.ഡി.എം. നവീന്‍ബാബുവിന്റെ മരണത്തില്‍ സി.ബി.ഐ. അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ് ഭാര്യ മഞ്ജുഷ. നവീന്‍ ബാബുവിന്റേത് ആത്മഹത്യയെന്ന പൊലീസ് നിഗമനം വിശ്വസിക്കുന്നില്ലെന്നും കൊന്നു കെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും മഞ്ജുഷ ഹര്‍ജിയില്‍ പറയുന്നു. ഹര്‍ജി നിരത്തുന്ന കാര്യങ്ങള്‍ ആഴ്ചകളായി കേരളം ചര്‍ച്ച ചെയ്യുന്നവയാണ്: പ്രത്യേക പൊലീസ് സംഘത്തിന് അന്വേഷണത്തില്‍ കാര്യമായ പുരോഗതി ഉണ്ടാക്കാനായില്ല, തെളിവുശേഖരണത്തില്‍ വീഴ്ച പറ്റി, സി.സി.ടി.വി. ദൃശ്യങ്ങള്‍ പോലും സമാഹരിച്ചില്ല എന്നിങ്ങനെ. ഈ ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ സര്‍ക്കാരിനും പോലീസിനുമാവില്ല. എന്തായാലും കേരളത്തെയാകെ ഇളക്കി മറിച്ച നവീന്‍ബാബുവിന്റെ മരണം പുതിയൊരു ഘട്ടത്തിലേക്ക് കടക്കുകയാണ്.

To advertise here,

മരണം നടന്ന് നാല്‍പ്പതു ദിവസം കഴിഞ്ഞിട്ടും എങ്ങുമെത്താത്ത അന്വേഷണവും ജാമ്യത്തിലിറങ്ങിയ പ്രതി, സി.പി.എം. നേതാവും കണ്ണൂര്‍ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി.ദിവ്യയ്ക്ക് ജാമ്യത്തിലിറങ്ങിയപ്പോള്‍ കിട്ടിയ സ്വീകരണവും നവീന്‍ബാബുവിനെതിരായി കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുണ്‍ കെ.വിജയന്‍ നല്‍കിയ മൊഴിയുമൊക്കെ കേരളാ പോലീസ് അന്വേഷിച്ചാല്‍ നീതി കിട്ടില്ലെന്ന ബോധ്യത്തിലേക്ക് കുടുംബത്തെ എത്തിച്ചു കാണണം. സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കുന്ന സംശയങ്ങള്‍ ഹര്‍ജിയില്‍ അവര്‍ ഉന്നയിക്കുന്നു. ദിവ്യക്ക് പാര്‍ട്ടിയുടെ പിന്തുണയുണ്ട്. ജാമ്യം കിട്ടിയ ശേഷമുള്ള സി.പി.എം. നേതാക്കളുടെ പ്രതികരണം അതാണ് സൂചിപ്പിക്കുന്നത്. ദിവ്യയെ പാര്‍ട്ടി പിന്തുണയ്ക്കുന്നിടത്തോളം കാലം അന്വേഷണം ശരിയായി നടക്കുമെന്ന് കരുതാനാവില്ല എന്ന ആക്ഷേപമാണ് ഉന്നയിച്ചിരിക്കുന്നത്

placeholder
നവീന്‍ബാബു

പോലീസ് അന്വേഷണത്തില്‍ സംശയം തോന്നാന്‍ നേരത്തേ തന്നെ കാരണങ്ങളുണ്ടായിരുന്നു. കണ്ണൂരില്‍ അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ആയിരുന്ന നവീന്‍ബാബുവിന്റെ ബന്ധുക്കളോ, കുടുംബം നിയോഗിച്ച ആരെങ്കിലുമോ എത്തും മുമ്പ് പോസ്റ്റുമോര്‍ട്ടവും ഇന്‍ക്വെസ്റ്റും പൂര്‍ത്തീകരിച്ചതിലെ തിടുക്കമാണ് ഒരു പ്രധാന വിഷയം. അതില്‍ വീഴ്ച ഉണ്ടായിട്ടുണ്ടോ എന്നു പരിശോധിക്കേണ്ടതാണെന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞിരുന്നുവെങ്കിലും ഇതുവരെ ആ വഴിക്ക് നീക്കമുണ്ടായതായി അറിയില്ല. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തപ്പെട്ടിട്ടുള്ള പി.പി. ദിവ്യക്ക് കിട്ടുന്ന പ്രത്യേക പരിചരണം മാത്രമല്ല, കളക്ടര്‍ അരുണ്‍ പോലീസിനു നല്‍കിയ മൊഴിയും ഈ സംശയത്തിന് ബലമേറ്റുന്നു. യാത്രയയപ്പു യോഗത്തിനു ശേഷം നവീന്‍ബാബു തന്നെ ചേംബറില്‍ വന്നു കണ്ടിരുന്നുവെന്നും തനിക്ക് തെറ്റു പറ്റി എന്നു പറഞ്ഞെന്നും അരുണ്‍ മൊഴി നല്‍കിയിരുന്നു.

'തെറ്റു പറ്റി' മൊഴിയും കളക്ടറും

എന്നാല്‍ 'അവര്‍ തമ്മില്‍ സൗഹൃദം തീരെ ഇല്ലായിരുന്നു, അവധി ആവശ്യപ്പെടാന്‍ പോലും കളക്ടറെ സമീപിക്കുന്നത് ഭര്‍ത്താവിന് ഇഷ്ടമായിരുന്നില്ല. അതിനാല്‍ കളക്ടറുടെ മൊഴി കള്ളമാണെ'ന്ന് നവീന്‍ബാബുവിന്റെ ഭാര്യ മഞ്ജുഷ ആ സമയത്തു തന്നെ പറഞ്ഞിരുന്നു. 'നവീന്‍ബാബുവിന്റെ മൃതശരീരം ഏറ്റുവാങ്ങാന്‍ പോയ ബന്ധുക്കളോടും ഇതൊന്നും കളക്ടര്‍ സംസാരിച്ചിട്ടില്ല. അതിനു ശേഷവും ഇങ്ങനെ സംസാരിച്ചതായി വിവരമില്ല. പെട്ടെന്ന് അദ്ദേഹം ഇങ്ങനെ ഒരു മൊഴി കൊടുത്തത് എന്തുകൊണ്ടാണെന്ന് മനസ്സിലാവുന്നില്ല'- മഞ്ജുഷ വ്യക്തമാക്കിയിരുന്നു. എന്തായാലും കളക്ടറുടെ നടപടികളില്‍ കുടുംബത്തിന്റെ സംശയം വ്യക്തമാണ്. അദ്ദേഹം ഉപയോഗിക്കുന്ന ഒരു ഫോണിന്റെ കോള്‍ രേഖകള്‍ മാത്രമേ പരിശോധിച്ചിട്ടുള്ളൂവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. കളക്ടറുടെയും പെട്രോള്‍ പമ്പുടമ ടി.വി. പ്രശാന്തിന്റെയും കോള്‍ റെക്കോഡുകളാണ് മുഖ്യതെളിവുകളെന്ന് പറഞ്ഞ അഭിഭാഷക പക്ഷേ, കളക്ടര്‍ ഉപയോഗിക്കുന്ന തെളിവുകള്‍ നഷ്ടപ്പെടുമോ എന്ന ആശങ്ക പ്രകടിപ്പിച്ചു. അതുപോലെ കളക്ടറേറ്റിലേതടക്കമുള്ള സി.സി.ടി.വി ദൃശ്യങ്ങള്‍ സംരക്ഷിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

യാത്രയയപ്പു യോഗത്തിലെ കളക്ടറുടെ ശരീരഭാഷ കാണുമ്പോള്‍ ദിവ്യ അവിടെയെത്തിയത് അദ്ദേഹത്തിന്റെ അറിവോടെയാണെന്ന് സംശയം തോന്നുമെന്ന് മഞ്ജുഷ പറഞ്ഞിരുന്നു. 'എല്ലാം അറിഞ്ഞുകൊണ്ട് ഒരു പരിഹാസത്തോടെ, പുഞ്ചിരിയോടെ ഇരിക്കുന്ന വീഡിയോ. അതെനിക്ക് ഒട്ടും സഹിക്കാന്‍ പറ്റിയ കാര്യമല്ല. എന്റെ ഭര്‍ത്താവ് ഇതു (ദിവ്യയുടെ വാക്കുകള്‍) കേട്ട് തകര്‍ന്ന് അവിടെ  ഇരിക്കുന്ന സമയത്ത് അദ്ദേഹത്തിന്റെ ആ ശരീരഭാഷ എന്നെ ശരിക്കും വേദനിപ്പിച്ചു.' അതിനു ശേഷം നവീന്‍ബാബുവിനെ സമാധാനിപ്പിച്ചിരുന്നെങ്കില്‍ അദ്ദേഹം കടുംകൈയ്ക്ക് മുതിരുമായിരുന്നില്ല എന്നും അതുകൊണ്ടാണ് പത്തനംതിട്ടയിലെ സംസ്‌കാരച്ചടങ്ങില്‍ പങ്കെടുത്തോട്ടെ എന്ന് കളക്ടര്‍ ചോദിച്ചപ്പോള്‍ വേണ്ടെന്നു പറഞ്ഞതെന്നും മഞ്ജുഷ പിന്നീട് മാധ്യമങ്ങളോടു പറഞ്ഞിരുന്നു.

കളക്ടര്‍ അവരുടെ വീട്ടിലെത്തിച്ച കത്ത് നവീന്‍ബാബുവിനെക്കുറിച്ച് വളരെ നല്ല അഭിപ്രായം പറയുന്ന ഒന്നാണ്. 'ഏത് ഔദ്യോഗിക ഉത്തരവാദിത്വവും വിശ്വസിച്ചേല്‍പ്പിക്കാവുന്ന പ്രിയപ്പെട്ട സഹപ്രവര്‍ത്തകനായിരുന്നു, എപ്പോഴും കാര്യക്ഷമതയോടെയും സഹാനുഭൂതിയോടെയും ജോലി ചെയ്യുന്ന ആളായിരുന്നു, എനിക്ക് തോളോട് തോള്‍ ചേര്‍ന്ന് നിന്ന് ജോലി ചെയ്ത ആളാണ്' എന്നൊക്കെയാണ് കളക്ടറുടെ കത്തില്‍. ആ നിലയ്ക്ക് ദിവ്യയ്ക്ക് സഹായകമാവുന്ന രീതിയില്‍ പിന്നീട് മൊഴി നല്‍കിയതിനു പിന്നില്‍ മറ്റെന്തെങ്കിലുമുണ്ട് എന്ന സംശയം തള്ളിക്കളയാനാവില്ല. ഇനി, അരുണ്‍ പറയുന്ന പോലെ സത്യം സത്യമായി പറയുന്നതാണെങ്കിലും അദ്ദേഹത്തെ വിശ്വാസത്തിലെടുക്കാന്‍ ബുദ്ധിമുട്ടായിരിക്കും. അരുണിന്റെ അവകാശവാദങ്ങളെ അംഗീകരിക്കാനോ, നിരസിക്കാനോ നവീന്‍ബാബു ജീവിച്ചിരിപ്പില്ലല്ലോ. പക്ഷേ, തലശ്ശേരി പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി കളക്ടറുടെ ഈ മൊഴി തള്ളിക്കളഞ്ഞു. ദിവ്യയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയിലാണ് പോലീസിന് കളക്ടര്‍ നല്‍കിയ ഈ മൊഴി ചേര്‍ത്തിരുന്നത്.

തനിക്ക് തെറ്റുപറ്റി എന്ന് എ.ഡി.എം പറഞ്ഞെങ്കില്‍ എന്തായിരുന്നു തെറ്റ് എന്നന്വേഷിക്കേണ്ട ബാധ്യത ഒരു മേലുദ്യോഗസ്ഥനെന്ന നിലയില്‍ കളക്ടര്‍ക്ക് ഉണ്ടായിരുന്നു. നവീന്‍ബാബു കൈക്കൂലി വാങ്ങിയെന്നാണോ അതോ, മറ്റെന്തെങ്കിലും പിശകു വരുത്തിയെന്നാണോ അര്‍ഥമെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു കളക്ടറുടെ വ്യക്തമായ മറുപടി ഉണ്ടായില്ല. നവീന്‍ബാബുവിന്റെ മരണം സംബന്ധിച്ച മൊഴി കൊടുക്കുമ്പോള്‍ കളക്ടര്‍ ദുര്‍വ്യാഖ്യാനത്തിന് ഇടം കൊടുക്കരുതായിരുന്നു. ഈ വിഷയത്തില്‍ അനിശ്ചിതത്വം നിലനിറുത്തുന്നത് മറ്റു ചിലര്‍ക്ക് ഗുണകരമാവുമെന്നത് വ്യക്തമാണ്. 'തന്നെ വന്നു കണ്ടപ്പോള്‍ 'തെറ്റുപറ്റി' എന്ന് എ.ഡി.എം പറഞ്ഞെങ്കില്‍ അപ്പോഴത്തെ മാനസികാവസ്ഥ കണക്കിലെടുത്ത് അദ്ദേഹത്തെ ശാന്തനാക്കുകയും കാര്യവിവരങ്ങള്‍ അന്വേഷിക്കുകയും വേണമായിരുന്നു. ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനെന്ന നിലയ്ക്ക് യാത്രയയപ്പു യോഗത്തിലെ ദുരനുഭവത്തെക്കുറിച്ച് നവീന്‍ബാബുവിന് പരാതിയുണ്ടോ എന്ന് ആരായണമായിരുന്നു. ആ സംഭവത്തില്‍ കളക്ടര്‍ക്ക് ഉത്തരവാദിത്തമുണ്ടല്ലോ. അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തില്‍ കീഴുദ്യോഗസ്ഥന്‍ അപമാനിക്കപ്പെട്ടപ്പോള്‍ ഇടപെടാതെ കേട്ടിരുന്നയാളാണല്ലോ കളക്ടര്‍. എ.ഡി.എമ്മിന് പരാതിയുണ്ടെങ്കില്‍ അത് എഴുതി വാങ്ങണമായിരുന്നു. അതിനു പകരം ഇത്തരം പുകമറ സൃഷ്ടിക്കുന്നത് ഒട്ടും നല്ലതല്ല. ഇനിയും ഇക്കാര്യത്തില്‍ വ്യക്തത വരുത്താതിരിക്കുന്നത് നവീന്‍ബാബുവിന്റെ കുടുംബത്തോടും പൊതുസമൂഹത്തോടും ചെയ്യുന്ന തെറ്റാണ്'- ഈയിടെ വിരമിച്ച ഒരു ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ പറഞ്ഞു.

placeholder
കീഴടങ്ങിയ പി.പി. ദിവ്യയെ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോള്‍ | Photo: Mathrubhumi

സംശയങ്ങള്‍ നിരവധി

ഉപതിരഞ്ഞെടുപ്പ് അടുത്തെത്തിയില്ലായിരുന്നെങ്കില്‍ ദിവ്യയെ അറസ്റ്റു ചെയ്യില്ലായിരുന്നു എന്ന് കരുതുന്നവരുമുണ്ട്. അറസ്റ്റു വരെ പാര്‍ട്ടി സംരക്ഷണത്തിലായിരുന്നു അവര്‍ ഒളിവില്‍ കഴിഞ്ഞതെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. യാത്രയയപ്പു ദിവസം റെയില്‍വേസ്റ്റേഷനിലേക്കുള്ള യാത്രയില്‍ വഴിക്കിറങ്ങിയ എ.ഡി.എം. തിരികെ ഓട്ടോയില്‍ ക്വാര്‍ട്ടേഴ്‌സിലേക്കു പോയി, പിന്നീട് തിരികെ സ്റ്റേഷനിലെത്തിയപ്പോള്‍ തീവണ്ടി പോയതിനാല്‍ അദ്ദേഹം വീണ്ടും ക്വാര്‍ട്ടേഴ്‌സിലേക്കു പോയി എന്നായിരുന്നു പിന്നീട് കേട്ടകഥകളില്‍ ഒന്ന്. ഒരുപക്ഷേ, പോലീസ് തന്നെ പുറത്തുവിട്ടതാവാം ഇത്. മൂന്നു തവണ അദ്ദേഹം ഓട്ടോയില്‍ സഞ്ചരിച്ചിരിക്കണം, ഈ ഭാഷ്യം ശരിയാണെങ്കില്‍. പക്ഷേ, സാധൂകരിക്കുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ ഉള്ളതായി ആര്‍ക്കുമറിയില്ല.

എന്തിനായിരിക്കാം സ്റ്റേഷനിലേക്കുള്ള യാത്രയില്‍ നവീന്‍ബാബു വഴിക്കിറങ്ങിയത്? ആരെക്കാണാന്‍, എന്താവശ്യത്തിനായിരിക്കാം സ്ഥലംമാറി വീട്ടിലേക്കു പോവുന്ന ഒരു സര്‍ക്കാരുദ്യോഗസ്ഥന്‍ വഴിക്കിറങ്ങുന്നത്? അത്രയ്ക്ക് ഗുരുതരമായ എന്തെങ്കിലും പ്രശ്‌നമോ, ഭീഷണിയോ അദ്ദേഹത്തിനുണ്ടായിക്കാണുമോ? തിരിച്ചേല്‍പ്പിച്ച ക്വാര്‍ട്ടേഴ്‌സിന്റെ താക്കോല്‍ അദ്ദേഹം ആരില്‍ നിന്നാണ് വാങ്ങിയത്? നവീന്‍ബാബു അവസാന ദിനങ്ങളില്‍ കൈകാര്യം ചെയ്ത ഫയലുകള്‍ പരിശോധിച്ചാല്‍ ഒരു പക്ഷേ, അദ്ദേഹത്തിനുണ്ടായ ഭീഷണിയുടെ യഥാര്‍ഥചിത്രം കിട്ടാന്‍ സഹായിച്ചേക്കും. പി.പി. ദിവ്യ യാത്രയയപ്പു യോഗത്തില്‍ കരുതിക്കൂട്ടി നടത്തിയ 'വിദ്വേഷ പ്രസംഗ'ത്തിനു കാരണം പ്രശാന്തിന്റെ പമ്പിനുള്ള അപേക്ഷ വൈകിപ്പിച്ചതാണോ, അതിനെക്കാള്‍ ഗുരുതരമായ ഭൂമി കയ്യേറ്റം പോലുള്ള മറ്റു കാരണങ്ങളുണ്ടോ എന്നിങ്ങനെ പോവുന്നു സംശയങ്ങള്‍.

പ്രശാന്തിന്റെ സി.പി.എം. ബന്ധങ്ങളും ചര്‍ച്ചയാണ്. പരിയാരം മെഡിക്കല്‍ കോളജിലെ സാധാരണ ജീവനക്കാരനായ ഒരാള്‍ക്ക് കോടികള്‍ മുടക്കുള്ള പമ്പിന് അപേക്ഷ നല്‍കാന്‍ കഴിഞ്ഞതെങ്ങനെയാണ്, ആരുടെയെങ്കിലും ബിനാമിയാണോ എന്ന ചോദ്യത്തിന് ഇനിയും ഉത്തരമില്ല. അഴിമതി ആരോപണത്തിലെയും വിജിലന്‍സിനു നല്‍കി എന്നു പറയുന്ന പരാതിയിലെയും പൊരുത്തക്കേടുകള്‍ പ്രശാന്ത് ഒറ്റയ്ക്കല്ല എന്നു വ്യക്തമാക്കുന്നതാണ്. ആ വഴിക്ക് പക്ഷേ, അന്വേഷണം പോയതായി തോന്നുന്നില്ല.

ഒക്ടോബര്‍ 15-ന്, തന്റെ യാത്രയയപ്പ് യോഗത്തില്‍ ക്ഷണിക്കാതെ എത്തിയ പി.പി.ദിവ്യ അഴിമതി ആരോപണം ഉന്നയിച്ചതിനു ശേഷമാണ് കണ്ണൂര്‍ പള്ളിക്കുന്നിലെ ക്വാര്‍ട്ടേഴ്‌സില്‍ എ.ഡി.എം നവീന്‍ബാബുവിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മജിസ്റ്റീരിയല്‍ അധികാരമുള്ള ഒരു ഉദ്യോഗസ്ഥന്‍ തന്റെ ചുമതല നിറവേറ്റുന്നതുമായി ബന്ധപ്പെട്ട് ആരോപണമുണ്ടാവുന്നു, വൈകാതെ ആ ഓഫീസര്‍ മരിച്ച നിലയില്‍ കാണപ്പെടുന്നു. അത്യപൂര്‍വമാണ് ഇത്തരമൊരു സംഭവം. മാത്രമല്ല,. ആ മരണം സമൂഹത്തില്‍ കോളിളക്കമുണ്ടാക്കുകയും ചെയ്യുന്നു. അദ്ദേഹത്തിന്റെ കുടുംബം സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിക്കുമ്പോള്‍ പോലീസ് സ്വാഭാവികമായും അന്വേഷണം നല്ല രീതിയില്‍ നടക്കുകയാണെന്നും പുറത്തെ ഏജന്‍സിയെ ഏല്‍പ്പിക്കേണ്ടതില്ല എന്നും പറയാനാണിട. സര്‍ക്കാര്‍ ഈ പ്രശ്‌നത്തില്‍ എന്തു നിലപാടെടുക്കും എന്നത് കൗതുകകരമായിരിക്കും