റാനിൽ അകപ്പെട്ട വൈമാനികനെ രക്ഷപ്പെടുത്താനായി വലിയ സന്നാഹങ്ങളാണ് യുഎസ് രംഗത്തിറക്കിയത്. നൂറുകണക്കിന് സൈനികരും ഹെലികോപ്റ്ററുകളും ഡ്രോൺ നിരീക്ഷണവും സൈനിക വിമാനങ്ങളുമടക്കം രംഗത്തിറക്കിയാണ് പൈലറ്റുമാർക്കായുള്ള രക്ഷാപ്രവർത്തനം നടത്തിയത്. ഒരു സൈനികനെ തിരികെ കൊണ്ടുവരാനുള്ള യുഎസ് സൈന്യത്തിന്റെ സമീപകാലത്തുണ്ടായ ഏറ്റവും വലുതും ദുഷ്‌കരവുമായ ദൗത്യമായിരുന്നു അത്. ഇറാനിൽ നടന്ന ഓപ്പറേഷനിൽ തങ്ങളുടെ രണ്ട് എം.സി-130 ജെ വിമാനങ്ങൾ ഇറാന്റെ കൈവശമെത്താതിരിക്കാൻ അമേരിക്ക സ്വയം നശിപ്പിച്ചു. വിമാനങ്ങളേക്കാൾ പൈലറ്റുമാരുടെ ജീവനും ലക്ഷ്യപ്രാപ്തിക്കുമാണ് അമേരിക്ക മുൻഗണന നൽകിയത്. അതേസമയം, ഇത് രക്ഷാദൗത്യം അല്ലായിരുന്നെന്നും ഇറാന്റെ പക്കലുള്ള യുറേനിയം കൈക്കലാക്കാനുള്ള ശ്രമമായിരുന്നുവെന്നും പറയപ്പെടുന്നു.

To advertise here,

ഈ സാഹചര്യത്തിലാണ് 2019-ലെ ബാലാകോട്ട് ഭീകരാക്രമണത്തിന് പ്രതികാരമായി പാകിസ്താനിൽ കടന്നുകയറി നടത്തിയ ആക്രമണസമയത്ത് പാകിസ്താന്റെ പിടിയിലായ വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാനെ തിരികെ എത്തിക്കുന്നതിൽ ഇന്ത്യ നടത്തിയ നീക്കങ്ങൾ വീണ്ടും ചർച്ചയാകുന്നത്. അഭിനന്ദനെ വിട്ടയ്ക്കാൻ പാകിസ്താൻ തീരുമാനിക്കുകയും അത് സംഘർഷം ലഘൂകരിക്കാനുള്ള തങ്ങളുടെ സൗഹൃദപരമായ നീക്കമെന്ന തരത്തിൽ അവതരിപ്പിക്കുകയുമായിരുന്നു അന്നത്തെ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ. അഭിനന്ദൻ വർദ്ധമാന്റെ മോചനം വെറുമൊരു തടവുകാരന്റെ കൈമാറ്റം എന്നതിലുപരി, ആണവായുധങ്ങൾ കൈവശമുള്ള രണ്ട് അയൽരാജ്യങ്ങൾ തമ്മിലുള്ള ശക്തിപ്രകടനത്തിന്റെയും നയതന്ത്ര മേധാവിത്വത്തിന്റെയും പരീക്ഷണശാലയായിരുന്നു.

ദക്ഷിണേഷ്യ അശാന്തമായ രാത്രി

ഇന്ത്യയും പാകിസ്താനും തമ്മിലുള്ള പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന്റെ ഏറ്റവും തീക്ഷ്ണമായ ഘട്ടങ്ങളിലൊന്നായിരുന്നു 2019-ലേത്. ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയിൽ കേന്ദ്ര റിസർവ് പോലീസ് സേനയുടെ (CRPF) വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണമാണ് സംഭവവികാസങ്ങളുടെ തുടക്കം. പാകിസ്താൻ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഭീകരസംഘടനയായ ജയ്‌ഷെ മുഹമ്മദ് (JeM) ഉത്തരവാദിത്തം ഏറ്റെടുത്ത ഈ ചാവേർ ആക്രമണത്തിൽ 40 ഇന്ത്യൻ ജവാന്മാർക്ക് ജീവൻ നഷ്ടപ്പെട്ടു. പതിറ്റാണ്ടുകൾക്കിടയിൽ കശ്മീരിൽ നടന്ന ഏറ്റവും രക്തരൂക്ഷിതമായ ആക്രമണമായി ഇത് വിലയിരുത്തപ്പെട്ടു. ഇന്ത്യൻ പ്രതികരണം കേവലം നയതന്ത്ര തലത്തിൽ ഒതുങ്ങുന്നതായിരുന്നില്ല. ആക്രമണത്തിന് തിരിച്ചടിയായി ഫെബ്രുവരി 26-ന് പുലർച്ചെ 3:30-ഓടെ ഇന്ത്യൻ വ്യോമസേനയുടെ മിറാഷ് 2000 വിമാനങ്ങൾ നിയന്ത്രണരേഖ കടന്ന് പാകിസ്താനിലെ ബാലാകോട്ടിലുള്ള ജയ്‌ഷെ മുഹമ്മദിന്റെ ഏറ്റവും വലിയ പരിശീലന കേന്ദ്രം തകർത്തു. 1971-ലെ യുദ്ധത്തിന് ശേഷം ആദ്യമായാണ് ഇന്ത്യൻ യുദ്ധവിമാനങ്ങൾ പാക് അതിർത്തിക്കുള്ളിലേക്ക് കടന്ന് ഇത്തരമൊരു ആക്രമണം നടത്തുന്നത്. പാകിസ്താൻ സൈന്യം തങ്ങളുടെ ഭാഗത്തുണ്ടായ നാശനഷ്ടങ്ങൾ നിഷേധിക്കുകയും ഇന്ത്യയ്ക്ക് തിരിച്ചടി നൽകുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

തുടർന്ന് ഫെബ്രുവരി 27-ന് രാവിലെ പാകിസ്താൻ വ്യോമസേന ഇന്ത്യൻ വ്യോമാതിർത്തി ലംഘിച്ചു. ജാംഗർ മേഖലയിലൂടെ ഇന്ത്യൻ അതിർത്തിക്കുള്ളിലേക്ക് കടന്ന പാക് വിമാനങ്ങൾ സൈനിക താവളങ്ങളെ ലക്ഷ്യം വെച്ചെങ്കിലും ഇന്ത്യൻ വ്യോമസേനയുടെ പട്രോളിംഗ് വിമാനങ്ങൾ അവയെ തടഞ്ഞു. ഈ പോരാട്ടത്തിനിടയിലാണ് വിങ് കമാൻഡർ അഭിനന്ദൻ വർദ്ധമാൻ പറത്തിയ മിഗ്-21 ബൈസൺ വിമാനം വെടിവെച്ചിടപ്പെട്ടത്.

വിമാനത്തിൽനിന്ന് പാരച്യൂട്ട് വഴി രക്ഷപ്പെട്ട അഭിനന്ദൻ ചെന്നിറങ്ങിയത് പാക് അധീന കശ്മീരിലെ ഹോറാൻ ഗ്രാമത്തിലായിരുന്നു. അഭിനന്ദന്റെ പാരച്യൂട്ടിലെ ഇന്ത്യൻ പതാക കണ്ടതോടെ തദ്ദേശവാസികൾ അദ്ദേഹത്തെ വളഞ്ഞു. താൻ എവിടെയാണെന്ന് അദ്ദേഹം അന്വേഷിച്ചപ്പോൾ ഗ്രാമവാസികളിലൊരാൾ അത് ഇന്ത്യയാണെന്ന് കള്ളം പറഞ്ഞു. ഇതോടെ അഭിനന്ദൻ 'ഭാരത് മാതാ കീ ജയ്' എന്ന് വിളിച്ചെങ്കിലും നാട്ടുകാർ 'പാകിസ്താൻ സിന്ദാബാദ്' എന്ന് തിരിച്ചടിക്കുകയും അദ്ദേഹത്തെ ആക്രമിക്കാൻ മുതിരുകയും ചെയ്തു. തുടർന്ന് അദ്ദേഹം ആകാശത്തേക്ക് വെടിവെച്ച് ഓടി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും ജനക്കൂട്ടം അദ്ദേഹത്തെ പിടികൂടി കൈയേറ്റം ചെയ്തു. വൈകാതെ പാക് സൈനികർ സ്ഥലത്തെത്തുകയും അഭിനന്ദനെ തങ്ങളുടെ കസ്റ്റഡിയിലേക്ക് മാറ്റുകയും ചെയ്തു.

അഭിനന്ദൻ പിടിക്കപ്പെട്ടതിന് പിന്നാലെ പാകിസ്താൻ അദ്ദേഹത്തിന്റെ വീഡിയോകൾ പുറത്തുവിട്ടത് വലിയ വിവാദങ്ങൾക്കാണ് വഴിവെച്ചത്. കണ്ണുകെട്ടിയ നിലയിൽ രക്തം പുരണ്ട മുഖവുമായി നിൽക്കുന്ന അഭിനന്ദന്റെ ദൃശ്യങ്ങൾ ജനീവ കൺവെൻഷന്റെ ലംഘനമാണെന്ന് ഇന്ത്യ ആരോപിച്ചു. എന്നാൽ, പിന്നീട് പുറത്തുവന്ന വീഡിയോകളിൽ പാക് സൈനിക ഉദ്യോഗസ്ഥരോട് ശാന്തനായി സംസാരിക്കുന്നതും ചായ കുടിക്കുന്നതും കാണാമായിരുന്നു. ഇതിനിടയിൽ തനിക്ക് നൽകിയ ചായ 'ഫന്റാസ്റ്റിക്' ആണെന്ന് അദ്ദേഹം പറഞ്ഞത് പിന്നീട് പാകിസ്താൻ വലിയ പ്രചരണായുധമായി ഉപയോഗിച്ചു. ഫെബ്രുവരി 28-ന് പാകിസ്താൻ പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പാക് പാർലമെന്റിന്റെ സംയുക്ത സമ്മേളനത്തിൽ അഭിനന്ദനെ വിട്ടയക്കുമെന്ന് പ്രഖ്യാപിച്ചു.

ഇതൊരു സമാധാന നീക്കം ആണെന്നാണ് പാകിസ്താൻ അവകാശപ്പെട്ടത്. ഇന്ത്യയുമായുള്ള സംഘർഷം ലഘൂകരിക്കാനും സമാധാന ചർച്ചകൾക്ക് തുടക്കമിടാനുമുള്ള നല്ല ഉദ്ദേശ്യത്തോടെയാണ് ഈ തീരുമാനമെന്ന് ഇമ്രാൻ ഖാൻ പറഞ്ഞു. പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകളാണ് പാകിസ്താന്റെ നീക്കത്തിന് പിന്നിലെ അണിയറക്കഥകൾ പുറത്തുകൊണ്ടുവന്നത്.

അഭിനന്ദന്റെ മോചനത്തിനായി ഇന്ത്യ ഒരു തരത്തിലുള്ള ചർച്ചകൾക്കോ നിബന്ധനകൾക്കോ തയ്യാറായിരുന്നില്ല. അദ്ദേഹത്തെ നിരുപാധികം വിട്ടയക്കണമെന്നായിരുന്നു ഇന്ത്യയുടെ കർക്കശമായ നിലപാട്. പാകിസ്താന്റെ മേൽ ഇന്ത്യ ചെലുത്തിയ സമ്മർദ്ദങ്ങൾ കേവലം നയതന്ത്ര തലത്തിൽ മാത്രമായിരുന്നില്ല, മറിച്ച് സായുധ സേനകളെ ഏകോപിപ്പിച്ചുകൊണ്ടുള്ള വലിയൊരു കരുനീക്കമായിരുന്നു.

ഇന്ത്യയുടെ സന്നാഹങ്ങൾ, വിറച്ചുപോയ പാകിസ്താൻ

ഫെബ്രുവരി 27-ന് രാത്രി ദക്ഷിണേഷ്യൻ ചരിത്രത്തിലെ ഏറ്റവും ഭയാനകമായ നിമിഷങ്ങളിലൊന്നായിരുന്നുവെന്ന്‌ പിന്നീട് പുറത്തുവന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. അഭിനന്ദൻ പാകിസ്താന്റെ പിടിയിലായ ഉടനെ ഇന്ത്യൻ നാവികസേന തങ്ങളുടെ ഏറ്റവും വലിയ പരിശീലന പരിപാടിയായ 'ട്രോപെക്‌സ് 19' (TROPEX 19) നിർത്തിവെച്ച് യുദ്ധസജ്ജമായി വിന്യസിക്കപ്പെട്ടു. വിമാനവാഹിനിക്കപ്പലായ ഐ.എൻ.എസ് വിക്രമാദിത്യ, ആണവ അന്തർവാഹിനിയായ ഐ.എൻ.എസ് ചക്ര എന്നിവയുൾപ്പെടെയുള്ള 60-ഓളം യുദ്ധക്കപ്പലുകൾ പാകിസ്താൻ തീരത്തിനടുത്തുള്ള നോർത്ത് അറേബ്യൻ കടലിലേക്ക് മാറ്റി വിന്യസിച്ചു. ഈ നീക്കം പാകിസ്താൻ നാവികസേനയെ കടുത്ത സമ്മർദ്ദത്തിലാക്കി.

ഇന്ത്യൻ കപ്പലുകളുടെ വിന്യാസം കണ്ടതോടെ പാക് നാവികസേനയ്ക്ക് തങ്ങളുടെ തീരപ്രദേശമായ മക്രാൻ തീരത്തേക്ക് ചുരുങ്ങേണ്ടി വന്നു. ഇന്ത്യ വിവിധ മിസൈലുകൾ പാകിസ്താന്റെ വിവിധ കേന്ദ്രങ്ങളിലേക്ക് തൊടുക്കാൻ തയ്യാറാക്കി നിർത്തിയ വിവരം പാക് രഹസ്യാന്വേഷണ ഏജൻസിയായ ഐ.എസ്.ഐയ്ക്ക്  ലഭിച്ചു. ഇന്ത്യ ആക്രമണം നടത്താൻ പോകുന്നുവെന്ന വിവരം പാക് വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി സ്ഥിരീകരിച്ചതോടെ പാക് ഭരണകൂടം പരിഭ്രാന്തരായി. ഈ സൈനിക സമ്മർദ്ദം ലഘൂകരിക്കാനാണ് അഭിനന്ദനെ വിട്ടയക്കാനുള്ള തീരുമാനം വേഗത്തിൽ കൈക്കൊണ്ടതെന്നാണ് പിന്നീട് വന്ന വെളിപ്പെടുത്തൽ സ്ഥിരീകരിക്കുന്നത്.

അയാസ് സാദിഖിന്റെ വെളിപ്പെടുത്തലുകൾ: പാക് ഭരണകൂടത്തിലെ വിള്ളലുകൾ

അഭിനന്ദന്റെ മോചനത്തിന് പിന്നിലെ പാകിസ്താന്റെ പരിഭ്രാന്തി പുറംലോകത്തെ അറിയിച്ചത് പാകിസ്താൻ മുസ്ലീം ലീഗ്(നവാസ്) നേതാവ് അയാസ് സാദിഖാണ്. 2020 ഒക്ടോബറിൽ പാക് പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗം ഇന്നും ചർച്ച ചെയ്യപ്പെടുന്നു. 2019 ഫെബ്രുവരിയിലെ ആ നിർണ്ണായക യോഗത്തെക്കുറിച്ച് അദ്ദേഹം നടത്തിയ വിവരണം ഇങ്ങനെയായിരുന്നു: അഭിനന്ദനെ വിട്ടയക്കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കാൻ ചേർന്ന ഉന്നതതല യോഗത്തിൽ പാക് സൈനിക മേധാവി ജനറൽ ബജ്വ പങ്കെടുത്തു. അദ്ദേഹത്തിന്റെ കാലുകൾ വിറയ്ക്കുന്നുണ്ടായിരുന്നുവെന്നും അദ്ദേഹം അമിതമായി വിയർക്കുന്നുണ്ടായിരുന്നുവെന്നും അയാസ് സാദിഖ് വെളിപ്പെടുത്തി. വിദേശകാര്യമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷി ഈ യോഗത്തിലേക്ക് വന്ന്, 'ദൈവത്തെയോർത്ത് അഭിനന്ദനെ വിട്ടയക്കൂ, അല്ലെങ്കിൽ രാത്രി ഒൻപത് മണിക്ക് ഇന്ത്യ ആക്രമിക്കും' എന്ന് പറഞ്ഞതായും അദ്ദേഹം കൂട്ടിചേർത്തു. പ്രധാനമന്ത്രി ഇമ്രാൻ ഖാൻ ഈ യോഗത്തിൽ പങ്കെടുക്കാൻ തയ്യാറായില്ലെന്നും സാദിഖ് ആരോപിക്കുന്നുണ്ട്. ഈ വെളിപ്പെടുത്തലുകൾ പാകിസ്താനിൽ വലിയ രാഷ്ട്രീയ കൊടുങ്കാറ്റിന് കാരണമായി. അയാസ് സാദിഖിനെതിരെ രാജ്യദ്രോഹ കുറ്റം ചുമത്തണമെന്നും അദ്ദേഹം ഇന്ത്യൻ ഏജന്റാണെന്നും ഭരണകക്ഷി ആരോപിച്ചു. എന്നാൽ, താൻ സത്യമാണ് പറഞ്ഞതെന്നും ഇന്ത്യയുടെ മുന്നിൽ മുട്ടുമടക്കിയ ഭരണകൂടത്തിന്റെ ദൗർബല്യമാണ് ആ പ്രവൃത്തി വെളിപ്പെടുത്തിയതെന്നും അദ്ദേഹം ആവർത്തിച്ചു.

ഇന്ത്യയും ഈ വെളിപ്പെടുത്തലുകളെ ശരിവയ്ക്കുന്ന രീതിയിലുള്ള പ്രതികരണമാണ് നൽകിയത്. അഭിനന്ദനെ മോചിപ്പിക്കാൻ ഇന്ത്യ ശക്തമായ സൈനിക നീക്കങ്ങളും നയതന്ത്ര സമ്മർദ്ദവും പ്രയോഗിച്ചിരുന്നുവെന്ന് മുൻ വ്യോമസേന മേധാവി എയർ ചീഫ് മാർഷൽ ബി.എസ്. ധനോവ വ്യക്തമാക്കിയിട്ടുണ്ട്.

2019 മാർച്ച് ഒന്നിന് രാത്രി 9.15-നാണ്‌ അഭിനന്ദൻ വർദ്ധമാനെ വാഗ-അട്ടാരി അതിർത്തിയിൽവെച്ച് ഇന്ത്യയ്ക്കു കൈമാറിയത്. ആയിരക്കണക്കിന് ആളുകളാണ് ദേശീയ പതാകകളുമായി അദ്ദേഹത്തെ സ്വീകരിക്കാൻ അതിർത്തിയിൽ എത്തിയത്. ഇന്ത്യയിൽ തിരിച്ചെത്തിയ അദ്ദേഹത്തെ ഡൽഹിയിലേക്ക് കൊണ്ടുപോവുകയും വിശദമായ മെഡിക്കൽ പരിശോധനകൾക്കും ഡീബ്രീഫിംഗിനും വിധേയനാക്കുകയും ചെയ്തു. അദ്ദേഹത്തിന്റെ വാരിയെല്ലിന് ഒടിവുണ്ടായതായും ദേഹമാസകലം ചതവുകൾ ഉള്ളതായും കണ്ടെത്തി. പാകിസ്താൻ തന്നെ ശാരീരികമായി ഉപദ്രവിച്ചില്ലെങ്കിലും കടുത്ത മാനസിക പീഡനത്തിന് ഇരയാക്കിയെന്ന് അദ്ദേഹം വെളിപ്പെടുത്തി. അഭിനന്ദന്റെ മോചനം ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാരിന്റെ വലിയ നയതന്ത്ര വിജയമായി ആഘോഷിക്കപ്പെട്ടു. അദ്ദേഹത്തിന് രാജ്യത്തെ മൂന്നാമത്തെ വലിയ സൈനിക ബഹുമതിയായ വീരചക്ര നൽകി രാജ്യം ആദരിച്ചു. അതേസമയം, പാകിസ്താനിൽ ഈ സംഭവം ആഭ്യന്തര രാഷ്ട്രീയപ്പോരിനു കാരണമായി. ഇമ്രാൻ ഖാൻ സർക്കാർ ഇന്ത്യയ്ക്ക് മുന്നിൽ കീഴടങ്ങിയെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, പാകിസ്താൻ തങ്ങളുടെ സമാധാനപരമായ നിലപാടിലൂടെ ആഗോള തലത്തിൽ കൈയടി നേടിയെന്നാണ് ഭരണപക്ഷം അവകാശപ്പെട്ടത്.

അഭിനന്ദൻ പാക് മണ്ണിൽ വീണപ്പോഴും, ഇന്ത്യയുടെ ശ്രദ്ധ നയതന്ത്ര സമ്മർദ്ദത്തിലൂടെ അദ്ദേഹത്തെ തിരികെ എത്തിക്കുന്നതിലായിരുന്നു. ഉയർന്ന തലത്തിലുള്ള സൈനിക പ്രതിസന്ധികളും പൈലറ്റുമാരുടെ മോചനവും കൈകാര്യം ചെയ്യുന്നതിൽ ഇന്ത്യ പുലർത്തിയ നിശ്ചയദാർഢ്യമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

ഇറാനിൽ യുഎസ് സൈനികൻ അകപ്പെട്ടതും അഭിന്ദൻ വർദ്ധമാൻ പാക് മണ്ണിൽ അകപ്പെട്ടതും സമാനമായ സാഹചര്യങ്ങളിൽ ആണെങ്കിലും ഇവയിൽ മൗലികമായ ചില വ്യത്യാസങ്ങൾ നിലനിൽക്കുന്നുണ്ട്. ഇന്ത്യയും പാകിസ്താനും ആണവായുധം കൈവശമുള്ള രാജ്യങ്ങളാണ്. അതിനാൽ ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷങ്ങൾ അവസാനിപ്പിക്കാൻ മറ്റ് രാജ്യങ്ങൾ വളരെ പെട്ടെന്ന് മധ്യസ്ഥതയ്ക്കായി ഇടപെടും. എന്നാൽ, ഇറാനും യുഎസും തമ്മിൽ അത്തരമൊരു സാഹചര്യമില്ല. സൈനികമായി ഇറാനേക്കാൾ ശക്തമാണ് അമേരിക്ക. ലോകത്തെവിടെയും ചെന്ന് യുദ്ധം ചെയ്യാനുള്ള ശേഷി അവർക്കുണ്ട്. അതിനുള്ള ലോജിസ്റ്റിക്, അടിസ്ഥാന സൗകര്യങ്ങളും അമേരിക്കയ്ക്ക് ഉണ്ട്താനും.

എന്നാൽ, അഭിനന്ദന്റെ മോചനം മേഖലയിലെ മേധാവിത്വ ശക്തി ആണെന്ന ഇന്ത്യയുടെ സ്ഥാനം ഒന്നുകൂടി അരക്കിട്ട് ഉറപ്പിക്കുന്നതായിരുന്നു. ഇന്ത്യയുടെ പ്രതിരോധ നയത്തിൽ വന്ന മാറ്റത്തെയും സൈനികമായ മേധാവിത്വത്തെയും ആഗോളതലത്തിൽ ഉറപ്പിക്കാൻ ഈ സംഭവം സഹായിച്ചു. ഉപഭൂഖണ്ഡത്തിൽ ആണവയുദ്ധത്തിന്റെ നിഴലിൽ പോലും നയതന്ത്രപരവും സൈനികവുമായ സമ്മർദ്ദങ്ങളിലൂടെ തങ്ങളുടെ താല്പര്യങ്ങൾ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് കഴിയുമെന്ന് അഭിനന്ദന്റെ മോചനം തെളിയിച്ചു.