പെരുമ്പാവൂര്‍ (എറണാകുളം): ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തില്‍ ജീവനക്കാരെ കഴുത്തില്‍ ബെല്‍റ്റിട്ട് നായയെപ്പോലെ നടത്തിച്ച് വീഡിയോ പ്രചരിപ്പിച്ച കേസില്‍ സ്ഥാപനത്തിലെ മുന്‍ മാനേജര്‍ കോഴിക്കോട് വടകര പാറക്കണ്ടി വീട്ടില്‍ മനാഫിന് വേണ്ടിയുള്ള അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

To advertise here,

വീഡിയോ ദൃശ്യത്തിലുള്ള രണ്ട് ജീവനക്കാരുടെയും സമാനമായ രീതിയില്‍ പീഡനം നേരിടേണ്ടിവന്ന ജീവനക്കാരിയുടെയും പരാതിയില്‍ പോലീസ് മനാഫിനെതിരേ കേസെടുത്തിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചതുള്‍പ്പെടെ രണ്ട് കേസുകളാണ് മനാഫിനെതിരേ രജിസ്റ്റര്‍ ചെയ്തത്. സ്ത്രീത്വത്തെ അപമാനിച്ച കേസില്‍ റിമാന്‍ഡ് ചെയ്യാവുന്ന വകുപ്പുണ്ട്. യുവാക്കളെ നടത്തിച്ചതുപോലെ തന്നേയും നടത്തിച്ചെന്നും എന്നാല്‍ വീഡിയോ എടുക്കാന്‍ താന്‍ അനുവദിച്ചില്ലെന്നുമാണ് ജീവനക്കാരിയുടെ പരാതി.

പ്രത്യേക നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് യുവാക്കളുടെ മൊഴിപ്രകാരം മനാഫിനെതിരേ രണ്ടാമത്തെ കേസെടുക്കാന്‍ പോലീസ് തയ്യാറായത്. തൊഴില്‍പീഡനം നടന്നിട്ടില്ലെന്ന് പോലീസും തൊഴില്‍ വകുപ്പും പറയുന്നുണ്ടെങ്കിലും വിവാദമായതോടെ മനാഫിനെ എത്രയുംവേഗം കുരുക്കിലാക്കാനുള്ള ശ്രമമാണ് പോലീസ് നടത്തുന്നതെന്നാണ് വിവരം.

ജീവനക്കാരുടെ മൊഴിയെടുത്ത് തൊഴില്‍വകുപ്പ് 

കൊച്ചി: ഡയറക്ട് മാര്‍ക്കറ്റിങ്ങിന്റെ പേരില്‍ ജീവനക്കാരുടെ കഴുത്തില്‍ ബെല്‍റ്റിട്ട് നായ്ക്കളെപ്പോലെ നടത്തിച്ച സംഭവത്തില്‍ കെല്‍ട്രോയിലെ ജീവനക്കാരുടെ മൊഴികള്‍ ശേഖരിച്ച് തൊഴില്‍വകുപ്പ്. കെല്‍ട്രോയുടെ അറയ്ക്കപ്പടിയിലെ വനിതാ ഹോസ്റ്റലിലും വാത്തിമറ്റത്തെ പുരുഷ ഹോസ്റ്റലിലും എത്തിയാണ് എറണാകുളം ജില്ലാ എന്‍ഫോഴ്‌സ്മെന്റ് ലേബര്‍ ഓഫീസര്‍ പി.ജി. വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം മൊഴി രേഖപ്പെടുത്തിയത്. 

ഹോസ്റ്റലുകളില്‍ ഉണ്ടായിരുന്ന ഒന്‍പത് വനിതാ ജീവനക്കാരുടെയും അഞ്ച് പുരുഷ ജീവനക്കാരുടെയും മൊഴി ശേഖരിച്ചു. ഹോസ്റ്റലുകളിലെ താമസസൗകര്യവും സുരക്ഷ സംബന്ധിച്ചും പരിശോധന നടത്തി. ശമ്പളവും ഇന്‍സെന്റീവും ലഭിക്കുന്നുണ്ടെന്നും ഭക്ഷണച്ചെലവ് സ്ഥാപനം നല്‍കാറുണ്ടെന്നും ജീവനക്കാര്‍ പറഞ്ഞു.

കെല്‍ട്രോയ്ക്ക് സാധനങ്ങള്‍ വിതരണം ചെയ്യുന്ന ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ കളമശ്ശേരി, ഇടയാര്‍ എന്നിവിടങ്ങളിലെ ഫാക്ടറികളിലും തൊഴില്‍വകുപ്പ് തിങ്കളാഴ്ച പരിശോധന നടത്തിയിരുന്നു. വരുംദിവസങ്ങളില്‍ ഹിന്ദുസ്ഥാന്‍ പവര്‍ ലിങ്ക്‌സിന്റെ അങ്കമാലിയിലെ ഗോഡൗണില്‍ പരിശോധനയും തൊഴിലാളികളുടെ മൊഴിയും ശേഖരിക്കുമെന്ന് ലേബര്‍ ഓഫീസര്‍ പറഞ്ഞു. തൊഴില്‍ പീഡനത്തില്‍ സമഗ്രാന്വേഷണം നടത്തണമെന്ന് തൊഴില്‍മന്ത്രി നിര്‍ദേശിച്ചിരുന്നു.