ സമിതിയുടെ സമാപന സമ്മേളനത്തിന് ശേഷം ചൈനീസ് സർക്കാർ നിയമിച്ച പതിനൊന്നാമത് പഞ്ചെന്‍ ലാമ ഗ്യാല്‍സെന്‍ നോര്‍ബു, 2012 മാർച്ച് 13-ലെ ചിത്രം |  Photo :Lintao Zhang/Getty Images

ചൈനയുടെ ഡൂപ്ലിക്കേറ്റ് പഞ്ചെന്‍ ലാമ

പഞ്ചെന്‍ ലാമയെ ദലൈലാമ തിരഞ്ഞെടുത്തതിനെ ചൈന ഒരുകാലത്തും അഗീകരിക്കുന്നില്ല. പഞ്ചെന്‍ ലാമയെ തിരഞ്ഞെടുക്കാനുള്ള അവരുടെ പദ്ധതി നിരസിച്ചുകൊണ്ടുമുള്ള ദലൈലാമയുടെ പ്രഖ്യാപനം ചൈനീസ് അധികാരികളെ പ്രകോപിപ്പിച്ചു. ഇതോടെ പുനര്‍ജന്മ പ്രഖ്യാപനം നിയമവിരുദ്ധമാണെന്ന് ചൈനീസ് അധികാരികള്‍ പ്രഖ്യാപിച്ചു. ദലൈലാമയുടെ പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെ, ടിബറ്റിലെ താഷി ലുന്‍പോ ആശ്രമത്തിലെ മഠാധിപതിയായ ചാഡ്രല്‍ റിന്‍പോച്ചെ ഉള്‍പ്പെടെ നിരവധി സന്യാസിമാരെ ചൈനീസ് സൈനികര്‍ അറസ്റ്റ് ചെയ്തു.  1989 ഓഗസ്റ്റില്‍ പത്താമത്തെ പഞ്ചെന്‍ ലാമയുടെ പുനര്‍ജന്മത്തിനായുള്ള ചൈനയുടെ അന്വേഷണത്തിന്റെ തലവനായി ചാഡ്രല്‍ റിന്‍പോച്ചെ നിയമിക്കപ്പെട്ടിരുന്നു. പക്ഷേ, സ്വന്തം പഞ്ചെന്‍ ലാമയെ തിരഞ്ഞെടുക്കാനുള്ള ചൈനീസ് പദ്ധതി നിരസിച്ചുകൊണ്ടും ദലൈലാമയുടെ തിരഞ്ഞെടുപ്പിനെ പിന്തുണച്ചത് ചൈനീസ് അധികാരികളെ പ്രകോപിപ്പിച്ചു. മാതൃരാജ്യത്തെ വിഭജിക്കാന്‍ ഗൂഢാലോചന നടത്തിയതിനും രഹസ്യങ്ങള്‍ ചോര്‍ത്തിയതിനും തടവിന് വിധിച്ച അദ്ദേഹം കിഴക്കന്‍ സിചുവാന്‍ പ്രവിശ്യയിലെ അതീവ രഹസ്യമായ ചുവാണ്ടോങ് ജയിലിലാണ്.

ഗെധുന്‍ ചോകി നൈമയെ തട്ടിക്കൊണ്ടുപോയതിന് ആറുമാസത്തിനുശേഷം പഞ്ചെന്‍ ലാമയുടെ യഥാര്‍ത്ഥ പുനര്‍ജന്മത്തെ തങ്ങള്‍ കണ്ടെത്തിയതായി ചൈനീസ് അധികാരികള്‍ പ്രഖ്യാപിച്ചു. ദലൈലാമ പ്രഖ്യാപനത്തെ തള്ളിപ്പറഞ്ഞുകൊണ്ട്, 1995 നവംബര്‍ 29-ന് ചൈന ഒരു ചടങ്ങ് നടത്തി. ഒരു സ്വര്‍ണ്ണ കലശത്തില്‍ നിന്ന് നറുക്കെടുപ്പ് നടത്തി സ്വന്തം പഞ്ചെന്‍ ലാമയെ തിരഞ്ഞെടുക്കാന്‍ ചൈന തീരുമാനിച്ചു. ഗോള്‍ഡന്‍ ഉര്‍ണ്‍ എന്ന ലോട്ടറി സമ്പ്രദായത്തിലായിരുന്നു തിരഞ്ഞെടുപ്പ്. ക്വിംഗ് രാജവംശത്തിന്റെ കാലത്ത് തിരഞ്ഞെടുപ്പുകള്‍ സ്ഥിരീകരിക്കാന്‍ ചരിത്രപരമായി ഉപയോഗിച്ചിരുന്നതായിരുന്ന ഈ രീതി. എന്നാല്‍ പരമ്പരാഗത രീതികളെ മറികടക്കാന്‍ ചൈനീസ് സര്‍ക്കാര്‍ നടത്തിയ ശ്രമമെന്നാണ് ടിബറ്റുകാര്‍ ഇതിനെ വിമര്‍ശിച്ചത്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളുടെ മകനും ടിബറ്റന്‍ ബാലനുമായ ഗ്യാല്‍സെന്‍ നോര്‍ബുവിനെയാണ് ചൈന പഞ്ചെം ലാമയായി പ്രഖ്യാപിച്ചത്. ആറ് വയസ്സുള്ള ഗ്യാള്‍റ്റ്സെന്‍ നോര്‍ബു 1995 ഡിസംബര്‍ 8-ന് ഔദ്യോഗികമായി സ്ഥാനമേറ്റു. 

ചൈനീസ് സര്‍ക്കാരിന്റെ ഉന്നത ഉപദേശക സമിതിയായ ചൈനീസ് പീപ്പിള്‍സ് പൊളിറ്റിക്കല്‍ കണ്‍സള്‍ട്ടേറ്റീവ് കോണ്‍ഫറന്‍സിലെ (സി.പി.പി.സി.സി) അംഗവും സര്‍ക്കാര്‍ ബുദ്ധിസ്റ്റ് അസോസിയേഷനിലെ മുതിര്‍ന്ന അംഗവുമാണ് ഗ്യാല്‍സെന്‍ നോര്‍ബു. 2015-ലെ ഒരു പ്രസംഗത്തില്‍ 'ദേശീയ ഐക്യം ഉയര്‍ത്തിപ്പിടിക്കണമെന്ന് അദ്ദേഹം പ്രഖ്യാപിച്ചിരുന്നു. ബീജിങ്ങില്‍ താമസിക്കുന്ന നോര്‍ബു വളരെ അപൂര്‍വമായി മാത്രമേ ടിബറ്റ് സന്ദര്‍ശിച്ചിട്ടുള്ളൂ. കനത്ത പോലീസ് സുരക്ഷയിലാണ് ഈ സന്ദര്‍ശനങ്ങളെല്ലാം നടന്നിട്ടുള്ളതും. പല ടിബറ്റുകാരും അന്താരാഷ്ട്ര നിരീക്ഷകരും അദ്ദേഹത്തെ യഥാര്‍ത്ഥ ആത്മീയ നേതാവല്ല, മറിച്ച് സര്‍ക്കാര്‍ നിയോഗിച്ച പകരക്കാരനായി കണക്കാക്കുന്നു. ടിബറ്റുകാര്‍ 'പഞ്ചെന്‍ സുമ' (വ്യാജ പഞ്ചെന്‍) എന്നാണ് ഗയാല്‍സെന്‍ നോര്‍ബുവിനെ വിളിക്കുന്നത്.ഇത് ശരിവെച്ചുകൊണ്ടാണ് ഗ്യാല്‍സെന്‍ നോര്‍ബു ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങുമായി കൂടിക്കാഴ്ച നടത്തിയത്. കൂടിക്കാഴ്ചയില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നിര്‍ദ്ദേശങ്ങള്‍ പാലിക്കുമെന്നാണ് അദ്ദേഹം പ്രതിജ്ഞയെടുത്തത്. 

placeholder
ചൈനീസ് സർക്കാർ നിയമിച്ച പതിനൊന്നാമത് പഞ്ചെന്‍ ലാമ ഗ്യാല്‍സെന്‍ നോര്‍ബു ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിനെ കണ്ടപ്പോൾ | Photo: Yan Yan/Xinhua via AP

ചൈനയുടെ ലക്ഷ്യങ്ങള്‍

ടിബറ്റിനുള്ളില്‍ മാത്രമല്ല, ഹിമാലയന്‍ മേഖലയിലുടനീളം ബുദ്ധമതത്തിന്മേല്‍ കൂടുതല്‍ സ്വാധീനം ചെലുത്താനുള്ള ചൈനയുടെ ശ്രമം തുടങ്ങിയിട്ട് കാലമേറെയായി. തെക്ക്, തെക്കുകിഴക്കന്‍ ഏഷ്യയിലെ വിവിധ ബുദ്ധമത രാജ്യങ്ങളില്‍ മതത്തെ ഒരു മൃദുശക്തി നയതന്ത്ര ഉപകരണമായി ഉപയോഗിക്കാന്‍ ചൈന കൂടുതലായി ശ്രമിച്ചുവരികയാണ്. ഇതിന്റെ ഭാഗമായി ടിബറ്റില്‍ ബുദ്ധമതത്തെ നിയന്ത്രിച്ചും ദലൈലാമയുടെ സ്വാധീനം തകര്‍ക്കാനുമുള്ള ചൈനയുടെ ശ്രമങ്ങളുടെ ഭാഗമാണ് പഞ്ചെന്‍ ലാമയെ തട്ടിക്കൊണ്ടുപോയതെന്നാണ് വിലയിരുത്തുന്നത്. ഒപ്പം 2007-ല്‍ ദലൈലാമയുടെ അടുത്ത അവതാരം ഉള്‍പ്പെടെ, എല്ലാ പുനര്‍ജന്മങ്ങളും അംഗീകരിക്കുന്നതില്‍ തങ്ങള്‍ മേല്‍നോട്ടം വഹിക്കുമെന്ന് ചൈനീസ് സര്‍ക്കാര്‍ ഉത്തരവിട്ടിരുന്നു. ഇതിനായി ചൈന നിയമിച്ച പഞ്ചെന്‍ ലാമയെ ഉപയോഗിച്ചേക്കുമെന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്. ടിബറ്റുകാരെ നിയന്ത്രിക്കാനും സ്വാധീനിക്കാനുമായി തങ്ങള്‍ പ്രഖ്യാപിച്ച പഞ്ചെന്‍ ലാമയെ ഉപയോഗിക്കാനായിരുന്നു ചൈനീസ് പദ്ധതി. 

