
അതിതീവ്ര കാലാവസ്ഥയെ തുടർന്ന് ആർട്ടിക് ഈ വർഷത്തെ ഏറ്റവും വലിയ ചൂടിനെ അഭിമുഖീകരിക്കുകയാണെന്ന പഠനം പുറത്തുവന്നിരിക്കുകയാണ്. ഇതോടെ ഐസ് ഉരുകലിന്റെ ഇതുവരെയില്ലാത്ത പ്രതിഭാസത്തിനും മേഖല സാക്ഷിയാവുകയാണ്. വലിയ തോതിലുള്ള മഞ്ഞുരുകലിന് ആർട്ടിക്ക് കാരണമാവാൻ തുടങ്ങിയിട്ട് ഏറെക്കാലമായെങ്കിലും ആഴ്ചകളും മാസങ്ങളുമെടുത്ത് ഉരുകിത്തീരുന്നതിന്റെ ഇരട്ടിയോളം ഇപ്പോൾ ദിവസങ്ങൾക്കുള്ളിൽ ഉരുകിത്തീരുന്നുവെന്ന അവസ്ഥ വന്നതോടെ കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പും നൽകിയിട്ടുണ്ട്.
ഇരുപത് വർഷങ്ങൾക്ക് മുമ്പാണ് ആദ്യമായി ആർട്ടിക്ക് റിപ്പോർട്ട് കാർഡ് ശാസ്ത്രജ്ഞർ പുറത്തുവിട്ടത്. ഇതിന്റെ ഈവർഷത്തെ റിപ്പോർട്ടിലാണ് ഇതുവരെയില്ലാത്ത തരത്തിലുള്ള മാറ്റം മേഖലയിൽ ഉണ്ടാവുന്നതായി സൂചിപ്പിക്കുന്നത്. ഇതിന്റെ പ്രതിഫലനം ആർട്ടിക്കിൽ മാത്രമല്ല, ആഗോളതലത്തിൽ തന്നെ ഉണ്ടാവുമെന്നും റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.
കാലാവസ്ഥാമാറ്റം ലോകത്താകെ ചൂട്കൂടുന്നതിന് കാരണമാകുന്നുണ്ടെങ്കിലും ഇത് ഏറ്റവും കൂടുതൽ ആർട്ടിക്കിലാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. 1900-ന് ശേഷമുള്ള ഏറ്റവും വലിയ ചൂടാണ് 2025-ൽ ആർട്ടിക്കിൽ സംഭവിക്കുന്നതെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നുണ്ട്. യുഎസ് നാഷണൽ ഓഷ്യാനിക് ആന്റ് അറ്റ്മോസ്ഫിയറിക് അഡിമിനിസ്ട്രേഷൻ(എൻഓഎഎ) ആണ് കഴിഞ്ഞയാഴ്ച റിപ്പോർട്ട് പുറത്തുവിട്ടത്. 2024-ഒക്ടോബർ മുതൽ 2025-ഒക്ടോബർ വരെയുള്ള കാലയളവിലെ പഠനവിവരമാണ് റിപ്പോർട്ടിലുള്ളത്. വിവിധ രാജ്യങ്ങളിലെ 112 ശാസ്ത്രജ്ഞരാണ് ഈ വർഷത്തെ ആർട്ടിക്ക് റിപ്പോർട്ട് കാർഡ് തയ്യാറാക്കിയിരിക്കുന്നത്.
- ഐസ് ഉരുകലിന്റെ പ്രതിസന്ധി
അമിതമായ ഐസ് ഉരുകൽ ഹിമാനികളെയാണ് പെട്ടെന്ന് ബാധിക്കുകയെങ്കിലും ഇത് ആഗോളതലത്തിൽ തന്നെ ഭീഷണിയാണ്. ശൈത്യകാലത്ത് മഞ്ഞ് രൂപപ്പെടുകയും വേനൽക്കാലത്ത് മഞ്ഞുരുകുകയും ചെയ്യുക എന്നത് ആർട്ടിക്കിലെ സ്വാഭാവിക പ്രതിഭാസമാണ്. ഏതാണ്ട് മെയ് മാസത്തോടെ മഞ്ഞുരുകൽ ആരംഭിച്ച് മഞ്ഞ് അതിന്റെ ഏറ്റവും കുറഞ്ഞ അളവിലെത്തുന്നത് സെപ്റ്റംബറിലാണ്. പിന്നീട് ശൈത്യകാലത്തിന് തുടക്കമാവുകയും മഞ്ഞ് ഉണ്ടാകാൻ തുടങ്ങുകയും ക്രമേണ മഞ്ഞുപാളികളുടെ വിസ്തൃതി വർധിക്കുകയും ചെയ്യുന്നു.
ഇതിൽ മഞ്ഞുരുകൽ കൃത്യമായി നടക്കുകയും മഞ്ഞിന്റെ ഉത്പാദനം കുറയുകയും ചെയ്യുന്നു എന്നതാണ് ആർട്ടിക്കിലെ ഇപ്പോഴത്തെ പ്രതിസന്ധി. കൂടാതെ ദിശ തെറ്റി ആർട്ടിക്കിലേക്ക് എത്തുന്ന താപക്കാറ്റും വേനൽക്കാലത്തിന്റെ ദൈർഘ്യം വർധിച്ചതും മഞ്ഞുരുകലിന്റെ വേഗത്തിലും വർധനവുണ്ടാക്കി. ഇങ്ങനെയാണ് ക്രമേണ ഉരുകുന്ന മഞ്ഞും ഉത്പാദിപ്പിക്കപ്പെടുന്ന മഞ്ഞും തമ്മിലുള്ള അന്തരം വർധിച്ചതും ഇത് വേനൽക്കാലത്ത് ആർട്ടിക്കിലെ മഞ്ഞില്ലാത്ത അവസ്ഥയിലേക്ക് നയിക്കുന്നുമുണ്ട്.
മഞ്ഞിന്റെ വിസ്തൃതി കുറഞ്ഞതോടെ കഴിഞ്ഞ ഒരു ദശാബ്ദത്തിൽ ഏറെയായി ലോകത്തെ മറ്റ് ഭാഗങ്ങളെ അപേക്ഷിച്ച് വേഗത്തിൽ ചൂട് പിടിക്കുന്നതും പ്രദേശമായി ആർട്ടിക് മാറിയിട്ടുണ്ട്. നിലവിൽ ഭൂമിയിലെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഏതാണ്ട് നാല് ഇരട്ടി വേഗതയിലാണ് ആർട്ടിക് ചൂട് പിടിക്കുന്നത്.
ഇങ്ങനെ താപനില വർധിച്ച് മഞ്ഞ് ഉരുകി ഒലിക്കുന്നതോടെ ആർട്ടിക് ആംപ്ലിഫിക്കേഷൻ എന്ന പ്രതിഭാസം കൂടി മേഖലയിൽ സംഭവിക്കുന്നു. ഇതാകട്ടെ മേഖലയിലെ താപനിലാ വർധനവിന്റെ വേഗത വീണ്ടും വർധിപ്പിക്കുന്നു. ആർട്ടിക് ആംപ്ലിഫിക്കേഷനാണ് മറ്റ് മേഖലകളെ അപേക്ഷിച്ച് ആർട്ടിക്കിലെ താപനില പല ഇരട്ടിയായി വർധിക്കാനുള്ള പ്രധാന കാരണം. മഞ്ഞുപാളികൾ ആർട്ടിക്കിലെ മാത്രമല്ല ഭൂമിയിലെ തന്നെ താപനില നിയന്ത്രിക്കുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുമുണ്ട്.
- തിരിച്ചടി ആർട്ടിക്കിൽ മാത്രം ഒതുങ്ങുന്നതല്ല
ആർട്ടിക്കിലെ മഞ്ഞിലുണ്ടായിട്ടുള്ള ഈ കുറവ് ആഗോളതലത്തിൽ തന്നെ പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കും. ലോകത്തെ താപവാതത്തിന്റെ എണ്ണം വർധിക്കുന്നതും കാട്ടുതീ വലിയ തോതിൽ പടർന്ന് പിടിക്കുന്നതും ലോകത്തിന്റെ പലഭാഗങ്ങളിലുണ്ടാകുന്ന പേമാരിയും വെള്ളപ്പൊക്കവും എല്ലാം ആർട്ടിക്കിലെ മഞ്ഞുപാളികളുടെ ശോഷണത്തിന്റെയും അത് വഴിയുണ്ടായ കാലാവസ്ഥാ അസന്തുലിതാവസ്ഥയുടെയും ഫലമാണ്.
ആർട്ടിക്കിലെ മഞ്ഞുപാളികൾ വേനൽക്കാലത്ത് ഇല്ലാതാകുന്നതോടെ ഗുണം ലഭിക്കുന്ന ഒരേ ഒരു കാര്യം കപ്പൽയാത്രയെ സംബന്ധിച്ചാണ്. യൂറോപ്പിന്റെ വടക്കൻ മേഖലയിൽ കൂടിയുള്ള കപ്പൽപാത തുറക്കുന്നതിന് ആർട്ടിക്കിലെ മഞ്ഞിന്റെ ശോഷണം സഹായിക്കും ഇത് കാനഡ മുതൽ റഷ്യവരെയുള്ള വടക്കൻ ധ്രുവത്തോട് ചേർന്ന് കിടക്കുന്ന രാജ്യങ്ങൾക്ക് ഗുണകരമാകും.
അതേസമയം, പാരിസ്ഥിതികമായും ജൈവവൈവിധ്യപരമായും ഉള്ള നഷ്ടങ്ങൾ കണക്കിലെടുക്കുമ്പോൾ കപ്പൽപ്പാത ലഭിക്കുന്നത് ഒരു നേട്ടമായേ കണക്കാക്കാൻ കഴിയില്ല എന്നതാണ് സത്യം. കടലിലെ തിമിംഗലങ്ങൾ മുതൽ ധ്രുവക്കരടികൾ വരെയുള്ള ജീവികളുടെ ജീവിതക്രമത്തെ താളം തെറ്റിക്കാനും അതിജീവനം പ്രതിസന്ധിയിലാക്കാനും ആർട്ടിക്കിലെ ഈ മഞ്ഞിന്റെ ശോഷണം ഇടയാക്കും എന്നതാണ് യാഥാർഥ്യം.
- കപ്പൽയാത്ര മാത്രം സുഗമമായാൽ മതിയോ
കപ്പൽപാത സുഗമാകുന്നത് വ്യാപാരമേഖലയെ സംബന്ധിച്ച് ഗുണകരമാണെങ്കിലും അതിന്റെ പതിന്മടങ്ങാണ് തിരിച്ചടി. കൂടുതൽ കപ്പൽ എത്തുന്നതോടൊപ്പം കൂടുതൽ മലിനീകരണവും കൂടെപ്പോരുമെന്നതാണ് യാഥാർഥ്യം. പ്രത്യേകിച്ച് ഗ്രാൻലാൻഡ് പോലുള്ള ഇടങ്ങളിൽ അതിവേഗം മഞ്ഞുരുകുമ്പോൾ സമുദ്രങ്ങളിലേക്ക് ശുദ്ധജലം വലിയതോതിൽ എത്തും. ഇത് സമുദ്രനിരപ്പ് ഉയരുന്നതിനും അത് വഴി വെള്ളപ്പൊക്കവും പ്രളയവും പോലുള്ള പ്രതിഭാസങ്ങളെ കൂടുതൽ അഭിമുഖീകരിക്കേണ്ടി വരുമെന്നും ചൂണ്ടിക്കാട്ടപ്പെടുന്നു.
ഇതിന് പുറമെ, ആർട്ടിക്കിലെ സ്വഭാവിക ജീവി വർഗങ്ങളെയും പൂർണമായി ഇല്ലാതാക്കുന്നത് കൂടിയാവും ഈ മഞ്ഞുരുകൽ. ഇവിടെയുള്ള വന്യജീവികൾക്ക് മഞ്ഞ് കാഴ്ചയല്ല; അത് അവരുടെ വാസസ്ഥലമാണ്. ധ്രുവക്കരടികൾ മഞ്ഞുമരങ്ങളിൽനിന്ന് സീലുകളെ വേട്ടയാടുന്നു. വാൽറസുകൾ ഭക്ഷണം കഴിക്കുന്നതിനിടയിൽ ഐസ് കഷണങ്ങളിൽ വിശ്രമിക്കുന്നു. റിംഗ്ഡ് സീലുകൾ തങ്ങളുടെ കുഞ്ഞുങ്ങളെ വളർത്തുന്നതിനായി സ്ഥിരതയുള്ള മഞ്ഞിന് മുകളിൽ മഞ്ഞുകുടിലുകൾ നിർമിക്കുന്നു. മഞ്ഞ് പിൻവാങ്ങുമ്പോൾ, ഈ ജീവിവർഗങ്ങൾ ചെറിയ പ്രദേശങ്ങളിലേക്കോ കരയിലേക്കോ മടങ്ങേണ്ടി വരും. ഇത് അതിജീവനമത്സരവും മരണനിരക്കും വർധിപ്പിക്കും.
മഞ്ഞ് പിൻവാങ്ങുന്നതോടെ മേഖലയിൽ വിവിധ രാജ്യങ്ങൾ നടത്തുന്ന എണ്ണ, പ്രകൃതിവാതക ഖനനം വർധിക്കാൻ സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നു. റഷ്യ, യുണൈറ്റഡ് സ്റ്റേറ്റ്സ്, കാനഡ, ഡെൻമാർക്ക് (ഗ്രീൻലാൻഡ് വഴി), നോർവേ തുടങ്ങിയ ഈ മേഖലക്ക് ചുറ്റുമുള്ള രാജ്യങ്ങൾ തങ്ങളുടെ ഖനന തന്ത്രങ്ങൾ പുനഃക്രമീകരിക്കുകയാണ്. സമീപകാല ആർട്ടിക് രാഷ്ട്രം' എന്ന് സ്വയം വിശേഷിപ്പിക്കുന്ന ചൈന, അടിസ്ഥാന സൗകര്യങ്ങളിലും ഗവേഷണത്തിലും നിക്ഷേപം നടത്തുകയും ചെയ്യുന്നുണ്ട്.
ഗൂഗിളിൽ കാലാവസ്ഥാ വ്യതിയാനമെന്ന് സെർച്ച് ചെയ്താൽതന്നെ അത് മനുഷ്യന്റേയും മറ്റ് ജീവജാലങ്ങളുടേയും മുഴുവൻ ജീവിതത്തേയും ബാധിക്കുന്ന ഒന്നാണെന്ന് മനസ്സിലാക്കാൻ കഴിയും. ആഗോളതാപനം തന്നെയാണ് അന്റാർട്ടിക്കയിലും ആർട്ടിക്കിലുമെല്ലാം ചൂടുകൂടുന്നതിന്റെ പ്രധാന കാരണമായി പറയാനുള്ളത്. ഇത് ഹരിതഗൃഹ വാതകങ്ങളുടെ അനിയന്ത്രിതമായ പുറന്തള്ളൽ കൊണ്ടാണ്. ആർട്ടിക് മേഖലയിലൊക്കെ സാധാരണ അനുഭവിക്കുന്നതിനേക്കാൽ നാല് മടങ്ങ് അധികമാണ് ചൂട്. നമുക്ക് ഒരു ഡിഗ്രിയൊക്കെയേ പണ്ടുള്ളതിനേക്കാൾ ചൂട് കൂടിയതായി അനുഭവപ്പെടുകയുള്ളൂ. എന്നാൽ, ആർട്ടിക്കിലെ അവസ്ഥ അങ്ങനെയല്ല. മൈനസ് പത്ത് ഡിഗ്രി എന്നുള്ളത് പ്ലസ് പത്ത് എന്ന രീതിയിലേക്ക് മാറിയിട്ടുണ്ട്. ഇത് മഞ്ഞുരുകലിന് പ്രധാന കാരണമാവുകയും ചെയ്യുന്നുണ്ടെന്നും വിദഗ്ധർ പറയുന്നു.
ഭൂമിയുടെ ആദ്യ മുന്നറിയിപ്പ് സംവിധാനം എന്നാണ് ആർട്ടിക് പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നത്. അവിടുത്തെ മഞ്ഞുരുകുന്നത് ഒരു പ്രാദേശിക ദുരന്തം മാത്രമല്ല; അത് ബഹിരാകാശത്തുനിന്നും കാണാൻ കഴിയുന്ന, മഞ്ഞിൽ എഴുതപ്പെട്ട സന്ദേശമാണ്. കാലാവസ്ഥാ വ്യതിയാനം ഇനി ഭാവിയിൽ വരാനിരിക്കുന്ന ഭീഷണിയല്ല, മറിച്ച് നിലവിലുള്ള യാഥാർഥ്യമാണെന്നും ആർട്ടിക്ക് നമ്മെ ഓർമിപ്പിക്കുന്നു.
Content Highlights: Arctic facing unprecedented heat & ice melt. Scientists warn of global impact, from rising seas to wildlife threats. Discover the escalating climate crisis.
Published: 22 Dec 2025, 10:30 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented