പുതുവർഷം വന്നണയുമ്പോൾ സ്ഫോടനാത്മകമായ ഒരു ദശാസന്ധിക്ക് മുഖാമുഖമാണ് ബംഗ്ലാദേശ്. വിദ്യാർഥികളുടെ നേതൃത്വത്തിലുള്ള കലാപത്തെ തുടർന്ന് പ്രധാനമന്ത്രി ഷേക്ക് ഹസീന രാജ്യം വിട്ടോടി ഇന്ത്യയിൽ അഭയം തേടിയതും പിന്നാലെ അമേരിക്കൻ പിന്തുണയോടെ മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാലസർക്കാർ നിലവിൽ വന്നതും 2024 ഓഗസ്റ്റിലായിരുന്നു. ഹസീന നാടുവിട്ടിട്ട് ഒന്നരവർഷമായിട്ടും രാജ്യം ശാന്തമായിട്ടില്ല. തെരുവുകൾ കലാപക്കളങ്ങളായി തുടരുന്നു, ന്യൂനപക്ഷ വേട്ടയ്ക്ക് അറുതിയുമില്ല. ബംഗ്ലാദേശിന് ഭൂപടത്തിലെ സവിശേഷമായ സ്ഥാനം കാരണം വൻശക്തികളൊക്കെ മേഖലയിൽ മേൽക്കൈ നേടാനുള്ള നിഴൽ യുദ്ധങ്ങളിലാണ്. പ്രത്യേകിച്ച് അമേരിക്കയും ചൈനയും പാകിസ്താനും ഇന്ത്യയും. സമീപകാലത്ത് തുർക്കിയും എത്തിയിട്ടുണ്ട് സ്വാധീനമുറപ്പിക്കാൻ. ഏതുനിമിഷവും പൊട്ടിത്തെറിക്ക് സാധ്യതയുള്ള ഒരു പ്രോക്സി പടക്കളമായിരിക്കുന്നു രാജ്യം.

To advertise here,

അടുത്ത ഫെബ്രുവരി 12-ന് തിരഞ്ഞെടുപ്പു നടത്തുമെന്നാണ് ഇടക്കാല സർക്കാരിന്റെ മുഖ്യ ഉപദേഷ്ടാവ് മുഹമ്മദ് യൂനുസ് പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ, എന്ന് വോട്ടെണ്ണുമെന്നോ, എന്ന് ഫലം പ്രഖ്യാപിക്കുമെന്നോ ഇനിയും പറഞ്ഞിട്ടില്ല. ഇങ്ങനെയൊരു തിരഞ്ഞെടുപ്പു പ്രഖ്യാപനം അത്യപൂർവം. പറഞ്ഞ സമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് യൂനുസിന് നിർബന്ധമില്ലെന്ന് വ്യക്തമാക്കുന്ന പ്രഖ്യാപനമാണത്. ഇങ്കുലാബ് മഞ്ചോ നേതാവ് ശരീഫ് ഉസ്മാൻ ഹാദിയുടെ കൊലപാതകത്തെ തിരഞ്ഞെടുപ്പ് നീട്ടിവെക്കാൻ ഉപയോഗിക്കാമെന്ന് സർക്കാർ കരുതിയെങ്കിലും നടന്നില്ല. അതിനിടയിലാണ് ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിയുടെ (ബിഎൻപി) എല്ലാമെല്ലാമായിരുന്ന ബീഗം ഖാലിദ സിയയുടെ മരണം.

ആയിരങ്ങൾ പങ്കെടുത്ത അവരുടെ വികാരഭരിതമായ സംസ്‌കാരച്ചടങ്ങുകൾക്ക് സാക്ഷിയാവാൻ ഇന്ത്യൻ വിദേശമന്ത്രി ഡോ. എസ് ജയശങ്കർ അടക്കമുള്ള പ്രമുഖനേതാക്കളെത്തിയത് ബംഗ്ലാദേശിന്റെ മുന്നോട്ടുള്ള യാത്രയിൽ അവരുടെ ഓർമകൾ വളരെ നിർണായകമാവും എന്ന് സൂചിപ്പിക്കുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കത്തുമായാണ് വിദേശകാര്യമന്ത്രി എത്തിയത്. രാജ്യത്ത് ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തിക്കുന്നതിൽ വിവിധ രാഷ്ട്രീയ കക്ഷികൾ മത്സരിക്കുന്ന സമയത്ത് ഇന്ത്യയുടെ വിദേശമന്ത്രിയെ ധാക്കയിലേക്ക് അയക്കാനുള്ള ഇന്ത്യയുടെ തീരുമാനം ബംഗ്ലാദേശിന്റെ സ്ഥിരത മേഖലയുടെ ശാന്തിക്ക് എത്രത്തോളം പ്രധാനപ്പെട്ടതാണ് എന്നു വ്യക്തമാക്കുന്നതാണ്.

  • ഹാദിയും ഇന്ത്യാവിരുദ്ധ ആഖ്യാനവും ഇന്ത്യയുടെ 'തണുപ്പൻ' പ്രതികരണവും

പട്ടാപ്പകൽ തോക്കിനിരയായ ശരീഫ് ഉസ്മാൻ ഹാദിയുടെ ഓർമകൾ ധാക്കയിലെ തെരുവുകളിൽ ഇന്ത്യാവിരുദ്ധ വികാരം ആളിക്കത്തുന്നതിനു കാരണമായി. ഹസീനയ്ക്കു സംരക്ഷണം നൽകുന്നതിന്റെ പേരിൽ മുമ്പുതന്നെ അയൽരാജ്യത്തോട് കോപമുണ്ടായിരുന്നു. തുടക്കം മുതൽ തന്നെ ഹാദിയുടെ കൊലപാതകത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയുടെ തലയിൽ കെട്ടിവയ്ക്കാൻ ഇടക്കാലസർക്കാർ ശ്രമിച്ചെങ്കിലും വേണ്ടരീതിയിൽ വിജയിച്ചില്ല. ഹാദിയുടെ സഹോദരൻ ഒമറും അവരുടെ സംഘടനയും സർക്കാരിലെ ഒരു വിഭാഗമാണ് കൊലപാതകത്തിന് പിന്നിലെന്ന് ആരോപിക്കുകയും പറഞ്ഞ സമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തതാണ് കാരണം.

ഏതാനും ദിവസത്തെ മൗനത്തിനു ശേഷം വീണ്ടും ഹാദിയുടെ മരണത്തിന്റെ ഉത്തരവാദിത്തം ഇന്ത്യയുടെ മേൽ വച്ചുകെട്ടാൻ യൂനുസ് സർക്കാർ ശ്രമം നടത്തി. ഹാദിയുടെ കൊലപാതകികൾ ഇന്ത്യയിലേക്ക് കടന്നു എന്ന അവരുടെ ആരോപണം ഇന്ത്യ ഉടനടി നിഷേധിക്കുകയും ചെയ്തു. എങ്കിലും രാജ്യത്ത് ഇന്ത്യക്കെതിരെയുള്ള പ്രതിഷേധത്തിന് എണ്ണയൊഴിക്കാൻ ആരോപണം സഹായകമായി. 24 മണിക്കൂറിനകം എല്ലാ ഇന്ത്യക്കാരുടെയും വർക്ക് പെർമിറ്റുകൾ റദ്ദാക്കണമെന്നും തിരിച്ചയക്കണമെന്നും അവിടുത്തെ തീവ്രവാദി സംഘടനകൾ അന്ത്യശാസനം നൽകി. വലിയ തോതിൽ ന്യൂനപക്ഷപീഡനം നടക്കുന്ന രാജ്യത്ത് ഇന്ത്യയുടെ വിസാകേന്ദ്രങ്ങളും ആക്രമിക്കപ്പെട്ടിരുന്നു. ഒരാഴ്ചയ്ക്കിടെ മൂന്നു യുവാക്കളാണ് കൊല്ലപ്പെട്ടത്- ദീപു ചന്ദ്ര ദാസ്, അമൃത് മൊൺഡാൽ, ബജേന്ദ്ര ബിശ്വാസ് എന്നിവർ. ഇവരിൽ ബിശ്വാസിനെ വെടിവച്ചുകൊന്നത് തിങ്കളാഴ്ചയാണ്. മറ്റ് രണ്ടുപേരും ആൾക്കൂട്ട അക്രമത്തെ തുടർന്നാണ് കൊല്ലപ്പെട്ടത്.

ഇടക്കാല സർക്കാർ അധികാരമേറ്റ ശേഷം ന്യൂനപക്ഷങ്ങൾക്കെതിരായ പീഡനങ്ങൾ തുടരുന്നത് ഇന്ത്യയിൽ കടുത്ത ബംഗ്ലാദേശ് വിരുദ്ധവികാരമുണ്ടാക്കിയിട്ടുണ്ട്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ വേർപെടുത്തുമെന്ന തരത്തിലുള്ള ചില പ്രസ്താവനകളും അസ്വസ്ഥത പെരുപ്പിച്ചു. എന്തായാലും സിലിഗുരി ഇടനാഴിക്കു സമീപം മൂന്ന് സൈനികത്താവളങ്ങൾ ഇന്ത്യ സ്ഥാപിച്ചു കഴിഞ്ഞു. ഇനിയുമൊരെണ്ണം പിന്നാലെ വരുന്നുണ്ട്. ന്യൂനപക്ഷപീഡനം തടയാൻ ഇന്ത്യ സൈന്യത്തെ നിയോഗിക്കണമെന്ന് ആവശ്യപ്പെടുന്നവരുമുണ്ട്. 1971-ലെ പോലെ ബംഗ്ലാദേശിനെ രണ്ടായി വിഭജിക്കണമെന്ന് ആവശ്യപ്പെടുന്നവരും കുറവല്ല. ഇതേകാര്യം പറഞ്ഞ് ബംഗ്ലാദേശ് ദേശീയവികാരം ആളിക്കത്തിക്കുന്നവരുണ്ട്.

ഇന്ത്യയെ ഏതുവിധേനയും കളത്തിലിറക്കാൻ അമേരിക്ക- പാകിസ്താൻ- ബംഗ്ലാദേശ് അച്ചുതണ്ട് ശ്രമിക്കുന്നതിന്റെ ഭാഗമാണ് ദീപു ചന്ദ്ര ദാസ്, അമൃത് മൊണ്ഡാൽ എന്നിവരുടെ കൊലപാതകമെന്ന് കരുതുന്ന നിരീക്ഷകരുണ്ട്. സൈനികസഖ്യത്തിന്റെ ഭാഗമായി സൗദി അറേബ്യ, ഗാസ എന്നിവിടങ്ങളിൽ സൈനികരെ അയക്കാൻ കരാരുണ്ടാക്കിയതായി കരുതുന്ന പാകിസ്താന് കൈവശം വേണ്ടത്ര സൈനികരില്ല. സിന്ധിലും ബലൂചിസ്താനിലും ഖൈബർ പഖ്തൂൺക്വായിലും നടക്കുന്ന ആഭ്യന്തരകലാപങ്ങൾ നേരിടാനുള്ള സജ്ജീകരണങ്ങൾ തന്നെ കമ്മി. ഇന്ത്യൻ പട്ടാളം ബംഗ്ലാദേശ് മണ്ണിലിറങ്ങിയാൽ പാകിസ്താന് സഹായമാവും. നിയന്ത്രണരേഖയിൽനിന്നു കുറേ സൈന്യത്തെ പിൻവലിക്കാമല്ലോ. ഇന്ത്യ പക്ഷേ, കെണിയിൽ വീണില്ലെന്ന്‌ വിദഗ്ധർ അഭിപ്രായപ്പെടുന്നു.

അതേസമയം, പ്രോക്സി യുദ്ധങ്ങളുടെ പരമ്പരയാണ് ബംഗ്ലാമണ്ണിൽ അരങ്ങേറുന്നത്. കഴിഞ്ഞ രണ്ടു മൂന്നുമാസത്തിനിടെ മുപ്പതോളം വിദേശികളാണ് ദുരൂഹസാഹചര്യങ്ങളിൽ അവിടെ കൊല്ലപ്പെട്ടത്. അമേരിക്കൻ, പാക്, തുർക്കി പൗരൻമാർ അവരിൽ പെടും. സാങ്കേതികമായി അവരാരും അതതു സർക്കാരുകളുടെ ജീവനക്കാരായിരുന്നില്ല. എങ്കിലും രഹസ്യപ്രവർത്തനങ്ങൾക്കാണ് അവർ എത്തിയിരുന്നതെന്നാണ് ആക്ഷേപം. ഇവരിൽ പ്രമുഖൻ ആഗസ്ത് 31-ന് പഞ്ചനക്ഷത്ര ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയ മുതിർന്ന അമേരിക്കൻ സ്പെഷൽ സർവീസ് ഓഫീസർ ടെറൻസ് ആർവിൽ ജാക്സനായിരുന്നു. ഇൻക്വസ്റ്റും പോസ്റ്റ്മോർട്ടവും നടത്തുംമുമ്പ് അമേരിക്കൻ ഉദ്യോഗസ്ഥർ മൃതദേഹം കൊണ്ടുപോയി. ബംഗ്ലാദേശ് പോലീസിനെ അടുപ്പിച്ചില്ല. ദിവസങ്ങൾക്കുമുമ്പ് സെന്റ് മാർട്ടിൻസ് ദ്വീപിലും ചില ദുരൂഹ സംഭവങ്ങളുണ്ടായതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്.

  • ബിഎൻപിയും താരിഖും ഇന്ത്യയും

കഴിഞ്ഞ മൂന്നു ദശകങ്ങളിൽ ബംഗ്ലാദേശിലെ രാഷ്ട്രീയം രണ്ട് ബീഗങ്ങളെ ചുറ്റിപ്പറ്റിയായിരുന്നു- ഖാലിദ സിയ, ഷേക്ക് ഹസീന എന്നിവരെ. ഇതിൽ ആദ്യത്തെയാൾ പോയിക്കഴിഞ്ഞു. രണ്ടാമത്തെയാൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുന്നു. അവരെ വിട്ടുകിട്ടണമെന്ന് ആവശ്യപ്പെടുകയാണ് നിലവിലെ ബംഗ്ലാദേശ് സർക്കാർ, ഇന്ത്യ അതിന് വഴങ്ങുന്നില്ല. ഹസീന വ്യക്തമാക്കിയതു പോലെ, തിരിച്ചുപോയാൽ വധിക്കപ്പെടുമെന്ന് (തന്റെ അസാന്നിദ്ധ്യത്തിലെ വിചാരണ അവർക്ക് വധശിക്ഷയാണ് വിധിച്ചത്) ഇന്ത്യയും ഭയക്കുന്നുണ്ടാവണം. ഭരിച്ച 15 വർഷവും അവർ ഇന്ത്യയുമായി നല്ല ബന്ധം പുലർത്തിയിരുന്നു. ബംഗ്ലാദേശിലെ ഏറ്റവും വലിയ രാഷ്ട്രീയകക്ഷി ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് ആയിരുന്നു. ഇടക്കാല സർക്കാർ ആ പാർട്ടിയെ നിരോധിച്ചു, പ്രവർത്തകരെ വേട്ടയാടുന്നു. ഇപ്പോൾ കളത്തിൽ ബിഎൻപി മാത്രം.

എൺപതുകളിൽ പട്ടാളഭരണത്തിനെതിരെ ജനകീയപ്രക്ഷോഭം നയിച്ച ഖാലിദ സിയ രണ്ട് തവണ പ്രധാനമന്ത്രിയായി- 1991 മുതൽ 96 വരെയും 2001 മുതൽ 2006 വരെയും. പട്ടാള അടിച്ചമർത്തലിനെതിരായ ചെറുത്തുനിൽപ്പിന്റെ പ്രതീകമായിരുന്ന അവരുടെ പ്രതിച്ഛായക്ക് ഹസീന സർക്കാരിന്റെ കാലത്തുണ്ടായ അഴിമതി ആരോപണങ്ങളും തടവുശിക്ഷയും മങ്ങലേൽപ്പിച്ചു. എങ്കിലും അവരുടെ മരണം പൊതുസമൂഹത്തിൽ വലിയൊരു സഹതാപതരംഗത്തിന് വഴി വച്ചിട്ടുണ്ട്. അതിനാൽ നിലവിൽ പ്രധാനമന്ത്രിയാകാൻ ഏറ്റവും സാധ്യത കൽപ്പിക്കപ്പെടുന്നയാൾ മകൻ താരിഖ് റഹ്‌മാൻ തന്നെ. ഹസീന സർക്കാരിനെ അട്ടിമറിച്ച വിദ്യാർഥിനേതാക്കൾ രൂപവത്കരിച്ച പ്രസ്ഥാനമായ നാഷണൽ സിറ്റിസൻസ് പാർട്ടിയിലെ (എൻസിപി) ആഴത്തിലുള്ള വിള്ളലുകളും റഹ്‌മാനെ തുണച്ചേക്കും. അതിലെ ഒരു വിഭാഗം ജമാഅത്തെ ഇസ്ലാമിയുമായി സീറ്റു പങ്കുവെക്കാൻ കരാറുണ്ടാക്കിയതിൽ പ്രതിഷേധിച്ച് 30 എൻസിപി നേതാക്കൾ രാജിവച്ചെന്നാണ് വാർത്ത. 1971-ലെ ബംഗ്ലാദേശ് സ്വാതന്ത്ര്യസമരത്തെ എതിർത്തവരുമായി കൂട്ടുചേർന്നവർ വിദ്യാർഥി പ്രക്ഷോഭത്തിന്റെ ഉദ്ദേശലക്ഷ്യങ്ങളെ വഞ്ചിക്കുകയാണെന്ന് അവർ ആരോപിക്കുന്നു.

പതിനേഴു വർഷം ലണ്ടനിൽ പ്രവാസജീവിതം നയിച്ച ശേഷം കഴിഞ്ഞയാഴ്ച ജൻമനാട്ടിൽ തിരിച്ചെത്തിയ ഈ 60-കാരന് ആവേശകരമായ സ്വീകരണമാണ് നാട്ടുകാർ നൽകിയത്. അദ്ദേഹത്തിനു കിട്ടുന്ന ജനപിന്തുണ ജമാഅത്തെ ഇസ്ലാമിയെ അലോസരപ്പെടുത്തുന്നുണ്ട്. സംഘടനയുമായി ബന്ധമുള്ള ഒരു വക്കീൽ താരിഖിനെ വധിക്കുമെന്ന് ഭീഷണി മുഴക്കി. അദ്ദേഹം പിതാവ് സിയാവുർ റഹ്‌മാനെ വഞ്ചിക്കുകയാണെന്നും ഇന്ത്യയുടെ വ്യവസ്ഥകൾ അംഗീകരിച്ചാണ് ബംഗ്ലാദേശിൽ തിരിച്ചെത്തുന്നതെന്ന് ആരോപിക്കുകയും ചെയ്തു. തങ്ങളെ നിരോധിച്ച ഹസീന സർക്കാരിനെ പുറത്താക്കാൻ പിന്നിൽ നിന്നു കളിച്ച ജമാഅത്തെ ഇസ്ലാമി, വിദ്യാർഥി പ്രസ്ഥാനത്തിൽ ഒരു വിഭാഗത്തെ അടർത്തിയെടുത്ത് ഒപ്പം നിർത്തി തിരഞ്ഞെടുപ്പിൽ മത്സരിച്ചു ജയിക്കാനുള്ള ശ്രമത്തിലാണ്.

വിവാദപരമായ പശ്ചാത്തലം കാരണം 'ഇരുട്ടിന്റെ രാജകുമാരൻ' എന്ന് അദ്ദേഹത്തെ വിളിക്കാറുണ്ട്. (2005ലെ ഒരു അമേരിക്കൻ നയതന്ത്ര കത്തിടപാടിൽ നിന്നാണ് പ്രയോഗം. അഴിമതിയും കൈക്കൂലിയും പിടിച്ചുപറിയും അക്രമവും മുഖേന സമ്പാദിച്ച വമ്പൻസമ്പത്തും രാഷ്ട്രീയ കൗശലവും 2001- 2006 കാലത്ത് അമ്മ അധികാരത്തിലിരിക്കുമ്പോൾ വഴിവിട്ട് അധികാരം ഉപയോഗിച്ചയാൾ എന്ന അർഥത്തിൽ ഒരു അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥയാണ് ഈ വിശേഷണം നൽകിയത്. ഇരുണ്ടത് എന്ന വിശേഷണം തൊലിനിറത്തെയല്ല, തിൻമയെയാണ് സൂചിപ്പിക്കുന്നത്. ഡാർക്ക് പ്രിൻസ് സാത്താനാണല്ലോ.)

ഖാലിദ സിയ പ്രധാനമന്ത്രിയായിരുന്ന കാലത്ത് സർക്കാരിലെ അനൗദ്യോഗിക അധികാരകേന്ദ്രമായിരുന്നു താരിഖിന്റെ ആസ്ഥാനമായ ഹവാഭവൻ. ഇന്ത്യാവിരുദ്ധ പ്രവർത്തനങ്ങളുടെ കൂടാരമായിരുന്നു അത്. ഉൾഫ പോലുള്ള ഇന്ത്യാവിരുദ്ധ തീവ്രവാദി സംഘങ്ങൾക്കും ചില ഭീകരസംഘടനകൾക്കും അദ്ദേഹം പിന്തുണ നൽകിയിരുന്നു. പാകിസ്താനും ജമാഅത്തെ ഇസ്ലാമിയുമായും അദ്ദേഹം അടുത്തബന്ധം പുലർത്തി. പിൽക്കാലത്ത് അദ്ദേഹത്തിനെതിരെ പ്രധാനമന്ത്രി ഹസീനയെ വധിക്കാനുള്ള ഗൂഢാലോചനയും കള്ളപ്പണം വെളുപ്പിക്കലും അടക്കമുള്ള നിരവധി കുറ്റങ്ങൾ ചുമത്തപ്പെട്ടു. 2007-നു ശേഷം താരിഖിനെതിരെ ഫയൽ ചെയ്തത് 84 കേസുകളായിരുന്നു. 2008-ൽ ലണ്ടനിലേക്ക് പലായനം ചെയ്ത താരിഖ് റഹ്‌മാനെ കോടതി 2018-ൽ ജീവപര്യന്തം തടവിന് വിധിച്ചിരുന്നു. ഇടക്കാലസർക്കാർ അധികാരത്തിൽ വന്ന ശേഷം കോടതി അദ്ദേഹത്തെ കുറ്റവിമുക്തനാക്കുകയും ശിക്ഷ റദ്ദാക്കുകയും ചെയ്തു, അതോടെ തിരിച്ചുവരവിന് കളമൊരുങ്ങി.

രണ്ടാംവരവിൽ റഹ്‌മാൻ രാഷ്ട്രീയ യാഥാർഥ്യങ്ങൾ ഉൾക്കൊണ്ട് ഹസീനയെപ്പോലെ ഇന്ത്യയുമായി യോജിച്ചുപോകാനിടയുണ്ടെന്ന് ദക്ഷിണേഷ്യാനിരീക്ഷകനായ മൈക്കൽ കുഗൽമൻ പറയുന്നു. ഇന്ത്യയ്ക്കും അതിൽ താൽപ്പര്യമുണ്ട് എന്നതിന്റെ സൂചനയാണ് ജയശങ്കറിന്റെ ധാക്ക സന്ദർശനം. അരിയും വൈദ്യുതിയും അടക്കമുള്ള അടിസ്ഥാന ആവശ്യങ്ങൾക്കെല്ലാം ഇന്ത്യയെ ആശ്രയിക്കുന്ന രാജ്യമാണ് ബംഗ്ലാദേശ്. കഴിഞ്ഞയാഴ്ച ഇന്ത്യാവിരുദ്ധ കലാപങ്ങൾ കത്തിനിൽക്കുമ്പോഴാണ് 50,000 ടൺ അരി വാങ്ങാൻ രാജ്യം ഇന്ത്യയുമായി കരാറൊപ്പിട്ടത്. രാഷ്ട്രീയം പ്രായോഗികതയുടെ കലയാണ്. അതിൽ കടുംപിടിത്തങ്ങൾക്ക് ഇടമില്ല എന്ന് അത് വ്യക്തമാക്കുന്നു. നാട്ടിലെ പ്രതികരണങ്ങൾ സൂക്ഷ്മമായി നിരീക്ഷിച്ച് പതുക്കെ താരിഖ് റഹ്‌മാൻ ഇന്ത്യയുമായുള്ള ബന്ധം യുക്തിസഹമായി പുനർനിർവചിക്കുമെന്നു വേണം കരുതാൻ.

ജമാഅത്തെ ഇസ്ലാമിയിൽനിന്നു റഹ്‌മാൻ അകലം പാലിക്കുന്നത് ഈ പ്രായോഗികസമീപനത്തിന്റെ സൂചന ആകാം. എങ്കിലും ഇന്ത്യയെ സംബന്ധിച്ചിടത്തോളം അദ്ദേഹത്തെ പൂർണവിശ്വാസത്തോടെ ചേർത്തുപിടിക്കാൻ സഹായകമല്ല പൂർവാനുഭവം. അധികാരം പിടിക്കാനുള്ള മുഖംമൂടി മാത്രമാണോ റഹ്‌മാന്റെ ഈ വരവിലെ പ്രകാശപൂർണമായ സമീപനം എന്ന ആശങ്ക നിലനിൽക്കും. ഇന്ത്യയ്ക്ക് കൂടുതലിഷ്ടം ഇന്ത്യയ്ക്ക് ഹിതകരമായ കാര്യങ്ങളാണ്, സ്ഥിരതയും ശാന്തിയുമുള്ള ബംഗ്ലാദേശ് അതിൽപെടും