
തിരുവനന്തപുരം: പലവട്ടം കാലാവധി നീട്ടിയിട്ടും സർക്കാർ അനങ്ങാത്തതിനാൽ നഗരങ്ങളിലെ ഖരമാലിന്യസംസ്‌കരണ പദ്ധതിക്കുള്ള സഹായധനം ലോകബാങ്ക് മതിയാക്കുന്നു. ജനുവരി 28 മുതൽ 30 വരെ കേരളം സന്ദർശിച്ച് പദ്ധതിയുടെ പുരോഗതി വിലയിരുത്തിയ ലോകബാങ്ക് പ്രതിനിധിസംഘം സർക്കാരുമായുള്ള ചർച്ചയിൽ പിന്മാറ്റം അറിയിച്ചു. മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി കെ.എം. എബ്രഹാം, ചീഫ് സെക്രട്ടറി എ. ജയതിലക് എന്നിവരുമായിട്ടായിരുന്നു കൂടിക്കാഴ്ച.
ശാസ്ത്രീയ മാലിന്യസംസ്‌കരണത്തിനായി അഞ്ചിടത്ത് സ്ഥലമേറ്റെടുക്കാൻ ആവശ്യപ്പെട്ടതിൽ അഞ്ചു വർഷമായി ഒന്നുപോലും നടക്കാത്തതിന്റെ നീരസത്തിലാണ് ലോകബാങ്ക്. പദ്ധതി അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി 2200 കോടി രൂപയുടെ വായ്പ അഞ്ചിലൊന്നായി വെട്ടിക്കുറച്ചു. ഇപ്പോഴത്തെ ജോലികൾ പൂർത്തീകരിക്കാനാണ് ഈ തുക. പിന്മാറ്റത്തെക്കുറിച്ചുള്ള ഔദ്യോഗിക അറിയിപ്പ് ഉടൻ സർക്കാരിനു കൈമാറുമെന്നാണ് വിവരം.
2021-ൽ അംഗീകരിച്ച 2200 കോടി രൂപയുടെ വായ്പക്കാലാവധി 2027 ജൂണിൽ തീരാനിരിക്കേയാണ് പദ്ധതിയിൽ ഒന്നും നടക്കാത്തതിലെ അതൃപ്തിയുമായി ലോകബാങ്കിന്റെ പിന്മാറ്റം. ഇതോടെ, മാലിന്യസംസ്‌കരണത്തിന്റെ ഭാഗമായി ഹരിതകർമസേനയ്ക്കുള്ള ജീവനോപാധി പദ്ധതികളും വഴിമുട്ടി.
മാലിന്യക്കൂനനിവാരണം മരവിപ്പിച്ചു
87 മുനിസിപ്പാലിറ്റികളും ആറു കോർപ്പറേഷനുകളും ഉൾപ്പെടുന്ന നഗരമേഖലകളിൽ അതിനൂതന സാങ്കേതികവിദ്യ ഉപയോഗിച്ച് ശാസ്ത്രീയമായ ഖരമാലിന്യ സംസ്‌കരണം നടപ്പാക്കാൻ വിഭാവനം ചെയ്തതാണ് ലോകബാങ്ക് പദ്ധതി. നാലുവർഷമായി കാര്യമായൊന്നും നടക്കാത്തതിനാൽ, വായ്പയിൽ 800 കോടി രൂപ കഴിഞ്ഞവർഷം വെട്ടിക്കുറച്ചിരുന്നു.
പിന്മാറ്റത്തിന്റെ ഭാഗമായി മാലിന്യക്കൂനകളുടെ നിവാരണം നിർത്തിവെക്കാനാണ് നിർദേശം. 100 കോടി ചെലവിൽ 20 മാലിന്യക്കൂനകൾക്കായിരുന്നു കരാർ. മലപ്പുറത്തേത് മാത്രമേ പൂർത്തിയായിട്ടുള്ളൂ. പുരോഗമിക്കുന്ന 12 എണ്ണം പൂർത്തിയാക്കാൻ പണം നൽകും. ബാക്കിയെല്ലാം നിർത്താനാണ് നിർദേശം.
വഴിയടഞ്ഞ് ഹരിതകർമസേന
മാലിന്യസംസ്‌കരണത്തിനുള്ള ബിസിനസ് മോഡൽ വഴി ഹരിതകർമസേനയ്ക്ക് ഉപജീവനത്തിനുള്ള പദ്ധതിയുണ്ടായിരുന്നത് നിലച്ചു. 93 നഗരസഭകൾക്ക് 15 ലക്ഷം രൂപവീതം നൽകാനായിരുന്നു ധാരണ. ധനാനുമതി നൽകിയ 17 എണ്ണമടക്കം എല്ലാംനിർത്തിവെച്ചു.
Content Highlights: World Bank withdraws funding for Kerala`s urban solid waste management project due to significant delays in land acquisition and project implementation. Loan amount drastically reduced.
Published: 14 Feb 2026, 07:07 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented