തിരുവനന്തപുരം: കള്ളാടി ദുരന്തപശ്ചാത്തലത്തിൽ ദുരന്തനിവാരണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ മുഖ്യമന്ത്രി വി.ഡി. സതീശൻ ബുധനാഴ്ച ഉച്ചയ്ക്ക് വയനാട്ടിലെത്തും.

To advertise here,

രാവിലെ 11:30-ന് തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് ഹെലികോപ്റ്ററിൽ യാത്രതിരിക്കുന്ന മുഖ്യമന്ത്രി ഉച്ചയ്ക്ക് ഒന്നിന് ദുരന്തമേഖലയിലെത്തും.

കരാറുകാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി

തിരുവനന്തപുരം: വയനാട് കള്ളാടിയിലെ മണ്ണിടിച്ചിൽ ദുരന്തത്തിൽ കരാറുകാരെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി. അടിയന്തരമായി മണ്ണുനീക്കണമെന്ന നിർദേശം കരാറുകാർ പാലിച്ചില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പറഞ്ഞു.

മണ്ണുനീക്കാൻ കളക്ടറും ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയും ഉത്തരവിറക്കിയിരുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. പൊതുമരാമത്ത് മന്ത്രിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലും നിർദേശം നൽകിയെങ്കിലും പാലിച്ചില്ല.

ദേശീയപാതാ നിർമാണത്തിലും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുന്നില്ലെന്ന പരാതി സർക്കാരിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു. മുഖ്യമന്ത്രിയുടെയും ചീഫ് സെക്രട്ടറിയുടെയും ഓഫീസ്, ദുരന്തനിവാരണ അതോറിറ്റി എന്നിവയുടെ നേതൃത്വത്തിൽ രക്ഷാപ്രവർത്തനങ്ങളും തുടർനടപടികളും ഏകോപിപ്പിച്ചതായും അദ്ദേഹം പറഞ്ഞു.

നിർമാണം മാനദണ്ഡം പാലിച്ച് - ഡി.ബി.എൽ.

കോഴിക്കോട്: തുരങ്കപാതാ നിർമാണത്തിനിടെയുണ്ടായ അപകടം അതീവദുഃഖകരമെന്ന് കരാർ കമ്പനിയായ ദിലീപ് ബിൽഡ്‌കോൺ ലിമിറ്റഡ് (ഡി.ബി.എൽ.). അപകടത്തിൽപ്പെട്ടവരെയും കുടുംബാംഗങ്ങളെയും ചേർത്തുപിടിക്കുമെന്നും കമ്പനി സെക്രട്ടറി അഭിഷേക് ശ്രീവാസ്തവ പത്രക്കുറിപ്പിൽ അറിയിച്ചു. ജീവനക്കാരെ കണ്ടെത്തുന്നതിനും അവരുടെ വിവരങ്ങൾ ശേഖരിക്കുന്നതിനുമുള്ള പ്രവർത്തനങ്ങൾ നടന്നുവരുന്നുണ്ട്.

എല്ലാ എൻജിനിയറിങ് സുരക്ഷാ, പരിസ്ഥിതി അനുമതികളും മാനദണ്ഡങ്ങളും പാലിച്ചാണ് പദ്ധതി നടപ്പാക്കുന്നത്. പാരിസ്ഥിതികമായി അതീവ ലോല പ്രദേശമായതിനാൽ, സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേർഡ് കമ്മിറ്റിയുടെ മേൽനോട്ടം ഉൾപ്പെടെയുള്ള ഒന്നിലധികം നിരീക്ഷണങ്ങൾക്കും ഈ പ്രോജക്റ്റ് വിധേയമാണ്. ഇവിടെനിന്നു ഖനനം ചെയ്യുന്ന എല്ലാ വസ്തുക്കളും അംഗീകൃത മാനദണ്ഡങ്ങളനുസരിച്ചാണ് കൈകാര്യം ചെയ്യുന്നത്. ഇത്തരം നടപടിക്രമങ്ങൾ ഉള്ളതിനാൽ സാങ്കേതികപ്പിഴവുകൾക്കുള്ള സാധ്യത വളരെക്കുറവാണെന്ന് പത്രക്കുറിപ്പിൽ അറിയിച്ചു.

മുന്നറിയിപ്പ് കേട്ടില്ല

കല്പറ്റ: തുരങ്കപാതയുമായി ബന്ധപ്പെട്ട് പലതലങ്ങളിൽ മാസങ്ങൾക്കുമുൻപേ മുന്നറിയിപ്പുകളുണ്ടായിരുന്നെങ്കിലും പാടേ അവഗണിച്ചതാണ് അപകടത്തിലേക്കു നയിച്ചത്. പൊതുമരാമത്ത് വകുപ്പ്, ജിയോളജി വിദഗ്ധർ, ജില്ലാ ഭരണകൂടം എന്നിവർ വിവിധഘട്ടങ്ങളിലായി മുന്നറിയിപ്പുനൽകിയിരുന്നു.

മണ്ണ് കൂട്ടിയിടുന്നതും മലഞ്ചെരിവുകളുടെയും മണ്ണിന്റെയും ഘടനയും പ്രദേശത്തെ മഴലഭ്യതയുമൊക്കെ അപകടഭീഷണിയാകുമെന്ന കൃത്യമായ മുന്നറിയിപ്പുണ്ടായി. ഇക്കാര്യങ്ങൾ പദ്ധതിയുടെ നിർമാണച്ചുമതലയുള്ള കൊങ്കൺ റെയിൽവേയെ കരാറുകാരായ ദിലീപ് ബിൽഡ് കോൺ. ലിമിറ്റഡ് അറിയിച്ചിരുന്നു. എന്നാൽ, ഫയലുകൾ കൈമാറുന്നതിനപ്പുറം യാതൊരു നടപടികളും ഉണ്ടാകാതെ പോയതാണ് പ്രതിസന്ധിയായത്.

ജൂൺ 25-ന് പൊതുമരാമത്ത് വകുപ്പ് സ്‌പെഷ്യൽ സെക്രട്ടറി അദീല അബ്ദുള്ളയുടെ നേതൃത്വത്തിൽ പദ്ധതിപ്രദേശം സന്ദർശിച്ചു സുരക്ഷാ മുൻകരുതൽ നിർദേശങ്ങൾ നൽകിയിരുന്നു.

പ്രദേശത്ത് ദിവസേന മഴയുടെ അളവ് നിരീക്ഷിക്കണമെന്നും 250 മില്ലിമീറ്ററിൽ കൂടുതലായാൽ എല്ലാ പ്രവൃത്തിയും നിർത്തിവെക്കണമെന്നും നിർദേശം നൽകിയിരുന്നു. പൊതുമരാമത്ത് സ്‌പെഷ്യൽ സെക്രട്ടറിതല യോഗത്തിൽത്തന്നെ മണ്ണ് സൂക്ഷിക്കാൻ സ്ഥലപരിമിതിയുള്ള കാര്യം കരാറുകാർ ചൂണ്ടിക്കാട്ടിയിരുന്നു. പ്രദേശത്ത് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ, ട്യൂമാസ്, കരാറുകാരായ ദിലീപ് ബിൽഡ് കോൺ ലിമിറ്റഡ് എന്നിവർ നടത്തിയ സംയുക്ത പരിശോധനയിലും മലഞ്ചെരിവ് ഇടിയാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. വിള്ളലുകൾ രൂപപ്പെടാനുള്ള സാധ്യതയും അതിന്റെ അപകടഭീഷണിയും റിപ്പോട്ടിൽ വ്യക്തമായി വിവരിക്കുന്നുണ്ട്. മൺസൂൺ കാലയളവിൽ കൃത്യമായ ഇടവേളകളിൽ പരിശോധന നടത്തണമെന്നും നിർദേശമുണ്ടായിരുന്നു. ജൂൺ മൂന്നുമുതൽ 11 വരെയുള്ള ദിവസങ്ങളിലാണ് ഈ പരിശോധനയും നടന്നത്. കരാറുകാരായ ദിലീപ് ബിൽഡ് കോൺ. ലിമിറ്റഡ് തന്നെ ഈ വിവരങ്ങൾ വ്യക്തമാക്കി ജൂൺ 14-ന് കൊങ്കൺ റെയിൽവേ അധികൃതർക്ക് റിപ്പോർട്ട് നൽകിയെങ്കിലും നടപടികളൊന്നുമുണ്ടായില്ല.

ദുരന്തം ആവർത്തിക്കാമെന്ന് സെസും

കോഴിക്കോട്: വയനാട് ജില്ലയുടെ ഭൗമഘടനയും മഴയുടെ തീവ്രതയും ചേർന്നാൽ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തിന് സമാനമായ ദുരന്തങ്ങൾ ആവർത്തിക്കാനുള്ള സാധ്യതയുണ്ടെന്ന് തിരുവനന്തപുരത്തെ നാഷണൽ സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസിന്റെ പഠനം മുന്നറിയിപ്പ് നൽകുന്നു. 2024-ലെ മുണ്ടക്കൈ-ചൂരൽമല ദുരന്തത്തെത്തുടർന്ന് നടത്തിയ പഠനത്തിലാണ് അവർ ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. കള്ളാടിക്കുസമീപം മീനാക്ഷി പാലത്തിനടുത്തുണ്ടായ മണ്ണിടിച്ചിലിന്റെ ശാസ്ത്രീയകാരണം വ്യക്തമായിട്ടില്ലെങ്കിലും പശ്ചിമഘട്ടത്തിലെ അതിദുർബല മേഖലകളിൽ കനത്തമഴയുണ്ടാകുന്നത് അപകടങ്ങൾ ആവർത്തിക്കാൻ കാരണമാകാമെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. 2024-ൽ ദുരന്തമുണ്ടായ സ്ഥലത്തിന് ഏതാനും കിലോമീറ്റർ ചുറ്റളവിനുള്ളിൽവരുന്ന പ്രദേശമാണ് ഇപ്പോൾ അപകടമുണ്ടായ സ്ഥലവും.

മുണ്ടക്കൈ-ചൂരൽമല അപകടത്തിന് രണ്ടുദിവസം മുൻപുമുതൽ പ്രദേശത്ത് 572 മില്ലിമീറ്റർ മഴ പെയ്തിരുന്നെന്നാണ് സെസ് പഠനം വ്യക്തമാക്കുന്നത്. തുടർച്ചയായ മഴയിൽ വെള്ളം ചെരിവുകളിലെ പഴയ വിള്ളലുകളിലൂടെ ആഴത്തിലിറങ്ങാനിടയായി. ഇത് മണ്ണിന്റെയും പാറയുടെയും സ്ഥിരത നഷ്ടപ്പെടുത്തുകയും വെള്ളരിമലയിൽ വൻ മണ്ണിടിച്ചിലിന് കാരണമാവുകയും ചെയ്‌തെന്നു പഠനത്തിലുണ്ട്. ഈ മേഖലയിലെ പാറകളിൽ കാണുന്ന സ്വാഭാവിക വിള്ളലുകളും ഭ്രംശരേഖകളും മഴവെള്ളം വേഗം ഭൂമിക്കടിയിലേക്ക് കടക്കാൻ സഹായിക്കുന്നവയാണ്. ഇത് മണ്ണിടിച്ചിലുകൾക്ക് വഴിയൊരുക്കും. നിർമാണപ്രവർത്തനങ്ങളും പാറകളിൽ വിള്ളൽ രൂപപ്പെടുത്താനിടയാക്കുമെന്ന് വിദഗ്ധർ പറയുന്നു.

ഈ സീസണിൽ വയനാട് ജില്ലയിൽ പതിവായി ലഭിക്കുന്നതിനെക്കാൾ 59 ശതമാനം മഴ കുറവാണെങ്കിലും കഴിഞ്ഞദിവസങ്ങളിൽ കനത്തമഴയാണ് ലഭിച്ചത്. ചൊവ്വാഴ്ച രാവിലെവരെയുള്ള 24 മണിക്കൂറിനുള്ളിൽ 204 മില്ലിമീറ്റർ മഴപെയ്തു. ഏറ്റവുമധികം മഴ പെയ്തത് മേപ്പാടിയിലാണെന്നാണ് കണക്ക്, 226 മില്ലിമീറ്റർ.

സീസണിൽ ജില്ലയിൽ മഴ കുറവാണെങ്കിലും കഴിഞ്ഞദിവസങ്ങളിൽ കനത്തമഴ ലഭിച്ചു

ചുവപ്പ് ജാഗ്രതാനിർദേശം വന്നത് അപകടശേഷം

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ കണക്കു പ്രകാരം ചൊവ്വാഴ്ച രാവിലെ 8.30-ന് അവസാനിച്ച 24 മണിക്കൂറിൽ മേപ്പാടി ഭാഗത്ത് 226 മില്ലിമീറ്റർ മഴയും ആനക്കാംപൊയിൽ ഭാഗത്ത് 140 മില്ലിമീറ്റർ മഴയുമാണ് ലഭിച്ചത്. മേപ്പാടിയിൽ ചുവപ്പ് ജാഗ്രതയ്ക്ക് തുല്യമായ മഴ ലഭിച്ചിട്ടും മഞ്ഞ ജാഗ്രതാ നിർദേശംമാത്രമാണ് വയനാട്ടിലുണ്ടായിരുന്നത്. ജില്ലയുടെ മറ്റു ഭാഗങ്ങളിൽ മഴ അത്ര ശക്തവുമല്ലായിരുന്നു. ദുരന്തം സംഭവിച്ചതിനുശേഷം ഉച്ചയോടെയാണ് ചുവപ്പ് ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചത്. മഴലഭ്യതയിൽ പ്രാദേശികമായുള്ള വ്യത്യാസങ്ങളെ പരിഗണിക്കാതെ പോയതും ദുരന്തത്തിനിടയാക്കി. ചുവപ്പ് ജാഗ്രതയ്ക്ക് തുല്യമായ മഴ രണ്ടു ദിവസം അടുപ്പിച്ച് ലഭിച്ചാൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളാണിത്. പുത്തുമല, ചൂരൽമല-മുണ്ടക്കൈ ഉരുൾപൊട്ടലായി മുൻ ഉദാഹരണങ്ങൾ ഉണ്ടുതാനും. എന്നാൽ, അതിനനുസൃതമായ മുൻകരുതലുകൾ ഉണ്ടായില്ല. ശക്തമായ മഴ രക്ഷാപ്രവർത്തനത്തെയും വലയ്ക്കുന്നുണ്ട്.