
തിരുവനന്തപുരം: വയനാട് മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതർക്കായുള്ള ടൗൺഷിപ്പിലെ ആദ്യഘട്ടം വീടുകളുടെ ഉദ്ഘാടനം മാറ്റി. മാർച്ച് ഒന്നിലേക്കാണ് മാറ്റിവെച്ചത്. ഈ മാസം 25-ന് വൈകീട്ട് നാലിന് മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് വീടുകൾ കൈമാറുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മാർച്ച് ഒന്നിന് വൈകുന്നേരം 3 മണിക്ക് ഉദ്ഘാടനം നടത്തുമെന്നാണ് പുതിയ അറിയിപ്പ്.
അവധി ദിവസം ആക്കണമെന്ന് പൊതുഅഭിപ്രായം ഉയർന്നു വന്നതിനാലാണ് ഞായറാഴ്ചയിലേക്ക് മാറ്റിയതെന്നാണ് വിശദീകരണം. തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുമ്പായി ഉദ്ഘാടനം നടത്താനായിരുന്നു സർക്കാരിന്റെ ഭാഗത്ത് നിന്നുള്ള ശ്രമം.
ദുരന്തത്തിൽ പൂർണമായും വീട് നഷ്ടമായ ഫേസ് ഒന്നിൽ ഉൾപ്പെട്ട 178 കുടുംബങ്ങൾക്കാണ് ആദ്യഘട്ടത്തിൽ വീടുകൾ നൽകുന്നത്. ഗുണഭോക്താക്കൾക്കുള്ള പട്ടയവിതരണവും ഉദ്ഘാടന ചടങ്ങിൽ നടക്കും.
കല്പറ്റ എൽസ്റ്റൺ എസ്റ്റേറ്റിൽ അഞ്ചു സോണുകളിലായി 410 വീടുകളാണ് ടൗൺഷിപ്പിൽ നിർമിക്കുന്നത്. കഴിഞ്ഞവർഷം മാർച്ച് 27-ന് മുഖ്യമന്ത്രി പിണറായി വിജയനാണ് ടൗൺഷിപ്പിന് തറക്കല്ലിട്ടത്.
ഉദ്ഘാടനത്തിന് മുന്നോടിയായി ആദ്യ ഘട്ട വീടുകളുടെ നറുക്കെടുപ്പും കഴിഞ്ഞ ദിവസം പൂർത്തിയാക്കിയിരുന്നു. സോൺ ഒന്നിൽ 115 വീടുകളും സോൺ മൂന്നിൽ 30 വീടുകളും സോൺ നാലിൽ 33 വീടുകളുമാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. വീടുകളും പട്ടയവും 25-ന് വൈകീട്ട് നാലിന് ടൗൺഷിപ്പ് നിർമാണം നടക്കുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഗുണഭോക്താക്കൾക്ക് കൈമാറും.
Content Highlights: First phase of houses at Wayanad Mundakkai-Churulamala township for landslide victims postponed to March 1.
Published: 23 Feb 2026, 05:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented