കണ്ണൂര്‍: സമസ്ത നേതാവ് നാസര്‍ ഫൈസി കൂടത്തായിക്കെതിരെ ഡി.വൈ.എഫ്.ഐ. നാസര്‍ ഫൈസിയുടെ വാക്കുകള്‍ പരിഷ്‌കൃതസമൂഹത്തിന് ചേരാത്തതാണെന്ന് ഡി.വൈ.എഫ്.ഐ. സംസ്ഥാന സെക്രട്ടറി വി.കെ. സനോജ് പറഞ്ഞു. ആരെ വിവാഹം കഴിക്കണം, എങ്ങനെ ജീവിക്കണം എന്നെല്ലാം വ്യക്തികളുടെ ഇഷ്ടമാണെന്നും നാസര്‍ ഫൈസിയുടെ പ്രസ്താവന വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടത്തെ പിന്നോട്ടടിക്കുമെന്നും സനോജ് പറഞ്ഞു. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

To advertise here,

'നാസര്‍ ഫൈസി കൂടത്തായി പറഞ്ഞതിനോട് യോജിപ്പില്ല. അതൊന്നും പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്ന വര്‍ത്തമാനമല്ല. മാത്രമല്ല, നമ്മുടെ സമൂഹത്തിന്റെ മുന്നോട്ടുപോക്കിന് ഇത്തരം പ്രസ്താവനകള്‍ ഒരിക്കലും ഗുണം ചെയ്യില്ല. വര്‍ഗീയതയ്‌ക്കെതിരായ പോരാട്ടം എല്ലാവിഭാഗം ആളുകളേയും ചേര്‍ത്ത് മുന്നോട്ടുപോകേണ്ട സന്ദര്‍ഭമാണ് ഇന്ന്. ആ പോരാട്ടത്തെ ദുര്‍ബലപ്പെടുത്താന്‍ നടത്തുന്ന നീക്കത്തിന്റെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ.' -വി.എസ്. സനോജ് പറഞ്ഞു. 

'മതം, വിവാഹം എന്നൊക്കെ പറയുന്നത് സ്വേച്ഛാപരമായ തിരഞ്ഞെടുപ്പാണ്. അത് ഭരണഘടന നമുക്ക് ഉറപ്പുതരുന്നുണ്ട്. അതുകൊണ്ട് ആരെ വിവാഹം കഴിക്കണം, എങ്ങനെ ജീവിക്കണം എന്നെല്ലാം വ്യക്തികളുടെ ഇഷ്ടമാണ്. ആ ഇഷ്ടത്തിന് എതിരുനില്‍ക്കാന്‍ ആരും മുന്നോട്ടുവരേണ്ടതില്ല, അതെല്ലാം സംരക്ഷിക്കപ്പെടണം എന്ന അഭിപ്രായമാണ് ഡി.വൈ.എഫ്.ഐയ്ക്കുള്ളത്.' -സനോജ് പറഞ്ഞു. 

മുസ്ലിം പെണ്‍കുട്ടികളെ തട്ടിക്കൊണ്ടുപോയി മിശ്രവിവാഹം നടത്തുന്നുവെന്നും ഇതിന് പിന്നില്‍ സി.പി.എമ്മും ഡി.വൈ.എഫ്.ഐയുമാണെന്നുമായിരുന്നു എസ്.വൈ.എസ്. ജനറല്‍ സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞത്. 

സുന്നി മഹല്ല് ഫെഡറേഷന്‍ കോഴിക്കോട് ജില്ലാ സാരഥീസംഗമം കൊയിലാണ്ടിയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ഹിന്ദു മുസ്ലിമിനെ വിവാഹം കഴിച്ചാലേ മതേതരത്വമാവൂ എന്നാണ് ചിലര്‍ കരുതുന്നതെന്നും മഹല്ലുകള്‍ ജാഗ്രത പുലര്‍ത്തണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.