
മിസോറമിലേക്ക് ട്രെയിൻ ചൂളം വിളിച്ചെത്തുന്നു ! മിസോറമിന്റെ തലസ്ഥാനമായ ഐസ്വാളിലേക്കുള്ള റെയിൽ പാത എന്ന ദീർഘകാല സ്വപ്നം ഉടൻ യാഥാർത്ഥ്യമാകാൻ പോകുന്നു. ഐസ്വാളിനെ ഇന്ത്യയുടെ റെയിൽവേ ശൃംഖലയുമായി ബന്ധിപ്പിക്കുന്ന ബൈറബി (Bairabi) മുതൽ സൈരാങ് (Sairang) വരെയുള്ള 51.38 കിലോമീറ്റർ ദൈർഘ്യമുള്ള ബ്രോഡ്-ഗേജ് പാത ഉദ്ഘാടനത്തിന് ഒരുങ്ങുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, സംസ്ഥാന സന്ദർശന വേളയിൽ പാത ഉദ്ഘാടനം ചെയ്തേക്കും. വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ദേശീയ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കാനുള്ള ഇന്ത്യൻ റെയിൽവേയുടെ അഭിലാഷ പദ്ധതിയിലെ ഒരു നാഴികക്കല്ലാകും ഇത്. പാത പ്രവർത്തനക്ഷമമാകുന്നതോടെ ഐസ്വാളിനും അസമിലെ പ്രധാന നഗരമായ സിൽച്ചാറിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം ഏഴ് മണിക്കൂറിൽ നിന്ന് മൂന്ന് മണിക്കൂറായി കുറയും. പുതുതായി നിർമിച്ച പാതയിൽ ട്രെയിനുകൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ ഓടാൻ കഴിയും.
മിസോറമിലേക്ക് റെയിൽവേ ലൈൻ
മിസോറമിലേക്ക് ഒരു റെയിൽവേ ലൈൻ എന്ന പദ്ധതിക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. തൊണ്ണൂറുകളുടെ അവസാനത്തിലാണ് ബൈറബി– സൈരാങ് പാതയെന്ന ആശയം ആദ്യമായി ഉയരുന്നത്. കൊലാസിബ് ജില്ലയിലെ ബൈറബിയെ ആസാമിലെ സിൽചാറുമായി ബന്ധിപ്പിക്കുന്ന പാതയുടെ ഭാഗമായി 1.5 കിലോമീറ്റർ മീറ്റർ-ഗേജ് ട്രാക്ക് മാത്രമേ സംസ്ഥാനത്ത് മുമ്പ് ഉണ്ടായിരുന്നുള്ളൂ. ഈ പാതയുടെ ഗേജ് മാറ്റത്തിനും സൈരാങ് വരെ നീട്ടുന്നതിനുമുള്ള അനുമതി 2000-ൽ ലഭിച്ചു. പക്ഷേ, ഭൂപ്രകൃതിയുടെ സവിശേഷത മൂലം സർവേകൾക്കും ആസൂത്രണത്തിനും വളരെ സമയമെടുത്തു. മിസോറമിനും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങൾക്കും ഇടയിലുള്ള റെയിൽ നെറ്റ് വർക്കിന്റെ പ്രാധാന്യം മനസിലാക്കി 2008-09 വർഷത്തിൽ അന്നത്തെ യുപിഎ സർക്കാർ ഇതിനെ ദേശീയ പദ്ധതിയായി പ്രഖ്യാപിച്ചു. വടക്കുകിഴക്കൻ തലസ്ഥാനങ്ങളെ റെയിൽ ശൃംഖലയുമായി ബന്ധിപ്പിക്കുകയെന്ന ഇന്ത്യൻ റെയിൽവേയുടെ ലക്ഷ്യത്തിന്റെ ഭാഗമായാണ് ഈ പാത അനുവദിച്ചത്. വെല്ലുവിളി നിറഞ്ഞ ഭൂപ്രകൃതി, ഇടതൂർന്ന വനങ്ങൾ, തൊഴിൽ സാഹചര്യങ്ങൾ എന്നിവ കാരണം പ്രാഥമിക സർവേകൾ വൈകി. 2011 ആയപ്പോഴേക്കും പൂർണ സർവേകൾ പൂർത്തിയായി. 2014 നവംബർ 29-ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തറക്കല്ലിട്ടുകൊണ്ട് ഔപചാരികമായി ഉദ്ഘാടനം ചെയ്തു. 2014-2015 ഓടെ ഭൂമി ഏറ്റെടുക്കൽ പ്രക്രിയ പൂർത്തിയാക്കി, ഒരു വർഷത്തിനുശേഷം നിർമ്മാണം പൂർണ തോതിൽ ആരംഭിച്ചു.

മിസോറമിലെ ഒരു ആധുനിക എഞ്ചിനീയറിങ് അത്ഭുതമാണ് ബൈറബി-സൈരാങ് റെയിൽവേ ലൈൻ. ദുഷ്‌കരമായ ഭൂപ്രകൃതിയെ മറികടന്ന് നിർമാണം പൂർത്തിയാക്കിയ ഇത് പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും സംസ്ഥാനത്തിന്റെ വളർച്ച ത്വരിതപ്പെടുത്തുകയും ചെയ്യും. ഏകദേശം 8,000 കോടി രൂപ ചെലവിലാണ് ബൈറബി-സൈരാങ് റെയിൽവേ ലൈൻ നിർമിച്ചത്. ദുഷ്‌കരമായ ഭൂപ്രകൃതിയും ആധുനിക നിർമാണ സാങ്കേതിക വിദ്യയുമാണ് ചെലവ് വർദ്ധിക്കാൻ കാരണം. 51.38 കിലോമീറ്ററാണ് റെയിൽവേ ലൈനിന്റെ ആകെ നീളം. ഇതുവഴി സംസ്ഥാന തലസ്ഥാനമായ ഐസ്വാളിനടുത്തുള്ള സൈരാങ്ങുമായി ആസാം അതിർത്തിയിലുള്ള ബൈറബിയെ ബന്ധിപ്പിക്കുന്നു. ഐസ്വാളിൽ നിന്ന് 22 കിലോമീറ്ററാണ് സൈരാങിലേക്കുള്ള ദൂരം. ഹോർട്ടോകി, കാൺപുയി, മുവൽഖാങ്, സൈരാങ് എന്നിങ്ങനെ നാല് പുതിയ സ്റ്റേഷനുകളാണ് പാതയുടെ ഭാഗമായി നിർമിച്ചത്. ബൈറബി–ഹോർട്ടോകി, ഹോർട്ടോകി–കൗൺപുയി, കൗൺപുയി–മുവൽഖാങ്, മുവൽഖാങ്–സൈരാങ് എന്നിങ്ങനെ നാല് ഭാഗങ്ങളായി തിരിച്ചാണ് നിർമാണം പൂർത്തിയാക്കിയത്.
51.38 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാതയുടെ പകുതിയിലധികവും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയുമാണ് കടന്നുപോകുന്നത്. 65 മീറ്റർ വരെ ആഴത്തിലുള്ള കിടങ്ങുകളിലൂടെയാണ് ചിലയിടത്ത് പാത പോകുന്നത്. 48 തുരങ്കങ്ങൾ, 55 പ്രധാന പാലങ്ങൾ, 87 ചെറിയ പാലങ്ങൾ എന്നിവ ഉൾപ്പെടുന്നു. പദ്ധതിയിലെ തുരങ്കങ്ങളുടെ ആകെ നീളം 12. 8 കിലോ മീറ്ററാണ്. ഇതിൽ ഏറ്റവും നീളം കൂടിയത് ഏകദേശം 1.37 കിലോമീറ്ററുള്ള തുരങ്കമാണ്. വൈബ്രേഷനും അറ്റകുറ്റപ്പണികളും കുറയ്ക്കുന്നതിന് തുരങ്കങ്ങൾക്കുള്ളിൽ ബാലസ്റ്റ്‌ലെസ് ട്രാക്കുകളാണ് നിർമിച്ചിരിക്കുന്നത്. അഞ്ച് റോഡ് ഓവർ ബ്രിഡ്ജസ്, ആറ് റോഡ് അണ്ടർ ബ്രിഡ്ജസ് എന്നിവയും പദ്ധതിയിൽ ഉൾപ്പെടുന്നു. സൈരാങ്ങിനടുത്തുള്ള കുറുങ് നദിക്ക് കുറുകെയുള്ള 144-ാം നമ്പർ പാലം ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ പിയർ പാലമാണ്. ഇത് ഭൂനിരപ്പിൽ നിന്ന് 114 മീറ്റർ ഉയരത്തിലാണ്. ഏറ്റവും ഉയരം കൂടിയത് മണിപ്പൂരിലെ 141 മീറ്റർ ഉയരമുള്ള നോണി(Noney) പാലമാണ്. ഇത് നിർമാണത്തിലിരിക്കുന്ന ജിരിബാം-ഇംഫാൽ റെയിൽവേ ലൈനിന്റെ ഭാഗമായി നിർമിക്കുന്നതാണ്. പുതിയ പാതയിലൂടെ ട്രെയിനുകൾക്ക് മണിക്കൂറിൽ 100 കിലോമീറ്റർ വരെ വേഗതയിൽ ഓടാൻ കഴിയും.

പദ്ധതി നേരിട്ടത് ചെറുതല്ലാത്ത വെല്ലുവിളികൾ
വടക്കുകിഴക്കൻ ഇന്ത്യയിലെ അടിസ്ഥാന സൗകര്യ പദ്ധതികളിൽ ഏറ്റവും കഠിനമായ ഒന്നായിരുന്നു ബൈറബി-സൈരാങ് റെയിൽവേ ലൈനിന്റെ നിർമ്മാണം. ഇന്ത്യൻ റെയിൽവേയുടെ ചരിത്രത്തിലെ ഏറ്റവും വെല്ലുവിളി നിറഞ്ഞ ലോജിസ്റ്റിക്കൽ, എഞ്ചിനീയറിംഗ്, പാരിസ്ഥിതിക തടസ്സങ്ങളെ മറികടക്കുന്നതിനുള്ള ഒരു ഉദാഹരണമായി ഈ പദ്ധതി നിലകൊള്ളുന്നു. ഭൂപ്രകൃതി, കാലാവസ്ഥ, ലോജിസ്റ്റിക്സ്, അപകടങ്ങൾ, തൊഴിലാളികളുടെ ദൗർലഭ്യം എന്നിവയുൾപ്പെടെയുള്ള വെല്ലുവിളികൾ വിവിധ ഘങ്ങളിൽ പദ്ധതി നേരിട്ടു. കുത്തനെയുള്ള ചരിവുകൾ, ആഴമുള്ള താഴ്‌വരകൾ, മണ്ണൊലിപ്പിന് സാധ്യതയുള്ള മണ്ണ്, ഇടതൂർന്ന വനങ്ങൾ എന്നിവയുള്ള ഇന്തോ-ബർമീസ് ടെക്റ്റോണിക് ഭൂപ്രദേശത്തുകൂടിയാണ് പദ്ധതി വിഭാവനം ചെയ്തത്. എഞ്ചിനീയർമാർ ഈ കുന്നുകളെ തുരന്ന് 12.8 കിലോമീറ്ററിലധികം നീളത്തിൽ 48 തുരങ്കങ്ങൾ നിർമിച്ചു. കൂടാതെ 142 പാലങ്ങളും നിർമിച്ചു, ഇതിൽ 114 മീറ്റർ ഉയരമുള്ള ഇന്ത്യയിലെ രണ്ടാമത്തെ ഉയരം കൂടിയ റെയിൽവേ പിയറും ഉൾപ്പെടുന്നു. അതിനാൽ തന്നെ പാതയുടെ പകുതിയിലധികവും തുരങ്കങ്ങളിലൂടെയും പാലങ്ങളിലൂടെയും കടന്നുപോകുന്നു.
നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേയ്ക്ക് നിർമ്മാണത്തിനായി മാത്രം ഏകദേശം 220 കിലോമീറ്റർ അപ്രോച്ച് റോഡ് നിർമിക്കേണ്ടിവന്നു. “റോഡ് സൗകര്യമില്ലാത്തതിനാൽ പദ്ധതി കടന്നുപോകുന്ന നിർമ്മാണ സ്ഥലങ്ങളിലേക്ക് എത്തിച്ചേരുന്നത് വളരെ ബുദ്ധിമുട്ടായിരുന്നു. നോർത്ത് ഈസ്റ്റ് ഫ്രോണ്ടിയർ റെയിൽവേ 223 കിലോമീറ്റർ അപ്രോച്ച് റോഡുകൾ നിർമിച്ചു. ഇത് പിന്നീട് കൊളാസിബ്, ഐസ്വാൾ ജില്ലകളിലെ നിരവധി ഗ്രാമങ്ങൾക്ക് പ്രയോജനപ്പെട്ടു,” ഒരു റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. കനത്ത മഴ മൂലം പലപ്പോഴും നിർമ്മാണ പ്രവർത്തനങ്ങൾ വർഷത്തിൽ വെറും നാല്- അഞ്ച് മാസം മാത്രമാണ് നടന്നത്. മഴ തുടർച്ചയായ മണ്ണിടിച്ചിലിന് കാരണമായി. ഇത് പദ്ധതിയുടെ നിർമാണത്തെ വലിയ തോതിൽ ബാധിച്ചു. വർഷത്തിൽ ആറ് മാസം മാത്രം പണി നടന്നതിനാൽ പദ്ധതി മന്ദഗതിയിലായിരുന്നു പുരോഗമിച്ചത്. 2023 ഓഗസ്റ്റ് 23-ന് നിർമ്മാണത്തിലിരുന്ന ഒരു പാലം തകർന്നുവീണ് 18 തൊഴിലാളികൾ മരിച്ചു. ഈ സംഭവം പദ്ധതിയുടെ ഏറ്റവും ഉയരം കൂടിയ തൂണുകളിലൊന്നിന്റെ പണിക്ക് തിരിച്ചടിയായി.

ഭൂപ്രകൃതി ഉയർത്തിയ വെല്ലുവിളികൾക്ക് പുറമ പ്രാദേശിക പ്രശ്നങ്ങളും സംസ്ഥാനത്തെ നിർമ്മാണ സാമഗ്രികളുടെ ലഭ്യതക്കുറവും പദ്ധതിയെ വലിയ തോതിൽ ബാധിച്ചു. ബീഹാർ, ജാർഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്ന് മിക്ക വസ്തുക്കളും കൊണ്ടുവരേണ്ടിവന്നു. ഇത് കാലതാമസവും ചെലവും വർദ്ധിപ്പിച്ചു. മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവന്ന തൊഴിലാളികളോടുള്ള എതിർപ്പ് പദ്ധതി നേരിട്ടു. തുടക്കത്തിൽ നിർമാണ പ്രവർത്തനങ്ങൾക്കായി ബീഹാറിൽ നിന്നും ജാർഖണ്ഡിൽ നിന്നും തൊഴിലാളികളെ എത്തിച്ചിരുന്നു. ഇതിനെതിരേ പ്രാദേശിക എതിർപ്പ് രൂക്ഷമായ പശ്ചാത്തലത്തിൽ റെയിൽവേ ഒടുവിൽ മിസോറമിൽ നിന്നുള്ള തദ്ദേശവാസികളെ നിർമ്മാണ പ്രവർത്തനങ്ങളിൽ ഉൾപ്പെടുത്തി. ഉയർന്ന വേതനം നൽകിയിട്ടും വിദൂര സ്ഥലത്തെ നിർമാണ പ്രവർത്തികളും ജോലിസ്ഥലങ്ങളിൽ ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവവും കാരണം നിരവധി തൊഴിലാളികൾ പദ്ധതി ഉപേക്ഷിച്ചതായാണ് റെയിൽവേ ഉദ്യോഗസ്ഥർ തന്നെ വ്യക്തമാക്കിയത്.
മുന്നിലുള്ളത് വലിയ സാധ്യതകൾ
ബൈറബി-സൈരാങ് റെയിൽവേ ലൈൻ മിസോറമിനും വടക്കുകിഴക്കൻ മേഖലയ്ക്കും ഗണ്യമായ സാമ്പത്തികവും സാമൂഹികവുമായ നേട്ടങ്ങൾ കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നു. ഗതാഗതം, വ്യാപാരം, ടൂറിസം, പ്രദേശത്തെ ജനങ്ങളുടെ ജീവിത നിലവാരം എന്നിവയെ മാറ്റി മറിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. തലസ്ഥാന നഗരത്തിന് സമീപത്തേക്ക് ട്രെയിനുകൾ എത്തുന്നതോടെ സംസ്ഥാനത്തിന്റെ വളർച്ചയ്ക്കും അവസരങ്ങൾക്കും വഴിയൊരുക്കുകയും ചെയ്യും. ഇത് യാത്രക്കാരുടെയും ചരക്ക് ഗതാഗതത്തിന്റെയും വേഗത വർദ്ധിപ്പിക്കുകയും സാമൂഹിക-സാമ്പത്തിക വളർച്ച വർദ്ധിപ്പിക്കുകയും ചെയ്യും. മിസോറമിന്റെ ജിഡിപി പ്രതിവർഷം 500 മുതൽ 700 കോടി വരെ വർദ്ധിപ്പിക്കുമെന്നാണ് വിലയിരുത്തൽ. പുതിയ തൊഴിലവസരങ്ങൾ, പ്രാദേശിക ഉത്പന്നങ്ങളുടെ കയറ്റുമതി, ആരോഗ്യം, വിദ്യാഭ്യാസം എന്നീ രംഗങ്ങളിലും മാറ്റം പ്രതീക്ഷിക്കുന്നു. ഇതോടെ അഞ്ച് വർഷത്തിനുള്ളിൽ ടൂറിസം വരുമാനം 40–50% വർദ്ധിപ്പിക്കുമെന്നും പ്രതീക്ഷിക്കുന്നു.

പർവതങ്ങളെ മുറിച്ചുകടന്ന്, നദികൾ, താഴ്‌വരകൾ, വനങ്ങൾ എന്നിവയിലൂടെ കടന്നുപോകുന്ന ഈ റെയിൽവേ ലൈൻ സംസ്ഥാനത്തെ ജനങ്ങൾക്ക് വേഗതയേറിയതും സുരക്ഷിതവുമായ യാത്രാ സൗകര്യം നൽകും. ഐസ്വാളിൽ നിന്ന് സിൽച്ചാറിലേക്കുള്ള യാത്രാ സമയം ഏഴ് മണിക്കൂറിൽ (റോഡ് മാർഗം) നിന്ന് ഏകദേശം 3 മണിക്കൂറായി കുറയും. യാത്രാ ദൂരവും സമയവും കുറയുന്നതിനൊപ്പം ഉയർന്ന യാത്രാ ചെലവ് കുറയ്ക്കാൻ പദ്ധതി സഹായിക്കും. നിലവിൽ ഐസ്വാളിൽനിന്നുള്ള യാത്രയ്ക്ക് 1,200 മുതൽ 2,000 രൂപ വരെ ചിലവാകും. ട്രെയിൻ നിരക്കുകൾ കുറവായിരിക്കും. അഞ്ച് മാസത്തിലധികം നീണ്ടുനിൽക്കുന്ന മഴക്കാലത്ത് പലപ്പോഴും മണ്ണിടിഞ്ഞ് റോഡ് ഗതാഗതം തടസ്സപ്പെടുന്നത് പതിവാണ്. മോശം കാലാവസ്ഥ കാരണം പലപ്പോഴും വിമാനങ്ങൾ റദ്ദാക്കപ്പെടുന്നതിനാൽ വിമാനങ്ങളും വിശ്വസനീയമല്ല. സംസ്ഥാനത്തെ 14 ലക്ഷം ജനസംഖ്യയിൽ 8 ലക്ഷത്തിലധികം പേർ ഐസ്വാളിലും പരിസരത്തും താമസിക്കുന്ന പശ്ചാത്തലത്തിൽ പദ്ധതി ജനസംഖ്യയുടെ വലിയൊരു വിഭാഗത്തിന് ഗുണം ചെയ്യും.
റോഡ് അല്ലെങ്കിൽ വിമാന ഗതാഗതത്തെ അപേക്ഷിച്ച് റെയിൽ ഗതാഗതം കൂടുതൽ ലാഭകരമാണ്. അതിനാൽ തന്നെ മറ്റ് സംസ്ഥാനങ്ങളിൽ നിന്നുള്ള സാധനങ്ങൾ, പച്ചക്കറികൾ, മറ്റ് വസ്തുക്കൾ എന്നിവ എത്തിക്കാനുള്ള ചെലവ് ഗണ്യമായി കുറയും. സംസ്ഥാനത്ത് അവശ്യവസ്തുക്കൾ എത്തിക്കുന്നതിന്റെ ചെലവ് 10 മുതൽ 20 ശതമാനം വരെ കുറഞ്ഞേക്കും. സംസ്ഥാനത്ത് വിളയുന്ന ഓറഞ്ച് പൈനാപ്പിൾ, ഇഞ്ചി, മുളക്, തുടങ്ങിയ കാർഷിക ഉത്പന്നങ്ങൾ വിപണികളിൽ വേഗത്തിൽ എത്തും, ഇത് കർഷകരുടെ വരുമാനവും വിപണി പ്രവേശനവും വർദ്ധിപ്പിക്കും .വ്യാപാരം, ടൂറിസം, പ്രാദേശിക വ്യവസായങ്ങൾ എന്നിവയെ പദ്ധതി ഉത്തേജിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഐസ്വാളിനെ വിശാലമായ ടൂറിസത്തിലേക്ക് തുറന്നുകൊടുക്കുന്ന പദ്ധതി ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തെ പിന്തുണയ്ക്കുന്നു, മ്യാൻമറിലെ സിറ്റ്‌വെ തുറമുഖം വഴി വടക്കുകിഴക്കൻ ഇന്ത്യയും ആസിയാൻ രാജ്യങ്ങളും തമ്മിലുള്ള വ്യാപാര ബന്ധങ്ങൾ സുഗമമാക്കുകയും സാധനങ്ങളുടെ സുഗമമായ ട്രാൻസ്‌ഷിപ്പ്മെന്റ് സാധ്യമാക്കുകയും ചെയ്യുന്നു.
Content Highlights: Bairabi-sairang railway transforming mizoram's landscape and economy
Published: 11 Sept 2025, 02:00 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented