സെമികണ്ടക്ടർ സാങ്കേതികവിദ്യയിൽ ഒരു ചുവടുകൂടി മുന്നേറി ചൈന. സെമികണ്ടക്ടർ വ്യവസായത്തിന്റെ കേന്ദ്രബിന്ദുവായ ഇ.യു.വി ലിതോഗ്രാഫി മെഷീന്റെ പ്രോട്ടോടൈപ്പ് വികസിപ്പിക്കുകയും പ്രവർത്തനക്ഷമമാക്കുകയും ചെയ്തതാണ് പുതിയ നേട്ടം. സെമികണ്ടക്ടർ മേഖലയിൽ ചൈന ഇതിനോടകം മികവ്‌ തെളിയിച്ചിട്ടുണ്ട്. എന്നാൽ, ലോകത്തിലെ ഏറ്റവും നൂതനമായ ചിപ്പുകൾ നിർമിക്കാനുള്ള സാങ്കേതികത്വം ചൈനയുടെ പക്കലില്ല. അമേരിക്കയും മറ്റ് യൂറോപ്യൻ രാജ്യങ്ങളും ആധിപത്യം പുലർത്തുന്ന ഈ മേഖലയിലെ വെല്ലുവിളികളെയാണ് ചൈന സ്വന്തം പ്രോട്ടോടൈപ്പ് വികസിപ്പിച്ചുകൊണ്ട് നേരിടുന്നത്.

To advertise here,

സെമികണ്ടക്ടർ മേഖലയിലെ സ്വയം പര്യാപ്തതയ്ക്കുവേണ്ടിയുള്ള ചൈനയുടെ ശ്രമം ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. എണ്ണം പറഞ്ഞ തടസ്സങ്ങൾ അവർക്കു മുന്നിൽ ആവോളമുണ്ടുതാനും. അതിനാൽ തന്നെ ഈ മേഖലയിലേക്കുള്ള ചൈനയുടെ കൈകടത്തൽ ആരും അത്രകണ്ട് പ്രതീക്ഷിക്കുന്നില്ല. തകർക്കാൻ പറ്റാത്ത മതിലാണ് ചൈനയ്ക്ക് സെമികണ്ടക്ടർ സാധ്യതകളെന്നാണ് അമേരിക്കയും ജപ്പാനുമുൾപ്പെടുന്ന എതിർചേരിയിലുള്ള വാണിജ്യ രാജ്യങ്ങളെല്ലാം കണക്കാക്കിയിരുന്നത്. സെമികണ്ടക്ടർ വ്യവസായത്തിൽ പ്രാഗത്ഭ്യം നേടാനുള്ള സാധ്യതകളെ പോലും ചൈനയിൽ നിന്ന് മാറ്റിനിർത്തുന്ന രീതിയിലാണ് നിലവിലെ ശൃംഖലകൾ പ്രവർത്തിക്കുന്നത് പോലും. അപ്രഖ്യാപിത ഉപരോധങ്ങളെ ചൈന നേരിടുന്നു.

ഇ.യു.വി ലിതോഗ്രാഫി മെഷീൻ എന്ന ഉപകരണമാണ് സെമികണ്ടക്ടർ വ്യവസായത്തിന്റെ കേന്ദ്രബിന്ദു. ചിപ്പുകളുടെ രൂപീകരണത്തിനും നിർമാണത്തിനും സഹായിക്കുന്ന അത്യാധുനിക സാങ്കേതികവിദ്യയാണ് ഇയുവി ലിതോഗ്രാഫി മെഷീൻ. നെതർലൻഡ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന എഎസ്എംഎൽ (ASML) എന്ന കമ്പനിയാണ് ഇയുവി മെഷീൻ സാങ്കേതികവിദ്യയിൽ ലോകത്തിലെ കുത്തക. എഎസ്എംഎൽ സിഇഒ ക്രിസ്റ്റഫർ ഫോക്ക്വെറ്റ് അടുത്തിടെ പറഞ്ഞത്, അഡ്വാൻസ്ഡ് ചിപ്പ് സാങ്കേതിക വിദ്യയിലേക്ക് ചൈന എത്തണമെങ്കിൽ ഇനിയും ഏറെ വർഷങ്ങൾ വേണ്ടിവരുമെന്നാണ്. എന്നാൽ എല്ലാ കണക്കുകൂട്ടലുകളെയും തെറ്റിക്കുന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഷെൻഷെൻ എന്ന അതീവ സുരക്ഷാമേഖലയിലാണ് ചൈനയുടെ രഹസ്യകേന്ദ്രമുള്ളത്. സെമികണ്ടക്ടർ മേഖലയുമായി ബന്ധപ്പെട്ട, പാശ്ചാത്യ രാജ്യങ്ങളുടെ സാങ്കേതികവിദ്യാ ഉപരോധം ഭേദിക്കാൻ ചൈന നടത്തിയ ഏറ്റവും പുതിയ ശ്രമമാണിതെന്നാണ് കണക്കാക്കുന്നത്. ഈ മെഷീനുകൾ ഉപയോഗിച്ച് പ്രവർത്തനസജ്ജമായ ചിപ്പുകൾ ചൈന ഇതുവരെ നിർമിച്ചിട്ടില്ലെങ്കിലും ഏറ്റവും ഇയുവി ലൈറ്റിങ് സാങ്കേതികയ്ക്ക് രൂപം നൽകാൻ അവർക്ക് സാധിച്ചിട്ടുണ്ട്. ഈ ഘട്ടത്തിലേക്ക് എത്താൻ പോലും ചൈനയ്ക്ക് ദശാബ്ദങ്ങളുടെ കഠിനപ്രയത്‌നം വേണ്ടിവരുമെന്നായിരുന്നു നേരത്തെ വിദഗ്ധർ അഭിപ്രായപ്പെട്ടിരുന്നത്. എന്നാൽ ചൈനയുടെ മുന്നേറ്റം ഈ രംഗത്തെ വിദഗ്ധരെ ഞെട്ടിച്ചിരിക്കുന്നു. കൃത്രിമബുദ്ധി, പ്രതിരോധം, ഉയർന്ന നിലവാരമുള്ള കമ്പ്യൂട്ടിങ് തുടങ്ങിയവയിൽ അമേരിക്കയ്ക്കും അവരുടെ സഖ്യകക്ഷികൾക്കും മാത്രമായിരുന്നു ഇത്രയും കാലം മുൻതൂക്കമുണ്ടായിരുന്നത്. എന്നാൽ ഈ ആധിപത്യത്തെ ചോദ്യം ചെയ്യാൻ ശേഷിയുള്ള അതേ ഉപകരണം ചൈനയ്ക്ക് പുനൻനിർമിക്കാൻ കഴിയുമെങ്കിൽ നിലവിൽ സാങ്കേതികവിദ്യാമേഖലയിലുള്ള അധികാര സന്തുലിതാവസ്ഥയ്ക്ക് ഇളക്കം തട്ടുമോ എന്നാണ് ചോദ്യം.

ചൈനയുടെ സീക്രട്ട് മാൻഹട്ടൻ പ്രോജക്ട്

സെമികണ്ടക്ടർ മേഖലയെ ഉത്തേജിപ്പിക്കാനുള്ള പദ്ധതിയെ ചൈനീസ് ഉന്നത ഉദ്യോഗസ്ഥരും എഞ്ചിനീയർമാരും ചൈനയുടെ സ്വന്തം മാൻഹട്ടൻ പ്രോജക്ട് എന്നാണ് വിശേഷിപ്പിക്കുന്നത്. അമേരിക്കയുടെ മാൻഹട്ടൻ പ്രോജക്ടുമായാണ് ഇതിനെ താരതമ്യം ചെയ്യുന്നത്. രണ്ടാം ലോകമഹായുദ്ധകാലത്ത് ആണവായുധങ്ങൾ വികസിപ്പിക്കാൻ അമേരിക്ക നടത്തിയ അസാധാരണവും അസ്വഭാവികവുമായ പദ്ധതിയായിരുന്നു മാൻഹട്ടൻ പ്രോജക്ട്. അതീവ രഹസ്യ സ്വഭാവമുള്ള ഈ പദ്ധതിയുടെ ആസ്ഥാനം ന്യൂയോർക്കിന് സമീപത്തെ മാൻഹട്ടണിലായിരുന്നതിനാലാണ് ഈ പേര് വന്നത്. 'ഡെവലപ്‌മെന്റ് ഓഫ് സബ്സ്റ്റിറ്റ്യൂട്ട് മെറ്റീരിയൽസ്' എന്നായിരുന്നു പദ്ധതിയുടെ ഔദ്യോഗിക കോഡ് നാമമെങ്കിലും, 'മാൻഹട്ടൻ പ്രോജക്റ്റ്' എന്ന പേരാണ് കൂടുതൽ പ്രചാരത്തിലായത്.

ജർമനിയുടെ നാസിപ്പടയ്ക്ക് മുൻപ് ആണവായുധങ്ങൾ വികസിപ്പിക്കാനും പരീക്ഷിക്കാനുമാണ് ഈ പദ്ധതിയിലൂടെ അമേരിക്ക ധൃതി കൂട്ടിയിരുന്നത്. തുടർന്ന് 1945 ഓഗസ്റ്റിൽ അമേരിക്ക ജപ്പാനെതിരെ ഈ ആയുധങ്ങൾ ഉപയോഗിച്ചത് 20-ാം നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്ര സംഭവങ്ങളിൽ ഒന്നായി മാറി. ഈ പ്രോജക്റ്റ് ആണവയുഗത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അമേരിക്കയിലെ ഏറ്റവും മികച്ച ശാസ്ത്രജ്ഞരേയും ഗവേഷകരേയും ഏകോപിപ്പിച്ച, വലിയ സാമ്പത്തിക വ്യാവസായിക മാനുഷിക വിഭവങ്ങൾ മൂലധനമാക്കേണ്ടി വന്ന ഈ പദ്ധതിയിലൂടെ ആഗോള അധികാരഘടനയിൽ തന്നെ വലിയ മാറ്റങ്ങൾ സംഭവിച്ചിരുന്നു. ബൃഹത്തായ ഈ പദ്ധതിയുമായാണ് ചൈനയുടെ പദ്ധതിയെ താരതമ്യം ചെയ്യുന്നത്. കാരണം രാജ്യത്തെ വിവിധ വിഭാഗങ്ങളിൽ നിന്നുള്ള ഗവേഷകർ, ശാസ്ത്രജ്ഞർ, എഞ്ചിനീയർമാർ, സൈനികോദ്യോഗസ്ഥർ തുടങ്ങി ആയിരക്കണക്കിന് ആളുകൾ സഹകരിച്ച കേന്ദ്രീകൃത പദ്ധതിയാണിത്. സർവകലാശാലകൾ, സർക്കാർ ലാബുകൾ, ഹുവാവേ പോലുള്ള വമ്പൻ കമ്പനികൾ എന്നിവയും പദ്ധതിയുടെ ഭാഗമാണ്. ചൈനയുടെ സെമികണ്ടക്ടർ തന്ത്രത്തിന്റെ ഭാഗമായ ഈ പദ്ധതി ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന്റെ വിശ്വസ്തനായ സെൻട്രൽ സയൻസ് ആൻഡ് ടെക്‌നോളജി കമ്മീഷന്റെ തലവൻ ഡിങ് ക്‌സ്യൂക്‌സിയാങ് ആണ് മേൽനോട്ടം വഹിക്കുന്നത്.

യുദ്ധകാലത്തെ യഥാർഥ മാൻഹട്ടൻ പ്രോജക്ട് പോലെ ചൈനീസ് പദ്ധതിയെ കുറിച്ചുള്ള പൂർണചിത്രവും വളരെ കുറച്ച് ആളുകൾക്ക് മാത്രമേ അറിയുകയുള്ളൂ. പദ്ധതിയുടെ രഹസ്യ സ്വഭാവം നിലനിർത്തുന്നതിനായി ഒറ്റയ്ക്കുള്ള പല ടീമുകളായി തിരിച്ചിരിക്കുന്നുണ്ട്. പദ്ധതിയിലേക്ക് റിക്രൂട്ട് ചെയ്യപ്പെട്ടവർ പല പേരുകളിലും പല ഐഡന്റിറ്റികളിലുമാണ് ജോലി ചെയ്യുന്നത്. കർശനമായ നിരീക്ഷണത്തിലും സുരക്ഷയിലുമാണ് ഇവരുടെ ജോലി. സമാനതകളില്ലാത്ത തന്ത്രസ്വഭാവമുള്ളതാണ് ചൈനയ്ക്ക് ഈ പദ്ധതി. കാരണം സെമികണ്ടക്ടർ സാങ്കേതിക വിദ്യയുടെ നിയന്ത്രണം ലഭിക്കുകയെന്നാൽ ആധുനിക യുദ്ധോപകരണങ്ങൾ, കൃത്രിമബുദ്ധി, ക്വാണ്ടം കമ്പ്യൂട്ടിങ്, സമ്പദ്​വ്യവസ്ഥ തുടങ്ങിവയുടെ ഡിജിറ്റൽ അടിത്തറയുടെ നിയന്ത്രണം ലഭിക്കുക കൂടിയാണ്. ഇതിൽ സ്വാധീനം ഉറപ്പിക്കാനാവുന്നത് ആഗോളസമ്പദ് വ്യവസ്ഥയ്ക്ക് മേൽ ചൈനയ്ക്ക് പരമാധികാരം ലഭിക്കും.

എന്തുകൊണ്ട് ഇ.യു.വി ലിതോഗ്രാഫി മെഷീൻ?

സെമികണ്ടക്ടർ സാങ്കേതികവിദ്യയുടെ കേന്ദ്രബിന്ദുവാണ് ഇ.യു.വി ലിതോഗ്രാഫി മെഷീൻ. സിലിക്കൺ വേഫറുകളിൽ നാനോമീറ്റർ സ്‌കെയിലിലുള്ള സർക്യൂട്ടുകൾ കൊത്തിയെടുക്കാനാണ് അൾട്രാവയലറ്റ് കിരണങ്ങൾ ഉപയോഗിക്കുന്നത്. ലിത്തോഗ്രാഫി മെഷീനുകൾ ഉപയോഗിച്ചാണ് മുടിനാരുകളേക്കാൾ ആയിരം മടങ്ങ് നേർത്ത ഈ സർക്യൂട്ടുകൾക്ക് രൂപം നൽകുന്നത്. ചെറിയ പിഴവ് പോലും ചിപ്പുകളെ പൂർണമായും നശിപ്പിക്കുന്നതിലേക്ക് എത്തിക്കും.

നമ്മൾ കാണുന്ന ചിപ്പുകളിലെ ഓരോന്നും നിർമിച്ചിരിക്കുന്നത് ഇത്തരത്തിൽ സങ്കീർണമായ പ്രക്രിയയിലൂടെയാണ്. ഇതുവരെ ASML മാത്രമാണ് ഈ സാങ്കേതികവിദ്യയിൽ പ്രാവീണ്യം നേടിയത്. അവരുടെ മെഷീനുകൾക്ക് ഏകദേശം 250 മില്യൺ ഡോളർ വിലയും ഏകദേശം 180 ടൺ ഭാരവുമുണ്ട്‌. ഈ മെഷീന്റെ കൈമാറ്റവും പ്രവർത്തനവും സങ്കീർണമായതിനാൽ ലോകോത്തര കമ്പനികളാണ് ഇത്തരം നടപടികൾക്ക് മേൽനോട്ടം നൽകുന്നത്. 20 വർഷത്തിലേറെ പരീക്ഷണങ്ങൾ നടത്തി കോടിക്കണക്കിന് പണം മുടക്കിയാണ് തങ്ങൾ ഗവേഷണം പൂർത്തിയാക്കിയതെന്നാണ് ASML കമ്പനി പറയുന്നത്. 2019ൽ മാത്രമാണ് കമ്പനി ഇത് വാണിജ്യവത്കരിച്ചത്.

സെമികണ്ടക്ടർ വിദ്യ ചൈന സ്വായത്തമാക്കുന്നത് എങ്ങനെയും തടയുകയെന്നത് അമേരിക്കയുടെ പ്രാഥമികമായ ലക്ഷ്യങ്ങളിലൊന്നായിരുന്നു. നെതർലൻഡിനെ സ്വാധീനിച്ചുകൊണ്ട് അമേരിക്ക അത് സാധിച്ചെടുക്കുക തന്നെ ചെയ്തു. ചൈനയിലേക്ക് ഇതുവരെ ഒരു ഇയുവി മെഷീനും ASML കമ്പനി കയറ്റി അയച്ചിട്ടില്ല. ചൈനയെ കുറഞ്ഞത് ഒരു സാങ്കേതിക തലമുറയെങ്കിലും പിന്നിൽ നിർത്തുക എന്ന വ്യക്തമായ ലക്ഷ്യമായിരുന്നു അമേരിക്കയ്ക്കുണ്ടായിരുന്നത്. എന്നാൽ തങ്ങൾക്ക് മേലുള്ള ഈ അപ്രാഖ്യാപിത ഉപരോധത്തെ സ്വന്തം നിലയ്ക്കുതന്നെ ചൈന നേരിട്ടു. അതുകൊണ്ടാണ് ചൈനയുടെ രഹസ്യപദ്ധതി ആഗോളവാണിജ്യ രാഷ്ട്രീയത്തിൽ തന്നെ നിർണായകമായ ചുവടുവെയ്പ്പായി വിലയിരുത്തപ്പെടുന്നതും.

റിവേഴ്‌സ് എഞ്ചിനീയറിംഗ്, രഹസ്യ റിക്രൂട്ട്മെന്റുകൾ..

മുഴുവനായും പോളിഷ് ചെയ്യപ്പെട്ട സാങ്കേതിക സംവിധാനമല്ല ചൈനയ്ക്ക് നിലവിലുള്ളത്. ASML കമ്പനിയുടേതിനേക്കാൾ വലുതും എന്നാൽ പ്രവർത്തനക്ഷമത കുറഞ്ഞതുമാണെന്ന് ഉറവിടങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. പ്രവർത്തിക്കുന്ന ചിപ്പുകൾ നിർമിക്കാൻ ഇതിന് സാധിച്ചിട്ടില്ലെന്നും റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ മെഷീൻ പ്രവർത്തനക്ഷമമാണ്. മുൻപരിചയങ്ങളില്ലാതെ ചൈനയ്ക്ക് ഇതെങ്ങനെ സാധിച്ചുവെന്നതാണ് ചോദ്യം.

ASML കമ്പനിയിൽ നിന്നുള്ള മുൻ എഞ്ചിനീയർമാരെ വലിയ തുക കൊടുത്ത് റിക്രൂട്ട് ചെയ്തതായുള്ള റിപ്പോർട്ടുകളുണ്ട്.  EUV സിസ്റ്റങ്ങൾക്ക് നിയന്ത്രണമുണ്ടെങ്കിലും ചൈനയ്ക്ക് പഴയ ASML യന്ത്രങ്ങളും വാങ്ങാൻ കഴിഞ്ഞിട്ടുണ്ട്. ഇവയുടെ റിവേഴ്‌സ് എഞ്ചിനീയറിങ്ങിലൂടെ ചൈന മെഷീന്റെ സാങ്കേതികത്വം കണ്ടുപിടിച്ചതായാണ് മറ്റ് റിപ്പോർട്ട്. ഇടനിലക്കാർ വഴി ASMLന്റെ വിതരണക്കാരിൽ നിന്നുമാണ് ചൈന മെഷീൻ ഭാഗങ്ങൾ ശേഖരിച്ചത്. സർക്കാർ നേതൃത്വത്തിലും അല്ലാത്തതുമായ ഗവേഷണ സ്ഥാപനങ്ങളും സാങ്കേതിക ലാബുകളും ചൈനയുടെ മുന്നേറ്റത്തിൽ വലിയ പങ്കുവഹിച്ചിട്ടുണ്ട്. രൂപകൽപ്പന മുതൽ നിർമ്മാണം, സംയോജനം വരെ വിതരണ ശൃംഖലയിലുടനീളം ഹുവാവേ കമ്പനിക്കും നിർണായകമായ പങ്കുണ്ട്.

ചൈനയുടെ നേട്ടം ASMLന് തുല്യമായെന്നോ സമീപഭാവിയിൽ തന്നെ ചൈനയ്ക്ക് ചിപ്പുകൾ നിർമിക്കാൻ കഴിയുമെന്നോ അർഥമില്ല. എന്നാൽ സമീപഭാവിയിൽ തന്നെ അത് സാധ്യമായേക്കുമെന്ന സൂചനകൾ നൽകുന്നുണ്ട്. ദശാബ്ദങ്ങൾക്കപ്പുറം മാത്രം സംഭവിച്ചേക്കാമെന്ന കണക്കുകൂട്ടലുകളെയാണ് ഇത് തെറ്റിച്ചിരിക്കുന്നത്. വളരെ ചുരുങ്ങിയ കാലയളവിനുള്ളിൽ, പരമാവധി 2030നുള്ളിൽ തന്നെ പ്രവർത്തനക്ഷമമായ ചിപ്പുകൾ നിർമിക്കാൻ ചൈനയ്ക്ക് സാധിച്ചേക്കാം. സെമികണ്ടക്ടർ മേഖലയിലെ അമേരിക്കൻ കുത്തക തകർക്കൽ കൂടിയാണ് ഇതിലൂടെ സംഭവിക്കുക. എന്നാൽ സെമികണ്ടക്ടർ സാങ്കേതികത്വത്തിലെ പ്രാഥമികഘട്ടത്തിൽ മാത്രമാണ് ചൈന എത്തിയിരിക്കുന്നത്. ചിപ്പ് നിർമിക്കുന്ന അതികൃത്യമായ ഒപ്റ്റിക്കുകളിൽ പ്രവർത്തിക്കാൻ ചൈനയ്ക്ക് സാധിച്ചിട്ടില്ല. ഈ തടസ്സങ്ങളെ പ്രതിരോധിക്കുകയാണ് അടുത്തതായി ചൈനയ്ക്ക് മുന്നിലുള്ള വെല്ലുവിളി.