ഗുരുവായൂർ: ആനച്ചന്തവും ആനക്കഥകളും നിറഞ്ഞ കണ്ണന്റെ മുറ്റത്ത് അഴകോടെയുള്ള ആനച്ചിത്രങ്ങൾ പല വർണത്തിൽ, പല ഭാവങ്ങളിൽ വിരിഞ്ഞു. ’മാതൃഭൂമി’യും ഗുരുവായൂർ ദേവസ്വവും ചേർന്ന് സംഘടിപ്പിച്ച ’ആനവര’യുടെ നാലാം പതിപ്പിൽ ക്ഷേത്രപരിസരമാകെ ആനച്ചിത്രകാരന്മാരെക്കൊണ്ട് നിറഞ്ഞു. കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നായി രണ്ടായിരത്തിലേറെ കുട്ടികളാണ് വരയുത്സവത്തിൽ പങ്കെടുത്തത്. കുട്ടികൾക്കൊപ്പം മുതിർന്ന ചിത്രകാരന്മാരായ 13 പേരുടെ ’തത്‌സമയ വരയും ഉണ്ടായി. തന്ത്രി ചേന്നാസ് ദിനേശൻ നമ്പൂതിരിപ്പാട് ദീപം കൊളുത്തിയ ചടങ്ങ് ദേവസ്വം മന്ത്രി കെ. മുരളീധരൻ ഉദ്ഘാടനം ചെയ്തു.

To advertise here,

’തത്‌സമയവര’യിൽ ഒരാനയുടെ കണ്ണു വരച്ച് മന്ത്രി ആനവരക്കാർക്കൊപ്പം ചേർന്നു. ഗുരുവായൂർ ദേവസ്വം ചെയർമാൻ എ.വി. ഗോപിനാഥ് അധ്യക്ഷനായി. ഗുരുവായൂരപ്പനു മുന്നിലിരുന്ന് ആനകളെ വരയ്ക്കാൻ കുട്ടികൾക്കു ലഭിച്ച മഹാഭാഗ്യമാണിതെന്ന് അദ്ദേഹം പറഞ്ഞു. ഗുരുവായൂർ ദേവസ്വവുമായി ചേർന്ന് ഇങ്ങനെയൊരു സംരംഭം വിജയകരമായി നടത്താൻ കഴിയുന്നതിൽ മാതൃഭൂമിക്ക്‌ ഏറെ സന്തോഷവും അഭിമാനവുമുണ്ടെന്ന് മുഖ്യപ്രഭാഷണം നടത്തിയ ’മാതൃഭൂമി’ മാനേജിങ് ഡയറക്ടർ എം.വി. ശ്രേയാംസ്‌കുമാർ പറഞ്ഞു. തൃശ്ശൂർ കളക്ടർ ശിഖാ സുരേന്ദ്രനും ഗുരുവായൂർ നഗരസഭാ ചെയർപേഴ്‌സൺ സുനിതാ അരവിന്ദനും മുഖ്യാതിഥികളായി. നടൻ ജയരാജ് വാര്യർ ആനപ്പാട്ടു പാടി സദസ്സിന് ഹരം പകർന്നു.

മാതൃഭൂമി സീനിയർ ന്യൂസ് എഡിറ്റർ എം.കെ. കൃഷ്ണകുമാർ, പുറനാട്ടുകര ശ്രീരാമകൃഷ്ണ മഠം അധ്യക്ഷൻ സ്വാമി സദ്ഭവാനന്ദ, ദേവസ്വം ഭരണസമിതിയംഗങ്ങളായ സി. മനോജ്, മനോജ് ബി. നായർ, കെ.എസ്. ബാലഗോപാലൻ, എം.യു. ഷിനിജ, കൗൺസിലർ ശോഭാ ഹരിനാരായണൻ, പബ്ലിക്കേഷൻ മാനേജർ കെ.ജി. സുരേഷ് എന്നിവർ പ്രസംഗിച്ചു.