തിരുവനന്തപുരം: കോവിഡ് കാലത്ത് രൂപപ്പെട്ട പുതിയ തൊഴിൽസംസ്കാരമായ ‘വർക്ക് ഫ്രം ഹോം’ ഐ.ടി.മേഖലയിലെ ജീവനക്കാരുടെ തലയിൽ തൂങ്ങിയ വാളായാണ് ഇപ്പോൾ പലരും ഉപമിക്കുന്നത്. സ്വന്തം വീട്ടിലിരുന്ന് ജോലിചെയ്യാനാകുമെന്ന നേട്ടം അധികംവൈകാതെ ജീവനക്കാരുടെ ‘വർക്ക് ലൈഫി’നെയും വ്യക്തിജീവിതത്തെയും ബാധിച്ചിരിക്കുകയാണ്.

To advertise here,

ഏണസ്റ്റ് ആൻഡ് യങ് എന്ന ബഹുരാഷ്ട്രകമ്പനിയിലെ ചാർട്ടേഡ് അക്കൗണ്ടന്റായിരുന്ന അന്ന സെബാസ്റ്റ്യന്റെ മരണവുമായി ബന്ധപ്പെട്ട ചർച്ചകൾക്കിടെയാണ് ടെക്‌നോപാർക്കിലെ ജീവനക്കാർ തങ്ങളുടെ പ്രശ്നങ്ങളും പങ്കുവെക്കുന്നത്.

തിരുവനന്തപുരം ടെക്‌നോപാർക്കിൽ ജോലിചെയ്യുന്നവരിൽ ഒരുവിഭാഗം വർക്ക് ഫ്രം ഹോം പിന്തുടരുന്നവരാണ്. വിവിധ ഷിഫ്റ്റുകളിൽ ജോലിചെയ്യേണ്ടി വരുന്നവരാണിവർ. രാത്രിയും പകലും മാറിവരുന്ന ഷിഫ്റ്റുകൾക്കിടയിൽ മാനസികോല്ലാസത്തിനോ കുടുംബകാര്യങ്ങൾ ശ്രദ്ധിക്കാനോ ഇവർക്ക് സാധിക്കാറില്ല. ഭാര്യയും ഭർത്താവും വർക്ക് ഫ്രം ഹോമിലാകുന്നവർക്ക് കുട്ടികളുടെ കാര്യങ്ങളിൽ ശ്രദ്ധചെലുത്താനും കഴിയാറില്ല.

പുറമേ കൃത്യമായ തൊഴിൽസമയം പറയപ്പെടുന്നുണ്ടെങ്കിലും അതിന്റെ ഇരട്ടിയിലധികം സമയം പലർക്കും തൊഴിലിടത്തിൽ ചെലവഴിക്കേണ്ടിവരുന്നു. മറ്റുരാജ്യങ്ങളിലുള്ള കമ്പനിമേധാവികളുടെ മീറ്റിങ്ങുകൾക്കായി ഉറക്കമിളച്ച് കാത്തിരിക്കേണ്ട അവസ്ഥയുമുണ്ട്. ഭക്ഷണവും ഉറക്കവുമില്ലാതെയുള്ള ജോലി കടുത്ത മാനസികസംഘർഷങ്ങളിലേക്കാണ് ഇവരെ തള്ളിവിടുന്നത്.

തൊഴിലിടത്തെ മാനസികസംഘർഷം തുറന്നുപറയാൻ സംവിധാനമില്ലാത്തതും ഐ.ടി. മേഖല നേരിടുന്ന വെല്ലുവിളിയാണെന്ന് ടെക്‌നോപാർക്കിലെ ജീവനക്കാരുടെ സംഘടനയായ ‘പ്രതിധ്വനി’ പറയുന്നു. കടുത്ത വിഷാദത്തിലൂടെ കടന്നുപോകുന്ന ഒട്ടേറെ ജീവനക്കാർ ടെക്‌നോപാർക്കിലെ വിവിധ കമ്പനികളിൽ ജോലിചെയ്യുന്നുണ്ട്. പ്രശ്നങ്ങൾ തുറന്നുപറയാൻ ആഗ്രഹമുണ്ടെങ്കിലും പിരിച്ചുവിടുമോയെന്ന ആശങ്കയിൽ ഭയന്നുജീവിക്കുന്നവരാണേറെയും.

സധൈര്യം പ്രശ്നങ്ങൾ പങ്കുവെക്കാനും തൊഴിൽമേഖലയിലെ ചൂഷണങ്ങൾ വിശകലനംചെയ്യാനും ഫലപ്രദമായ സംവിധാനംവേണമെന്നും ‘പ്രതിധ്വനി’ പറയുന്നു.

‘വർക്ക് ലൈഫ് ബാലൻസു’മായി ബന്ധപ്പെട്ട് ഐ.ടി. ജീവനക്കാർക്കിടയിൽ 2013-ൽ ടെക്‌നോപാർക്കിൽ പഠനം നടത്തിയിരുന്നു. തൊഴിലും ജീവിതവും ഒരുപോലെ കൈകാര്യംചെയ്യാനാകാത്തതാണ് ജീവനക്കാർ നേരിടുന്ന വെല്ലുവിളിയെന്നായിരുന്നു പഠനത്തിലെ കണ്ടെത്തൽ. തൊഴിലും ജീവിതവും തുലനംചെയ്യുന്ന രീതിയിലേക്ക് കമ്പനികൾ നയം കൊണ്ടുവരണമെന്നായിരുന്നു പഠനത്തിലെ വിലയിരുത്തൽ.