
കല്പറ്റ: വയനാട് റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ സി. ഗീതയെ സസ്പെൻഡ് ചെയ്ത നടപടിക്കെതിരെ പ്രതിഷേധവുമായി എൻ.ജി.ഒ അസോസിയേഷൻ. ഭൂമി തരംമാറ്റവുമായി ബന്ധപ്പെട്ട് കൈക്കൂലി വാങ്ങിയെന്ന ആരോപണത്തിന്റെ അടിസ്ഥാനത്തിലാണ് ഗീതയെ സസ്പെൻഡ് ചെയ്തതെങ്കിലും സർക്കാരിന്റെ സസ്പെൻഷൻ ഉത്തരവിൽ ഗുരുതരമായ അവ്യക്തതകളുണ്ടെന്ന് സംഘടന ആരോപിച്ചു.
പണം നൽകിയതാരെന്നോ വാങ്ങിയതാരെന്നോ ഉത്തരവിൽ വ്യക്തമല്ലെന്നും പണം നൽകിയാൽ കാര്യം ശരിയാകുമെന്ന് അജ്ഞാതൻ പറഞ്ഞതിനെ അടിസ്ഥാനമാക്കിയാണ് നടപടിയെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി. നൂൽപ്പുഴ വില്ലേജിലെ ഡാറ്റാ ബാങ്കിൽ ഉൾപ്പെട്ട പത്ത് സെന്റ് ഭൂമിയുടെ തരംമാറ്റലുമായി ബന്ധപ്പെട്ട് അനുകൂലമായ കോടതി വിധി ഉണ്ടായിരുന്നിട്ടും ഡെപ്യൂട്ടി കളക്ടർ മനപൂർവം കാലതാമസം വരുത്തുകയും നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ കൈക്കൂലി ആവശ്യപ്പെട്ടതായും കാണിച്ചായിരുന്നു കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി കെ.ജെ. ദേവസ്യ റവന്യൂ വകുപ്പിന് പരാതി സമർപ്പിച്ചത്. തുടർന്നാണ് സസ്പെൻഷൻ നടപടിയുണ്ടായത്.
വിരമിക്കാൻ കേവലം ആറുമാസം മാത്രം ബാക്കിനിൽക്കെയാണ് ഡെപ്യൂട്ടി കളക്ടർക്കെതിരെ ഇത്തരമൊരു നടപടിയുണ്ടായിരിക്കുന്നത്. നൂൽപുഴ ഭാഗത്തെ നീരൊഴുക്ക് തടസ്സപ്പെടുത്തി, വയൽ നികത്താൻ കൂട്ടുനിൽക്കാത്തതിലുള്ള വൈരാഗ്യബുദ്ധിയോടെയുള്ള നടപടിയാണ് ഇതെന്നും അസോസിയേഷൻ ആരോപിക്കുന്നു.
സാധാരണ പാലിക്കേണ്ട മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സസ്പെൻഷൻ നടന്നതെന്നും ജില്ലാ കളക്ടർ വിശദീകരണം ചോദിക്കുകയോ ഹിയറിങ് നടത്തുകയോ ചെയ്തിട്ടില്ലെന്നും സംഘടന പറഞ്ഞു. സസ്പെൻഷൻ നടപടി ചട്ടവിരുദ്ധമാണെന്നും ഇതിനെതിരെ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും എൻ.ജി.ഒ അസോസിയേഷൻ വ്യക്തമാക്കി.
Content Highlights: Wayanad Deputy Collector C. Geetha suspended over land conversion bribe allegations. NGO Association protests, citing procedural flaws and vendetta. Urges for clarification and fair hearing.
Published: 25 Jan 2026, 12:06 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented