തിരഞ്ഞെടുപ്പ് പടിവാതില്‍ക്കലെത്തി നില്‍ക്കെ സമഗ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന്റെ വിവാദങ്ങളിലും അലയൊലികളിലുമാണ് ബിഹാര്‍. പതിവിന് വിപരീതമായി പൗരത്വം തെളിയിക്കുന്ന രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ വോട്ടര്‍പട്ടികയില്‍ നിന്നും ഒഴിവാക്കപ്പെടുമെന്ന സാഹചര്യം ബിഹാറില്‍ ഉയര്‍ന്നതോടെ വലിയ ആശങ്കയിലും പ്രതിഷേധത്തിലുമാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ഇതിന് പ്രധാന കാരണം ആധാര്‍, റേഷന്‍കാര്‍ഡ്, വോട്ടര്‍ തിരിച്ചറിയൽ കാര്‍ഡ് എന്നിവ പുതിയ വോട്ടര്‍പട്ടികയില്‍ ഇടം നേടാനുള്ള രേഖയായി പരിഗണിക്കില്ലെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിചിത്ര നിലപാടായിരുന്നു. ഇത് സുപ്രീംകോടതിവരെയെത്തുകയും ചെയ്തു

To advertise here,

കേസ് പരിഗണിച്ച പരമോന്നത കോടതി കഴിഞ്ഞ ദിവസം  തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിക്ക് താല്‍ക്കാലിക ചെക്ക് പറഞ്ഞെങ്കിലും വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ജുലായ് 28 ന് കമ്മീഷന്‍ മറുപടി നല്‍കണം. വോട്ടര്‍പട്ടികയിലെ  സമ്പൂര്‍ണ പരിഷ്‌കരണമാണ് പദ്ധതികൊണ്ട് ലക്ഷ്യമെങ്കിലും ബിഹാര്‍പാത മറ്റ് പല സംസ്ഥാനങ്ങളേയും പ്രത്യേകിച്ച് ബംഗാളിനെ  ലക്ഷമിട്ടാണെന്ന  വിലയിരുത്തലുകളുണ്ട്. എന്തുകൊണ്ടാണ് ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌കരണം വിവാദത്തിനും ചര്‍ച്ചകള്‍ക്കും വിധേയമാവുന്നത്.

placeholder
കഴിഞ്ഞ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാനെത്തിയവർ | ഫയൽ ഫോട്ടോ: പി.ടി.ഐ

അതങ്ങ് ബിഹാറിലല്ലേ എന്ന് പറയാന്‍ വരട്ടെ

ഈ വര്‍ഷം അവസാനം നവംബര്‍ മാസമാണ് ബിഹാറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. കേവലം നാല് മാസം ബാക്കി. അതിന് മുമ്പായി തീവ്ര വോട്ടര്‍പട്ടിക പരിഷ്‌കരണത്തിന് കേന്ദ്ര സര്‍ക്കാരും തിരഞ്ഞെടുപ്പ് കമ്മിഷനും ഒരുങ്ങുന്നതിലാണ് കടുത്ത ആശങ്കയുള്ളത്. ഇതിന് പിന്നില്‍ ഗൂഢ നീക്കങ്ങളുണ്ടെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ആധാര്‍ പൗരത്വരേഖയായി കണക്കാക്കില്ലെന്ന് നേരത്തെ വ്യക്തമാക്കിയിരുന്നുവെങ്കിലും പുതിയ വോട്ടര്‍ പട്ടികയില്‍ ഇടം നേടാന്‍ ജനന സര്‍ട്ടിഫിക്കറ്റ്, പാസ്പോര്‍ട്ട്, വനാവകാശ സര്‍ട്ടിഫിക്കറ്റ്, ജാതി സര്‍ട്ടിഫിക്കറ്റ്, നാഷണല്‍ രജിസ്ട്രാര്‍ ഓഫ് സിറ്റിസണ്‍, ഫാമിലി രജിസ്റ്റര്‍ കാര്‍ഡ്, ഭൂമിയോ വീടോ അനുവദിച്ചിതിന്റെ സര്‍ട്ടിഫിക്കറ്റ്, വിദ്യാഭ്യാസ സര്‍ട്ടിഫിക്കറ്റ്, സ്ഥിരതാമസം തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്, സര്‍ക്കാര്‍ ജീവനക്കാരാണെങ്കില്‍ തിരച്ചറിയല്‍ കാര്‍ഡ്, സര്‍ക്കാര്‍, പ്രദേശിക ഭരണകൂടങ്ങള്‍, ബാങ്കുകള്‍, പോസ്റ്റ് ഓഫീസുകള്‍, എല്‍.ഐ.സി പൊതുമേഖലാ ബാങ്കുകള്‍ ഇഷ്യു ചെയ്ത ഐ.ഡി കാര്‍ഡുകള്‍ തുടങ്ങിയ 11 രേഖകളില്‍ ഏതെങ്കിലും ഒന്ന്  ഹാജരാക്കാനാണ് ആവശ്യപ്പെടുന്നത്. ഇതില്ലാത്തവര്‍ വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കപ്പെടും. ഈ വാദമാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടിയെ ചോദ്യം ചെയ്തവര്‍ സുപ്രീംകോടതിയില്‍ ഉന്നയിച്ചത്. ഒടുവില്‍ ഹര്‍ജിക്കാരുടെ വാദം അംഗീകരിക്കുകയും ആധാറും റേഷന്‍കാര്‍ഡും  തിരിച്ചറിയില്‍ കാര്‍ഡും പരിഗണിക്കണമെന്ന് നിര്‍ദേശിക്കുകയായിരുന്നു. അല്ലാത്തപക്ഷം അതിന്റെ കാരണം ജൂലായ് 28 ന് മുമ്പ് വ്യക്തമാക്കണമെന്നും നിര്‍ദേശിക്കുകയുണ്ടായി. ഇതോടെ ഇനിയെന്ത് നടപടിയാണ് കമ്മിഷന്‍ കൈക്കൊള്ളുക എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്.  

പുതിയ വോട്ടര്‍ പട്ടിക തയ്യാറാക്കുമ്പോള്‍ നേരത്തെ പഴയ തിരിച്ചറിയില്‍ കാര്‍ഡ് പ്രധാന രേഖയായി പരിഗണിച്ചിരുന്നുവെങ്കിലും പലരും അനധികൃതമായി കാര്‍ഡ് തരപ്പെടുത്തുന്നുവെന്ന വാദമാണ് ഇത് അംഗീകരിക്കാതിരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷനും കേന്ദ്രസര്‍ക്കാരും ഉയര്‍ത്തിയ ന്യായം. വിദ്യാഭ്യാസപരമായും സാമ്പത്തികമായും അതി പിന്നോക്കാവസ്ഥയിലായ ബിഹാറിനെ പോലുള്ള ഒരു സംസ്ഥാനത്ത് ജീവിക്കുന്നവരില്‍ വലിയൊരു വിഭാഗത്തിന് ഈ രേഖകള്‍ കൈവശമില്ല എന്നാണ് ഈ നടപടിയെ എതിർക്കുന്നവർ ഉന്നയിക്കുന്ന ആരോപണം. ഇതോടെ കോടിക്കണക്കിന് ആളുകള്‍ വോട്ടര്‍ പട്ടികയില്‍ ഇടം നേടാതെ പോകുമെന്നും അവർ ചൂണ്ടിക്കാട്ടുന്നു. ചുരുക്കിപറഞ്ഞാല്‍ രാജ്യത്തെ പൗരര്‍ അല്ലാതായി തീരും. ഇതോടെ വോട്ടര്‍ പട്ടികയില്‍ ഇടം നേടുകയെന്നത് ബിഹാറിലെ ജനങ്ങളെ സംബന്ധിച്ചിടത്തോളം അവരുടെ നിലനില്‍പ്പിന്റെ കൂടെ പ്രശ്നമാവും എന്നതാണ് പ്രധാന വാദം. നിലവില്‍ അസമില്‍ നടപ്പിലാക്കിയിട്ടുള്ള ദേശീയ പൗരത്വ രജിസ്റ്റര്‍ (എന്‍.ആര്‍.സി) വോട്ടര്‍പട്ടികയുടെ  പേര് പറഞ്ഞ് പിന്‍വാതിലിലൂടെ മറ്റിടങ്ങളിലും നടപ്പാക്കുകയാണ് സര്‍ക്കാര്‍ ഇതുവഴി ലക്ഷ്യമിടുന്നതെന്ന് ആരോപണവും ശക്തമാണ്. ഇതിന് പുറമെ രേഖകള്‍ സമര്‍പ്പിക്കാനുള്ള കാലാവധിയായി ഒരു മാസമാണ് നല്‍കിയിരിക്കുന്നത്. ഇതിന് മുമ്പ് രേഖകള്‍ സമര്‍പ്പിക്കാത്തവര്‍ക്ക് വോട്ടര്‍പട്ടികയില്‍ ഇടം നേടാനും സാധിക്കില്ല.

placeholder
നിധീഷ് കുമാറും നരേന്ദ്രമോദിയും |ഫോട്ടോ: പി.ടി.ഐ

സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍)
ബിഹാറില്‍ ഇപ്പോള്‍ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനാണ് നടന്നുകൊണ്ടിരിക്കുന്നത്. സ്ഥിരം വിലാസത്തിലും നിലവിലെ വിലാസത്തിലും ഉള്‍പ്പെട്ടിട്ടുള്ള ഇരട്ട, വ്യാജ വോട്ടര്‍മാരെ ഒഴിവാക്കുക എന്നാണ് സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്.ഐ.ആര്‍) കൊണ്ട് ഉദ്ദേശിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ പറയുന്നത്. ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമാണ് വോട്ടവകാശമെന്ന് ഉറപ്പാക്കുന്ന ഭരണഘടനാപരമായ മാനദണ്ഡങ്ങള്‍ അനുസരിച്ച്, ഒരു പ്രദേശത്ത് നിലവില്‍ താമസിക്കുന്നവര്‍ മാത്രമേ വോട്ടര്‍ പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ബന്ധിക്കുന്നത്.

2003-ല്‍ ആണ് ബിഹാറില്‍ അവസാനമായി എസ്.ഐ.ആര്‍ നടത്തിയതെങ്കിലും പുതിയ പേര് ചേര്‍ക്കലും യോഗ്യതയില്ലാത്തവരുടെ പേര് നീക്കം ചെയ്യലും ലക്ഷ്യമിടുന്നു. നിലവില്‍ ബിഹാറില്‍ ഏകദേശം 7.9 കോടി രജിസ്റ്റര്‍ ചെയ്ത വോട്ടര്‍മാരുണ്ട്. എസ്.ഐ.ആര്‍ നിലവില്‍ ബിഹാറിലാണ് നടത്തുന്നതെങ്കിലും ബംഗാളിനേയും തൃണമൂല്‍ കോണ്‍ഗ്രസിനേയും ലക്ഷ്യമിട്ടാണ് പുതിയ നീക്കമെന്നും ആരോപണമുണ്ട്. ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ അപ്രമാദിത്വം ഇല്ലാതാക്കാന്‍ ബിജെപി നടത്തുന്ന രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ് നീക്കമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു. അടുത്ത വര്‍ഷമാണ് ബംഗാളില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കേണ്ടത്. ബിഹാറിലെ പോലെ ബംഗാളിലും ആധാറിനെ പടിക്ക് പുറത്താക്കിയുള്ള വോട്ടര്‍പട്ടിക പരിഷ്‌കരണം നടന്നാല്‍ അത് തൃണമൂലിന്റെ വോട്ട് ബാങ്കിനെ കാര്യമായി ബാധിക്കും. അങ്ങനെ വന്നാല്‍ ഇപ്പോള്‍ തന്നെ പ്രധാന പ്രതിപക്ഷമായി മാറിയ ബിജെപിക്ക് ഭരണത്തിലെത്താനുള്ള വഴിയായി ഇത് മാറുമെന്നും വിലയിരുത്തുന്നു.  

നിലവിലെ വോട്ടര്‍ പട്ടിക തിരഞ്ഞെടുപ്പ് കമ്മിഷന്‍ പ്രസിദ്ധീകരിക്കുകയും ഇതിലെ കൂട്ടിച്ചേര്‍ക്കലുകള്‍ക്കും തെറ്റ് തിരുത്തലുകള്‍ക്കുമുള്ള അവസരം പൊതുജനങ്ങക്ക് തന്നെ നല്‍കി പുതിയ വോട്ടര്‍പട്ടിക പ്രസിദ്ധീകരിക്കുകയുമായിരുന്നു ഇതുവരേയുള്ള നടപടി. ഇതിനാണ് എസ്.ഐ.ആറിലൂടെ മാറ്റം വരുന്നത്. ഉദ്യോഗസ്ഥര്‍ വീടുകയറി പട്ടിക ഉറപ്പാക്കുകയും ചെയ്യും.  

എന്തുകൊണ്ട് ആധാര്‍ അടക്കമുളളവയെ പടിക്ക് പുറത്താനുള്ള ശ്രമം നടന്നു

അനധികൃത കുടിയേറ്റക്കാര്‍ പ്രത്യേകിച്ച് ബംഗ്ലാദേശില്‍ നിന്നുള്ളവര്‍ ആധാറും റേഷന്‍കാര്‍ഡും അടക്കമുള്ളവ നിയമപരമല്ലാതെ നേടിയെടുക്കുന്നു എന്ന ആശങ്കകള്‍ ഉന്നയിച്ചുകൊണ്ടാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ആധാര്‍, റേഷന്‍ കാര്‍ഡ്, നിലവിലെ വോട്ടര്‍ ഐ.ഡി എന്നിവ വോട്ടര്‍ തിരിച്ചറിയല്‍രേഖ നേടുന്നതില്‍ നിന്ന് ഒഴിവാക്കുമെന്ന് അറിയിച്ചിരുന്നത്. ബംഗാളിനും നേപ്പാളിനും സമീപമുള്ള സീമാഞ്ചല്‍ പോലുള്ള അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്ന് ഇത്തരം രേഖകള്‍ കൈവശപ്പെടുത്തുന്നുവെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടുന്നു. ഇത് ആധാര്‍ അടിസ്ഥാനമാക്കിയുള്ള രേഖകള്‍ ദുരുപയോഗം ചെയ്യാന്‍ എളുപ്പമുള്ളവയായി കണക്കാക്കപ്പെടുന്നു. മിക്ക അംഗീകൃത രേഖകള്‍ക്കും ആധാര്‍ അടിസ്ഥാനമാക്കിയുള്ള പരിശോധന ആവശ്യമാണെന്നിരിക്കെ പുതിയ നീക്കത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന വാദമാണ് പ്രതിപക്ഷം ഉന്നയിച്ചത്.

2011-ലെ സാമൂഹിക-സാമ്പത്തിക സെന്‍സസ് പ്രകാരം ബിഹാറിലെ ഗ്രാമീണ കുടുംബങ്ങളില്‍ 65.58% പേര്‍ക്കും സ്വന്തമായി ഭൂമിയില്ല. ഇത് പലര്‍ക്കും ഭൂമിയുമായി ബന്ധപ്പെട്ട രേഖകള്‍ ലഭ്യമല്ലാതാക്കും. പലരും ജനനസര്‍ട്ടിഫിക്കറ്റുകളോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാത്തവരുമാണ്. ഈ സാഹചര്യത്തില്‍  ഒരു മാസത്തില്‍ താഴെയുള്ള കുറഞ്ഞ സമയപരിധി അപര്യാപ്തമാണെന്നാണ് വിമര്‍ശകര്‍ പറയുന്നത്. പ്രത്യേകിച്ചും ജനന സര്‍ട്ടിഫിക്കറ്റുകളോ സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകളോ ഇല്ലാത്തവര്‍ക്ക് ഇത് ലഭ്യമാക്കുക എളുപ്പമുള്ള കാര്യമല്ലെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ബിഹാറില്‍ 2003-ല്‍ ആണ് അവസാനമായി സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍(എസ്.ഐ.ആര്‍) നടന്നത്. ഇതിന് ശേഷം ലക്ഷക്കണക്കിന് ആളുകളാണ് മറ്റ് സ്ഥലങ്ങളില്‍ ജോലിക്കായും വിദ്യാഭ്യാസത്തിനുമൊക്കെയായി പുറത്തേക്ക് പോയത്. പക്ഷെ ഇപ്പോഴും മണ്ഡലത്തിലെ വോട്ടര്‍പട്ടികയില്‍ പേരുണ്ട്. അവര്‍ നിലവില്‍ താമസിക്കുന്നയിടത്തും വോട്ട് ചെയ്യുന്നുണ്ട്. ഇത്തരത്തിലുള്ള ഇരട്ടിപ്പുകള്‍ നിര്‍ബന്ധമായും ഒഴിവാക്കപ്പെടേണ്ടതാണെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു. കമ്മിഷന്റെ വാദം ശരിയാണെങ്കിലും സമയപരിധിയാണ് പ്രശ്‌നമെന്ന് സുപ്രീംകോടതിയടക്കം ചൂണ്ടിക്കാട്ടിയത് ഇതുകൊണ്ടാണ്. 

എന്തുകൊണ്ട് ഈ 11 രേഖകള്‍ കിട്ടുക വെല്ലുവിളിയാവുന്നു

ബിഹാറിനെ സംബന്ധിച്ചിടത്തോളം വലിയൊരു യുവജനങ്ങളും പുറംസംസ്ഥാനങ്ങളില്‍ ജോലികള്‍ക്കായി പോയിരിക്കുകയാണ്. ഒരുമാസത്തിനുള്ളില്‍ രേഖകള്‍ സംഘടിപ്പിക്കുക എന്നത് ഇവര്‍ക്ക് ചെറിയ കാര്യമല്ല. 2011-ലെ സാമൂഹിക സാമ്പത്തിക സര്‍വേ പ്രകാരം ബിഹാറിലെ 65.58 ശതമാനം ആളുകള്‍ക്കും സ്വന്തമായി ഭൂമിയോ വീടോ ഇല്ല എന്ന് വ്യക്തമാക്കുന്നുണ്ട്. വിദേശകാര്യ മന്ത്രാലയത്തിന്റെ കണക്ക്പ്രകാരം 27.44 ലക്ഷം ജനങ്ങള്‍ക്ക് മാത്രമാണ് നിയമാനുസൃത പാസ്പോര്‍ട്ടുള്ളത്. ഇത് മൊത്തം ജനസംഖ്യയുടെ രണ്ട് ശതമാനം മാത്രമേ വരൂ. അതേ പോലെ 2022-ല്‍ പുറത്തുവിട്ട ജാതി സെന്‍സസ് പ്രകാരം സര്‍ക്കാര്‍ ജോലിയുള്ളത് 20.49 ലക്ഷം ജനങ്ങള്‍ക്ക് മാത്രമാണ്. ഇത് വെറും 1.57 ശതമാനം മാത്രമാണ്. ഇതേ റിപ്പോര്‍ട്ട് പ്രകാരം 13.07 കോടിയാണ് ബിഹാറിലെ ജനസംഖ്യ. ഇതില്‍ 27 ശതമാനമാണ് ഒ.ബി.സി, 36 ശതമാനം ഇ.ബി.സി, 20 ശതമാനം എസ്.സി, 1.6 ശതമാനം എസ്.ടി എന്നിങ്ങനെയാണ് കണക്ക്. ഇവ മൊത്തം നോക്കുമ്പോള്‍ 84 ശതമാനം വരും. ഇവര്‍ക്കിടയില്‍ തന്നെ എത്രപേര്‍ക്ക് കൃത്യമായി സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഉണ്ട് എന്നത് സംബന്ധിച്ച് ഒരു കണക്കും ലഭ്യമല്ല. ഓണ്‍ലൈന്‍ വഴിയാണ് രേഖകള്‍ സമര്‍പ്പിക്കേണ്ടത് എന്നതുകൊണ്ടു തന്നെ ഇത് സംബന്ധിച്ച സാക്ഷരതയുള്ളവര്‍ വളരെ ചുരുക്കമാണെന്ന് പൊതുവിൽ ചൂണ്ടിക്കാണിക്കപ്പെടുന്നു. അതുകൊണ്ട് തന്നെ ഒരുമാസത്തിനുള്ളില്‍ രേഖകള്‍ സമര്‍പ്പിക്കുക എന്നത് നടക്കാത്ത കാര്യമാണെന്നും പ്രതിപക്ഷമടക്കമുള്ളവര്‍ പറയുന്നു.

placeholder
സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനെതിരെ പട്നയിൽ നടന്ന ബന്ദിൽ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി അടക്കമുള്ള നേതാക്കൾ | ഫോട്ടോ: പി.ടി.ഐ

അവസാന സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷനില്‍ ഇല്ലാത്തവര്‍ കുടുങ്ങും

2003-ല്‍ ആണ് ബിഹാറില്‍ അവസാനം സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ നടന്നത്. ഇതില്‍ ഉള്‍പ്പെടാത്തവരാണ് ഏറെ ബുദ്ധിമുട്ടുക. 2004 ന് ശേഷം ജനിച്ചവര്‍ സ്വന്തം രേഖയ്ക്ക് പുറമെ മാതാവിന്റേയോ പിതാവിന്റേയോ രേഖയും സമര്‍പ്പിക്കണം. 1987-ന് മുമ്പ് ജനിച്ചവരാണെങ്കില്‍ ജനനത്തീയതിയും സ്ഥലവും തെളിയക്കുന്ന രേഖയും നല്‍കേണ്ടതുണ്ട്. 1987 മുതല്‍ 2004 വരെ കാലയളവിലുള്ളവരാണെങ്കിലും സ്വന്തം രേഖയ്ക്ക് പുറമെ രക്ഷിതാക്കളുടേയും രേഖ നല്‍കണം. എന്നാല്‍ 2003-ലെ ലിസ്റ്റില്‍ ഉള്‍പ്പെട്ടവര്‍ എസ്.ഐ.ആര്‍ ഫോം പൂരിപ്പിച്ച് നല്‍കുകയും അന്നത്തെ വോട്ടര്‍ പട്ടികയില്‍ പേരുണ്ടെന്ന് വ്യക്തമാക്കുകയും ചെയ്താല്‍ മതി. സംഗതി ഇങ്ങനെയാണെന്നിരിക്കെ ലഭ്യമായ കണക്ക് പ്രകാരം പാര്‍ശ്വ വത്കരിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ മൂന്ന് കോടി പേര്‍ക്ക് വോട്ടവകാശം നഷ്ടമാകും. അതിനാല്‍ ഹ്രസ്വ സമയത്തിനുള്ളിലെ പുതുക്കല്‍ പ്രക്രിയ തിരിച്ചടിയാവുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നുണ്ട്. ചുരുക്കിപ്പറഞ്ഞാല്‍ പരമാവധിപ്പേരെ വോട്ടര്‍പട്ടികയില്‍ ഉള്‍പ്പെടുത്തകയല്ല, ഒഴിവാക്കപ്പെടുകയാണുണ്ടാവുക.

ആധാറും വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡും

ആധാറിനെ അംഗീകരിക്കുന്നില്ല എന്ന പ്രധാന വിമര്‍ശനമാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഉന്നയിച്ചതെങ്കിലും നേരത്തെ വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡിനെ ആധാറുമായി ബന്ധിപ്പിക്കുന്നതിനെ എതിര്‍ത്ത പ്രതിപക്ഷം എന്തിനാണ് ഇപ്പോള്‍ ഇതിനെ 11 രേഖകളില്‍ ഉള്‍പ്പെടുത്താത്തിനെ എതിര്‍ക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷന്‍ ചോദിക്കുന്നത്. വോട്ടര്‍ തിരിച്ചറിയില്‍ കാര്‍ഡിനെ നേരത്തെ ആധാറുമായി ബന്ധിപ്പിച്ചിരുന്നുവെങ്കില്‍ പ്രശ്‌നമുണ്ടാവുകയില്ലായിരുന്നുവെന്നും കമ്മിഷന്‍ പറയുന്നു. ആധാര്‍ തിരിച്ചറിയാനുള്ള രേഖയാണ് പൗരത്വത്തിനുള്ളതല്ല എന്ന് വ്യക്തമായി പറയുന്നുണ്ടെന്നും കമ്മിഷന്‍ ചൂണ്ടിക്കാട്ടി. ഔദ്യോഗിക തിരിച്ചറിയല്‍ രേഖ, വിവിധ സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക്, ബാങ്ക് ഇടപാടുകള്‍ക്ക്, മൊബൈല്‍ ഫോണ്‍ കണക്ഷനെടുക്കാന്‍, വിമാന, ട്രെയിന്‍ ടിക്കറ്റുകള്‍ക്ക്, വോട്ടെടുപ്പ് സമയത്തെ തിരിച്ചറയില്‍ രേഖ, ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിന്-എന്നിവയ്ക്കുള്ള ആവശ്യങ്ങള്‍ക്കാണ് ആധാര്‍ ഉപയോഗിക്കുന്നതെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. 

പ്രതിപക്ഷ നേതാക്കളും സന്നദ്ധ സംഘടനകളും വ്യക്തികളുമടക്കമുള്ളവര്‍ ഫയല്‍ ചെയ്ത പത്തിലധികം ഹരജികളാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി ജസ്റ്റിസുമാരായ ശുധാന്‍ഷു ധൂലിയ, ജോയ്മല്യ ബാഗ്ചി എന്നിവരടങ്ങിയ ബെഞ്ച് കഴിഞ്ഞ ദിവസം പരിഗണിച്ചത്. വിഷയത്തില്‍ കൂടുതല്‍ വാദം കേള്‍ക്കാന്‍ കേസ് ജൂലായ് 28 ലേക്ക് മാറ്റുകയും ചെയ്തു. തിരഞ്ഞെടുപ്പ് തൊട്ടടുത്ത് നില്‍ക്കേ വോട്ടര്‍പട്ടിക പരിഷ്‌കരണമെന്നത് തിടുക്കത്തിലുള്ള നടപടിയായിപ്പോയെന്ന് ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി. മാത്രമല്ല എല്ലാ പ്രധാനപ്പെട്ട രേഖകളും ആധാറുമായി ബന്ധിപ്പിച്ചിരിക്കെ തിരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക തയ്യാറാക്കാന്‍ എന്ത് കൊണ്ട് ആധാര്‍ പ്രധാന രേഖയായി കണക്കാക്കുന്നില്ല എന്നതും ഹര്‍ജിക്കാര്‍ ചോദ്യ ചെയ്തു.