പയ്യന്നൂർ: റെയിൽവേ ഗേറ്റ് കടക്കാൻ ധൃതികാണിച്ചാൽ അപകടം ഉറപ്പ്. പിന്നാലെ വൻ പിഴയുംവരും. വണ്ടി പിടിച്ചെടുക്കും. അടച്ചിട്ട ഗേറ്റും മുന്നറിയിപ്പ് സിഗ്നലും ശ്രദ്ധിക്കാതെ രണ്ടുവർഷം അപകടമുണ്ടാക്കിയത് 92 തവണ. ഗേറ്റ് തകർത്തതും വാഹനം പാളത്തിൽ പ്രവേശിച്ചതും ഉൾപ്പെടെയുള്ള പാലക്കാട് ഡിവിഷന്റെ കണക്കാണിത്. 19.89 ലക്ഷം രൂപ പിഴ ഈടാക്കി. എട്ട്‌ ഡ്രൈവർമാരുടെ ലൈസൻസ് റദ്ദാക്കി.

To advertise here,

അപകടംമുണ്ടാക്കിയ വാഹനം ആർ.പി.എഫ്. പിടിച്ചെടുക്കും. പിന്നീട് കോടതി മുഖാന്തിരം മാത്രമേ വാഹനം ഉടമയ്ക്ക് തിരിച്ചുകിട്ടൂ. 2026 സെപ്റ്റംബർ 23-ന് താഴെ ചൊവ്വ റെയിൽവേ ഗേറ്റ് അടയ്ക്കുന്നതിനിടെ മുറിച്ചുകടക്കാൻ ശ്രമിച്ച ജീപ്പ് പാളത്തിൽ കുടുങ്ങിയിരുന്നു. തലനാരിഴയ്ക്കാണ് ദുരന്തം ഒഴിവായത്.

ഡ്രോണും ക്യാമറയും

ഈ വർഷം ആർ.പി.എഫ്. 174 പൊതുജന ബോധവത്കരണ പരിപാടികൾ നടത്തിയിട്ടും ഗേറ്റിലെ അപകടത്തിന് കുറവില്ല. 46 ഗേറ്റ് അപകടം രജിസ്റ്റർചെയ്തു. റോഡിലെ നീണ്ട ക്യൂവിൽ ഉപയോക്താക്കൾ അശ്രദ്ധമായി പാളം മുറിച്ചുകടന്നപ്പോഴാണ് അപകടം ഏറെയും നടന്നത്. തീവണ്ടി ഗതാഗതത്തിനൊപ്പം റോഡ് ഗതാഗതവും തടസ്സപ്പെട്ടു. വണ്ടി ഇടിച്ച് ഗേറ്റ് തകർന്നാൽ അറ്റകുറ്റപ്പണിക്കായി അടച്ചിടുന്നത് മറ്റൊരു പ്രതിസന്ധിയാണ്.

അപകടത്തിന്റെ പശ്ചാത്തലത്തിൽ ചില ലെവൽ ക്രോസിങ്ങുകളിൽ നിരീക്ഷണ ക്യാമറകൾ സ്ഥാപിച്ചു. തിരക്കേറിയ സമയങ്ങളിൽ ഡ്രോൺ ഉപയോഗിച്ചുള്ള നിരീക്ഷണവും തുടങ്ങി.