കോഴിക്കോട്: യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹിപ്പട്ടിക പുറത്തുവന്നതിന് പിന്നാലെ സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി- യുവജന സംഘടനകളില്‍ അതൃപ്തി പരസ്യമാവുന്നു. കെഎസ്‌യു മുന്‍സംസ്ഥാന പ്രസിഡന്റ് കെ.എം. അഭിജിത്തിന് ഭാരവാഹിത്വം നിഷേധിച്ചത് ചൂണ്ടിക്കാട്ടി പ്രതികരണവുമായി പലരും രംഗത്തെത്തി. യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു നേതൃസ്ഥാനങ്ങളിലുള്ള, അഭിജിത്തിനെ അനുകൂലിക്കുന്നവരാണ് പരസ്യവിമര്‍ശനവുമായി എത്തിയത്.
അഭിജിത്തിനെ മാറ്റിനിര്‍ത്തിയവര്‍ അയോഗ്യത കൂടി പറയണം എന്നാണ് സാമൂഹികമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിപ്പിക്കപ്പെടുന്ന പോസ്റ്റുകളിലെ ആവശ്യം. അഭിജിത്ത് കെഎസ്‌യു പ്രസിഡന്റ് ആയിരുന്ന കാലത്തെ സമരങ്ങള്‍ അടക്കം ഓര്‍മപ്പെടുത്തിയാണ് പ്രതികരണങ്ങള്‍ ഏറേയും.
കഴിഞ്ഞദിവസം രാത്രിയോടെയാണ് യൂത്ത് കോണ്‍ഗ്രസ് ദേശീയ ഭാരവാഹികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ബിനു ചുള്ളിയില്‍, ജിന്‍ഷാദ് ജിന്നാസ്, ശ്രീലാല്‍ ശ്രീധര്‍, ഷിബിന വി.കെ. എന്നിവരാണ് സംസ്ഥാനത്തുനിന്ന് ഭാരവാഹിപ്പട്ടികയില്‍ ഇടം പിടിച്ചത്. സംഘടനാ ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ പ്രഖ്യാപിച്ച പട്ടികയില്‍ നാലുപേരും ദേശീയ സെക്രട്ടറി സ്ഥാനത്തേക്കാണ് തിരഞ്ഞെടുക്കപ്പെട്ടത്.
നിലവില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറിമാരാണ് ജിന്‍ഷാദും ശ്രീലാല്‍ ശ്രീധറും. വൈസ് പ്രസിഡന്റാണ് ഷിബിന. മുന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് ബിനു. രാഹുല്‍ മാങ്കൂട്ടത്തില്‍ സംസ്ഥാന പ്രസിഡന്റായ സംഘടനാ തിരഞ്ഞെടുപ്പില്‍ ബിനുവിന്റെ പേരും യൂത്ത് കോണ്‍ഗ്രസ് തലപ്പത്തേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍, അവസാനനിമിഷം ബിനു മത്സരത്തില്‍ പത്രികപോലും നല്‍കാതെ പിന്മാറുകയായിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍ കെ.സി. വേണുഗോപാലിനോട് ചേര്‍ന്നുനില്‍ക്കുന്ന യുവനേതാവാണ് ബിനു. ഷാഫി പറമ്പില്‍- രാഹുല്‍ മാങ്കൂട്ടത്തില്‍ പക്ഷത്തിനൊപ്പമുള്ള നേതാവാണ് ജിന്‍ഷാദ്.
അഭിജിത്തിനുവേണ്ടി സാമൂഹികമാധ്യമങ്ങളില്‍ ശബ്ദം ഉയര്‍ത്തിയവരില്‍ നിലവിലെ കെഎസ്‌യു സംസ്ഥാന വൈസ് പ്രസിഡന്റും ജനറല്‍ സെക്രട്ടറിമാരും മുതല്‍ ജില്ലാ പ്രസിഡന്റുമാര്‍ വരേയുണ്ട്. അഭിജിത്ത് സംസ്ഥാന പ്രസിഡന്റായിരുന്നപ്പോള്‍ കെഎസ്‌യുവിന്റെ വിവിധ ഘടകങ്ങളില്‍ ചുമതലകളുണ്ടായിരുന്ന, നിലവിലെ യൂത്ത് കോണ്‍ഗ്രസ്- കെഎസ്‌യു ഭാരവാഹികളാണ് പരസ്യപ്രതികരണവുമായി രംഗത്തെത്തിയവരില്‍ ഏറേയും.
അതേസമയം, ഭാരവാഹിപ്പട്ടികയില്‍ അവസാനനിമിഷം വരെ അഭിജിത്തിന്റെ പേരുണ്ടായിരുന്നുവെന്നാണ് വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളില്‍ നടന്ന ചര്‍ച്ചകളിലാണ് അഭിജിത്തിന്റെ പേര് വെട്ടിപ്പോയത് എന്ന് സൂചനയുണ്ട്.
Content Highlights: Discontent brews in Kerala Youth Congress after the release of the national committee list
Published: 30 Jul 2025, 11:15 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented