ഗുരുവായൂര്‍: തോരാത്ത മഴയുടെ കുളിരുളള അന്തരീക്ഷത്തില്‍ കണ്ണന്റെ ആനകള്‍ക്ക് സുഖചികിത്സ. ആനക്കോട്ടയുടെ വടക്കേ മുറ്റത്ത് 15 ആനകള്‍ നിരന്നു. സമീകൃതാഹാരങ്ങള്‍ കൂട്ടിക്കുഴച്ച് ഉരുളയാക്കി ആനവായിലേയ്ക്ക്. കൊമ്പന്‍ ദേവദാസിന് ആദ്യ ഉരുള നല്‍കി ദേവസ്വം ചെയര്‍മാന്‍ വി.കെ. വിജയന്‍ ഉദ്ഘാടനം ചെയ്തു. പിന്നാലെ ജൂനിയര്‍ വിഷ്ണു, അനന്തനാരായണന്‍, ലക്ഷ്മി കൃഷ്ണ, കൃഷ്ണനാരായണന്‍, സിദ്ധാര്‍ത്ഥന്‍, ഗോപാലകൃഷ്ണന്‍ തുടങ്ങിയ കൊമ്പന്‍മാര്‍ക്കും നല്‍കി. കെട്ടുതറിയിലുണ്ടായിരുന്ന മറ്റ് ആനകള്‍ക്ക് അതതു പാപ്പാന്‍മാരെത്തി ഭക്ഷണം ഏറ്റുവാങ്ങി. 

To advertise here,

ഗുരുവായൂര്‍ ആനക്കോട്ടയില്‍ ആനകള്‍ക്ക് സുഖചികിത്സ | ചിത്രങ്ങള്‍

ഹസ്ത്യായൂര്‍വ്വേദ വിധി പ്രകാരം തയ്യാറാക്കിയിട്ടുളള ഭക്ഷണക്കൂട്ടാണ് സുഖചികിത്സാ കാലത്തെ സ്‌പെഷ്യല്‍. ആയൂര്‍വ്വേദവും അലോപ്പതി ചേര്‍ന്നുള്ളതാണിത്. ചിട്ടയായ ഭക്ഷണ ക്രമവും വ്യായാമവും തേച്ചുക്കുളിയും ഒരുമാസം നീളുന്നതാണ്. രാവിലേയും വൈകിട്ടും നടത്തമാണ് പ്രധാന വ്യായാമം. വിശദമായ തേച്ചുക്കുളി രക്തപ്രവാഹം ക്രമീകരിക്കാനാണ്. ദഹന പ്രക്രിയ നടക്കാന്‍ അഷ്ടചൂര്‍ണ്ണമുണ്ട്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ ശീവേലി ഒഴിച്ചാല്‍ പുറം എഴുന്നെള്ളിപ്പുകളൊന്നുമില്ലാത്തതിനാല്‍, വ്യായാമം ഉള്‍പ്പെടെയുള്ള സുഖചികിത്സ കൃത്യമായി നടത്താന്‍ കഴിയുന്ന സമയമാണിത്.

തിങ്കളാഴ്ച ഉച്ചയ്ക്ക് മൂന്നിനായിരുന്നു സുഖചികിത്സ ആരംഭിച്ചത്. ഭരണസമിതിയംഗങ്ങളായ വി.ജി. രവീന്ദ്രന്‍, കെ.പി.വിശ്വനാഥന്‍, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ കെ.പി.വിനയന്‍,ഡെപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ കെ.എസ്.മായാദേവി, ആനചികിത്സാ വിദഗ്ധരായ ഡോ.ടി.സി.രാജീവ്, ഡോ. പി.ബി.ഗിരിദാസ്, ഡോ. കെ.വിവേക്, ഡോ. ചാരുജിത്ത് നാരായണന്‍, പുന്നത്തൂര്‍ രാജകുടുംബാംഗം സതീശന്‍ രാജ തുടങ്ങിയവര്‍ പങ്കെടുത്തു.