ന്യൂഡല്‍ഹി: സൈബര്‍ കുറ്റകൃത്യങ്ങളിലൂടെ അമേരിക്കക്കാരിൽനിന്ന് 350 കോടിയിലധികം രൂപ തട്ടിയെടുത്ത ഇന്ത്യന്‍ തട്ടിപ്പുസംഘത്തെ സിബിഐ പിടികൂടി. 2023 മുതല്‍ നടത്തിയ തട്ടിപ്പിലാണ് അറസ്റ്റ്. സാങ്കേതിക സഹായം വാഗ്ദാനം ചെയ്താണ് സംഘം ഇരകളെ വഞ്ചിച്ചത്. കേസുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്തതായി സിബിഐ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
എഫ്ബിഐയുമായി സഹകരിച്ച് അതിസൂക്ഷ്മമായി നടത്തിയ ഓപ്പറേഷനിലൂടെയാണ് പ്രതികളെ പിടികൂടാനായത്. തട്ടിപ്പുസംഘത്തിലെ പ്രധാനികളായ ജിഗര്‍ അഹമ്മദ്, യാഷ് ഖുറാന, ഇന്ദര്‍ജീത് സിങ് ബാലി എന്നിവരാണ് അറസ്റ്റിലായത്. ഇവരുടെ താമസസ്ഥലത്തുനിന്ന് കുറ്റകൃത്യവുമായി ബന്ധപ്പെട്ട ഡിജിറ്റല്‍ തെളിവുകളും 54 ലക്ഷം രൂപയും എട്ട് മൊബൈല്‍ ഫോണുകളും ലാപ്ടോപ്പുകളും കണ്ടെടുത്തു.
പഞ്ചാബില്‍നിന്ന് വാഷിംഗ്ടണ്‍ ഡിസി വരെ നീളുന്ന, അമേരിക്കന്‍ പൗരന്മാരെ ലക്ഷ്യമിട്ടുള്ള വഞ്ചനയുടെയും ഡിജിറ്റല്‍ കൃത്രിമങ്ങളുടെയും സാമ്പത്തിക തട്ടിപ്പിന്റെയും വലിയ ശൃംഖലയെയാണ് അന്വേഷണത്തിലൂടെ പുറത്തുകൊണ്ടുവരാനായത്. 2023-2025 കാലയളവിലാണ് പ്രതികള്‍ തട്ടിപ്പ് നടത്തിയത്. യുഎസ് പൗരന്മാര് ആയിരുന്നു ഇവരുടെ പ്രധാനലക്ഷ്യം.
ഇരകളുടെ കമ്പ്യൂട്ടറുകളിലും ബാങ്ക് അക്കൗണ്ടുകളിലും അനധികൃതമായി റിമോട്ട് ആക്സസ് നേടിക്കൊണ്ട് അവര്‍ ഗൂഢാലോചനകള്‍ നടത്തി. ഇരകളുടെ ഫണ്ടുകള്‍ അപകടത്തിലാണെന്ന് അവകാശപ്പെട്ട്, പ്രതികള്‍ അവരെക്കൊണ്ട് പണം തങ്ങള്‍ നിയന്ത്രിക്കുന്ന ക്രിപ്റ്റോകറന്‍സി വാലറ്റുകളിലേക്ക് മാറ്റിച്ചു.' സിബിഐ പ്രസ്താവനയില്‍ പറയുന്നു.
350 കോടി രൂപയാണ് സംഘം ഇത്തരത്തില്‍ തട്ടിയെടുത്തത്. ഓപ്പറേഷനിടെ, ഒരു നിയമവിരുദ്ധ കോള്‍ സെന്ററില്‍ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ടിരുന്ന 34 പേരെ സിബിഐ കൈയോടെ പിടികൂടിയെന്നും പ്രസ്താവനയില്‍ പറയുന്നു. അമൃത്സറിലെ ഖല്‍സ വനിതാ കോളേജിന് എതിര്‍വശത്തുള്ള ഗ്ലോബല്‍ ടവറില്‍ 'ഡിജികാപ്സ് ദ ഫ്യൂച്ചര്‍ ഓഫ് ഡിജിറ്റല്‍' എന്ന പേരില്‍ പ്രതികള്‍ നടത്തിവന്ന കോള്‍ സെന്ററാണ് സിബിഐ കണ്ടെത്തിയത്.
ഇവിടെ നടത്തിയ റെയ്ഡില്‍, ആഗോള തട്ടിപ്പിന്റെ കേന്ദ്രത്തിലേക്ക് വിരല്‍ചൂണ്ടുന്ന ഡിജിറ്റല്‍ തെളിവുകളും നിയമവിരുദ്ധമായ ആസ്തികളും കണ്ടെടുത്തു. കുറ്റകൃത്യവുമായി ബന്ധപ്പെട്ട വിവരങ്ങളടങ്ങിയ 85 ഹാര്‍ഡ് ഡ്രൈവുകള്‍, 16 ലാപ്ടോപ്പുകള്, 44 മൊബൈല്‍ ഫോണുകള്‍ എന്നിവ പിടിച്ചെടുത്തതായി പ്രസ്താവനയില്‍ പറയുന്നു. ഓഗസ്റ്റ് 18-നാണ് സിബിഐ കേസില്‍ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ശേഷം, ഓഗസ്റ്റ് 20-ഓടുകൂടി അമൃത്സറിലും ഡല്‍ഹിയിലും തിരച്ചില്‍ ആരംഭിച്ചു.
Content Highlights: cbi arrested indian cyber crime gang that defrauded american citizens of over 350 crore
Published: 25 Aug 2025, 09:05 pm IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented