രുണാചല്‍ പ്രദേശിലെ ഇന്ത്യന്‍ അതിര്‍ത്തിക്കടുത്ത് ബ്രഹ്മപുത്ര നദിയില്‍ വമ്പന്‍ അണക്കെട്ടിന്റെ നിര്‍മാണം തുടങ്ങി ചൈന. ടിബറ്റിലെ നീങ്ചി നഗരത്തില്‍ നദീപ്രദേശത്തു നടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങാണ് അണക്കെട്ടിന്റെ നിര്‍മാണം ഔദ്യോഗികമായി ആരംഭിച്ച കാര്യം പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായിരിക്കുമെന്ന് കരുതപ്പെടുന്ന ഇതിന് 1.2 ലക്ഷംകോടി യുവാനാണ് (14.4 ലക്ഷംകോടി രൂപ) ചെലവ് പ്രതീക്ഷിക്കുന്നത്. ഓരോ വര്‍ഷവും 30,000 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാനാകുമെന്നാണ് കണക്കാക്കുന്നത്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ടായ ചൈനയിലെ തന്നെ ത്രീ ഗോര്‍ജസ് അണക്കെട്ടിനേക്കാള്‍ വലുതായിരിക്കും പുതിയ അണക്കെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വലിയ തോതില്‍ വൈദ്യുതി ഉത്പാദിപ്പിക്കാന്‍ ശേഷിയുളള ഈ ഡാം കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള നിര്‍ണായക ചുവടുവെയ്പ്പായാണ് ചൈന കാണുന്നത്. അതേസമയം, ടിബറ്റില്‍ ഇന്ത്യന്‍ അതിര്‍ത്തിക്കു സമീപം ചൈന അണക്കെട്ട് നിര്‍മിക്കുന്നത് ഇന്ത്യയെയും ബംഗ്ലാദേശിനെയും ആശങ്കയിലാഴ്ത്തിയിരിക്കുകയാണ്. അയല്‍രാജ്യങ്ങളെ തകര്‍ക്കാന്‍ ചൈന ജലം ആയുധമായി ഉപയോഗിക്കുന്നത് പുതിയ സംഭവമല്ല. അതുകൊണ്ടു തന്നെയാണ് ബ്രഹ്മപുത്രയിലെ ചൈനയുടെ പുത്തന്‍ മെഗാ ഡാം ഇന്ത്യയുടെ ഹൃദയമിടിപ്പ് വര്‍ധിക്കുന്നത്. 

To advertise here,

ബ്രഹ്മപുത്രയില്‍ അണക്കെട്ട് നിര്‍മിക്കാനുള്ള ചൈനയുടെ തീരുമാനം കഴിഞ്ഞ ഡിസംബറില്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇന്ത്യ ആശങ്ക രേഖപ്പെടുത്തിയിരുന്നു. സാഹചര്യം കൃത്യമായി നിരീക്ഷിക്കുകയാണെന്നും തങ്ങളുടെ താത്പര്യം സംരക്ഷിക്കുന്ന തരത്തിലുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ജനുവരിയില്‍ തന്നെ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. ഇക്കാര്യത്തിലുള്ള ആശങ്ക ചൈനയെ അറിയിച്ചെന്നും വിദേശകാര്യ മന്ത്രാലയത്തിന്റെ വക്താവ് രണ്‍ദീര്‍ ജയ്സ്വാള്‍ വ്യക്തമാക്കിയിരുന്നു. അതേസമയം പദ്ധതിയില്‍ ആശങ്ക വേണ്ടെന്നാണ് ചൈനയുടെ നിലപാട്. അണക്കെട്ട് നദീതീരപ്രദേശങ്ങള്‍ക്കോ താഴ്‌വാരങ്ങള്‍ക്കോ സുരക്ഷാഭീഷണിയാകില്ലെന്നാണ് ചൈന പ്രതികരിക്കുന്നത്. പാരിസ്ഥിതിക സുരക്ഷാ ആഘാതങ്ങളെക്കുറിച്ച് പതിറ്റാണ്ടുകളോളം പഠിച്ചശേഷമാണ് പദ്ധതി വിഭാവനം ചെയ്തതെന്നും കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നുമാണ് അവരുടെ വാദം. എന്തുകൊണ്ടാണ് ചൈനയുടെ പുതിയ ഡാം ഇന്ത്യയെ ആശങ്കപ്പെടുത്തുന്നത്? എന്താണ് ഡാം ഉയര്‍ത്തുന്ന പാരിസ്ഥിതിക വെല്ലുവിളികള്‍? അതിനപ്പുറം എന്താണ് ഇക്കാര്യത്തില്‍ ഭയക്കാനുള്ളത്? 

നമ്മുടെ ബ്രഹ്മപുത്ര, അവരുടെ സാങ്പോ

ലോകത്തിലെ ഏറ്റവും വലിയ നദികളില്‍ ഒന്നായ ബ്രഹ്മപുത്ര ശരാശരി ഒഴുക്കിന്റെ കാര്യത്തില്‍ അഞ്ചാം സ്ഥാനത്താണ്. അസമില്‍ ബ്രഹ്മപുത്ര എന്നും ടിബറ്റനില്‍ യാര്‍ലുങ് സാങ്‌പോ എന്നും അരുണാചലിയില്‍ സിയാങ്/ദിഹാങ് എന്നും ബംഗാളിയില്‍ ജമുന എന്നും ഇത് അറിയപ്പെടുന്നു. പടിഞ്ഞാറന്‍ ടിബറ്റില്‍ 5300 മീറ്റര്‍ ഉയരത്തില്‍ കൈലാസ പര്‍വതത്തിന് സമീപം ആങ്‌സി ഹിമാനിയില്‍ നിന്നാണ് ബ്രഹ്മപുത്ര ഉത്ഭവിക്കുന്നത്. ഉത്ഭവസ്ഥാനത്ത് നിന്ന് ഹിമാലയത്തിലെ മലയിടുക്കുകളിലൂടെ കിഴക്കോട്ട് ഒഴുകി കുത്തനെ തെക്കോട്ട് തിരിഞ്ഞ്, നാംച ബര്‍വ പര്‍വതത്തെ വളഞ്ഞ്, യാര്‍ലുങ് സാങ്‌പോ ഗ്രാന്‍ഡ് കാന്യോണ്‍ കടന്ന് ഇന്ത്യയിലേക്ക് പ്രവേശിക്കുന്നു. അരുണാചല്‍ പ്രദേശ് വഴി ഇന്ത്യയിലേക്ക് പ്രവേശിച്ച് അസം താഴ്വരയിലൂടെ തെക്ക് പടിഞ്ഞാറോട്ട് ബ്രഹ്മപുത്രയായി ഒഴുകുന്നു. തുടര്‍ന്ന് ബംഗ്ലാദേശിന്റെ സമതലങ്ങളിലേക്ക് ജമുനയായി ഒഴുകി, വിശാലമായ ഗംഗാ ഡെല്‍റ്റയില്‍, ബംഗ്ലാദേശില്‍ പത്മ എന്നറിയപ്പെടുന്ന ഗംഗയുമായി ലയിക്കുകയും മേഘ്‌നയായി മാറുകയും ഒടുവില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പതിക്കുകയും ചെയ്യുന്നു.

placeholder
ഗുവാഹത്തിയിൽ ബ്രഹ്മപുത്ര നദിയിൽ മത്സ്യബന്ധനം നടത്തുന്നയാൾ | Photo: Biju BORO / AFP

580,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ബ്രഹ്മപുത്ര ഉപതടം ചൈനയുടെ ഭാഗമായ ടിബറ്റ്, ഭൂട്ടാന്‍, ഇന്ത്യ, ബംഗ്ലാദേശ് എന്നിവ പങ്കിടുന്ന സങ്കീര്‍ണമായ ഒരു നദീതടമാണ്. ഇതാകട്ടെ വിശാലമായ ഗംഗാ-ബ്രഹ്മപുത്ര-മേഘ്‌ന തടത്തിന്റെ ഒരു പ്രധാന ഭാഗമാണ്. ടിബറ്റിലെ ബ്രഹ്മപുത്രയുടെ വൃഷ്ടിപ്രദേശം 2,93,000 ചതുരശ്ര കിലോമീറ്ററാണ്; ഇന്ത്യയിലും ഭൂട്ടാനിലുമായി 2,40,000 ചതുരശ്ര കിലോമീറ്ററും ബംഗ്ലാദേശില്‍ 47,000 ചതുരശ്ര കിലോമീറ്ററുമാണ്. ബംഗ്ലാദേശിനുള്ളില്‍ ബ്രഹ്മപുത്ര തടം 5,80,000 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയില്‍ വ്യാപിച്ചുകിടക്കുന്നു. ഇന്ത്യയില്‍ നദിയുടെ നീര്‍ത്തട വിസ്തീര്‍ണം 194413 ചതുരശ്ര കിലോമീറ്ററാണ്, ഇത് രാജ്യത്തിന്റെ മൊത്തം ഭൂമിശാസ്ത്രപരമായ വിസ്തൃതിയുടെ ഏകദേശം 5.9% ആണ്. നദിയുടെ ശരാശരി ആഴം 30 മീറ്ററും പരമാവധി ആഴം 135 മീറ്ററുമാണ്. ഹിമാലയന്‍ മഞ്ഞ് ഉരുകുമ്പോള്‍ വസന്തകാലത്ത് നദിയില്‍ വലിയ തോതിലുള്ള വെള്ളപ്പൊക്കത്തിന് സാധ്യതയുണ്ട്. ഒരു വശത്ത്, കൃഷിക്ക് അനുയോജ്യമായ വലിയ അളവില്‍ ഫലഭൂയിഷ്ഠമായ എക്കല്‍ മണ്ണ് നിക്ഷേപിക്കുമ്പോള്‍ മറുവശത്ത് ഇത് അസമിലും ബംഗ്ലാദേശിലും വലിയ വെള്ളപ്പൊക്കത്തിനും കാരണമാകുന്നു.

3,000 കിലോമീറ്റര്‍ നീളമുള്ള ബ്രഹ്മപുത്ര, ദക്ഷിണേഷ്യയുടെ പ്രധാന ജലസ്രോതസ്സുകളിലൊന്നാണ്. അതിന്റെ തീരങ്ങളില്‍ താമസിക്കുന്ന സമൂഹങ്ങളുടെ ജീവരേഖ. ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുടെ കൃഷി, സമ്പദ്​വ്യവസ്ഥ, പരിസ്ഥിതി, സംസ്‌കാരം എന്നിവയില്‍ ഈ നദി പ്രധാന പങ്കുവഹിക്കുന്നു. ജലസേചനം, മത്സ്യബന്ധനം, ഉള്‍നാടന്‍ ജലഗതാഗതം എന്നിവയ്ക്കായി മേഖലയിലെ ജനങ്ങള്‍ ബ്രഹ്മപുത്രയെ വലിയ തോതില്‍ ആശ്രയിക്കുന്നു. കാസിരംഗ ദേശീയോദ്യാനം ഉള്‍പ്പെടെയുള്ള സമ്പന്നമായ ജൈവവൈവിധ്യത്തെയും ഇത് നിലനിര്‍ത്തുന്നു. ബംഗ്ലാദേശില്‍, ജമുന എന്നറിയപ്പെടുന്ന നദി കൃഷിക്കും മത്സ്യബന്ധനത്തിനും പ്രധാന ജലസ്രോതസ്സാണ്. വെള്ളപ്പൊക്ക സമയത്ത് ഫലഭൂയിഷ്ഠമായ ചെളി കൊണ്ട് മണ്ണിനെ സമ്പുഷ്ടമാക്കുന്നു. കൂടാതെ തണ്ണീര്‍ത്തട ആവാസവ്യവസ്ഥയെ പിന്തുണയ്ക്കുകയും ചെയ്യുന്നു. കൂടാതെ ബംഗ്ലാദേശിലും ഒരു പ്രധാന ഗതാഗത മാര്‍ഗമാണ് നദി. 

placeholder
മധ്യ ചൈനയിലെ ഹുബെ പ്രവിശ്യയിൽ യാങ്‌സി നദിയിലെ ത്രീ ഗോർജസ് അണക്കെട്ട് | Photo : STR / AFP

ഭൂമിയിലെ ഏറ്റവും വലിയ അണക്കെട്ട് 

1951 ചൈന പിടിച്ചെടുത്ത് തങ്ങളുടെ ഭാഗമാക്കിയ ടിബറ്റ് ഏഷ്യയിലെ ഏറ്റവും വലിയ ശുദ്ധജ സ്രോതസ്സുകളിലൊന്നാണ്. പ്രദേശത്തെ വിശാലമായ ഹിമാനികളാണ് പ്രധാന ഏഷ്യന്‍ നദികളെ നിലനിര്‍ത്തുന്നത്. ഏതാണ്ട് 10 രാജ്യങ്ങളിലായി 1.3 ബില്യണിലധികം ആളുകള്‍ കുടിവെള്ളം, ജലസേചനം, ജലവൈദ്യുതി എന്നിവയ്ക്കായി ഈ നദികളെയാണ് ആശ്രയിക്കുന്നത്. ലോകത്തിലെ മുന്‍നിര ജലവൈദ്യുത ഉത്പാദകരായ ചൈനയാകട്ടെ കാര്‍ബണ്‍ ഉദ്വമനം കുറയ്ക്കുന്നതിനുള്ള ഒരു മാര്‍ഗമായാണ് ഈ നദികളെ കാണുന്നത്. പൂര്‍ണ്ണമായും ചൈനയ്ക്കുള്ളിലൂടെ ഒഴുകുന്ന യെല്ലോ, യാങ്‌സി നദികളുടെയും അതിര്‍ത്തികള്‍ക്കപ്പുറത്തേക്ക് ഒഴുകുന്ന മെക്കോങ്, ഇര്‍വാഡി, സാല്‍വീന്‍ എന്നിവയുള്‍പ്പെടെ നദികളുടെയും ശക്തി അവര്‍ ഇതിനകം ഉപയോഗപ്പെടുത്തിയിട്ടുണ്ട്. പിന്നാലെയാണ് ലോകത്തിലെ ഒമ്പതാമത്തെ വലിയ നദിയായ ബ്രഹ്മപുത്രയില്‍ അവര്‍ കണ്ണുവയ്ക്കുന്നത്. ജലവൈദ്യുതി ഉത്പാദനത്തിന് ബ്രഹ്മപുത്രയെ ഉപയോഗപ്പെടുത്താം എന്ന് ചൈന തിരിച്ചറിഞ്ഞിട്ട് കാലമേറെയായി. ബ്രഹ്മപുത്രയിലെ ആദ്യത്തെ പ്രധാന അണക്കെട്ടായ സാങ്മു, ഭൂട്ടാന്‍-ഇന്ത്യ അതിര്‍ത്തിയില്‍ നിന്ന് ഏതാനും കിലോമീറ്റര്‍ അകലെയാണ് നിര്‍മിച്ചിരിക്കുന്നത്. 2009-ല്‍ നിര്‍മ്മാണം ആരംഭിച്ച അണക്കെട്ടിന്റെ ആദ്യത്തെ ജനറേറ്റര്‍ 2014 നവംബറില്‍ കമ്മീഷന്‍ ചെയ്തു. 2015 ഒക്ടോബര്‍ 13-ന് അവസാനത്തേതും പ്രവര്‍ത്തനക്ഷമമായി. റണ്‍-ഓഫ് റിവര്‍ രീതിയില്‍ നിര്‍മിച്ചിരിക്കുന്ന ഇത് പക്ഷേ വൈദ്യുതി ഉത്പാദനത്തിനായി വലിയ തോതില്‍ വെള്ളം സംഭരിക്കുന്നില്ല. 

ബ്രഹ്മപുത്രയുടെ ദ്രുതഗതിയില്‍ ഒഴുക്കുന്ന യാര്‍ലുങ് സാങ്‌പോ ഗ്രാന്‍ഡ് കാന്യോണ്‍ ലോകത്തിലെ ഏറ്റവും മികച്ച വൈദ്യുതി ഉത്പാദന കേന്ദ്രമായി ചൈനീസ് എന്‍ജിനീയര്‍മാര്‍ വിലയിരുത്തുന്നു. 2020-ല്‍ ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടി പ്ലീനം അംഗീകരിച്ച പതിനാലാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പ്രഖ്യാപിക്കുന്നത്. 2024-ലെ ക്രിസ്മസ് രാവില്‍ അവിടെ പദ്ധതിക്കുള്ള ഔപചാരിക അനുമതി പ്രഖ്യാപിച്ചു. യാര്‍ലുങ് സാങ്‌പോ എന്ന് പ്രാഥമികമായി അറിയപ്പെടുന്ന ഈ അണക്കെട്ട്, മെഡോഗ് കൗണ്ടിയിലെ ഗ്രേറ്റ് ബെന്‍ഡ് മേഖലയിലാണ് നിര്‍മിക്കുന്നത്. ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിന് മുമ്പ് നദി യു ആകൃതിയില്‍ വളഞ്ഞൊഴുകുന്ന ഹിമാലയന്‍പ്രദേശത്തെ മലയിടുക്കാണിത്. ജൂലായ് 19-ന് അണക്കെട്ടിന്റെ നിര്‍മാണം ഔപചാരികമായി ആരംഭിച്ചു. ടിബറ്റിലെ നീങ്ചി നഗരത്തില്‍ നദീപ്രദേശത്തുനടന്ന തറക്കല്ലിടല്‍ ചടങ്ങില്‍ ചൈനീസ് പ്രധാനമന്ത്രി ലി ചിയാങ്ങാണ് അണക്കെട്ടിന്റെ നിര്‍മാണം ഔദ്യോഗികമായി ആരംഭിച്ചതായി പ്രഖ്യാപിച്ചത്. ലോകത്തിലെ ഏറ്റവും വലിയ ജലവൈദ്യുത വൈദ്യുതി പദ്ധതിയുടെ ഭാഗമായ അണക്കെട്ടിന്റെ നിര്‍മ്മാണം ആരംഭിച്ചതായി ചൈനീസ് പ്രധാനമന്ത്രി പ്രഖ്യാപിച്ചു. 'നൂറ്റാണ്ടിലെ പദ്ധതി' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 

പദ്ധതിയുടെ സാങ്കേതിക വിശദാംശങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല. പക്ഷേ, ലോകത്തെ ഏറ്റവും വലിയ അണക്കെട്ടെന്ന് ചൈന അവകാശപ്പെടുന്നു. നിലവില്‍ ലോകത്തെ ഏറ്റവും വലിയ അണക്കെട്ട് ചൈനയുടെ ത്രീ ഗോര്‍ജസ് ആണ്. ഇതിനേക്കാള്‍ മൂന്ന് മടങ്ങ് വലുതായിരിക്കും പുതിയ അണക്കെട്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഒരു മെഗാ അണക്കെട്ടിനേക്കാള്‍ ഒരു മെഗാ പദ്ധതിയാണ് ഇത് വിലയിരുത്തപ്പെടുന്നത്. അണക്കെട്ടുമായി ബന്ധപ്പെടുത്തി അഞ്ച് വൈദ്യുതനിലയങ്ങള്‍ ഉണ്ടാകുമെന്നാണ് ചൈനീസ് സര്‍ക്കാര്‍ മാധ്യമങ്ങള്‍ പറയുന്നത്. ഇതിന് 30,000 കിലോവാട്ട് വൈദ്യുതി ഉത്പാദിപ്പിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്. 30 കോടി ജനങ്ങള്‍ക്ക് വൈദ്യുതി നല്‍കാനുതകുമെന്നാണ് ചൈനയുടെ പ്രതീക്ഷ. പദ്ധതി വഴി ഉത്പാദിപ്പിക്കുന്ന വൈദ്യുതി ടിബറ്റിലെ പ്രാദേശിക ആവശ്യങ്ങള്‍ പരിഹരിക്കുമെന്നും തുടര്‍ന്ന് ബാഹ്യ ഉപഭോഗത്തിനുള്ള വൈദ്യുതി വിതരണം ചെയ്യുമെന്നും സിന്‍ഹുവ റിപ്പോര്‍ട്ട് ചെയ്യുന്നു. 13,700 കോടി ഡോളറാണ് (11.67 ലക്ഷം കോടിയോളം) ചെലവ് കണക്കാക്കുന്നത്. 

അണക്കെട്ടോളം ആശങ്ക

കാര്‍ബണ്‍ ന്യൂട്രാലിറ്റിയിലേക്കുള്ള നിര്‍ണായക ചുവടുവയ്പ്പായാണ് പുത്തന്‍ അണക്കെട്ടിനെ ചൈന കാണുന്നത്. പക്ഷേ, ബ്രഹ്മപുത്രയുടെ മുകള്‍ ഭാഗത്തെ ജലപ്രവാഹം ചൈന നിയന്ത്രിക്കുന്നതുമൂലമുള്ള പ്രത്യാഘാതങ്ങള്‍ അവഗണിക്കാനാകില്ല. നദിയുടെ ഒഴുക്ക് തടസപ്പെടുന്നത് ബ്രഹ്മപുത്രയെ വലിയ തോതില്‍ ആശ്രയിക്കുന്ന ഇന്ത്യയിലും ബംഗ്ലാദേശിലും ഗുരുതരമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാം. വൈദ്യുതി ഉത്പാദനത്തിനായി ചൈന അണക്കെട്ടുകള്‍ പ്രവര്‍ത്തിപ്പിക്കുന്നത് നദിയുടെ ശക്തമായ ഒഴുക്കിനെ കുറയ്ക്കുമെന്ന് വിശ്വസിക്കുന്നു. ചൂടുകാലത്ത് ജലപ്രവാഹം കുറയുന്നതും മഴക്കാലത്ത് പെട്ടെന്ന് വെള്ളം തുറന്നുവിടുന്നതും ജലക്ഷാമവും വെള്ളപ്പൊക്കവും ഒരുപോലെ രൂക്ഷമാക്കിയേക്കാം. നദിയിലെ എക്കലിന്റെ ഒഴുക്കിനെയും ഈ പദ്ധതി ബാധിച്ചേക്കാം. ബ്രഹ്മപുത്ര നദിയുടെ താഴേക്ക് ഒഴുകുന്ന മൊത്തം എക്കലിന്റെ 45 ശതമാനവും നിലവില്‍ മലയിടുക്കിലെ മണ്ണൊലിപ്പ് മൂലമാണെന്നാണ് ജിയോളജിസ്റ്റുകള്‍ ചൂണ്ടിക്കാണിക്കുന്നത്. അണക്കെട്ട് വരുന്നതോടെ താഴ്ന്ന പ്രദേശങ്ങളിലേക്കുള്ള എക്കല്‍ വിതരണം കുറയ്ക്കുകയും നദിയുടെ വിശാലമായ ഡെല്‍റ്റയെ നശിപ്പിക്കുകയും ചെയ്യുമെന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. എക്കല്‍ വിതരണത്തിലെ അസന്തുലിതാവസ്ഥ തീരദേശ മണ്ണൊലിപ്പ് ത്വരിതപ്പെടുത്തുകയും ഇതിനകം തന്നെ വെള്ളപ്പൊക്ക സാധ്യതയുള്ള ഡെല്‍റ്റ പ്രദേശത്ത് സമുദ്രനിരപ്പ് ഉയരാന്‍ കാരണമാകുകയും ചെയ്തു.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം, ചൈനയുടെ അണക്കെട്ട് പദ്ധതിയുടെ പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. ഇന്ത്യയുടെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങള്‍ക്ക് നിര്‍ണായകമാണ് ബ്രഹ്മപുത്ര. കൃഷി, കുടിവെള്ള വിതരണം, ജലവൈദ്യുത ഉല്‍പാദനം എന്നിവയ്ക്കായി മേഖലയിലെ ജനങ്ങള്‍ വലിയ തോതില്‍ നദിയെ ആശ്രയിക്കുന്നു. അതിന്റെ സ്വാഭാവിക ഒഴുക്കിലുണ്ടാകുന്ന ഏതൊരു മാറ്റവും അവശ്യ പ്രവര്‍ത്തനങ്ങളെ തടസ്സപ്പെടുത്തുകയും നദിയെ ആശ്രയിക്കുന്ന ദശലക്ഷക്കണക്കിന് ഇന്ത്യന്‍ ജനതയെ ബാധിക്കുകയും ഗുരുതരമായ അപകടസാധ്യതകള്‍ സൃഷ്ടിക്കുകയും ചെയ്യും. കുറഞ്ഞ ജലപ്രവാഹവും എക്കല്‍ നിക്ഷേപത്തിലെ കുറവും കൃഷി, മത്സ്യബന്ധനം എന്നിവയെ പ്രതികൂലമായി ബാധിക്കുകയും പ്രാദേശിക ആവാസവ്യവസ്ഥയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. അണക്കെട്ട് ഉയര്‍ത്തുന്ന പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്കപ്പുറം ഇന്ത്യയും ബംഗ്ലാദേശും ഭയക്കുന്ന മറ്റൊന്ന് കൂടിയുണ്ട്. ലോകത്തിലെ ഏറ്റവും ഭൂകമ്പ സാധ്യതയുള്ള പ്രദേശങ്ങളിലൊന്നിലെ രണ്ട് പ്രധാന ടെക്റ്റോണിക് പ്ലേറ്റുകള്‍ക്കിടയിലുള്ള അതിര്‍ത്തിയിലാണ് ചൈന അണക്കെട്ട് നിര്‍മിക്കുന്നത്. ഭൂമിയില്‍ ഇന്നുവരെ രേഖപ്പെടുത്തിയതില്‍ വച്ച് ഏറ്റവും ശക്തമായ 8.6 തീവ്രതയുള്ള അസം-ടിബറ്റ് ഭൂകമ്പം 1950-ല്‍ ഉണ്ടായതിന് അധികം അകലെയല്ലാത്ത പ്രദേശമാണിത്. അതിനാല്‍ തന്നെ അണക്കെട്ട് ഉയര്‍ത്തുന്ന സുരക്ഷാഭീഷണികള്‍ വലുതാണ്.

എന്നാല്‍, ബ്രഹ്മപുത്ര നദിയില്‍ നിര്‍മിക്കാനുള്ള തങ്ങളുടെ തീരുമാനത്തില്‍ ആശങ്കവേണ്ടെന്നാണ് ചൈന വ്യക്തമാക്കുന്നത്. അണക്കെട്ട് നദീതീരപ്രദേശങ്ങള്‍ക്കോ താഴ്‌വരകള്‍ക്കോ സുരക്ഷാഭീഷണിയാകില്ലെന്ന് അവര്‍ വിശദീകരിക്കുന്നു. അണക്കെട്ട് താഴ്ന്ന പ്രദേശങ്ങളിലോ അവയുടെ പരിസ്ഥിതിയിലോ ഒരു ദോഷകരമായ ഫലവും ഉണ്ടാക്കില്ലെന്നും ചൈനീസ് ഉദ്യോഗസ്ഥര്‍ വാദിക്കുന്നു. മാത്രമല്ല, വെള്ളപ്പൊക്ക സാധ്യത കുറയ്ക്കുന്നതിലൂടെ അണക്കെട്ടിന് നദിയെ സുരക്ഷിതമാക്കാന്‍ കഴിയുമെനനാണ് അവരുടെ വാദം. പാരിസ്ഥിതിക-സുരക്ഷാ ആഘാതങ്ങളെക്കുറിച്ച് പതിറ്റാണ്ടുകളോളം പഠിച്ചശേഷമാണ് പദ്ധതി വിഭാവനം ചെയ്തതെന്നും കരുതല്‍ നടപടികളെല്ലാം സ്വീകരിച്ചിട്ടുണ്ടെന്നും ചൈന വിശദീകരിക്കുന്നു. അണക്കെട്ട് ഇന്ത്യയിലേക്കും ബംഗ്ലാദേശിലേക്കുമുള്ള നീരൊഴുക്കിനെ ബാധിക്കില്ല. ശാസ്ത്രീയമായ അവലോകനത്തിനുശേഷമാണ് അണക്കെട്ടുപണിയാന്‍ തീരുമാനിച്ചതെന്നും ചൈനീസ് വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു. 

placeholder
ബംഗ്ലാദേശിലെ ജമാൽപൂർ ജില്ലയിൽ ജമുന തീരത്തെ കൃഷി ഭൂമി | Photo: gettyimages

വെള്ളം ഒരു രാഷ്ട്രീയ ആയുധമോ? 

ബ്രഹ്മപുത്ര നദിയില്‍ ജലവൈദ്യുതിക്കായി അണക്കെട്ട് നിര്‍മിക്കാനുള്ള ചൈനയുടെ അഭിലാഷ പദ്ധതി, ദക്ഷിണേഷ്യയുടെ രാഷ്ട്രീയത്തില്‍ നിര്‍ണായകമാണ്. പദ്ധതി ചൈനയുടെ സാങ്കേതിക അത്ഭുതം മാത്രമല്ല; അതിര്‍ത്തി കടന്നുള്ള ജലരാഷ്ട്രീയത്തില്‍ അവര്‍ക്ക് ഉപയോഗിക്കാന്‍ സാധിക്കുന്ന ശക്തമായ ആയുധംകൂടിയാണ്. തങ്ങളുടെ വിശാലമായ രാഷ്ട്രീയ ലക്ഷ്യങ്ങളുമായി പൊരുത്തപ്പെടുന്ന ഒരു തന്ത്രപരമായ നേട്ടമായിക്കൂടെയാണ് അവര്‍ അണക്കെട്ടിനെ കാണുന്നത്. അതിനാല്‍ തന്നെ പുതിയ അണക്കെട്ടിന് ഇന്ത്യ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളില്‍ വലിയ രാഷ്ട്രീയ സ്വാധീനം സൃഷ്ടിക്കാനാകും. ചൈന അവകാശവാദമുന്നയിക്കുന്ന അരുണാചല്‍ പ്രദേശ് അതിര്‍ത്തിക്ക് സമീപം അണക്കെട്ട് നിര്‍മ്മിക്കുന്നതിലൂടെ, ജലപ്രവാഹത്തില്‍ അവര്‍ക്ക് തന്ത്രപരമായ നിയന്ത്രണം ലഭിക്കുന്നു. ഇത് പ്രാദേശിക നയതന്ത്രത്തിലും സംഘര്‍ഷങ്ങളിലും ഒരു സ്വാധീനമായി കാണാനുള്ള സാധ്യത തള്ളിക്കളയാന്‍ സാധിക്കില്ല. ഇന്‍ഡോ-ചൈനീസ് അതിര്‍ത്തിയിലെ സമീപകാല സൈനിക സംഘര്‍ഷങ്ങള്‍ കണക്കിലെടുക്കുമ്പോള്‍, ഒരു പ്രധാന ജലസ്രോതസ്സിനുമേലുള്ള അവരുടെ നിയന്ത്രണം ഒരു തന്ത്രപരമായ സമ്മര്‍ദ്ദോപാധിയായി ഉപയോഗിക്കാന്‍ സാധ്യതയുണ്ട്. ജലപ്രവാഹത്തിന് മേലുണ്ടാകുന്ന മനഃപൂര്‍വ്വമോ അല്ലാത്തതോ ആയ ഏതൊരു നടപടിയും രണ്ട് ആണവായുധ രാഷ്ട്രങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം വര്‍ദ്ധിപ്പിച്ചേക്കാം. 

ബ്രഹ്മപുത്രയിലെ ജലം പങ്കിടുന്നതുമായി ബന്ധപ്പെട്ട് ചൈനയും ഇന്ത്യയും ബംഗ്ലാദേശും തമ്മില്‍ ഔദ്യോഗിക കരാറുകള്‍ ഒന്നുമില്ലെന്നതും വിഷയത്തെ സങ്കീര്‍ണമാക്കുന്നു. കരാറിന്റെ അഭാവം കാരണം, പ്രത്യേകിച്ച് ഇന്ത്യയുമായുള്ള സംഘര്‍ഷത്തില്‍ ഇത് അവര്‍ക്ക് ഉപയോഗിക്കാനാകും. രാജ്യാന്തര നദികളുടെ കാര്യത്തില്‍ ചൈനയുടെ ഏകപക്ഷീയമായ തീരുമാനങ്ങളുടെ ചരിത്രവും ഇന്ത്യയുടെ ആശങ്ക വര്‍ദ്ധിപ്പിക്കുന്നു. പാകിസ്താനുമായി ഇന്ത്യയ്ക്കുള്ള ജല ഉടമ്പടിയില്‍ നിന്ന് വ്യത്യസ്തമായി, നദി ഒഴുകുന്ന മറ്റ് രാജ്യങ്ങളുമായി നിയമപരമായ കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ചൈന വിട്ടുനില്‍ക്കുന്നു. ചൈനയുടെ ജലവൈദ്യുത പദ്ധതികളില്‍ സുതാര്യതയില്ലായ്മ അവിശ്വാസത്തിന് ആക്കംകൂട്ടി. ബ്രഹ്മപുത്രയുടെ മേലുള്ള ചൈനയുടെ നിയന്ത്രണം ഭാവിയില്‍ ദക്ഷിണേഷ്യയില്‍ ജലവുമായി ബന്ധപ്പെട്ട ചര്‍ച്ചകളില്‍ ഇന്ത്യയുടെ സ്വാധീനം കുറയ്ക്കുന്ന സാഹചര്യം സൃഷ്ടിക്കുമെന്ന് ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നു. ദക്ഷിണേഷ്യയുടെ ജലരാഷ്ട്രീയത്തില്‍ ചൈന സ്വയം ഒരു പ്രധാന കക്ഷിയായാണ് കരുതുന്നത്. സിന്ധു നദീ ജലകരാറിലടക്കം തങ്ങള്‍ക്ക് പ്രാധിനിധ്യം വേണമെന്ന നിലപാടാണ് അവരുടേത്. അതിനാല്‍ തന്നെ പ്രാദേശിക ജല-നയതന്ത്രത്തെ സ്വാധീനിക്കാന്‍ അവര്‍ അണക്കെട്ടിനെ ഉപയോഗിക്കാനും സാധ്യതയുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ജലതര്‍ക്കങ്ങളുടെ സങ്കീര്‍ണമായ ചരിത്രം കണക്കിലെടുക്കുമ്പോള്‍, ചൈനയുടെ വര്‍ദ്ധിച്ചുവരുന്ന പങ്ക് ഇന്ത്യയ്ക്ക് അനുകൂലമാകാന്‍ സാധ്യതയില്ല.