
വിമാനം പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുമ്പ് വിദേശയാത്രക്കാരുടെ വിവരങ്ങള്‍ വിമാനക്കമ്പനികള്‍ ഇന്ത്യന്‍ കസ്റ്റംസ് അധികൃതര്‍ക്ക് നല്‍കണമെന്ന് ചട്ടം വരുന്നു. ഇത് രാജ്യത്തെ വിമാനയാത്രയുടെ സുരക്ഷിതത്വവും കാര്യക്ഷമതയും വര്‍ധിപ്പിക്കുക മാത്രമല്ല, കള്ളക്കടത്തിന് പൂട്ടിടുകയും ചെയ്യും എന്ന് കരുതാം. ഈ വിവരക്കൈമാറ്റം 2025 ഏപ്രില്‍ ഒന്നുമുതല്‍ നിര്‍ബന്ധമാക്കുന്ന സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ഇന്‍ഡയറക്ട് ടാക്സസ് ആന്‍ഡ് കസ്റ്റംസിന്റെ (സി.ബി.ഐ.സി) ഭേദഗതി കഴിഞ്ഞയാഴ്ച പുറത്തിറങ്ങി. അതിവേഗത്തില്‍ വളര്‍ന്നുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ വ്യോമയാന മേഖലയുടെ കുതിപ്പിന് ഈ തീരുമാനം പുതിയ ഊര്‍ജ്ജം പകരും.
നിര്‍ദേശം പാലിക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ ചുമത്താനും വകുപ്പുണ്ട്, ഓരോ ലംഘനത്തിനും 25,000 രൂപ മുതല്‍ 50,000 രൂപ വരെ. ആവശ്യപ്പെടുന്ന വിവരങ്ങള്‍ പങ്കുവെക്കാത്ത വിമാനക്കമ്പനികള്‍ക്ക് പിഴ വിധിക്കുന്നത് ചട്ടം ഗൗരവത്തോടെ പാലിക്കപ്പെടുന്നു എന്നത് ഉറപ്പാക്കുക മാത്രമല്ല, വിമാനക്കമ്പനികളുടെ ഉത്തരവാദിത്വബോധവും വളര്‍ത്തുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഇന്ത്യയില്‍നിന്നും തിരിച്ചും വിമാനയാത്രകള്‍ നടത്തുന്ന എല്ലാ വിമാന കമ്പനികളും നാഷണല്‍ കസ്റ്റംസ് ടാര്‍ഗെറ്റിംഗ് സെന്റര്‍- പാസഞ്ചറില്‍ (എന്‍.സി.ടി.സി പാക്സ്) ജനുവരി പത്തിനകം രജിസ്റ്റര്‍ ചെയ്യണമെന്നും നിര്‍ദ്ദേശമുണ്ട്.
പാസഞ്ചര്‍ നെയിം റെക്കോഡ് ഫോര്‍ ഗവണ്മെന്റ് (പി.എന്‍.ആര്.ജി.ഒ.വി) സമ്പ്രദായം (വിമാനക്കമ്പനികള്‍ യാത്രക്കാരില്‍നിന്നു ശേഖരിച്ച് കസ്റ്റംസ് പോലുള്ള സര്‍ക്കാര്‍ ഏജന്‍സികളുമായി പങ്കുവെക്കുന്ന വിവരങ്ങള്‍) സന്നദ്ധത അറിയിച്ചിട്ടുള്ള വിമാനക്കമ്പനികളുമായി ചേര്‍ന്ന് 2025 ഫെബ്രുവരി പത്തു മുതല്‍ നടപ്പാക്കും. സ്വതന്ത്ര വിമാനക്കമ്പനികള്‍ക്ക് (ഇന്‍ഡിവിജ്വല്‍ എയര്‍ലൈന്‍, മൂന്നാംകക്ഷി പ്ലാറ്റ്ഫോമുകളെ ആശ്രയിക്കാതെ സ്വന്തം നിലയ്ക്ക് ബുക്കിംഗ്, ടിക്കറ്റിംഗ്, യാത്രക്കാരുടെ വിവരങ്ങള്‍ കൈകാര്യം ചെയ്യല്‍ എന്നിവ ചെയ്യുന്നവ) ഏപ്രില്‍ ഒന്നു മുതലും ജി.ഡി.എസ് (ഗ്ലോബല്‍ ഡിസ്ട്രിബ്യൂഷന്‍ സിസ്റ്റം) മുഖാന്തിരം പ്രവര്‍ത്തിക്കുന്നവയ്ക്ക് ജൂണ്‍ ഒന്നുമുതലും പൂര്‍ണതോതില്‍ നടപ്പാക്കും.
കള്ളക്കടത്തിന് പൂട്ടു വീഴും
ഭീകരവാദം, മയക്കുമരുന്നു കടത്ത്, മനുഷ്യക്കടത്ത്, അപൂര്വമൃഗക്കടത്ത് തുടങ്ങിയവ ചെറുക്കുന്നതില്‍ രഹസ്യവിവരങ്ങള്‍ നിര്‍ണായകമാണ്. യാത്രക്കാരുടെ വിവരങ്ങള്‍ യാത്രയ്ക്ക് 24 മണിക്കൂറിനു മുമ്പ് പങ്കുവെക്കുന്നത് നിര്‍ബന്ധിതമാക്കുന്നത് ഡേറ്റയിലെ അസ്വാഭാവികതകളും പൊരുത്തക്കേടുകളും വിശകലനം ചെയ്ത് നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളെ കൃത്യതയോടെ തടയാന്‍ ഇന്ത്യന്‍ കസ്റ്റംസിനെ സഹായിക്കും. കള്ളക്കടത്തു നടത്താന്‍ സാധ്യതയുള്ളവരെ വിമാനം ഇറങ്ങും മുമ്പുതന്നെ കണ്ടെത്തുന്നതിനും പരിശോധനകള്‍ ഭാഗ്യപരീക്ഷണമാവാതെ, ലക്ഷ്യബോധമുള്ളവയാകുന്നതിനും അത് സഹായകമാവും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: എ.എന്‍.ഐ.
യാത്രികരുടെ പേരും അവരെ ബന്ധപ്പെടാനുള്ള വിവരങ്ങളും പണമടച്ചതു സംബന്ധിച്ച കാര്യങ്ങളും യാത്രയുടെ വിശദാംശങ്ങളുമൊക്കെ നേരത്തേ കിട്ടുമ്പോള്‍ ഇന്ത്യന്‍ കസ്റ്റംസിന് ആധുനിക മാര്‍ഗങ്ങളുപയോഗിച്ച് റിസ്ക് പ്രൊഫൈലിംഗ് (അപകടസാധ്യതാ വിശകലനം) നടത്താന്‍ പറ്റും. കള്ളക്കടത്തുകാരുടെ ഡേറ്റ വിശകലനം ചെയ്ത് നിലവിലെ സാഹചര്യവുമായി ഒത്തുനോക്കുമ്പോള്‍ കള്ളക്കടത്തിന്റെ പൊതുരീതികള്‍ കണ്ടെത്താന്‍ കഴിയും. അത് കള്ളക്കടത്ത് വളരെ ബുദ്ധിമുട്ടാക്കും. പിടിക്കപ്പെടാനുള്ള സാധ്യത കൂടുമ്പോള്‍ കള്ളക്കടത്തു ശ്രമങ്ങളും കുറയും.
പിടിച്ചെടുത്ത കള്ളക്കടത്തു സ്വര്‍ണത്തിന്റെ അളവ് 2023-24 കാലത്ത് പോയ വര്‍ഷത്തേക്കാള്‍ 40 ശതമാനം വര്‍ധിച്ചതായി ഡിപ്പാര്‍ട്ടുമെന്റ് ഓഫ് റെവന്യൂ ഇന്റലിജന്‍സ് കണക്കാക്കുന്നു. കഴിഞ്ഞ ഡിസംബറില്‍ പുറത്തിറക്കിയ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഈ വിവരമുള്ളത്. കസ്റ്റംസ് ഫീല്‍ഡ് ഇന്‍ഫര്‍മേഷന്റെ അടിസ്ഥാനത്തില്‍ 4,800 കിലോഗ്രാം സ്വര്‍ണമാണ് 2024-ല്‍ പിടിച്ചെടുത്തത്. തൊട്ടു മുമ്പത്തെ വര്‍ഷം പിടിച്ചത് 3,500 കിലോ ആയിരുന്നു. 2024 ജൂലായില്‍ സ്വര്‍ണത്തിന്റെ ഇറക്കുമതി ചുങ്കത്തില്‍ ഒമ്പതു ശതമാനം കുറവുവരുത്തി ആറു ശതമാനമാക്കിയെങ്കിലും കള്ളക്കടത്തില്‍ ഗണ്യമായ കുറവു വന്നിട്ടില്ല. എങ്കിലും ലാഭം കുറഞ്ഞതോടെ വലിയ കമ്പനികള്‍ പ്രവര്‍ത്തിക്കുന്നതു പോലെ വ്യവസ്ഥാപിതമായി ഗള്‍ഫില്‍ നിന്നും സ്വര്‍ണം കടത്തുന്ന രീതി മാറി ഒറ്റയ്ക്കും തെറ്റയ്ക്കുമുള്ള ശ്രമങ്ങളിലേക്ക് നീങ്ങുകയാണ്. വൈകാതെ ഇതും നിയന്ത്രണത്തിലാവും.
യാത്രക്കാരുടെ പെരുമാറ്റത്തിലെ അസ്വാഭാവികതകളും അസാധാരണമായ പാറ്റേണുകളും മനസ്സിലാക്കി അവര്‍ സ്വര്‍ണ്ണമോ മയക്കുമരുന്നോ മറ്റെന്തെങ്കിലും നിരോധിത വസ്തുക്കളോ കടത്താനുള്ള സാധ്യത ഊഹിക്കാന്‍ സാധിക്കും അതിലൂടെ അതിര്‍ത്തി നിയന്ത്രണം കൂടുതല്‍ കാര്യക്ഷമമാക്കാനും കഴിയും. കേരളത്തിലെ വിമാനത്താവളങ്ങളില്‍നിന്നു മാത്രം 2020 മുതല്‍ 2024 ഒക്ടോബര്‍ വരെയുള്ള കാലത്ത് പിടിച്ചെടുത്തത് 2,746 കിലോ സ്വര്‍ണമാണ്. പുതിയ ഭേദഗതി നടപ്പിലാവുന്നതോടെ ഇതില്‍ വലിയ മാറ്റം വന്നേക്കും.

റെഡ്, ചാനല്‍, ഗ്രീന്‍ ചാനല്‍ സംവിധാനം ഇപ്പോള്‍ തന്നെ ഇന്ത്യയില്‍ നിലവിലുണ്ട്. തന്റെ കൈവശം പരിശോധിക്കപ്പെടേണ്ടതായി ഒന്നുമില്ലെന്ന് സ്വയം പ്രഖ്യാപിച്ച് യാത്രക്കാരന് കടന്നുപോവുന്നതാണ് ഗ്രീന്‍ ചാനല്‍. പക്ഷേ, ചട്ടവിരുദ്ധമായി എന്തെങ്കിലും കണ്ടുപിടിക്കപ്പെട്ടാല്‍ ഉത്തരവാദിത്തം അയാള്‍ക്കാണ്, അതിനുള്ള ശിക്ഷ അനുഭവിക്കുകയും വേണം. ഇപ്പോള്‍ തന്നെ അവശ്യ ഘട്ടങ്ങളില്‍ വിമാനക്കമ്പനികള്‍ യാത്രക്കാരുടെ വിവരങ്ങള്‍ ഏജന്‍സികളുമായി പങ്കുവെക്കുന്നുണ്ട്, മേലില്‍ അത് നിര്‍ബന്ധിതമാവും എന്നേയുള്ളൂ- ഡി.ആര്.ഐ വിഭാഗത്തിലെ ഒരു പ്രധാന ഉദ്യോഗസ്ഥന് പറഞ്ഞു. കരിമ്പട്ടികയില്‍ പെട്ട, ലുക്ക് ഔട്ട് നോട്ടീസുള്ള, വിവിധ ഏജന്‍സികളുടെ റെഡ് അലേര്ട്ടുള്ളവരുടെ വിവരങ്ങള്‍ നേരത്തേ തന്നെ കിട്ടുന്നത് കള്ളക്കടത്തു ഫലപ്രദമായി തടയാന്‍ സഹായകമാവും.
