സുവര്‍ണക്ഷേത്രത്തില്‍ സിഖ് തീവ്രവാദികളെ ഒഴിപ്പിക്കാന്‍ 1984ല്‍ നടത്തിയ ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ ഒരു തെറ്റായ തീരുമാനമായിരുന്നുവെന്ന മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ്‌ പി ചിദംബരത്തിന്റെ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിതെളിയിച്ചിരിക്കുകയാണ്. ഹിമാചല്‍ പ്രദേശിലെ കസൗലിയില്‍ നടന്ന ഖുശ്വന്ത് സിംഗ് സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ചിദംബരത്തിന്റെ കുമ്പസാരം. ഓപ്പറേഷന്‍ ഇന്ദിരാഗാന്ധിയുടെ മാത്രം തീരുമാനമായിരുന്നില്ലെന്നും സൈന്യം, പൊലീസ്, ഇന്റലിജന്‍സ്, സിവില്‍ സര്‍വീസ് എന്നിവരെല്ലാം ചേര്‍ന്നെടുത്ത തീരുമാനമായിരുന്നുവെന്നും അതിനുള്ള വിലയായി ഇന്ദിരാഗാന്ധിയുടെ ജീവന്‍ തന്നെ നല്‍കേണ്ടിവന്നുവെന്നും ചിദംബരം ചടങ്ങില്‍ പറഞ്ഞു. ചിദംബരത്തിന്റെ പ്രസ്താവനയെ എതിര്‍ത്ത് കോണ്‍ഗ്രസും പിന്തുണച്ച് ബിജെപിയും രംഗത്തെത്തിക്കഴിഞ്ഞു. ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍ ദേശീയാവശ്യമായിരുന്നില്ലെന്നും ഇന്ദിരാഗാന്ധിയുടെ രാഷ്ട്രീയ ദൃഷ്‌കൃത്യമായിരുന്നെന്നുമുള്ള ശരിയായ ചരിത്രം രേഖപ്പെടുത്തണമെന്നുമാണ് ബിജെപിയുടെ പ്രതികരണം. ചിദംബരത്തെ തള്ളിയ കോണ്‍ഗ്രസ് നേതൃത്വം പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കുന്ന പ്രസ്താവനകള്‍ നടത്താതിരിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ ജാഗ്രത പാലിക്കണമെന്നാണ് പ്രതികരിച്ചത്.

To advertise here,

ബ്ലൂസ്റ്റാര്‍ ഓപ്പറേഷനെ തള്ളിപ്പറഞ്ഞ ചിദംബരം അതിന്റെ തുടര്‍ച്ചയായുണ്ടായ സിഖ് കൂട്ടക്കൊലയെ തള്ളിപ്പറയാന്‍ തയ്യാറായിട്ടില്ലെന്നുള്ളതും ശ്രദ്ധേയമാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും വലിയ ആഭ്യന്തര സൈനിക നടപടിയായിരുന്നു ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍. സുവര്‍ണക്ഷേത്രത്തില്‍ തമ്പടിച്ചിരുന്ന ഖലിസ്താന്‍ വിഘടനവാദ നേതാവ് ജര്‍ണെയില്‍ സിങ് ഭിന്ദ്രന്‍വാലയെയും അനുയായികളെയും ഒഴിപ്പിക്കാന്‍ നടത്തിയ നിര്‍ണായക നീക്കത്തിന്, പിന്നീട് അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ ജീവന്‍ വിലനല്‍കേണ്ടിവന്നു. അതേത്തുടര്‍ന്ന് രാജ്യത്തരങ്ങേറിയ സിഖ് കൂട്ടക്കൊല സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ഭീതിദമായ ചരിത്രമായും മാറി. നാലുപതിറ്റാണ്ടുകള്‍ പിന്നിട്ടെങ്കിലും ഒന്നും മറക്കാനും പൊറുക്കാനും തങ്ങള്‍ തയ്യാറല്ലെന്നുള്ള പോസ്റ്ററുകള്‍ സുവര്‍ണക്ഷേത്രത്തിന് സമീപങ്ങളില്‍ ഇന്നും കാണാം. പഞ്ചാബിന്റെ തെരുവുകളില്‍ നിന്ന് ഇപ്പോഴും വിഘടനവാദത്തിന്റെ ആശങ്കകള്‍ പൂര്‍ണമായി ഒഴിഞ്ഞിട്ടുമില്ല. ഇന്ദിര ചെയ്ത തെറ്റായിരുന്നു ബ്ലുസ്റ്റാര്‍ ഓപ്പറേഷനെങ്കില്‍ ആ തെറ്റില്‍ നിന്നുമുണ്ടായ ദുരന്തത്തില്‍ ജീവിതമില്ലാതായ പതിനായിരങ്ങളോട് ആര് മറുപടി പറയുമെന്നതാണ് ഉയരുന്ന ചോദ്യം. ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് തലകുനിക്കേണ്ടിവന്നതെന്ന് കോടതി നിരീക്ഷിച്ച കൂട്ടക്കൊലയുടെ കാരണം തങ്ങളുടെ അനിഷേധ്യ നേതാവിന്റെ ഒരു തെറ്റായ നടപടിയായിരുന്നുവെന്ന ചിദംബരത്തിന്റെ പ്രസ്താവനയ്ക്ക് മറുപടി പറയാന്‍ കോണ്‍ഗ്രസ് ഏറെ വിയര്‍ക്കേണ്ടിവരും.

ഭിന്ദ്രന്‍വാല എന്ന ഭസ്മാസുരൻ

ഇന്ത്യ സ്വതന്ത്രമായ 1947ല്‍ പഞ്ചാബിലെ മോഗയിലാണ് ജര്‍ണെയില്‍ സിങ് ഭിന്ദ്രന്‍വാല ജനിച്ചത്. ജാട്ട് കര്‍ഷകനായ ജോഗീന്ദന്‍ സിങ്ങിന്റെ ഒന്‍പത് മക്കളിലൊരാളായിരുന്നു ഭിന്ദ്രന്‍വാല. ദാരിദ്രം കാരണം ജോഗീന്ദന്‍ സിങ്ങ് മകനെ മതപഠനകേന്ദ്രത്തിലാക്കി. അച്ചടക്കവും അര്‍പ്പണബോധവുമുള്ള സിഖ് മതപ്രവര്‍ത്തകരെ വാര്‍ത്തെടുത്തിരുന്ന ഈ മതപഠനകേന്ദ്രത്തില്‍ 25 വയസ്സുവരെ ഭിന്ദ്രന്‍വാല ജീവിച്ചു. ഇക്കാലത്ത് തന്നെ വിവാഹിതനാവുകയും രണ്ട് കുട്ടികളുടെ പിതാവാവുകയും ചെയ്തു. എന്നാല്‍ പിന്നീട് ഇദ്ദേഹം കുടുംബത്തെയെല്ലാം ഉപേക്ഷിച്ച് മുഴുവന്‍സമയ മതപ്രചാരകനായി. സിഖുകാര്‍ക്കിടയിലെ ഒരു വിഭാഗമായിരുന്ന നിരങ്കാരികളുമായുള്ള സംഘര്‍ഷങ്ങളാണ് ഭിന്ദ്രന്‍വാലയെ ശ്രദ്ധേയനാക്കിയത്. 1978 ഏപ്രില്‍ 13ന് അമൃത്സറില്‍ വെച്ച് നിരങ്കാരികളുമായി ഭിന്ദ്രന്‍വാലയുടെ സംഘം ഏറ്റുമുട്ടി. രക്തരൂക്ഷിതമായ സംഘര്‍ഷത്തില്‍ പതിനഞ്ചോളം പേര്‍ക്ക് ജീവന്‍ നഷ്ടമായി. ഇതോടെ പഞ്ചാബ് സംഘര്‍ഷഭരിതമായി. ഈ സംഭവത്തോടെയാണ് ഭിന്ദ്രന്‍വാല ദേശീയ ശ്രദ്ധയിലേക്ക് വരുന്നത്.

അടിയന്തരാവസ്ഥയ്ക്ക് ശേഷം ഇന്ദിരാഗാന്ധി വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയ കാലം. പ്രതിപക്ഷ പാര്‍ട്ടിയായ ജനതാപാര്‍ട്ടിക്ക് പിന്തുണ നല്‍കിയിരുന്ന പഞ്ചാബിലെ അകാലിദളിനെ ഒതുക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചു. ഇന്ദിരയുടെ മകന്‍ സഞ്ജയ് ഗാന്ധിയും മുന്‍ പഞ്ചാബ് മുഖ്യമന്ത്രി ഗ്യാനി സെയില്‍ സിങും ഇതിനായുള്ള കൂടിയാലോചനകള്‍ നടത്തി. മതപരമായ പിന്തുണയായിരുന്നു അകാലിദളിന്റെ കരുത്ത്. അതിനെ തകര്‍ക്കാനായി അപ്പോഴേക്കും പഞ്ചാബ് രാഷ്ട്രീയത്തില്‍ ശ്രദ്ധേയനായിരുന്ന ഭിന്ദ്രന്‍വാലയെ പിന്തുണയ്ക്കാന്‍ സെയില്‍ സിങ് നിര്‍ദേശിച്ചു. അകാലി നേതാക്കള്‍ക്ക് ബദലായി പഞ്ചാബ് രാഷ്ട്രീയത്തില്‍ ഭിന്ദ്രന്‍വാല പ്രത്യക്ഷപ്പെട്ടു. 1980കളുടെ പകുതിയോടെ സിഖുകാര്‍ക്ക് പ്രത്യേകരാജ്യം എന്ന വിഘടനവാദവുമായി ഭിന്ദ്രന്‍വാല രംഗത്തെത്തിയത് കോണ്‍ഗ്രസിനെയും രാജ്യത്തെയും തന്നെ ഞെട്ടിച്ചു. സിഖ് സമുദായത്തിലെ യുവാക്കളും മതനേതൃത്വവും ഭിന്ദ്രന്‍വാലയ്ക്ക് പിന്തുണ നല്‍കിയതോടെ സ്ഥിതി ഗൗരവകരമാണെന്ന് ഇന്ദിരഗാന്ധിക്ക് ബോധ്യപ്പെട്ടു.

ടാങ്കുകള്‍ സുവര്‍ണക്ഷേത്രത്തിലേക്ക്

എതിരാളികളായ നിരങ്കാരികളെയും വിമര്‍ശകരെയുമെല്ലാം ഭിന്ദ്രന്‍വാല ഇല്ലാതാക്കാന്‍ തുടങ്ങിയിരുന്നു. വിമര്‍ശിച്ച് വാര്‍ത്ത നല്‍കിയ മാധ്യമപ്രവര്‍ത്തകര്‍ മുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ വരെ കൊല്ലപ്പെടാന്‍ തുടങ്ങി. പഞ്ചാബ് സര്‍ക്കാര്‍ ഭിന്ദ്രന്‍വാലയ്‌ക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. ഹരിയാനയില്‍ മതപ്രഭാഷണം നടത്തുകയായിരുന്ന ഭിന്ദ്രന്‍വാല പോലീസെത്തുന്നതിന് മുന്‍പ് അവിടെ നിന്ന് രക്ഷപ്പെട്ടു. ഇതറിഞ്ഞ പോലീസ് അവിടെയുണ്ടായിരുന്ന വാഹനങ്ങളും വിശുദ്ധ ഗ്രന്ഥങ്ങളും അഗ്നിക്കിരയാക്കി. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ പോലീസ് വെടിവെപ്പില്‍ 34 പേര്‍ കൊല്ലപ്പെട്ടു. വൈകാതെ ഭിന്ദ്രന്‍വാല തന്റെ താമസവും പ്രവര്‍ത്തനകേന്ദ്രവും സുവര്‍ണക്ഷേത്രത്തിലേക്ക് മാറ്റി. അവിടെ ആയുധങ്ങള്‍ സംഭരിച്ചു. യുവാക്കളെ റിക്രൂട്ട് ചെയ്ത് ഒരു സൈന്യത്തെ തന്നെ സജ്ജമാക്കി. ഭിന്ദ്രന്‍വാലയുടെ അനുയായിയാരുന്ന ഷെബെഗ് സിങ്ങായിരുന്നു ഈ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നത്. നേരത്തെ ഇന്ത്യന്‍ സൈന്യത്തിലെ മേജര്‍ ജനറലായിരുന്ന ഇയാള്‍ അഴിമതിക്കുറ്റത്തിന് സൈന്യത്തില്‍ നിന്ന് പുറത്താക്കപ്പെടുകയായിരുന്നു. വൈകാതെ സിഖ് മതത്തെ രക്ഷിക്കാനെത്തിയ പതിനൊന്നാമത്തെ ഗുരുവായി ഭിന്ദ്രന്‍വാല സ്വയം പ്രഖ്യാപിച്ചു.

1983 ഏപ്രില്‍ 23ന് അമൃത്സര്‍ പോലീസ് ഡിഐജി അത്യാള്‍ സുവര്‍ണ സുവര്‍ണക്ഷേത്രത്തിലെ ദര്‍ശനത്തിനിടെ അജ്ഞാതന്റെ വെടിയേറ്റ് കൊല്ലപ്പെട്ടു. പിന്നാലെ ഡല്‍ഹി ഗുരുദ്വാര കമ്മറ്റി പ്രസിഡന്റ് ഹര്‍ബന്‍ സിങ് മാന്‍ ചന്ദ, അമൃത്സറിലെ ബിജെപി എംഎല്‍എ ഹര്‍ബര്‍സ് ലാല്‍ ഖന്ന എന്നിവരും കൊല്ലപ്പെട്ടു. 1984 ജനുവരി 26 റിപ്പബ്ലിക് ദിനത്തില്‍ സുവര്‍ക്ഷേത്ര സമുച്ചയത്തില്‍ ഇന്ത്യന്‍ ത്രിവര്‍ണ പതാകയ്ക്ക് പകരം ഖലിസ്താന്‍ പതാകയുയര്‍ന്നു. ഇതോടെ സർക്കാർ പഞ്ചാബിനെ കലാപബാധിത പ്രദേശമായി പ്രഖ്യാപിച്ചു. സര്‍ക്കാര്‍ പ്രതിനിധികളും ഭിന്ദ്രന്‍വാലയും തമ്മില്‍ പലതവണ ചര്‍ച്ചകള്‍ നടന്നുവെങ്കിലും എല്ലാം പരാജയപ്പെട്ടു. സിഖ് രാഷ്ട്രം എന്ന ആവശ്യമുയര്‍ത്തി ഭിന്ദ്രന്‍വാലയും സംഘവും കൂടുതല്‍ ആക്രണമണങ്ങളിലേക്ക് കടക്കുമെന്ന റിപ്പോര്‍ട്ടുകള്‍ ഡല്‍ഹിയില്‍ ആശങ്കകളുയര്‍ത്തി. കടുത്ത നടപടികളിലേക്ക് കടക്കാന്‍ ഇന്ദിരാഗാന്ധി തീരുമാനിച്ചു. പോലീസ് നടപടികള്‍ ഭിന്ദ്രന്‍വാല പ്രതീക്ഷിച്ചതായിരുന്നു. അതിനുള്ള സന്നാഹങ്ങളും അയാള്‍ ഒരുക്കിവച്ചിരുന്നു. എന്നാൽ സ്വന്തം മണ്ണിൽ സൈന്യത്തെ ഇറക്കിയുള്ള സാഹസത്തിന് ഇന്ദിര തയ്യാറാവുമെന്ന് ആരും കരുതിയില്ല. വൈകാതെ ഇന്ത്യന്‍ സൈന്യം സുവര്‍ണ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് ചെയ്തു.

ഓപ്പറേഷന്‍ ബ്ലൂ സ്റ്റാര്‍ എന്നായിരുന്നു സൈനിക നീക്കത്തിന് നല്‍കിയ കോഡ് നാമം. സുവര്‍ണക്ഷേത്രത്തിലേക്ക് നീങ്ങുന്നതിന് മുന്‍പായി ഇന്ത്യന്‍ അതിര്‍ത്തികള്‍ സൈന്യം അടച്ചിരുന്നു. 1984 ജൂണ്‍ 2ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ടിവിയിലൂടെയും റേഡിയോയിലൂടെയും രാജ്യത്തെ അഭിസംബോധന ചെയ്തു. സിഖ് തീവ്രവാദികള്‍ ആയുധം ഉപേക്ഷിക്കണമെന്നും സമാധാനത്തിന്റെ പാതയിലേക്ക് വരണമെന്നും പ്രധാനമന്ത്രി അഭ്യര്‍ഥിച്ചു. അപ്പോഴേക്കും സൈനികര്‍ സുവര്‍ണക്ഷേത്രത്തിന് ചുറ്റും നിലയുറപ്പിച്ചിരുന്നു. കര്‍ഫ്യൂ ഏര്‍പ്പെടുത്തുകയും പൊതുഗതാഗതം നിര്‍ത്തുകയും ചെയ്തു. മാധ്യമപ്രവര്‍ത്തകരെയും നിരീക്ഷകരെയും ക്ഷേത്ര പരിസരത്ത് നിന്നും നീക്കി. ജൂണ്‍ അഞ്ചിന് വൈകിട്ട് ഏഴുമണിയോടെ ഇന്ത്യന്‍ സൈന്യത്തിന്റെ ടാങ്കുകള്‍ സുവര്‍ണക്ഷേത്രത്തിലേക്ക് കുതിച്ചു.

ഇന്ദിരാഗാന്ധി വധിക്കപ്പെടുന്നു

ഭിന്ദ്രന്‍വാലയുടെ സംഘത്തിന് പുറമെ പതിനായിരക്കണക്കിന് സാധാരണക്കാരായ സിഖ് മതവിശ്വാസികളും ക്ഷേത്രത്തിനകത്തുണ്ടായിരുന്നു. സൈന്യം വെടിവെപ്പും ഷെല്ലാക്രമണവും ആരംഭിച്ചു. തീവ്രവാദികള്‍ തിരിച്ചടിച്ചു. രണ്ട് ദിവസം തുടര്‍ന്ന യുദ്ധസമാനമായ സാഹചര്യങ്ങള്‍ക്ക് ശേഷം സൈന്യം ക്ഷേത്രം പിടിച്ചെടുത്തു. തുടർന്ന് നടന്ന പരിശോധനയിൽ വെടിയുണ്ടകള്‍ തുളഞ്ഞുകയറിയ ഭിന്ദ്രന്‍വാലയുടെ മൃതദേഹം കണ്ടെടുത്തു. നിരവധി തീവ്രവാദികള്‍ കീഴടങ്ങി. കീഴടങ്ങിയവരില്‍ ചിലരെ അവിടെവെച്ച് വെടിവെച്ചു കൊന്നതായും ആരോപണമുയര്‍ന്നിരുന്നു. സര്‍ക്കാര്‍ കണക്കുകള്‍ പ്രകാരം 493 സിഖുകാരും 83 സൈനികരും കൊല്ലപ്പെട്ടു. എന്നാല്‍ യഥാര്‍ത്ത കണക്ക് ഇതല്ലെന്നും നിരപരാധികളായ തീര്‍ഥാടകര്‍ ഉള്‍പ്പടെ 1600ലേറെപ്പേര്‍ കൊല്ലപ്പെട്ടതായും അക്കാലത്ത് തന്നെ ആരോപണമുയര്‍ന്നിരുന്നു. സുവര്‍ണക്ഷേത്രത്തിനും കാര്യമായ കേടുപാടുകള്‍ സംഭവിച്ചു. ദിവസങ്ങള്‍ക്ക് ശേഷം സുവര്‍ണക്ഷേത്രം സന്ദര്‍ശിക്കാനെത്തിയ രാഷ്ട്രപതി സെയില്‍ സിങ്ങിന് നേരെ വധശ്രമമുണ്ടായി. രാഷ്ട്രപതിയുടെ സുരക്ഷ ഉദ്യോഗസ്ഥന്‍ വെടിയേറ്റ് കൊല്ലപ്പെട്ടു. നാല് മാസങ്ങള്‍ക്ക് ശേഷം ബ്ലൂ സ്റ്റാര്‍ ഓപ്പറേഷന് ഉത്തരവിട്ട പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സിഖുകാരായ സ്വന്തം സുരക്ഷ ഉദ്യോഗസ്ഥരാല്‍ കൊല്ലപ്പെട്ടു.

സിഖ് വിരുദ്ധ കലാപം

ഇന്ദിരാഗാന്ധി കൊല്ലപ്പെട്ട വാര്‍ത്ത ഒരു കൊടുങ്കാറ്റുപോലെയാണ് രാജ്യത്തെ ബാധിച്ചത്. മണിക്കൂറുകള്‍ക്കകം തന്നെ സിഖ് വിരുദ്ധത തലസ്ഥാനത്തുള്‍പ്പടെ ആഞ്ഞടിച്ചു. ഇന്ദിരയുടെ മൃതദേഹം കിടത്തിയ തീന്‍മൂര്‍ത്തി ബംഗ്ലാവിന് മുന്നില്‍ ജനക്കൂട്ടം അക്രമാസക്തമായി. ആയുധങ്ങളുമായി രംഗത്തിറങ്ങിയ അക്രമികളും കോണ്‍ഗ്രസ് പ്രവര്‍ത്തകരും വീട്ടില്‍ നിന്നും വാഹനങ്ങളില്‍ നിന്നുമെല്ലാം സിഖുകാരെ വലിച്ചിറക്കി വെട്ടിയും കുത്തിയും മൃതപ്രായരാക്കുകയും അവരുടെ താടിയില്‍ മണ്ണെണ്ണയൊഴിച്ച് പച്ചയ്ക്ക് കത്തിക്കുകയും ചെയ്തു. കോണ്‍ഗ്രസ് നേതാക്കന്‍മാര്‍ ഡിപ്പോകളില്‍ നിന്ന് മണ്ണെണ്ണ എത്തിച്ച് പ്രവര്‍ത്തകര്‍ക്ക് വിതരണം ചെയ്തു. കത്തിക്കരിഞ്ഞ സിഖ് കുടുംബങ്ങളുടെ മൃതദേഹങ്ങള്‍ തെരുവില്‍ വീണുകിടന്നു. ആയിരക്കണക്കിന് സിഖ് സ്ത്രീകള്‍ ക്രൂരമായ ബലാത്സംഗത്തിന് ഇരയായി. അവരുടെ വീടുകളും സ്ഥാപനങ്ങളും കൊള്ളയടിക്കപ്പെട്ടു. ഡല്‍ഹിയില്‍ മാത്രം എഴുപതിലേറെ ഗുരുദ്വാരകള്‍ അഗ്നിക്കിരയായി. മറ്റ് ഉത്തരേന്ത്യന്‍ നഗരങ്ങളിലും സിഖുകാര്‍ അത്രിക്രൂരമായി കൊലചെയ്യപ്പെട്ടു. ഇന്ദിരയുടെ മരണവാർത്തയറിഞ്ഞെത്തിയ രാഷ്ട്രപതി സെയില്‍ സിങ്ങിന്റെ കാറിന് നേരെ വരെ ആക്രമണമുണ്ടായി. കോണ്‍ഗ്രസ്സ് പാര്‍ലമെന്റംഗം കൂടിയായ സജ്ജന്‍കുമാറിന്റെ നേതൃത്വത്തില്‍ അക്രമികള്‍ക്ക് മദ്യവും പണവും നല്‍കിയതായി വെളിപ്പെടുത്തലുണ്ടായിരുന്നു. ഒറ്റ ഒരു സിഖുകാരന്‍ പോലും ജീവിച്ചിരിക്കരുതെന്ന് സജ്ജന്‍കുമാര്‍ ആക്രോശിച്ചിരുന്നു എന്ന്  അന്വേഷണ കമ്മീഷനുകള്‍ക്ക് ദൃക്‌സാക്ഷികള്‍ നല്‍കിയ മൊഴികളില്‍ രേഖപ്പെടുത്തി.  പോലീസും സൈന്യവും ഭരണകൂടവും ഈ അക്രമം കണ്ടില്ലെന്ന് നടിച്ചുവെന്ന് മാത്രമല്ല അക്രമികള്‍ക്ക് വലിയ പിന്തുണയും നല്‍കി. സിഖ് വംശജര്‍ കൂട്ടമായി താമസിച്ചിരുന്ന പ്രദേശത്താണ് അക്രമം നിയന്ത്രണാതീതമായത്. അക്രമത്തെത്തുടര്‍ന്ന് ചുരുങ്ങിയത് 20000 ഓളം ആളുകള്‍ ഡല്‍ഹി വിട്ട് ഓടിപ്പോയിയെന്ന് സര്‍ക്കാരിന്റെ ഔദ്യോഗിക രേഖകള്‍ പറയുമ്പോള്‍, ആയിരക്കണക്കിനാളുകള്‍ക്ക് ആളുകള്‍ക്ക് വീടുള്‍പ്പടെ നഷ്ടപ്പെട്ടുവെന്ന് പീപ്പിള്‍ യൂണിയന്‍ ഫോര്‍ സിവില്‍ ലിബര്‍ട്ടീസ് എന്ന സംഘടന നടത്തിയ പഠനങ്ങള്‍ കാണിക്കുന്നു

അധികാരത്തിൻറെ ഇടനാഴികളിൽ കൃത്യമായ പദ്ധതി തയ്യാറാക്കി ആസൂത്രണം ചെയ്ത കലാപമായിരുന്നു ഇതെന്നാണ് പല സ്വതന്ത്ര അന്വേഷണങ്ങളും ചൂണ്ടിക്കാട്ടിയത്. മൂവായിരത്തിനടുത്ത് സിഖുകാരാണ് കൂട്ടക്കൊല ചെയ്യപ്പെട്ടതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക കണക്കുകള്‍. എന്നാല്‍ 8000 ത്തിനും പതിനായിരത്തിനും ഇടയില്‍ സിഖുകാര്‍ കൊല്ലപ്പെട്ടതായാണ് സ്വതന്ത്ര അന്വേഷണങ്ങളിൽ വ്യക്തമാക്കിയത്. “ലോകത്ത് ഏറ്റവും വലിയ ജനാധിപത്യ രാജ്യമെന്ന് അഭിമാനിക്കുന്ന ഇന്ത്യയുടെ തലസ്ഥാനത്താണ് ഇത്തരം സംഭവം ഉണ്ടായത്. ഡല്‍ഹി പോലീസിന്റെയും ഭരണക്കൂടത്തിന്റെയും പങ്കും കൂടിയായതോടെ ലോകത്തിന് മുന്നില്‍ ഇന്ത്യയ്ക്ക് തലതാഴ്ത്തേണ്ടി വന്നിരിക്കുകയാണ്”- കലാപവുമായി ബന്ധപ്പെട്ട കേസില്‍ 2009ല്‍ ഡല്‍ഹി ഹൈക്കോടതിയുടെ പരമാര്‍ശം ഇങ്ങനെയായിരുന്നു. ലേകിന്‍ ജബ് ഭി കോയി ബഡാ പേഡ് ഗിര്‍താ ഹെ, തോ ധര്‍ത്തി ധോഡി ഹില്‍തി ഹെ..വന്‍ മരം വീഴുമ്പോള്‍ ഭൂമി കുലുങ്ങാറുണ്ട്.. സിഖ് കൂട്ടക്കൊലയെ കുറിച്ചുള്ള ചോദ്യങ്ങളോട് ഇന്ദിരാഗാന്ധിയുടെ മകന്‍ രാജിവ് ഗാന്ധിയുടെ മറുപടി ഇങ്ങനെയായിരുന്നു. രാജീവിന്റെ അറിവോടും പിന്തുണയോടുമാണ് കൂട്ടക്കൊല നടന്നതെന്നുള്ള ആരോപണങ്ങളുയര്‍ന്നു. കലാപത്തെ കുറിച്ച് അന്വേഷിക്കാന്‍ നിരവധി കമ്മറ്റികള്‍ വന്നു. കലാപത്തില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും പങ്കുണ്ടെന്നായിരുന്നു പല കമ്മറ്റികളുടെയും കണ്ടെത്തല്‍. പക്ഷേ, അധികാരത്തിന്റെ കരുത്തില്‍ ഇവരില്‍ പലരും ശിക്ഷിക്കപ്പെടാതെ രക്ഷപ്പെട്ടു.