തൃശ്ശൂർ: ഭർത്താവിന്റെ അകാലമരണത്തിന്റെ ഞെട്ടലിൽനിന്ന് മുരിയാട് കൂടക്കാട്ട് വീട്ടിൽ റെൻസി മൈക്കിൾ ആഞ്ജലോ (53) മോചിതയാകാൻ ഏറെനാളെടുത്തു. മക്കൾക്കും തനിക്കുമായി സ്വന്തം വീടെന്നതായിരുന്നു പിന്നീടുള്ള സ്വപ്നം. നാട്ടിലെ സ്വത്ത് വിറ്റ് ഇരിങ്ങാലക്കുട ആനുരുളിയിൽ 20 െസന്റ് വാങ്ങി. വീട് നിർമിക്കാെനാരുങ്ങവേയാണ് അടുത്ത ആഘാതമെത്തിയത്.

To advertise here,

ഭൂമിയുടെ സിംഹഭാഗവും തങ്ങളുടേതാണെന്നവകാശപ്പെട്ട് അയൽക്കാരെത്തി. കേസും വഴക്കുമായി. റെൻസിക്ക് 2021-ൽ 20 സെന്റ് സ്ഥലം വിറ്റയാൾതന്നെയാണ്, ഇതേ ഭൂമി അയൽക്കാർക്ക് 2013-ൽ നൽകിയതാെണന്ന രേഖയുമായി കോടതിയിലെത്തിയത്. മുൻസിഫ് കോടതിയിൽ റെൻസി പരാജയപ്പെട്ടു. പക്ഷേ, എതിരാളികൾ കോടതിയിൽ ഹാജരാക്കിയത് വ്യാജരേഖയാണെന്ന് റെൻസി മനസ്സിലാക്കി. സ്ഥലത്തിന്റെ എല്ലാ രേഖകളും ശേഖരിച്ചു. അതിന് രണ്ടരവർഷത്തോളമെടുത്തു.

തനിക്ക് 20 സെന്റ് വിറ്റ പാലത്തിങ്ങൽ രാജൻ എതിർകക്ഷിക്കായി കോടതിയിൽ ഹാജരാക്കിയ 2013-ലെ രേഖ വ്യാജമാണെന്ന് തെളിയിച്ചു. ‍2013 ഡിസംബർ 18-ന് വാങ്ങിയ മുദ്രപത്രത്തിലായിരുന്നു രേഖയുണ്ടായിരുന്നത്. കേസിൽ വാദിഭാഗത്തിനുവേണ്ടി ഹാജരായ അഭിഭാഷകനായ ക്ലീറ്റസ് തോട്ടാപ്പിള്ളിയാണ് മുദ്രപത്രം വാങ്ങിയതെന്നായിരുന്നു വെണ്ടറുടെ രജിസ്റ്ററിൽ ഉണ്ടായിരുന്നത്.

എന്നാൽ, രേഖയുണ്ടാക്കിയപ്പോൾ ഇത് ജോസ് സെബാസ്റ്റ്യൻ എന്നയാളുടെ പേരിലാക്കി. ഭൂമി തന്റേതാണെന്ന അവകാശവുമായി എത്തിയത് ജോസ് സെബാസ്റ്റ്യനായിരുന്നു. ഇതിലുണ്ടാക്കിയ വ്യാജ കരാറിൽ മുൻ സ്ഥലമുടമ രാജൻ ഒപ്പിട്ടുനൽകി. രേഖയിൽ കോടതിക്ക് സംശയമുണ്ടാകാതിരിക്കാൻ മറ്റൊരു അഭിഭാഷകനായ സിറിയക് വർഗീസിനെക്കൊണ്ട് സാക്ഷി ഒപ്പ് വെപ്പിക്കുകയും ചെയ്തു.

ഇരിങ്ങാലക്കുട ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് േകാടതിയിൽ റെൻസി പരാതിപ്പെട്ടു. കോടതി ഉത്തരവുപ്രകാരം പുല്ലൂർ ആനുരുളി മറ്റപ്പറന്പിൽ ജോസ് സെബാസ്റ്റ്യൻ, മകൻ ‍ജിനു ജോസ്, സ്ഥലത്തിന്റെ മുൻ ഉടമ പേരാമ്പ്ര പാലത്തിങ്ങൽ വീട്ടിൽ രാജൻ, വ്യാജരേഖയുണ്ടാക്കിയെന്നതിന് അഭിഭാഷകനായ ക്ലീറ്റസ് തോട്ടാപ്പിള്ളി, രേഖയിൽ സാക്ഷി ഒപ്പിട്ട അഭിഭാഷകനായ സിറിയക് വർഗീസ്, ബിജു ഫിലിപ്പോസ് എന്നിവരെ ഒന്നുമുതൽ ആറുവരെ പ്രതിയാക്കി ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ഏഴുവർഷംവരെ തടവുകിട്ടാവുന്ന വകുപ്പിലാണ് കേസ്.