സാമ്പത്തിക കുറ്റവാളികള്‍ നിയമത്തിനു പിടികൊടുക്കാതെ രാജ്യത്തുനിന്നും പലായനം ചെയ്യുന്നതിനെ തടയാനും ഇതുവഴി സാധിക്കും. വിജയ് മല്ല്യ, നീരവ് മോദി, മെഹുല്‍ ചോക്സി പോലുള്ളവരുടെ പലായനങ്ങള്‍ നാം മറന്നിട്ടില്ലല്ലോ. മുന്‍കൂട്ടി യാത്രക്കാരന്റെ വിവരങ്ങള്‍ വിശകലനം ചെയ്യാന്‍ സാധിക്കുന്നതിലൂടെ അധികാരികള്‍ക്ക് സാമ്പത്തിക തട്ടിപ്പുകളിലോ കുറ്റകൃത്യങ്ങളിലോ ഉള്‍പ്പെട്ട വ്യക്തികളെ നേരത്തെ തന്നെ കണ്ടെത്താന്‍ കഴിയും.
യാത്രക്കാര്‍ എത്തുംമുമ്പ് തന്നെ അവരെ സംബന്ധിച്ച വിവരങ്ങള്‍ ലഭിക്കുന്നതിനാല്‍ കസ്റ്റംസിനും എമിഗ്രേഷനും തയ്യാറെടുപ്പുകള്‍ നടത്താന്‍ കഴിയും. യാത്രക്കാരെ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ വിവരങ്ങള്‍ മുന്‍കൂട്ടി പ്രോസസ് ചെയ്യാനും മുന്‍കൂട്ടി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വെക്കാനും അധികൃതര്‍ക്ക് സാധിക്കും; അത് കസ്റ്റംസും എമിഗ്രേഷന്‍ നടപടികളും വേഗത്തിലാക്കും. യാത്രക്കാര്‍ക്ക് വിമാനത്താവളങ്ങളില്‍ കാത്തിരിക്കേണ്ടി വരുന്ന സമയം കുറയും. മറ്റൊന്ന് തിരക്ക് കുറയും എന്നതാണ്. വിമാനത്താവളത്തില്‍ വിശദമായ പരിശോധനകളുടെ ആവശ്യം ഇല്ലാതാകുന്നതോടെ വിമാനത്താവളത്തിലെ തിക്കുംതിരക്കും ഒഴിവാക്കും, അത് യാത്രക്കാര്‍ക്ക് കൂടുതല്‍ സുഖകരമായ അനുഭവം ഉണ്ടാകാന്‍ കാരണമാവും.
റിയാക്ടീവ് അല്ല, പ്രോ ആക്ടീവ്
പുതിയ ചട്ടം നടപ്പാക്കിയാല്‍ ഉണ്ടാവുന്ന പ്രധാനപ്പെട്ട ഗുണങ്ങളില്‍ ഒന്ന് വിവരവിശകലനത്തിന്റെ അടിസ്ഥാനത്തിലെ തീരുമാനങ്ങളുടെ മെച്ചമാണ്. യാത്രക്കാരെ സംബന്ധിച്ച വിശദമായ വിവരങ്ങളുടെ ലഭ്യത കസ്റ്റംസിനെ സംഭവം ഉണ്ടായ ശേഷം പ്രതികരിക്കുന്നതില്‍ (റിയാക്ടീവ്) നിന്നും വ്യത്യസ്തമായി അത് തടയാനുള്ള (പ്രോ ആക്ടീവ്) നടപടികള്‍ എടുക്കാന്‍ സഹായിക്കും. അത്യാധുനിക വിവര വിശകലനവിദ്യയുടെ സഹായത്തോടെ കസ്റ്റംസിന് അപകടസാധ്യത വിലയിരുത്താനുള്ള പ്രൊഫൈലുകള്‍ സൃഷ്ടിക്കാനും അങ്ങനെ ഏറ്റവും ആവശ്യമുള്ളിടത്ത് ശ്രദ്ധയും പ്രയത്നവും കേന്ദ്രീകരിക്കാനും കഴിയും. ഇത് അപകട സാധ്യതയില്ലാത്ത യാത്രക്കാരുടെ അനാവശ്യമായ സൂക്ഷ്മ പരിശോധന ഒഴിവാക്കുന്നതിനും സഹായിക്കും.

പ്രതീകാത്മക ചിത്രം | ഫോട്ടോ: സാബു സ്കറിയാച്ചന്‍/ മാതൃഭൂമി
ഈ മാറ്റത്തില്‍ ഏറ്റവും പ്രധാനപ്പെട്ട പങ്കുവഹിക്കുന്ന കണ്ണികളില്‍ ഒന്ന് നാഷണല്‍ കസ്റ്റം ടാര്‍ഗെറ്റിംഗ് സെന്റര്‍- പാസഞ്ചര്‍ (എന്‍.സി.ടി.സി പാക്സ്) എന്ന സ്ഥാപനമാണ്. ഇന്ത്യന്‍ കസ്റ്റംസ് അതോറിറ്റിസ് അധികൃതര്‍ സ്ഥാപിച്ചിട്ടുള്ള ഈ കേന്ദ്രീകൃത വിവര സംഭരണ, വിശകലന കേന്ദ്രത്തിന്റെ പ്രധാന ജോലികള്‍ ഡേറ്റ ശേഖരണം, വിശകലനം, അപകട സാധ്യതാവിശകലനം, വിമാനയാത്രയുമായി ബന്ധപ്പെട്ട കസ്റ്റംസ്, എമിഗ്രേഷന്‍, പോലീസ് തുടങ്ങിയ സംവിധാനങ്ങളെ ഏകോപിപ്പിക്കല്‍ തുടങ്ങിയവയാണ്. മറ്റൊന്ന് പ്രവര്‍ത്തനങ്ങളിലെ കാര്യക്ഷമതയാണ്. യാത്രക്കാരെ കടത്തിവിടുന്നതുനുള്ള നടപടികള്‍ സുഗമമാക്കുന്നതിലൂടെ എമിഗ്രേഷന്‍, കസ്റ്റംസ് പരിശോധനകളുടെ കാലതാമസം കുറയ്ക്കാം. വിമാന കമ്പനികള്‍ നിബന്ധനകള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പാക്കുന്നതും എന്‍.സി.ടി.സി പാക്സിന്റെ ഉത്തരവാദിത്തമാണ്. പാസഞ്ചര്‍ നെയിം റെക്കോര്‍ഡ് ഇന്‍ഫര്‍മേഷന്‍ റെഗുലേഷന്‍സ് 2022 വിജ്ഞാപനപ്രകാരമാണ് ഈ സ്ഥാപനം സൃഷ്ടിച്ചത്, 2022 ഓഗസ്റ്റ് എട്ടിന് നിലവില്‍ വന്നു.
ആഗോളനിലവാരവും സ്വകാര്യതാ ഉല്‍ക്കണ്ഠകളും
അന്താരാഷ്ട്ര സിവില്‍ ഏവിയേഷന്‍ ഓര്ഗനൈസേഷന് (ഐ.സി.എ.ഒ), ഇന്റര്‍നാഷണല്‍ എയര്‍ ട്രാന്‍സ്പോര്‍ട്ട് അസോസിയേഷന് (അയാട്ട) എന്നീ സംഘടനകളുടെ മാര്‍ഗനിര്‍ദേശങ്ങളുമായി ഒത്തുപോകുന്നതാണ് പുതിയ ചട്ടങ്ങള്‍. അമേരിക്കയില്‍ യാത്രക്കാര്‍ എത്തുംമുമ്പ് ലഭിക്കുന്ന വിവരങ്ങള്‍ തത്സമയ അപകടസാധ്യതാ വിലയിരുത്തലിന് ഉപയോഗിക്കുന്നു. ഇന്ത്യയുടെ പുതിയ നയം ആഗോള സുരക്ഷാസംരംഭങ്ങളുമായി ഒത്തുപോവുന്നതാണ്, ആഗോള വ്യോമഗതാഗതത്തില്‍ ഉത്തരവാദിത്തമുള്ള ഒരു പങ്കാളിയായി ഇന്ത്യയെ അത് മാറ്റും. അമേരിക്കയും ബ്രിട്ടനും ഓസ്ട്രേലിയയും അടക്കമുള്ള അറുപതോളം രാജ്യങ്ങള്‍ സമാനമായ ആധുനിക പാസഞ്ചര്‍ ഇന്‍ഫര്‍മേഷന്‍ സംവിധാനങ്ങള്‍ നടപ്പാക്കിയിട്ടുണ്ട്. ആഗോള പ്രോട്ടോക്കോളുമായി സമരസപ്പെടുന്നത് അന്താരാഷ്ട്ര സഹകരണവും യാത്രാകരാറുകളും കൂടുതല്‍ എളുപ്പമാക്കും.
ഈ ചട്ടങ്ങള്‍ നടപ്പില്‍ വരുമ്പോള്‍ ശ്രദ്ധിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട കാര്യങ്ങളിലൊന്ന് വ്യക്തികളുടെ സ്വകാര്യതയും വ്യക്തിപരമായ വിവരങ്ങളുടെ സംരക്ഷണവുമാണ്. അതിനായി കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങളാണ് ഇന്ത്യ മുന്നോട്ടുവെച്ചിട്ടുള്ളത്. അതനുസരിച്ച് വ്യക്തിപരമായ വിവരങ്ങള്‍ നിര്‍ദ്ദിഷ്ട കാര്യങ്ങള്‍ക്ക് വേണ്ടി മാത്രമേ ഉപയോഗിക്കാന്‍ സാധിക്കൂ. യൂറോപ്യന്‍ യൂണിയനെ പോലെ ഡേറ്റ സംരക്ഷണത്തിന് ശക്തമായ നിയമങ്ങള്‍ ഉള്ള രാജ്യങ്ങളുടേതിന് സമാനമാണ് ഇന്ത്യയില്‍ നടപ്പില്‍ വരുത്താന്‍ ഉദ്ദേശിക്കുന്ന നിയന്ത്രണങ്ങള്‍. കൃത്യമായി ഇടവേളകളിലെ ഓഡിറ്റും മറ്റ് സുരക്ഷാ സംവിധാനങ്ങളും യാത്രക്കാരുടെ വിവരങ്ങള്‍ ദുരുപയോഗപ്പെടുത്തുന്നില്ല എന്ന് ഉറപ്പുവരുത്തുന്നതിനും അവരുടെ സ്വകാര്യത സംരക്ഷിക്കാനും സഹായിക്കും.
Content Highlights: New rule mandates airlines to share passenger details 24 hours before international flights
Published: 02 Jan 2025, 04:00 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented