കണ്ണൂർ: വെടിയേറ്റ ശരീരവുമായി 28 വർഷം തളർന്നുകിടന്ന പുതുച്ചേരി പോലീസിന്റെ അഭിമാനമായിരുന്ന വനിതാ എസ്ഐ മരിച്ചു. മാഹി വളവിൽ പിച്ചക്കാരന്റവിട ബാനു (75, ജാനു) വാണ് മരണത്തിന് കീഴടങ്ങിയത്.
1997-ൽ ഇന്ത്യൻ വൈസ് പ്രസിഡന്റായിരുന്ന കെ.ആർ.നാരായണൻ പുതുച്ചേരി സന്ദർശിച്ചപ്പോഴായിരുന്നു അപകടം സംഭവിച്ചത്. സുരക്ഷാ ഡ്യൂട്ടിക്കിടെ കൂടെയുണ്ടായിരുന്ന ഇൻസ്പെക്ടറുടെ പിസ്റ്റളിൽനിന്ന് അബദ്ധത്തിൽ വെടിപൊട്ടുകയായിരുന്നു. വെടിയേറ്റത് എസ്ഐ ബാനുവിന്റെ നട്ടെല്ലിൽ. അന്നുമുതൽ കിടക്കയിൽ തളച്ചിട്ട പോലീസ് ഓഫീസറാണ് വെള്ളിയാഴ്ച മരിച്ചത്.
പുതുച്ചേരി പോലീസിൽ കോൺസ്റ്റബിൾ ആയിട്ടായിരുന്നു ബാനു എന്ന ജാനുവിന്റെ നിയമനം. തുടർന്ന് ഹെഡ് കോൺസ്റ്റബിളായി. 1996-ലാണ് എസ്ഐ ആയതെന്ന് ബന്ധുവും ഇപ്പോൾ മാഹി പോലീസ് ഗ്രേഡ് എസ്ഐയുമായ വി.സുരേഷ് പറഞ്ഞു. 1997-ലാണ് നട്ടെല്ലിന് വെടിയേറ്റത്. ഉടൻ പുതുച്ചേരിയിലെ ആസ്പത്രിയിലും തുടർന്ന് മദ്രാസ് അപ്പോളോ ആസ്പത്രിയിലുമെത്തിച്ചു. പിന്നീട് പലവിധ ചികിത്സകളും നടത്തി. എന്നാൽ ശരീരം മുഴുവൻ തളരുകയായിരുന്നു.
ധീരതയോടെ പോലീസ് സേനയെ നയിച്ച ബാനു എന്ന ജാനുവിന്റെ ജീവിതം പിന്നീട് കിടക്കയിൽ തന്നെയായിരുന്നു. ഇടയിൽ നിർബന്ധിത വിരമിക്കലിന് നീക്കം നടന്നിരുന്നെങ്കിലും അന്നത്തെ ഗവർണർ അതിന് അനുവദിച്ചില്ല. 2010-ൽ 60-ാം വയസ്സിൽ വിരമിക്കുന്നതുവരെ അവർ പോലീസ് സേനയിലുണ്ടായിരുന്നു. പുതുച്ചേരിയിലാണ് താമസിച്ചിരുന്നത്. ശനിയാഴ്ച രാവിലെ 11-ന് പുതുച്ചേരി കരുവാടി കുപ്പത്താണ് സംസ്കാരച്ചടങ്ങുകൾ നടക്കുക.
ഭർത്താവ്: പരേതനായ വിജയൻ. മക്കൾ: മണികണ്ഠൻ, മഹേശ്വരി, ധനലക്ഷ്മി.
Published: 27 Sept 2025, 08:09 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented