
കല്പറ്റ: മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരിതബാധിതരുടെ പുനരധിവാസത്തിനായി ടൗൺഷിപ്പിൽ ആദ്യഘട്ടഗുണഭോക്താക്കൾക്ക് കൈമാറുന്ന വീടുകളുടെ ഒരുക്കങ്ങളും മിനുക്കുപണികളും അന്തിമഘട്ടത്തിൽ. കൈമാറുന്നവീടുകളിൽ ഭൂരിഭാഗത്തിന്റെയും നിർമാണപ്രവൃത്തി പൂർത്തിയായി. പെയിന്റിങ്, വയറിങ് തുടങ്ങിയ പ്രവൃത്തികളാണ് ഇപ്പോൾ നടക്കുന്നത്. വീടുകളുടെ ചുറ്റുമതിൽനിർമാണവും പുരോഗമിക്കുകയാണ്. രണ്ടുദിവസത്തിനുള്ളിൽ പ്രവൃത്തികളെല്ലാം പൂർത്തിയാക്കുകയാണ് ലക്ഷ്യം. വീടുകളിലേക്ക് വൈദ്യുതിയെത്തിക്കുന്നതിനുള്ള അണ്ടർഗ്രൗണ്ട് കേബിളിന്റെ പ്രവൃത്തിയും നടക്കുന്നുണ്ട്. ഇവയെല്ലാം പൂർത്തീകരിച്ച് 25-ന് വീടുകൾ ആദ്യഘട്ടഗുണഭോക്താക്കൾക്ക് കൈമാറും.
വീടുകളുടെ പ്രവൃത്തിക്കൊപ്പം റോഡിന്റെ പ്രവൃത്തിയും വേഗത്തിൽ പുരോഗമിക്കുകയാണ്. സിമന്റ് ട്രീറ്റഡ് ബെയ്‌സ് (സി.പി.ടി.) സാങ്കേതികവിദ്യയിൽ അത്യാധുനികനിലവാരത്തിലാണ് റോഡുകൾ നിർമിക്കുന്നത്. പ്രധാനകവാടത്തിലൂടെ 12.65 മീറ്റർ വീതിയുള്ള റോഡും, രണ്ട് ഉപകവാടങ്ങളിലൂടെ 9.5 മീറ്റർ വീതിയുള്ള റോഡുകളുമാണ് നിർമിക്കുന്നത്. ഇവ ടാറിങ്ങിന് സജ്ജമായിട്ടുണ്ട്.
പ്രധാനപാതകളിലും ടൗൺഷിപ്പിനുള്ളിൽ വീടുകളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകളുടെയും ഓവുചാലുകളുടെ നിർമാണം നടക്കുന്നുണ്ട്. അത്യാധുനികയന്ത്രങ്ങൾ ഉപയോഗിച്ചാണ് നിർമാണപ്രവൃത്തികൾ നടക്കുന്നത്. 2200-ലധികം തൊഴിലാളികളാണ് ടൗൺഷിപ്പ് നിർമാണത്തിനുള്ളത്.
ഉദ്ഘാടനത്തിനായി ഓപ്പൺ ഓഡിറ്റോറിയം
ആദ്യഘട്ടഗുണഭോക്താക്കൾക്ക് മുഖ്യമന്ത്രി വീടുകൈമാറുന്ന ചടങ്ങിനായി ടൗൺഷിപ്പ് ഉയരുന്ന എൽസ്റ്റൺ എസ്റ്റേറ്റിൽത്തന്നെ താത്കാലിക ഓപ്പൺ ഓഡിറ്റോറിയത്തിന്റെ നിർമാണവും തുടങ്ങി. 1500 സീറ്റുള്ള ജർമൻ ഹാങ്ങർ ടെന്റാണ് നിർമിക്കുന്നത്. ഓഡിറ്റോറിയത്തിന്റെ മേൽക്കൂരവെക്കുന്ന പ്രവൃത്തി ശനിയാഴ്ച പൂർത്തിയായി. ബാക്കി പണികൾ വേഗത്തിൽ തീർക്കാനാണ് തീരുമാനം. 25-ന് വൈകീട്ട് നാലിനാണ് ഒന്നാംഘട്ടവീടുകളുടെ കൈമാറ്റം.
ഗുണഭോക്താക്കൾക്ക് വീടനുവദിക്കുന്നതിനുള്ള നറുക്കെടുപ്പ് വെള്ളിയാഴ്ച പൂർത്തിയായിരുന്നു. സോൺ ഒന്നിൽ 115 വീടും സോൺ മൂന്നിൽ 30 വീടും സോൺ നാലിൽ 33 വീടുമാണ് ആദ്യഘട്ടത്തിൽ കൈമാറുന്നത്. അഞ്ച് സോണിലായി 410 വീടാണ് നിർമിക്കുന്നത്.
ഏഴുസെന്റിൽ 1000 ചതുരശ്രയടിയിലാണ് വീടുകളൊരുങ്ങുന്നത്. ഊരാളുങ്കൽ ലേബർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് ടൗൺഷിപ്പ് നിർമിക്കുന്നത്.
Content Highlights: Wayanad`s landslide survivors in Mundakkai-Churulamala are set to receive new homes. Final touches on the first phase of the township are underway for handover.
Published: 22 Feb 2026, 08:06 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented