മേപ്പാടി: മുണ്ടക്കൈ-ചൂരൽമല ദുരന്തമേൽപ്പിച്ച ആഘാതങ്ങളിൽനിന്ന് തിരികെവരുന്ന ടൂറിസം മേഖലയെ പിന്നോട്ടടുപ്പിക്കുന്ന ദുരന്തമായി ഹട്ട്‌ തകർന്നുള്ള യുവതിയുടെ മരണം. തൊള്ളായിരംകണ്ടി മേഖലയിലെ കാടിനോട് അതിരിടുന്ന അവസാനത്തെ സ്വകാര്യ റിസോർട്ടിലാണ് അപകടം നടന്നത്. രണ്ടുവർഷത്തോളമായി ലൈസൻസില്ലാതെയാണ് റിസോർട്ട് പ്രവർത്തിക്കുന്നതെന്നാണ് മേപ്പാടി ഗ്രാമപ്പഞ്ചായത്തിന്റെ ആരോപണം. അപകടത്തിന്റെ പശ്ചാത്തലത്തിൽ ലൈസൻസില്ലാത്ത മുഴുവൻ റിസോർട്ടുകളുടെയും പ്രവർത്തനം വിലക്കിയും ഏഴുദിവസത്തിനകം ലൈസൻസ് അപേക്ഷ പഞ്ചായത്തിൽ സമർപ്പിക്കണമെന്നും സെക്രട്ടറി ഉത്തരവിറക്കി.

To advertise here,

ജില്ലയിലെ ടൂറിസം മേഖലയിലാകെ അനധികൃതസ്ഥാപനങ്ങളുണ്ട്. മുൻപ്‌ ടൗൺപ്ലാനറുടെ നേതൃത്വത്തിൽ ജില്ലയിൽ ടൂറിസം മേഖലയിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളുടെ കണക്കെടുത്തപ്പോൾ രണ്ടായിരത്തിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിൽ അറുനൂറോളം സ്ഥാപനങ്ങൾക്കുമാത്രമേ നടത്തിപ്പാനാവശ്യമായ ലൈസൻസുകൾ ഉള്ളൂവെന്ന് കണ്ടെത്തിയിരുന്നു. മേപ്പാടി പഞ്ചായത്തിൽ റിസോർട്ടുകളും ഹോംസ്റ്റേകളുമായി എഴുന്നൂറിലധികം സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നതിൽ ഏകദേശം 56 എണ്ണത്തിനുമാത്രമാണ് പഞ്ചായത്തിന്റെ ലൈസൻസുള്ളതായി മനസ്സിലാക്കുന്നതെന്ന് കല്പറ്റ ബ്ലോക്ക് പഞ്ചായത്തംഗം സി. രാഘവൻ അരുണമല പറഞ്ഞു.

മുൻപ്‌ എളിമ്പിലേരിയിൽ ടൂറിസ്റ്റായെത്തിയ യുവതിയെ ആന ചവിട്ടിക്കൊന്നപ്പോഴും ഇതേ ചർച്ചകൾ ഉയർന്നിരുന്നു. ആനത്താരയിൽ ടെന്റടിച്ച്‌ താമസിപ്പിച്ചതാണ് ദുരന്തത്തിൽ കലാശിച്ചത്. വനംവകുപ്പിന്റെ അനുമതിപോലുമില്ലാതെയായിരുന്നു അന്ന്‌ ആ റിസോർട്ടിന്റെ പ്രവർത്തനം. തുടർന്ന്, പഞ്ചായത്തിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാക്കുമെന്ന് പ്രഖ്യാപനമുണ്ടായെങ്കിലും പകുതിയിൽ എല്ലാംനിന്നു.

വയനാട്ടിൽ എത്ര റിസോർട്ടുകളുണ്ട്

ടൂറിസംമേഖലയിൽ പ്രവർത്തിക്കുന്ന സംഘടനകളുടെ ഏറെക്കാലമായുള്ള ആവശ്യമാണ് ടൂറിസം സ്ഥാപനങ്ങൾ സംബന്ധിച്ച് ഡേറ്റാബേസ് തയ്യാറാക്കുകയെന്ന്. ഓൺലൈൻവഴി പ്രവർത്തനങ്ങൾ ക്രമീകരിക്കുകയും പരസ്യംചെയ്യുകയും അതിഥികളുടെ ബുക്കിങ് സ്വീകരിക്കുകയും ചെയ്യുന്നതോടെ എത്ര ടൂറിസം സ്ഥാപനങ്ങളെന്നോ എത്ര അതിഥികളെ സ്വീകരിക്കുന്നുണ്ടെന്നോ സംബന്ധിച്ച് തദ്ദേശസ്ഥാപനങ്ങൾക്ക് യാതൊരു ധാരണയുമില്ല. ഇപ്പോൾ അപകടംനടന്ന റിസോർട്ട് ആറുവർഷമായി പ്രവർത്തിക്കുന്നുണ്ട്. മുൻപ്‌ ഏലത്തോട്ടമായിരുന്ന സ്ഥലത്ത് ഏലം ഉണക്കാനിട്ടിരുന്ന കെട്ടിടത്തിന് നമ്പറും രേഖകളുമുള്ളതിന്റെ മറവിലാണ് ഇവിടെ ഹട്ടുകൾ നിർമിച്ചതെന്നാണ് ആരോപണം. ഇവിടെ സ്ഥിരമായി അതിഥികളെ സ്വീകരിക്കുകയും ചെയ്തിരുന്നു. തൊള്ളായിരംകണ്ടിയിൽത്തന്നെ ഹട്ടുകളും ട്രീഹൗസുകളുമായി മറ്റുസ്ഥാപനങ്ങളുമുണ്ട്. അഡ്വഞ്ചർ ടൂറിസം മാനദണ്ഡങ്ങൾക്കനുസരിച്ചാണോ ഇവയുടെ പ്രവർത്തനമെന്ന് പരിശോധിക്കാനും ജില്ലയിൽ സംവിധാനങ്ങളില്ല. ഒരു കെട്ടിടത്തിന് അനുമതിയെടുത്ത് കൂടുതൽ െകട്ടിടങ്ങളും ഹട്ടുകളും ട്രീഹൗസും പണിയുന്നതാണ് രീതി. ഇതിനുപുറമേ ടെന്റുകളും അതിഥികൾക്കായി ഒരുക്കും. രേഖകളിൽ ഒന്നോ രണ്ടോ മുറികളും യാഥാർഥ്യത്തിൽ നാലിരിട്ടി അതിഥികളെ ഉൾക്കൊള്ളിക്കാനുള്ള സൗകര്യവുമാണ് ഫലം. സ്വാഭാവികമായും ഒരു അപകടം നടന്നാൽ അധികൃതർക്കുള്ള ധാരണകളാകെ നിലംപതിക്കുകയും രക്ഷാപ്രവർത്തനംപോലും അസാധ്യമാവുകയുംചെയ്യും.

എങ്ങനെ സുരക്ഷയൊരുക്കും

ഹട്ടുകളും ട്രീഹൗസുകളും ടെന്റുകളിലുമായി പ്രകൃതിയോടിണങ്ങിയുള്ള താമസം വാഗ്ദാനംചെയ്യുന്ന റിസോർട്ടുകൾ പലതിലേക്കും റോഡുപോലുമില്ല. ഓഫ് റോഡ് യാത്രയും ടൂറിസത്തിന്റെ ഭാഗമാണ്. ആർക്കെങ്കിലും വൈദ്യസഹായം വേണ്ടിവന്നാൽ മണിക്കൂറുകൾ ഓഫ് റോഡിലൂടെ യാത്രചെയ്യേണ്ടതാണ് സ്ഥിതി. യുവതി മരണപ്പെട്ട അപകടത്തിൽത്തന്നെ ഒരു മണിക്കൂറെടുത്തു ആശുപത്രിയിലെത്താൻ. അതിർത്തിയിൽ ഇന്ത്യ-പാക് സംഘർഷത്തിന്റെ ഭാഗമായുളള മോക്ഡ്രിൽ നടക്കുമ്പോൾ ടൂറിസം മേഖലയിലെ ഒഴിപ്പിക്കൽ എങ്ങനെ ആസൂത്രണംചെയ്യുമെന്നതായിരുന്നു ജില്ലാഭരണകൂടം നേരിട്ട വെല്ലുവിളി. അതിഥികൾക്ക് എന്തെങ്കിലും സംഭവിച്ചാൽ ഇൻഷുറൻസ് സൗകര്യംപോലും മിക്കയിടത്തുമില്ല. ജനങ്ങൾക്ക് താമസം വിലക്കിയിരിക്കുന്ന ദുരന്തസാധ്യതാപ്രദേശങ്ങളിൽപോലും റിസോർട്ടുകൾ പ്രവർത്തിക്കുന്നുണ്ട്. കൃത്യമായ മാനദണ്ഡങ്ങളൊരുക്കി ഉത്തരവാദിത്വ ടൂറിസത്തിന് ഊന്നൽ നൽകിയില്ലെങ്കിൽ മേഖലയുടെ ഒന്നാകെയുള്ള തകർച്ചയിലേക്ക് കാര്യങ്ങളെത്തും.

റിസോർട്ടിലെ ഹട്ട് തകർന്ന്റിസോർട്ടിലെ ഹട്ട് തകർന്ന് യുവതിക്ക് ദാരുണാന്ത്യം

റിസോർട്ടിലെ ഹട്ട് തകർന്ന് വിനോദസഞ്ചാരത്തിനെത്തിയ യുവതിക്ക് ദാരുണാന്ത്യം. നിലമ്പൂർ അകമ്പാടം സ്വദേശി എരഞ്ഞിമങ്ങാട് കാഞ്ഞിരപ്പടി ബിക്കൻഹൗസിൽ ബി. നിഷ്മ (25) ആണ് മരിച്ചത്. മേപ്പാടി തൊള്ളായിരംകണ്ടിയിൽ വ്യാഴാഴ്ച പുലർച്ചെ രണ്ടുമണിക്ക് ‘എമറാൾഡ് 900 വെഞ്ചേഴ്സ്’ എന്ന റിസോർട്ടിലാണ് സംഭവം. അപകടംനടന്ന സ്ഥലത്ത് വ്യാഴാഴ്ച പുലർച്ചെ ശക്തമായ മഴയുണ്ടായിരുന്നു. മഴപെയ്ത വെള്ളത്തിന്റെ ഭാരം പുൽമേഞ്ഞ മേൽക്കൂരയ്ക്ക് താങ്ങാനാവാതെ കൂര തകർന്നതാകാം അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം.

മൂന്നുസ്ത്രീകൾ ഉൾപ്പെടെ 16 പേരാണ് വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ശക്തമായ മഴയെത്തുടർന്ന് പുലർച്ചെ രണ്ടുമണിയോടെ 15 അടിയോളം ഉയരമുള്ള ഹട്ട് തകർന്നുവീണു. നിർമാണത്തിനുപയോഗിച്ച പുല്ലും ടാർപായയും മരത്തടികളും ടെന്റിന് മുകളിലേക്ക് വീണു. ഒരുമണിക്കൂറോളം സമയമെടുത്താണ് മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിലേക്ക് പരിക്കേറ്റവരെ എത്തിക്കുന്നത്. ആശുപത്രിയിലെത്തുമ്പോഴേക്കും നിഷ്മ മരിച്ചിരുന്നു. കാലിന് പരിക്കേറ്റ കോഴിക്കോട് മീഞ്ചന്ത സ്വദേശി കെ. അഖിലിനെ (29) മേപ്പാടി ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജിൽ ചികിത്സ നൽകി വിട്ടയച്ചു. ബാക്കിയുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടമുണ്ടായ റിസോർട്ട് മേപ്പാടി ഗ്രാമപ്പഞ്ചായത്ത് അധികൃതർ അടപ്പിച്ചു. റിസോർട്ടിന് രണ്ടുവർഷമായി പ്രവർത്തനാനുമതി ഉണ്ടായിരുന്നില്ല.

ശിഹാബിന്റെയും ജസീലയുടെയും മകളാണ് നിഷ്മ. റെബിൻ, ഫിദ ഫാത്തിമ എന്നിവരാണ് സഹോദരങ്ങൾ. യുവതി