
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മനുഷ്യനെ കീഴടക്കിയ കാലത്ത് സത്യങ്ങള്‍ തിരിച്ചറിയുക എന്നത് ഏറെ ബുദ്ധിമുട്ടുള്ള കാര്യമാണെന്ന് ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍. നിമിഷങ്ങള്‍ക്കുള്ളില്‍, കണ്‍മുന്നില്‍ അല്ലെങ്കില്‍ വിരല്‍തുമ്പിലെത്തുന്ന വിവരത്തെ സത്യമെന്ന് വിശ്വസിക്കേണ്ട ഗതികേടിലേക്ക് നാം മാറിപ്പോയിരിക്കുന്നു. ഇതോടെ എന്താണ് സത്യമെന്ന് പൂർണമായി തിരിച്ചറിയാന്‍ സാധിക്കാത്ത അവസ്ഥയിലാണ് നമ്മള്‍ ഓരോരുത്തരുമുള്ളത്. ഇത് ഏറെ അപകടരമായ ഒരു പുതിയ കാലത്തെ നമുക്ക് മുന്നില്‍ തുറന്നിട്ടിരിക്കുകയാണ്.
സത്യം വിചാരണ ചെയ്യപ്പെടുമ്പോള്‍ നിര്‍മിത ബുദ്ധി കാലത്തെ ജുഡീഷ്യറിയും മാധ്യമങ്ങളും എന്ന വിഷയത്തില്‍ കാലിക്കറ്റ് പ്രസ്സ് ക്ലബ് സംഘടിപ്പിച്ച പ്രഭാഷണ പരിപാടിയില്‍ ഹൈക്കോടതി ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്‍ നടത്തിയ പ്രഭാഷണത്തിന്റെ പൂര്‍ണരൂപം.
സത്യമെന്ന് വിശ്വസിപ്പിച്ച് മാധ്യമങ്ങളിലൂടെയും സോഷ്യല്‍ മീഡിയ പ്ലാറ്റ് ഫോമുകള്‍ വഴിയും നമുക്ക് മുന്നിലേക്കെത്തുന്ന വിവരങ്ങളെ പുതിയ കാലത്ത് ഒന്നുകൂടി വിശകലനം ചെയ്യേണ്ടി വരും. അത് ആരുടേയും തെറ്റാണെന്ന് പറയാന്‍ പറ്റില്ല. മനുഷ്യനെ യന്ത്രങ്ങളും നിര്‍മിത ബുദ്ധിയും നിയന്ത്രിക്കുന്ന വല്ലാത്തൊരു കാലത്തിലൂടെയാണ് നമ്മള്‍ കടന്നുപോകുന്നത് എന്നത് കൊണ്ടാണത്. എന്റെ സത്യം നിങ്ങളുടെ സത്യമാണോ എന്ന ചോദ്യം വന്നാല്‍ പല സ്ഥലങ്ങളില്‍, പല സന്ദര്‍ഭങ്ങളില്‍ നമുക്ക് ഉത്തരം മുട്ടിപ്പോകും. പുതുമയില്‍ മാത്രമാണ് ഓരോ വ്യക്തികള്‍ക്കും ഇന്ന് താത്പര്യം. ആരാണോ ആ പുതുമയില്‍ നിന്ന് മാറി നടക്കാന്‍ ആഗ്രഹിക്കുന്നത് അവര്‍ ഔട്ട്ഡേറ്റഡ് ആയിപ്പോകും എന്നതാണ് യാഥാര്‍ഥ്യം. അതുകൊണ്ട് തന്നെയാണ് പുതുമയുടെ ട്രെന്‍ഡിന് അനുസരിച്ച് സത്യങ്ങളും മാധ്യമങ്ങളും, എന്തിന് ജുഡീഷ്യറി പോലും മാറിപ്പോവുന്നത്. എ.ഐ അല്ലെങ്കില്‍ നിര്‍മിത ബുദ്ധി നല്‍കുന്നതാണ് ഏറ്റവും പരമമായ കാര്യമെന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ മാറിപ്പോയിരിക്കുന്നു. ഇവിടെ നിതാന്ത ജാഗ്രത ആവശ്യമുണ്ട്.
നിര്‍മിതബുദ്ധിയെ മാറ്റിനിര്‍ത്തിയുള്ള ഒരു ജീവിതം നമുക്ക് സാധ്യമാണോ എന്ന് ചോദിച്ചാല്‍ ഇല്ല എന്നു തന്നെ പറയേണ്ടി വരും. പക്ഷേ, മനുഷ്യന്‍ നിര്‍മിച്ച നിര്‍മിതബുദ്ധി മനുഷ്യനെ തന്നെ നിയന്ത്രിക്കുന്നതില്‍ നിന്ന് അകലം പാലിച്ചേ മതിയാവൂ. ഒരു കാലത്ത് നമ്മള്‍ ഉപയോഗിച്ചിരുന്ന കാല്‍ക്കുലേറ്റര്‍ ഒരു നിര്‍മിത ബുദ്ധിയായിരുന്നില്ലേ എന്ന് നമുക്ക് തോന്നാം. അങ്ങനെ വരുമ്പോള്‍ എ.ഐ ഒരു പുതിയ കാര്യമല്ലെന്ന് വേണമെങ്കില്‍ പറയാം. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഒരു പുതിയ കാര്യമല്ലെങ്കില്‍ പോലും സത്യത്തെ പറ്റി സംസാരിക്കുന്ന സമയത്ത് നിര്‍മിത ബുദ്ധി എങ്ങനെ പ്രവര്‍ത്തിക്കുന്നുവെന്ന് നമ്മള്‍ ഓരോരുത്തരും മനസ്സിലാക്കണം. പ്രത്യേകിച്ച് യുവജനങ്ങള്‍. കാരണം ഒരു കാര്യം പറയുമ്പോള്‍ അത് യഥാര്‍ഥത്തില്‍ എന്താണ് അര്‍ഥമാക്കുന്നത് എന്ന് മനസ്സിലാക്കാന്‍ ബുദ്ധിമുട്ടുള്ള കാലമാണ് വരുന്നത്. എന്തുകൊണ്ട് ഇത് സത്യമാകുന്നുവെന്ന് നമ്മള്‍ കാര്യമായി അന്വേഷിക്കേണ്ടിയിരിക്കുന്നു.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ ഒരു തമാശ എന്താണെന്ന് വെച്ചാല്‍ സാധാരണഗതിയില്‍ വളരെ വേഗത്തില്‍ യാഥാര്‍ഥ്യമെന്ന് തോന്നിക്കുന്ന വിവരങ്ങള്‍ നമുക്ക് മുന്നിലേക്കെത്തുന്നു. അത് പലപ്പോഴും വലിയ വിവരങ്ങളൊന്നുമാവില്ല. പക്ഷേ, അതാണ് സത്യമെന്ന് നമ്മള്‍ വിശ്വസിച്ചുപോവുന്നു. മുന്നിലെത്തുന്നത് സത്യമാണോ തെറ്റായ വിവരമാണോ എന്ന് വിലയിരുത്താനുള്ള സമയം ലഭിക്കുന്നില്ല. അങ്ങനെ വിലയിരുത്താന്‍ നിന്നാല്‍ പുതുമയില്‍ നിന്ന് നമ്മള്‍ പുറത്തുപോവേണ്ടി വരുമെന്ന ഭയം ഇന്ന് എല്ലാവര്‍ക്കുമുണ്ട്. മനുഷ്യന് എന്തിനും പുതുമ വേണം. സത്യത്തിന് അപ്പുറം അതിന് മാത്രമാണ് ഊന്നല്‍ നല്‍കുന്നത്. ഇങ്ങനെയുള്ള ബിറ്റുകളായുള്ള വിവരങ്ങള്‍ നമ്മുടെ വിരല്‍തുമ്പിന്‍ മുന്നിലേക്കെത്തിക്കുന്ന വലിയ ടീം വര്‍ക്ക് തന്നെ ലോകത്ത് നടക്കുന്നുണ്ട് എന്നത് എത്രപേര്‍ക്കറിയാം. കൊടുക്കുന്ന വിവരങ്ങള്‍ അത്രയും ഒറിജിനല്‍ ആണെന്ന് തോന്നിപ്പിക്കുക എന്നതിൽ മാത്രമാണ് അവരുടെ വിജയം. അതില്‍ വസ്തുതകള്‍ ഉണ്ടാവണമെന്നില്ല.
പുതുമ, വിവാദം, അല്ലെങ്കില്‍ വിദ്വേഷം ഇതെല്ലാം അതില്‍ വരുന്ന തത്വമാണ്. ഇതാണ് എന്താണ് വാര്‍ത്ത അല്ലെങ്കല്‍ സത്യം എന്ന് തീരുമാനിക്കുന്നത്. അത് നീതിന്യായ നിര്‍വഹണത്തിലും സംഭവിക്കുന്നുണ്ട്. സത്യത്തെ ഏററവും പരമമായി കാണേണ്ട ഇടമാണ് കോടതി. എന്നാല്‍ ഇന്ന് സത്യത്തേക്കാള്‍ പ്രാധാന്യം അഭിപ്രായങ്ങള്‍ക്കാണ്. ഇതിനെയാണ് സിന്തറ്റിക് പ്രസ് എന്നു പറയുന്നത്. സിന്തറ്റിക് ഡ്രഗ്‌സ് എന്നതിന് സമാനമാണ് സിന്തറ്റിക് പ്രസ് എന്നതും. വിവരങ്ങളും സത്യങ്ങളും മെഷീന്‍ ഉത്പാദിപ്പിക്കുന്ന തരത്തിലേക്ക് പുതിയ കാലം മാറിപ്പോയിരിക്കുന്നു. ഇത് കോടതിയിലും പ്രധാന ടൂള്‍ ആയി നിയമജ്ഞര്‍ ഉപയോഗിക്കുന്നു. എന്റെ മുന്നിലും ഇത്തരം കാര്യങ്ങളെത്തിയിട്ടുണ്ട്. അതിനെ ഞാന്‍ നല്ല രീതിയില്‍ കളിയാക്കിയിട്ടുണ്ട്.
വക്കീലന്‍മാര്‍ പോലും ഇത്തരം വിവരങ്ങളാണ് വാദിക്കാനായി കൊണ്ടുവരുന്നത്. അപ്പോള്‍ വാട്സാപ്പ് യൂണിവേഴ്സിറ്റിയില്‍ നടക്കുന്ന കാര്യങ്ങളല്ല ഇവിടെ വേണ്ടതെന്ന് പലപ്പോഴും ഞാന്‍ അവരോട് പറഞ്ഞിട്ടുണ്ട്. ചില വാദങ്ങളൊക്കെ കാണുമ്പോള്‍ ഞെട്ടിപ്പോവും. വാതോരാതെ വാദിക്കുന്നതൊക്കെ കാണുമ്പോള്‍ തോന്നും വലിയ ഗവേഷണം നടത്തിയാണ് ഇവര്‍ വാദിക്കാനെത്തുന്നതെന്ന്. എന്നാല്‍ സത്യമെന്താണെന്ന് വെച്ചാല്‍ രണ്ട് മിനിറ്റ് മുമ്പെ വാട്സ് ആപ്പില്‍ വന്ന കാര്യമായിരിക്കും അവര്‍ പ്രധാന ടൂളായി കൊണ്ടുവന്നിട്ടുണ്ടാവുക. വാട്സ് ആപ്പ് എന്താണോ പറഞ്ഞത് അതാണ് അവരുടെ ഏറ്റവും വലിയ വിവരം. ചിത്രങ്ങളെ പോലും വിശ്വസിക്കാന്‍ പറ്റാത്ത കാലമാണിന്ന്. പണ്ട് പറയുക ചിത്രങ്ങള്‍ ആയിരം വാക്കുകളുടെ കഥ പറയുമെന്നാണ്. എന്നാല്‍ ഇന്നത് പറയാന്‍ കഴിയുമോ? കുംഭമേളയില്‍ വരുന്ന ട്രംപിന്റെ ചിത്രം പുറത്ത് വരുന്നു. ഡാന്‍സ് ചെയ്യുന്ന പ്രധാനമന്ത്രിയുടെ ചിത്രങ്ങള്‍ വരുന്നു. എന്താണ് അവസ്ഥ. അവര്‍ അറിയുകപോലും ചെയ്യാത്ത കാര്യമാണത്. ഇതാണ് പുതിയ കാലം. എന്തിന് വിദഗ്ധര്‍ക്ക് പോലും തിരിച്ചറിയാന്‍ കഴിയാത്ത രീതിയിലാണ് കാര്യങ്ങള്‍ പോവുന്നത്.

കാലിക്കറ്റ് പ്രസ് ക്ലബിൽ ഐ.സി.ജെ. അലുംനൈ നെറ്റ് വർക്ക് ഒരുക്കിയ ചടങ്ങിൽ 'സത്യം വിചാരണ ചെയ്യപ്പെടുബോൾ: നിർമ്മിത ബുദ്ധിക്കാലത്തെ ജുഡീഷ്യറിയും മാധ്യമങ്ങളും' എന്ന വിഷയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ പ്രഭാഷണം നടത്തുന്നു. ഉമ്മർ പുതിയോട്ടിൽ, പി.എസ്. രാകേഷ്, പി.കെ.സജിത്ത്, പി.വി. അരവിന്ദൻ എന്നിവർ സമീപം | ഫോട്ടോ: കെ.കെ. സന്തോഷ് / മാതൃഭൂമി
കോടതികളില്‍ എത്രയോ കേസുകള്‍ ഇന്ന് കെട്ടിക്കിടക്കുന്നുണ്ട്. അതിനെയെല്ലാം നിര്‍മിത ബുദ്ധിയുടെ സഹായത്തോടെ പരിഹരിച്ചുകൂടെ എന്ന ചോദ്യവും ഉയരുന്നുണ്ട്. പക്ഷേ, കേസുകള്‍ കൂടാന്‍ കാരണം ജനങ്ങള്‍ ഈ സിസ്റ്റത്തില്‍ വിശ്വസിക്കുന്നത് കൊണ്ടാണ്. ഏതെങ്കിലും കാലത്ത് നീതി ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നത് കൊണ്ടാണ്. ഈ സിസ്റ്റമെന്ന് പറയുന്നത് ഞാനോ നിയമവിദഗ്ദ്ധരോ അല്ല. സിസ്റ്റമെന്നത് ജനങ്ങളാണ്. അത് ജനങ്ങള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശമാണ്. നമ്മുടെ സമ്പ്രദായത്തില്‍ ജനങ്ങളാണ് ഏറ്റവും വലിയ പരമാധികാരി. അല്ലാതെ എനിക്കോ നിയമവിദഗ്ദ്ധര്‍ക്കോ ഭരണഘടന ഒരു അധികാരവും നല്‍കിയിട്ടില്ല, പകരം ഉത്തരവാദിത്വം മാത്രമാണ് നല്‍കിയിരിക്കുന്നത്. അങ്ങനെ വരുമ്പോള്‍ എന്റെ മുന്നില്‍ ജനങ്ങളും ജനങ്ങളും തമ്മിലുളള പ്രശ്നമാണ് വരുന്നത്. അല്ലാതെ ജനങ്ങളും യന്ത്രങ്ങളും തമ്മിലുള്ള പ്രശ്നമല്ല. കോടതിയില്‍ പ്രതീക്ഷയര്‍പ്പിക്കുന്ന ഒരാള്‍ക്ക് പോലും യന്ത്രങ്ങള്‍ അല്ലെങ്കില്‍ ഒരു നിര്‍മിത ബുദ്ധി കമ്പ്യൂട്ടര്‍ വിധി പറയുന്നത് ഇഷ്ടമാവുമോ. ഇല്ല എന്ന് നമുക്ക് ഉറപ്പിച്ച് പറയാം. കാരണം ഒരു മനുഷ്യന്‍ വിധി പറയുന്നതിലേക്കാള്‍ ഒട്ടും സുഖകരമായിരിക്കില്ല ഒരു കമ്പ്യൂട്ടര്‍ വിധി പറയുക എന്നത് തന്നെയാണ് ഇതിന് കാരണം.
എച്ച്.ഐ (ഹ്യൂമണ്‍ ഇന്റലിജന്‍സ്) ആണ് എ.ഐ (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിനെ) നിര്‍മിച്ചിരിക്കുന്നത്. അല്ലാതെ എ.ഐ അല്ല മനുഷ്യനെ നിര്‍മിച്ചിരിക്കുന്നത് എന്ന ലളിതമായ കാര്യങ്ങള്‍ മനസ്സിലാക്കിയാല്‍ മതി-അപ്പോള്‍ തീരാവുന്നതേയുള്ളൂ പ്രശ്നം. വെറും ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സുമായി ജീവിക്കാന്‍ തുടങ്ങിയാല്‍ ചിലപ്പോള്‍ സത്യത്തെ നമ്മള്‍ മാറ്റി നിര്‍ത്തേണ്ടി വരും. ആരോ ചോദിച്ചു കോടതിയില്‍ കെട്ടിക്കിടക്കുന്ന കേസുകളെ കമ്പ്യൂട്ടര്‍ വഴി പരിഹരിക്കാന്‍ കഴിയില്ലേ എന്ന്. ഏറ്റവും സങ്കീര്‍ണമായ ഒരു കാര്യം നിങ്ങള്‍ ടൈപ്പ് ചെയ്ത് നോക്കൂ, നിങ്ങള്‍ക്ക് ഒരു ഉത്തരം കമ്പ്യൂട്ടര്‍ നല്‍കും. പക്ഷേ, എന്താണ് വ്യത്യാസമെന്ന് ചോദിച്ചാല്‍ നിങ്ങള്‍ക്ക് ഒറ്റ ഉത്തരം മാത്രമേ ലഭിക്കുകയുള്ളൂവെന്നതാണ്. എന്നാല്‍ ഇക്കാര്യം നിങ്ങള്‍ മനുഷ്യനോട് ചോദിച്ചു നോക്കൂ. നമുക്ക് ഏറ്റവും കുറഞ്ഞത് പത്ത് ഉത്തരമെങ്കിലും കിട്ടും. എനിക്ക് ആ കേസിന്റെ പത്ത് വ്യത്യസ്തമായ വഴികളിലൂടെ അതിനെ വിശകലം ചെയ്യാന്‍ സാധിക്കും. കാരണം മനുഷ്യ ബുദ്ധിയെന്നുള്ളത് അത് മനുഷ്യ മസ്തിഷ്‌കത്തിലെ പ്രവര്‍ത്തനത്തിന്റെ ഭാഗമായുള്ളതാണ്. ഒരിക്കലും ഒരു മെഷീന്‍ ബുദ്ധിയില്‍ പ്രവര്‍ത്തിക്കുന്നതല്ല. നമ്മള്‍ ഒരു അല്‍ഗോരിതം അടിസ്ഥാനമാക്കിയല്ല കാര്യങ്ങളെ മനസ്സിലാക്കുന്നത്. അതിനേക്കാള്‍ എത്രയോ മുമ്പേയുള്ളവരാണ്. മെഷീന്‍ ഏതെങ്കിലും ഒരു കാര്യത്തെ അടിസ്ഥാനമാക്കി ജോലി ചെയ്യുമ്പോള്‍ ഒരേ സമയം ലക്ഷക്കണക്കിന് കാര്യങ്ങളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവരാണ് മനുഷ്യര്‍.
ഒരു മനുഷ്യ ശരീരത്തിന്റെ എല്ലാ നീക്കങ്ങളെയും നിയന്ത്രിക്കുന്നതാണ് തലച്ചോറ്. അപ്പോള്‍ അതിനപ്പുറമുള്ള ഒരു വിശ്വാസ്യതയും യന്ത്രങ്ങള്‍ക്ക് ലഭിക്കില്ല. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഇല്ലാതെ മുന്നോട്ടുപോവാനാവുമോ എന്ന ചോദിച്ചാല്‍ ഇല്ല എന്ന് പറയാമെങ്കിലും അത് നമ്മളെ സപ്പോര്‍ട്ട് ചെയ്യുന്നതാവണം. അല്ലാതെ എ.ഐ നമ്മളെ നിയന്ത്രിക്കുന്ന തരത്തിലേക്ക് പോവരുത്.
ഇന്ന് എന്റെ മുന്നിലിരിക്കുന്ന ആരെങ്കിലും ഏതെങ്കിലും മോശമായ വ്യക്തിയോടൊപ്പം ഇരിക്കുന്ന ഫോട്ടോ നമ്മുടെ മുന്നിലെത്തിയാല്‍ അത് ശരിയാണോ എന്ന് ഉറപ്പിക്കാന്‍ പോലും കഴിയുന്നതിന് മുമ്പെ പൊതുമധ്യത്തിലേത്താന്‍ സാധ്യതയുണ്ട്. അത് ശരിയായ കാര്യമല്ലെങ്കില്‍ അവര്‍ക്കുണ്ടാക്കുന്ന നഷ്ടം എത്രയായിരിക്കും. കുറെ ദിവസം കഴിഞ്ഞ് അത് ശരിയായ ചിത്രമായിരുന്നില്ലെന്ന് പറഞ്ഞ് വീണ്ടും ഒരുപക്ഷേ, വാര്‍ത്തയും ചിത്രവും വരാം. പക്ഷേ, അത് ആരും കാണണമെന്നില്ല. നിങ്ങളെ ആരും മനസ്സിലാക്കണമെന്നുമില്ല. കാരണം അപ്പോഴേക്കും നിങ്ങള്‍ അസത്യത്തിന്റെ വലിയ പടുകുഴിയില്‍ വീണ് കഴിഞ്ഞിരിക്കും.
നമ്മള്‍ ഇന്ന് ജീവിക്കുന്നത് കൗതുകങ്ങളുടെ ലോകത്താണ്. അതില്ലാതായാല്‍ ഒരുപക്ഷേ, ലോകം തന്നെ നിന്ന് പോവും. ഈ കൗതുകങ്ങളാണ് മനുഷ്യന്റെ ദിനംപ്രതിയുള്ള ജീവിതത്തെ മുന്നോട്ട് കൊണ്ടുപോവുന്നത്. മറ്റൊരാളെ ഉപദ്രവിക്കുന്നത് കാണാന്‍ വലിയ താത്പര്യമാണ് മനുഷ്യന്. എനിക്ക് കുഴപ്പമില്ലല്ലോ എന്ന മാനസികാവസ്ഥയാണ്. ഇതാണ് ട്രോളിംഗ് എന്നതിന്റെ പ്രധാന തത്വം. ഇത് പൊതുവെ ഇന്ന് സമൂഹം അംഗീകരിച്ച കാര്യമാണ്. ഇതില്‍ എത്രമാത്രം സത്യമുണ്ടെന്ന് ആര്‍ക്കും അറിയില്ല.
ഒരു ചിത്രവും അതിന്റെ അടിയില്‍ വാര്‍ത്തയും വന്നുകഴിഞ്ഞാല്‍ അത് ഇന്ന് സത്യമാണ്. ഞാന്‍ എഴുതാത്ത ജഡ്ജ്‌മെന്റില്‍ ഞാന്‍ പറഞ്ഞുവെന്ന് പറഞ്ഞ് വാര്‍ത്തവന്നതിന്റെ ചിത്രം എനിക്ക് തന്നെ കിട്ടിയിട്ടുണ്ട്. എന്നെ വിളിച്ച് തെറിപറഞ്ഞിട്ടുണ്ട്. ഒറ്റക്കാര്യം മനസ്സിലാക്കിയാല്‍ മതി ഇന്നത്തെ സത്യമായിരിക്കില്ല നാളത്തെ സത്യം. ഒരു പെണ്‍കുട്ടിയെ ഒരാള്‍ പീഡിപ്പിച്ചുവെന്ന വിവരം നമ്മുടെ മുന്നിലേക്കെത്തുമ്പോള്‍ നമ്മള്‍ ബാക്കിയെല്ലാം മറക്കും. അയാളെ അടിച്ചുകൊല്ലണമെന്ന ഒറ്റ നിലപാടിലായിരിക്കും. നാളെ ചിലപ്പോള്‍ അങ്ങനെയല്ലായെന്ന് വരാം. അതുകൊണ്ടാണ് മുന്‍വിധിയോടെ ഒരു വിധി പ്രസ്താവത്തിലേക്ക് പോവരുതെന്ന് പറയുന്നത്.
പുതുമ എന്ന ഒരു കാര്യത്തില്‍ നമുക്ക് എത്രകാലം താത്പര്യമുണ്ടോ, അല്ലെങ്കില്‍ മറ്റൊരാളുടെ ജീവിതത്തിലേക്ക് എത്തിനോക്കി സന്തോഷിക്കാന്‍ നമുക്ക് എത്ര ഇഷ്ടമുണ്ടോ അവിടെ സത്യം കുഴിച്ചുമൂടപ്പെടും. കാണുന്നതും കേള്‍ക്കുന്നതും എല്ലാം ശരിയാണ് എന്ന കാലം മാറിപ്പോയിരിക്കുന്നു.
Content Highlights: Justice Devan Ramachandran discusses the challenges of discerning truth in the age of AI
Published: 20 Aug 2025, 12:30 pm IST
ABOUT THE AUTHOR

കെ.പി നിജീഷ് കുമാർ
nijeeshkuttiadi@mpp.co.inRelated Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented