
കൊച്ചി: മന്ത്രിസഭാ വകുപ്പ് വിഭജനവും പൂർത്തിയാക്കി സംഘടനയിൽ അടിമുടി പൊളിച്ചെഴുത്തിലേക്ക് നീങ്ങാൻ കോൺഗ്രസ്. കെപിസിസി അധ്യക്ഷൻ ഉൾപ്പെടെ മന്ത്രിയായതോടെ പുനഃസംഘടന അനിവാര്യമായി. അധ്യക്ഷന് പുറമേ രണ്ട് വർക്കിങ് പ്രസിഡന്റുമാരും ഒരു വൈസ് പ്രസിഡന്റും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും വി.ഡി. സതീശൻ മന്ത്രിസഭയിൽ ഇടംനേടി. ഇതോടെ ഈ പദവികളിലെല്ലാം പുതിയ ആളുകളെ കണ്ടെത്തേണ്ടി വരും.
കെപിസിസി അധ്യക്ഷ സ്ഥാനം ലക്ഷ്യമിട്ട് കൊടിക്കുന്നിൽ സുരേഷ് നേരത്തേ നീക്കങ്ങൾ ആരംഭിച്ചു. ബെന്നി ബെഹനാൻ, ആന്റോ ആന്റണി എന്നിവരും അധ്യക്ഷ സ്ഥാനത്തേക്ക് പരിഗണനയിലുണ്ട്. സ്ഥാനാർഥിത്വത്തിലേക്ക് പരിഗണിച്ച് അവസാന നിമിഷം ഒഴിവാക്കപ്പെട്ട ജോസഫ് വാഴക്കന്റെ പേര് രമേശ് ചെന്നിത്തല നിർദേശിച്ചുകഴിഞ്ഞു. യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ ഒ.ജെ. ജനീഷ് അപ്രതീക്ഷിതമായി മന്ത്രിയായതോടെ യുവജന സംഘടനയെ നയിക്കാൻ ആര് വരുമെന്നതിലാണ് ആകാംക്ഷ.
നിലവിലെ സാഹചര്യത്തിൽ വർക്കിങ് പ്രസിഡന്റായ ബിനു ചുള്ളിയിലിനാണ് സാധ്യത കൽപ്പിക്കപ്പെടുന്നത്. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനോട് അടുത്തുനിൽക്കുന്ന നേതാവാണ് ബിനു. രമേശ് ചെന്നിത്തല പ്രതിനിധീകരിക്കുന്ന ഹരിപ്പാട് സ്വദേശിയാണ്. നിയമസഭാ തിരഞ്ഞെടുപ്പിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ ജില്ലാ കമ്മിറ്റി നൽകിയ പരിഗണനാ പട്ടികയിൽ ബിനുവിന്റെ പേരും ഉൾപ്പെട്ടിരുന്നു.
മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ടുള്ള നീക്കങ്ങൾ പരാജയപ്പെട്ടതോടെ സതീശൻ മന്ത്രിസഭയിൽ കെ.സി. പക്ഷം പിടിമുറുക്കിയിരുന്നു. മന്ത്രിസഭയിലെ 11 കോൺഗ്രസ് അംഗങ്ങളിൽ എട്ടുപേരും കെ.സിയോട് അടുത്തുനിൽക്കുന്നവരാണ്. മുഖ്യമന്ത്രി സ്ഥാനം നഷ്ടപ്പെട്ടതോടെ കേരളത്തിലെ സംഘടനയിൽ കൂടുതൽ പിടിമുറുക്കാനുള്ള ശ്രമം കെ.സി. നടത്തിയേക്കാം. പുതിയ സർക്കാർ അധികാരമേറ്റശേഷം ചാനൽ ചർച്ചകളിലേക്ക് കെപിസിസി അയക്കുന്നതുപോലും കെ.സി. പക്ഷക്കാരെയാണ്.
സംഘടനാ തിരഞ്ഞെടുപ്പ് വഴി അധ്യക്ഷനായ രാഹുൽ മാങ്കൂട്ടത്തിൽ ലൈംഗികാരോപണങ്ങളെത്തുടർന്ന് പുറത്താക്കപ്പെട്ടതോടെയാണ് നിലവിലെ മന്ത്രി ഒ.ജെ. ജനീഷ് പകരക്കാരനായെത്തിയത്. തിരഞ്ഞെടുപ്പിൽ രണ്ടാമതെത്തിയ അബിൻ വർക്കിയെ പ്രസിഡന്റാക്കാൻ അന്ന് കടുത്ത സമ്മർദ്ദമുണ്ടായിരുന്നു. രമേശ് ചെന്നിത്തലയോട് ചേർന്നുനിൽക്കുന്ന നേതാവായാണ് അബിൻ അറിയപ്പെടുന്നത്.
ജനീഷിനെ അധ്യക്ഷനാക്കിയതിനൊപ്പം ബിനുവിനെ വർക്കിങ് പ്രസിഡന്റായും നിയമിച്ചു. യൂത്ത് കോൺഗ്രസിൽ പതിവില്ലാത്തതാണ് വർക്കിങ് പ്രസിഡന്റ് സ്ഥാനം. സംഘടനാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ താത്പര്യപ്പെട്ടെ ബിനു ചുള്ളിയിലിനോട് ഗ്രൂപ്പുകൾ തമ്മിലെ ധാരണയെത്തുടർന്ന് മാറി നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. പിന്നാലെ, യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിതനായി.
അവിടെനിന്നാണ് ബിനു വർക്കിങ് പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നത്. അബിനെ ദേശീയ സെക്രട്ടറിയായും നിയമിച്ചു. ക്രിസ്ത്യൻ വിഭാഗത്തിൽനിന്നാണ് കെപിസിസി, കെഎസ്‌യു അധ്യക്ഷന്മാർ. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷ മുസ്‌ലിം വിഭാഗത്തിൽനിന്നും. ഈ സാഹചര്യത്തിൽ സാമുദായിക സന്തുലനം ഉറപ്പാക്കാനെന്ന് പറഞ്ഞാണ് അബിനെ അന്ന് മാറ്റി നിർത്തിയത്. തുടർന്നാണ് അന്ന് വൈസ് പ്രസിഡന്റായിരുന്ന ഒ.ജെ. ജനീഷിനെ അധ്യക്ഷ സ്ഥാനത്തേക്ക് ഉയർത്തിയത്. ജനീഷും കെ.സി. പക്ഷക്കാരനാണ്. അതുതന്നെയാണ് മന്ത്രിസ്ഥാനം ഉറപ്പിക്കുന്നതിൽ നിർണായകമായതും.
എംഎൽഎയായതിനാൽ ഇനി അബിൻ വർക്കിയെ പരിഗണിക്കാൻ സാധ്യത കുറവാണ്. ഷാഫി പറമ്പിൽ എംഎൽഎയായിരിക്കെയാണ് യൂത്ത് കോൺഗ്രസ് അധ്യക്ഷനായത്.
നേതൃസ്ഥാനങ്ങളിലേക്ക് പരിഗണിക്കപ്പെടുന്നവരിൽ കെ.എം. അഭിജിത്ത്, ജെ.എസ്. അഖിൽ എന്നീ പേരുകളും സ്ഥിരമായി ഉയർന്നുവരാറുണ്ട്. നാദാപുരത്തെ നിയുക്ത എംഎൽഎയാണ് അഭിജിത്ത്. യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറി പദവിയും വഹിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ നിയമസഭാംഗമായതിനാൽ അഭിജിത്തിനെ പരിഗണിക്കാനുള്ള സാധ്യത കുറവാണ്. ചാണ്ടി ഉമ്മനോട് അടുപ്പമുള്ള ജെ.എസ്. അഖിലിനെ പരിഗണിക്കുന്നതിലും പാർട്ടിയിലെ സമവാക്യങ്ങളാണ് തടസ്സം.
Content Highlights: O.J. Janeesh's appointment as minister necessitates a new Youth Congress State President. Binu Chulliyil emerges as the frontrunner for the leadership role. KC Venugopal's faction holds significant influence over the current cabinet and party appointments. Organizational restructuring is underway following the cabinet formation. Communal balance and existing MLA status remain key factors in candidate selection
Published: 20 May 2026, 10:46 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented