താനും നാളുകള്‍ക്ക് മുന്‍പാണ് കേന്ദ്രമന്ത്രി പിയുഷ് ഗോയല്‍ രാജ്യത്തെ സ്റ്റാര്‍ട്ടപ്പുകള്‍ക്കെതിരേ തുറന്ന വേദിയില്‍ രൂക്ഷമായ വിമര്‍ശനം ഉയര്‍ത്തിയത്. ചൈന പോലുള്ള രാജ്യങ്ങള്‍ ഡീപ് ടെക് മേഖലകളില്‍ വന്‍ നേട്ടങ്ങള്‍ കൊയ്യുമ്പോള്‍ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ പണക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള ഏജന്റുമാരായി തൊഴില്‍രഹിതരായ യുവാക്കളെ മാറ്റുന്ന ഫുഡ് ഡെലിവറി ആപ്പുകള്‍ നിര്‍മ്മിക്കാനാണ് ശ്രമിക്കുന്നതെന്നായിരുന്നു വിമര്‍ശനം. ഇ-കൊമേഴ്‌സിനും സേവനങ്ങള്‍ക്കുമപ്പുറം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ വളരണമെന്നും ചൈന നടത്തുന്നതു പോലെ ഇ മൊബിലിറ്റി, ബാറ്ററി ടെക്‌നോളജി തുടങ്ങിയ വന്‍കിട മേഖലകളില്‍ നേട്ടങ്ങള്‍ കൊയ്യാന്‍ സാധിക്കണമെന്നുമായിരുന്നു ഡല്‍ഹിയില്‍ നടന്ന സ്റ്റാര്‍ട്ടപ്പ് മഹാകുംഭില്‍ മന്ത്രിയുടെ വിമര്‍ശനം. മന്ത്രിയുടെ ഈ പരമാര്‍ശം ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളുടെ നിലവാരത്തെ കുറിച്ചുള്ള വലിയ സംവാദങ്ങള്‍ക്ക് തിരികൊളുത്തിയിരുന്നു. പിയുഷ് ഗോയല്‍ പറഞ്ഞത് പോലെ ഇ മൊബിലിറ്റി മേഖലകളില്‍ വലിയ നേട്ടങ്ങളുണ്ടാക്കി രാജ്യത്തിന് അഭിമാനമായി മാറും എന്ന് പ്രവചിക്കപ്പെട്ട ഒരു ഇന്ത്യന്‍ കമ്പനിയാണ് സമീപകാലത്ത് വാര്‍ത്തകളില്‍ നിറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാല്‍, ലോകം ശ്രദ്ധിക്കുന്നതുപോലുള്ള നേട്ടങ്ങളുണ്ടാക്കിയതുകൊണ്ടോ പുതിയ ടെക്‌നോളജി കണ്ടുപിടിച്ചതുകൊണ്ടോ അല്ല ഈ കമ്പനി വാര്‍ത്തകളില്‍ നിറയുന്നത്. മറിച്ച് രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സ്റ്റാര്‍ട്ടപ്പ്- ഓഹരി തട്ടിപ്പുകളിലൊന്നിന്റെ പേരിലാണ്. കമ്പനിക്കായി പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്ത പണം ഉപയോഗിച്ച് അതിന്റെ ഉടമകള്‍ നടത്തിയ ഞെട്ടിക്കുന്ന ഇടപാടുകളുടെ പേരിലാണ്. ബ്ലൂ സ്മാര്‍ട്ട് -ജെന്‍സോള്‍ സാമ്പത്തിക തട്ടിപ്പ്.

To advertise here,

ഓലയും ഊബറും പോലുള്ള കമ്പനികളുടെ കുത്തകയായിരുന്ന ഇന്ത്യയിലെ ഇ-ടാക്‌സി മേഖലയില്‍ കുറഞ്ഞകാലം കൊണ്ട് ശ്രദ്ധിക്കപ്പെട്ട കമ്പനിയായിരുന്നു ബ്ലൂസ്മാര്‍ട്ട്. ഇലക്ട്രിക് കാറുകളുടെ മാത്രം സര്‍വീസായിരുന്നു കമ്പനി നല്‍കിയിരുന്നത്. ഓലയ്ക്കും ഊബറിനുമുള്ള സുസ്ഥിര ബദല്‍ എന്നായിരുന്നു കമ്പനി സ്വയം വിശേഷിപ്പിച്ചിരുന്നത്. എണ്ണായിരത്തിലേറെ ഇലക്ട്രിക്ക് കാറുകളാണ് കമ്പനിയുടെ നെറ്റ്​വര്‍ക്കിലുണ്ടായിരുന്നത്. മോശം അവസ്ഥയിലുള്ള വാഹനങ്ങളും യാത്രക്കാരെ വെറുപ്പിക്കുന്ന ജീവനക്കാരും ധാരാളമായുള്ള മറ്റ് മുഖ്യധാരാ കമ്പനികളുടെ സര്‍വീസ് ഒഴിവാക്കി ബ്ലൂസ്മാര്‍ട്ടിലേക്ക് യാത്രക്കാര്‍ ചുവടുമാറുന്നത് രാജ്യത്തെ മുന്‍നിര വിമാനത്താവളങ്ങളില്‍ പതിവു കാഴ്ചയായിരുന്നു. കുറഞ്ഞകാലം കൊണ്ട് രാജ്യത്തെ സ്റ്റാര്‍ട്ട് അപ്പുകളിലെ പ്രധാന പേരുകളിലൊന്നായി മാറാന്‍ കമ്പനിക്കായി. എന്നാല്‍, കഴിഞ്ഞ ഏതാനും നാളുകള്‍ക്കിടയില്‍ കമ്പനിയെ കുറിച്ച് വരുന്ന വാര്‍ത്തകള്‍ ഞെട്ടിക്കുന്നതാണ്. വലിയ സാമ്പത്തിക ആരോപണങ്ങളാണ് ബ്ലൂ സ്മാര്‍ട്ടിനും സഹോദര കമ്പനിയായ ജെന്‍സോളിനും എതിരായി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. ഇതിനെ തുടര്‍ന്ന് സെബി (Securities and Exchange Board of India) അന്വേഷണം ഉള്‍പ്പടെ നേരിട്ട കമ്പനി പ്രവര്‍ത്തനം നിര്‍ത്തിവെച്ചിരിക്കുകയാണ്. കമ്പനി സി.ഇ.ഒയും സി.ടി.ഒയും ഉള്‍പ്പടെയുള്ളവര്‍ സ്ഥാനമൊഴിഞ്ഞു. നിലവില്‍ തങ്ങളുടെ കാറുകള്‍ ഊബര്‍ ഉള്‍പ്പടെയുള്ള എതിരാളികള്‍ക്ക് മറിച്ചുവിറ്റ് ബാധ്യതകള്‍ കുറയ്ക്കാന്‍ ശ്രമിക്കുകയാണ് ബ്ലൂസ്മാര്‍ട്ട് ഉടമകള്‍.

placeholder
അന്‍മോള്‍ സിങ് ജഗ്ഗിയും പുനീത് സിങ് ജഗ്ഗിയും

എന്താണ് ബ്ലൂസ്മാര്‍ട്ട്?

2007ല്‍ സഹോദരങ്ങളായ അന്‍മോള്‍ സിങ് ജഗ്ഗിയും പുനീത് സിങ് ജഗ്ഗിയും ചേര്‍ന്നാണ് ജെന്‍സോള്‍ എഞ്ചിനീയറിങ് ലിമിറ്റഡ് എന്ന സ്ഥാപനം ആരംഭിക്കുന്നത്. ഇതൊരു എഞ്ചിനീയറിങ്, കണ്‍സ്ട്രക്ഷന്‍ കമ്പനിയായാണ് ഇവര്‍ ആരംഭിച്ചത്. പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലാണ് ഇവര്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. 2018ല്‍ ജഗ്ഗി സഹോദരന്‍മാരും പുനിത് ഗോയലും ചേര്‍ന്നാണ് ബ്ലൂസ്മാര്‍ട്ട് സ്ഥാപിക്കുന്നത്. തുടക്കത്തില്‍ ജെന്‍സോള്‍ മൊബിലിറ്റി പ്രൈവറ്റ് ലിമിറ്റഡ് എന്നായിരുന്ന കമ്പനിയുടെ പേര് ഒരു വര്‍ഷത്തിനുശേഷം റീബ്രാന്‍ഡ് ചെയ്ത് ബ്ലൂ സ്മാര്‍ട്ട് എന്നാക്കി മാറ്റുകയായിരുന്നു. ബ്ലൂസ്മാര്‍ട്ട് സ്ഥാപിതമായതോടെ ജെന്‍സോള്‍ വൈദ്യുത വാഹനങ്ങള്‍ വാടകയ്ക്ക് നല്‍കുന്ന ബിസിനസിലേക്ക് തിരിയുകയായിരുന്നു. ഇലക്ട്രിക് വാഹനങ്ങള്‍ മാത്രമുള്ള വെബ് ടാക്‌സി എന്നതായിരുന്നു ബ്ലൂസ്മാര്‍ട്ട് കമ്പനിയുടെ അടിസ്ഥാന ആശയം. പരിസ്ഥിതി സൗഹൃദപരമായ യാത്രാമാര്‍ഗങ്ങളില്‍ സഞ്ചരിക്കാന്‍ ജനങ്ങള്‍ക്ക് അവസരമൊരുക്കുക എന്നതാണ് തങ്ങളുടെ ലക്ഷ്യമെന്ന് കമ്പനി പ്രഖ്യാപിച്ചു. അതോടൊപ്പം കമ്പനിയുടെ മികച്ച കണക്ടിവിറ്റിയും പ്രവര്‍ത്തനത്തിലെ കാര്യക്ഷമതയും കമ്പനിയെ കൂടുതല്‍ സ്വീകാര്യമാക്കി. 

വളരെ പെട്ടെന്നാണ് ബ്ലൂസ്മാര്‍ട്ട് വലിയ പ്രചാരം നേടിയത്. പരിസ്ഥിതിസൗഹാർദ്രപരമായ ഈ യാത്രാനുഭവത്തെ പുതിയ തലമുറ ഇരുകയ്യും നീട്ടി സ്വീകരിച്ചു. അതോടൊപ്പം നിരന്തരം കാന്‍സലേഷനുകളും (ബ്ലൂ സ്മാര്‍ട്ടില്‍ ഓര്‍ഡര്‍ റദ്ദാക്കാന്‍ ഡ്രൈവര്‍മാര്‍ക്ക് അവാകാശമില്ലായിരുന്നു) പഴകി ദ്രവിച്ച വണ്ടികളും കൃത്യമായി സാലറി ലഭിക്കാത്തതിനാല്‍ അസന്തുഷ്ടരായ ജീവനക്കാരുമുള്ള ഊബര്‍, ഓല ടാക്‌സികള്‍ മടുത്തവരും ബ്ലൂസ്മാര്‍ട്ടിലേക്ക് കൂടുമാറി. കമ്പനിയിലെ ജീവനക്കാരുടെ മികച്ച പെരുമാറ്റവും പുത്തന്‍ ഇലക്ട്രിക് വാഹനങ്ങളിലെ വൃത്തിയുള്ള, സുഖകരമായ യാത്രയും വളര്‍ത്തുമൃഗങ്ങളെ ഉള്‍പ്പടെ കയറ്റാനുള്ള സംവിധാനങ്ങളും നിരവധി പേരെ ഇതിലേക്ക് ആകര്‍ഷിച്ചു. മുഖ്യധാരാ  വെബ്ടാക്‌സി കമ്പനികള്‍ക്ക് വലിയ വെല്ലുവിളി ഉയര്‍ത്തി വളര്‍ന്ന കമ്പനി ഒരു വര്‍ഷം കൊണ്ടുതന്നെ തങ്ങളുടെ നെറ്റ്‌വര്‍ക്കില്‍ 8500 വെദ്യുതകാറുകളും അയ്യായിത്തിലേറെ ചാര്‍ജിങ് സ്‌റ്റേഷനുകളും കൂട്ടിച്ചേര്‍ത്തു. ഡല്‍ഹിയിലും ബെംഗളൂരുവിലുമൊക്കെയായി അമ്പതിലേറെ ഹബ്ബുകളും പതിനായിരത്തോളം ഡ്രൈവര്‍മാരും കമ്പനിയുടെ ഭാഗമായി. ഇന്ത്യയിലെ ആദ്യത്തെ സീറോ എമിഷന്‍ ടാക്‌സി സര്‍വീസെന്ന് അവകാശപ്പെട്ട കമ്പനി അവരുടെ വെബ്‌സൈറ്റില്‍ പറയുന്നത് പ്രകാരം 1.45 കോടിയിലേറെ റൈഡുകള്‍ പൂര്‍ത്തീകരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ജൂണില്‍ യു.എ.ഇയില്‍ പ്രീമിയം ഇലക്ട്രിക് ലിമോസിന്‍ കാറുകളുടെ സര്‍വീസും കമ്പനി ആരംഭിച്ചിരുന്നു. 2023 ല്‍ 160 കോടി രൂപ ലാഭമുണ്ടാക്കിയ കമ്പനി 2024ല്‍ അത് 390 കോടിയാക്കി വര്‍ധിപ്പിച്ചു. ഇതോടെ കമ്പനിയുടെ ഓഹരിവില കുതിച്ചുയരുകയും വന്‍കിട ഫണ്ടുകളില്‍ നിന്ന് വരെ കമ്പനിയിലേക്ക് നിക്ഷേപം ഉണ്ടാവുകയും ചെയ്തു. 2023ല്‍ മാത്രം 24 മില്യണ്‍ ഡോളറാണ് കമ്പനിയിലേക്കെത്തിയ ഫണ്ടിങ്. ഒരു യുണികോണിലേക്കുള്ള (ഒരു ബില്യണ്‍ ഡോളര്‍ മൂല്യമുള്ള സ്റ്റാര്‍ട്ടപ്പ്) യാത്രയിലാണ് കമ്പനിയെന്നായിരുന്നു പ്രവചനങ്ങള്‍.

placeholder

ദീപിക മുതല്‍ ധോനി വരെ

കുറഞ്ഞകാലം കൊണ്ട് വലിയ നേട്ടങ്ങളുണ്ടാക്കിയ കമ്പനി ഓഹരി വിപണിയിലും വന്‍ ചലനങ്ങളുണ്ടാക്കി. സാധാരണക്കാരായ നിക്ഷേപകര്‍ മുതല്‍ രാജ്യത്തെ പ്രമുഖ നിക്ഷേപകരും സെലിബ്രിറ്റികളും വരെയുള്ള നിരവധി പേരുടെ നാലായിരത്തിലേറെ കോടി രൂപയാണ് ഇത്തരത്തില്‍ കമ്പനിയിലേക്ക് എത്തിയത്. ബോളിവുഡ് നടി ദീപിക പദുക്കോണിന്റെ കുടുംബ ഓഫീസായ കാ എന്റര്‍പ്രൈസസ്, ബജാജ് ഫിന്‍സെര്‍വിന്റെ സഞ്ജീവ് ബജാജ് എന്നിവരുള്‍പ്പടെയുള്ള നിക്ഷേപകരില്‍ നിന്ന്  കോടികള്‍ സമാഹരിച്ചതായാണ് വിവരം. ദീപിക പദുക്കോണ്‍ 2019 ല്‍ ബ്ലൂസ്മാര്‍ട്ടിനായി 3 മില്യണ്‍ ഡോളര്‍ ഏഞ്ചല്‍ ഫണ്ടിംഗ് റൗണ്ടില്‍ പങ്കെടുത്തിരുന്നു. സ്വിസ് ഇംപാക്ട് നിക്ഷേപകരായ റെസ്‌പോണ്‍സിബിലിറ്റി, മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ എം.എസ് ധോനിയുടെ കുടുംബ ഓഫീസ്, റീന്യൂ ചെയര്‍മാന്‍ സുമന്ത് സിന്‍ഹ ഫിന്‍ടെക് കമ്പനിയായ ഭാരത്‌പെയുടെ മുന്‍ സഹസ്ഥാപകനായ അഷ്‌നീര്‍ ഗ്രോവര്‍ എന്നിവരും കോടികള്‍ ബ്ലൂസ്മാര്‍ട്ടില്‍ നിക്ഷേപിച്ചിരുന്നു. ബ്ലൂസ്മാര്‍ട്ട് അഷുര്‍ (BluSmart Assure) എന്ന പ്രോഗ്രാം വഴി ഇലക്ട്രിക് വാഹന ഉടമകള്‍ക്ക് നിക്ഷേപ അവസരങ്ങള്‍ നല്‍കുന്ന പദ്ധതിയും കമ്പനി മുന്നോട്ട് വെച്ചിരുന്നു. ഇ.വികള്‍ കമ്പനിക്ക് ലീസിന് നല്‍കാനുള്ള സംവിധാനമായിരുന്നു ഇത്. വലിയ വരുമാനമാണ് ഇതിലൂടെ വാഗ്ദാനം ചെയ്തിരുന്നത്.

placeholder

ലോണുകള്‍ പുട്ടടിച്ച് മുതലാളിമാര്‍

ഓലയും ഊബറും പോലുള്ള കമ്പനികള്‍ കാറുകള്‍ സ്വന്തമായുള്ള കമ്പനികളെ ആശ്രയിക്കുമ്പോള്‍ ബ്ലൂസ്മാര്‍ട്ട് ഡ്രൈവര്‍മാര്‍ക്ക് കാറുകള്‍ ലീസിനെടുത്ത് നല്‍കുകയായിരുന്നു ചെയ്തിരുന്നത്. പ്രധാനമായും സഹോദര സ്ഥാപനമായ ജെന്‍സോളില്‍ നിന്നായിരുന്നു ബ്ലൂ സ്മാര്‍ട്ട് കാറുകള്‍ വാടകയ്‌ക്കെടുത്തിരുന്നത്. ഇന്ത്യന്‍ റിന്യൂവബിള്‍ എനര്‍ജി ഡെവലപ്പ്‌മെന്റ് ഏജന്‍സി (ഐ.ആര്‍.ഇ.ഡി.എ), പവര്‍ ഫിനാന്‍സ് കോര്‍പ്പറേഷന്‍ഉള്‍പ്പടെയുള്ള പൊതുമേഖല സ്ഥാപനങ്ങളില്‍ നിന്നായി ജെന്‍സോള്‍ 977.75 കോടി രൂപ വായ്പയെടുത്തിരുന്നു. ബ്ലൂ സ്മാര്‍ട്ടിനായി 6400 വൈദ്യുത വാഹനങ്ങള്‍ നിര്‍മ്മിക്കാനായിരുന്നു ഇത്. ഇലക്ട്രിക് വാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനുള്ള സ്‌കീമുകള്‍ ഉപയോഗപ്പെടുത്തിയായിരുന്നു കമ്പനി വായ്പകള്‍ നേടിയെടുത്തത്. എന്നാല്‍, വായ്പയെടുത്ത തുകയില്‍ 663.89 കോടിയാണ് കമ്പനി ഈ ആവശ്യത്തിനായി വിനിയോഗിച്ചത്. ബാക്കി തുകയായ 262 കോടി രൂപ പ്രമോട്ടര്‍മാരായ ജഗ്ഗി സഹോദരന്‍മാര്‍ തങ്ങളുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കായി വിനിയോഗിക്കുകയായിരുന്നു. സെബി നടത്തിയ അന്വേഷണത്തില്‍ ജെന്‍സോള്‍ തട്ടിപ്പിന്റെ ഭീകരത വെളിപ്പെട്ടു. പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്ന് ലോണെടുത്ത പണത്തില്‍ നിന്ന് ജഗ്ഗി സഹോദരന്മാര്‍ 42 കോടിയിലേറെ രൂപയാണ് ആഡംബര അപ്പാര്‍ട്ട്‌മെന്റുകള്‍ വാങ്ങാന്‍ ചെലവഴിച്ചത്. അമ്മയുടെ അക്കൗണ്ടിലേക്ക് 6.2 കോടി രൂപ വകമാറ്റി. ഭാര്യമാര്‍ക്ക് നല്‍കിയത് 2.98 കോടിയാണ്. വിദേശ ഗോള്‍ഫ് സെറ്റ് വാങ്ങാന്‍ 26 ലക്ഷം രൂപ ചെലവിട്ടു. 50 ലക്ഷം രൂപ മറ്റൊരു സ്റ്റാര്‍ട്ടപ്പിൽ നിക്ഷേപിച്ചു. ഇതിനൊക്കെ പുറമെ വിദേശത്ത് ഉല്ലാസയാത്രകള്‍ നടത്തിയും ലക്ഷങ്ങള്‍ പൊടിച്ചു.

placeholder

ഇവിടെയും തീരുന്നില്ല, ഈ വായ്പകള്‍ തിരിച്ചടയ്ക്കുന്നുണ്ടെന്ന് കാട്ടി കൃത്രിമ തെളിവുകള്‍ ജെഗ്ഗി സഹോദരന്‍മാര്‍ സൃഷ്ടിച്ചു. കമ്പനിയുടെ സാമ്പത്തികനില നല്ല നിലയിലാണെന്ന് കാണിക്കാനും കൃത്രിമ രേഖകളുണ്ടാക്കി. ഇതിലൂടെ നിക്ഷേപകരെയും മാര്‍ക്കറ്റുകളെയും കബളിപ്പിച്ചു. ഇതിനെല്ലാം മുന്‍പ് ഏവരെയും ഞെട്ടിച്ച് ജെന്‍സോള്‍ തങ്ങള്‍ സ്വന്തമായി ഇലക്ട്രിക് കാറുകള്‍ ഉണ്ടാക്കാന്‍ പോകുന്നതായി പ്രഖ്യാപിച്ചിരുന്നു. ഭാരത് മൊബിലിറ്റി എക്‌സ്‌പോയ്ക്കിടെ മറ്റൊരു കമ്പനിയില്‍ നിന്ന് 30000 വൈദ്യുത വാഹനങ്ങള്‍ നിര്‍മിക്കാന്‍ കരാര്‍ കിട്ടിയിട്ടുണ്ടെന്ന് കമ്പനി വെളിപ്പെടുത്തി. ജെന്‍സോളിന്റെ ഫാക്ടറികളില്‍ ഈ കാറുകളുടെ നിര്‍മാണം തുടങ്ങിയതായും വാര്‍ത്തകള്‍ വന്നു. ഇതിലൂടെയെല്ലാം കമ്പനി സ്റ്റോക്കുകള്‍ കുത്തനെ ഉയര്‍ന്നു. പുണെയിലെ ജെന്‍സോളിന്റെ പ്രഖ്യാപിത ഇ.വി പ്ലാന്റില്‍ ഒരു നാഷണല്‍ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ച് ഉദ്യോഗസ്ഥന്‍ പരിശോധനയ്‌ക്കെത്തിയതോടെ ഇതെല്ലാം പൊളിഞ്ഞു. ഇ.വി പ്ലാന്റിലെത്തിയ ഉദ്യോഗസ്ഥന്‍ കണ്ടത് കേവലം മൂന്ന് തൊഴിലാളികളെ മാത്രമാണ്. ആയിരക്കണക്കിന് ഇ.വികള്‍ ഉണ്ടാക്കുന്നുണ്ടെന്ന് അവകാശപ്പെട്ട പ്ലാന്റിലെ ഒരു വര്‍ഷത്തെ ഇലക്ട്രിസിറ്റി ബില്‍ ഒന്നരലക്ഷം രൂപയും. അന്നേവരെ അവിടെ ഒരു കാറുപോലും നിര്‍മിച്ചിട്ടില്ലെന്നും ആ കെട്ടിടം പോലും വാടകയ്ക്ക് എടുത്തതാണെന്നും ഉദ്യോഗസ്ഥര്‍ക്ക് ബോധ്യമായി. ഏറെ വൈകിയാണെങ്കിലും സെബി ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ നടത്തിയ അന്വേഷണത്തില്‍ ജെഗ്ഗി സഹോദരന്‍മാര്‍ തട്ടിപ്പുകൊണ്ടും നുണകള്‍ കൊണ്ടും പടുത്തുയര്‍ത്തിയ സാമ്രാജ്യമാണ് ചീട്ടുകൊട്ടാരം പോലെ തകര്‍ന്നുവീണത്.

തട്ടിപ്പ് പുറത്തായതിന് പിന്നാലെ കമ്പനിയുടെ ഓഹരിവില ഇടിഞ്ഞ് ഏറ്റവും താഴെയെത്തി. 2024 ഫെബ്രുവരിയില്‍ 1,377.10 രൂപവരെയെത്തിയ ഓഹരിവില ഇപ്പോള്‍ 80 രൂപയില്‍ താഴെയാണ്. പ്രമോട്ടര്‍മാരായ ജഗ്ഗി സഹോദരന്‍മാര്‍ക്കെതിരേ  വഞ്ചനാക്കുറ്റം ചുമത്തുകയും ജെന്‍സോളിലോ ലിസ്റ്റ് ചെയ്ത മറ്റേതെങ്കിലും കമ്പനികളിലോ സ്ഥാനങ്ങള്‍ വഹിക്കുന്നതില്‍ നിന്ന് വിലക്കുകയും ചെയ്തിട്ടുണ്ട്. ജെന്‍സോളിന്റെ ക്രെഡിറ്റ് റേറ്റിങ് രണ്ട് ഏജന്‍സികള്‍ താഴ്ത്തിയിട്ടുണ്ട്. അവസാനം വന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ബ്ലൂസ്മാര്‍ട്ട് തങ്ങളുടെ പ്രവര്‍ത്തനം പൂര്‍ണമായും അവസാനിപ്പിച്ചിട്ടുണ്ട്. ഡ്രൈവര്‍മാരോട് കാറുകള്‍ തിരിച്ചേല്‍പ്പിച്ച് പിരിഞ്ഞ് പോകാനാണ് കമ്പനി നല്‍കിയിരിക്കുന്ന നിര്‍ദേശം. ഊബറിനും ഓലയ്ക്കും സുസ്ഥിര ബദല്‍ എന്ന് പറഞ്ഞ് തുടങ്ങിയ ബ്ലൂസ്മാര്‍ട്ടിന്റെ കാറുകളും മറ്റ് ആസ്തികളും അതേ ഊബര്‍ തന്നെ ഏറ്റെടുത്തേക്കുമെന്നാണ് ഒടുവില്‍ ലഭിക്കുന്ന വിവരം. 

placeholder

ബ്ലൂസ്മാര്‍ട്ട് തട്ടിപ്പ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളോട് ചെയ്യുന്നത്

ഫുഡ് ഡെലിവറി ആപ്പുകള്‍ക്കും വീഗന്‍ ഐസ്‌ക്രീമുകള്‍ക്കുമപ്പുറത്ത് എന്താണ് എന്താണ് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ എന്ന് ചോദിച്ചവരോട് ചിലരെങ്കിലും അഭിമാനത്തോടെ പറഞ്ഞ പേരുകളിലൊന്നായിരുന്നു ബ്ലൂസ്മാര്‍ട്ട്. എന്നാല്‍ വകുപ്പ് മന്ത്രി തന്നെ തള്ളിപ്പറഞ്ഞ ഇന്ത്യന്‍ സ്റ്റാര്‍ട്ട് അപ്പ് മേഖലയെ കൂടുതല്‍ ആഘാതത്തിലേക്ക് തള്ളിവിടുന്നതാണ് ബ്ലൂസ്മാര്‍ട്ട്-ജെന്‍സോള്‍ തട്ടിപ്പ്. ലോകം വലിയ നേട്ടങ്ങള്‍ കൊയ്യുന്ന ഒരു മേഖലയിലെ ഇന്ത്യന്‍ പ്രതീക്ഷയായിരുന്ന കമ്പനിയാണ് ഇത്തരത്തില്‍ നിക്ഷേപകരെയും ഉപഭോക്താക്കളെയും വലിയ തട്ടിപ്പിന് വിധേയരാക്കിയിരിക്കുന്നത്. ഇത് ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകളെ നിക്ഷേപകര്‍ കൂടുതല്‍ അവിശ്വസിക്കാനാണ് ഇടയാക്കുക. ഇന്ത്യന്‍ കമ്പനികള്‍ = തട്ടിപ്പ് എന്ന നിലയിലേക്ക് പ്രചാരണങ്ങളുണ്ടാവും. ശരിയായ വഴിയിലൂടെയെത്തിയ ഇന്ത്യന്‍ കമ്പനികളുടെ മികച്ച വിജയങ്ങള്‍ പോലും സംശയത്തോടെയാകും ലോകവിപണികള്‍ നോക്കിക്കാണുക. ലോക നിലവാരത്തിലുള്ള ഒരു സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റമുണ്ടാക്കുകയാണ് രാജ്യത്തിന്റെ ലക്ഷ്യമെങ്കില്‍ വലിയ മാറ്റങ്ങള്‍ ഈ മേഖലയില്‍ ഉണ്ടാവുക തന്നെ വേണം. വിജയം നേടാനായി എന്ത് ശ്രമവും നടത്തുന്നവരെ (hustle culture) മഹത്വവത്കരിക്കുന്ന രീതി അവസാനിപ്പിക്കുകയും ഈ നിയമങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കുകയും വേണം. സാമ്പത്തിക വിജയങ്ങള്‍ക്കപ്പുറത്ത് സാമൂഹിക പുരോഗതിയും ലക്ഷ്യംവെക്കുന്ന സംരംഭങ്ങളുണ്ടാകണം. എങ്കില്‍ മാത്രമേ ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ ലോകനിലവാരത്തിലേക്ക് ഉയരുകയുള്ളു.