പതിന്നാലാം ദലൈലാമ തൊണ്ണൂറുകളില്‍ എത്തിനില്‍ക്കുന്ന സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ പുനരവതാരത്തെക്കുറിച്ചും ടിബറ്റിന്റെ ഭാവിയെക്കുറിച്ചും ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. ടിബറ്റിലെ ജനതയ്ക്ക് ദലൈലാമയോടുള്ള സ്നേഹം, ബഹുമാനം, ആദരം എന്നിവയ്ക്ക് ഒരു കോട്ടവും സംഭവിച്ചിട്ടില്ല. അതിനാല്‍ തന്നെ ചൈനീസ് ഭരണകൂടം കൊണ്ടുവരുന്ന ഒരാളെ അവര്‍ അംഗീകരിക്കാന്‍ സാധ്യതയില്ല. പഞ്ചെന്‍ ലാമയായി ചൈന ഗ്യാന്‍കെയ്ന്‍ നോര്‍ബുവിനെ നിയമിച്ചത്, ദലൈലാമയുടെ പുനര്‍ജന്മ തിരഞ്ഞെടുപ്പില്‍ ഇടപെടാനും ടിബറ്റിനുള്ളിലും പ്രവാസത്തിലും കഴിയുന്ന ടിബറ്റുകാര്‍ക്കിടയില്‍ സ്വാധീനമുറിപ്പിക്കാനുമാണ്. ഒപ്പം ദലൈലാമയുടെ പുനര്‍ജന്മം കണ്ടെത്താനുള്ള സമയം വരുമ്പോള്‍, അത് തങ്ങള്‍ക്ക് അനുകൂലമായി മാറ്റാനും ഇതുവഴി ചൈനക്ക് കഴിയും.

ഇതിലെല്ലാം ഉപരി ഇനിയൊരു ദലൈലാമ ഉണ്ടാകുമോ എന്നതും വലിയ ചോദ്യമാണ്. ടിബറ്റന്‍ വിശ്വാസപ്രകാരം ഏറ്റവും പ്രധാനപ്പെട്ട കര്‍മമാണ് ദലൈലാമയുടെ തിരഞ്ഞെടുപ്പ്. ഓരോ ദലൈലാമയും തൊട്ടുമുമ്പത്തെ ദലൈലാമയുടെ പുനര്‍ജന്മമായാണ് വിശ്വസിക്കപ്പെടുന്നത്. അതിനാല്‍ തന്നെ പുനര്‍ജന്മസങ്കല്പവും ലക്ഷണനിരീക്ഷണങ്ങളും നിഗമനങ്ങളും എല്ലാം ചേര്‍ന്ന സങ്കീര്‍ണമായ പ്രക്രിയയാണത്. ഇനി മുതല്‍ ഈ തിരഞ്ഞെടുപ്പ് തങ്ങള്‍ നടത്തിക്കൊള്ളാമെന്നാണ് ചൈന പറയുന്നത്. അവര്‍ക്ക് അതൊരു രാഷ്ട്രീയപ്രക്രിയ മാത്രം. എന്നാല്‍ വിശ്വാസത്തില്‍ അടിയുറച്ച ടിബറ്റന്‍ ജനത അതൊരിക്കലും അംഗീകരിക്കില്ല. എന്നാല്‍ തനിക്കു ശേഷം ഒരു ദലൈലാമ ഉണ്ടാവില്ലെന്നും നിലവിലെ സാഹചര്യത്തില്‍ ഒരു കുഞ്ഞിനെ പഴയതുപോലെ കണ്ടെത്തി ദലൈലാമയായി വളര്‍ത്തിയെടുക്കുക അസാധ്യമാണെന്നും ദലൈലാമയും പലപ്പോഴും പറഞ്ഞിട്ടുമുണ്ട്. ചൈനീസ് വെല്ലുവിളികള്‍ മറികടന്നുകൊണ്ട് ടിബറ്റന്‍ ആചാരപ്രകാരം പഴയത് പോലെ ഒരു ദലൈലാമയുടെ സ്ഥാനാരോഹണമുണ്ടാകുമോ? പഴയതുപോലെ ഇതൊന്നും സുഖകരമായി നടക്കില്ലെന്ന് എല്ലാവര്‍ക്കുമറിയാം.