കൽപ്പറ്റ: ചൂരൽമല, മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തബാധിതരെ പുനരധിവസിപ്പിക്കാനുളള ആദ്യ ടൗൺഷിപ്പ് ഒരുങ്ങുക കൽപ്പറ്റയിലെ എൽസ്റ്റോൺ എസ്റ്റേറ്റിൽ. പുനരധിവാസത്തിനായി കണ്ടെത്തിയ രണ്ട് എസ്റ്റേറ്റുകളിൽ ഒന്നുമാത്രം ഏറ്റെടുത്താൽ മതിയെന്നാണ് സർക്കാർ തീരുമാനം. 

To advertise here,

ഗുണഭോക്താക്കളുടെ എണ്ണവും പശ്ചാത്തല സൗകര്യവും കണക്കിലെടുത്താണ് നെടുമ്പാല എസ്റ്റേറ്റ് തൽക്കാലത്തേക്ക് ഒഴിവാക്കാനുള്ള തീരുമാനം. എൽസ്റ്റോൺ എസ്റ്റേറ്റ് ഏറ്റെടുക്കുന്നതിനുള്ള നടപടികൾ ഈ മാസം തന്നെ പൂർത്തിയാക്കാനും മുഖ്യമന്ത്രി നിർദ്ദേശം നൽകിയിട്ടുണ്ട്. 58 ഹെക്ടറിലാണ് ആദ്യ ടൗൺഷിപ്പ് നിർമിക്കുക. മാർച്ചിൽ തറക്കല്ലിടും.

813 കുടുംബങ്ങളെയാണ് ഉരുൾപൊട്ടലിനുശേഷം സർക്കാർ പുനരധിവസിപ്പിച്ചിട്ടുളളത്. ഇതിൽ 242 പേരുടെ ​ഗുണഭോക്തൃ പട്ടികയാണ് ആദ്യ ഘട്ടത്തിൽ തയ്യാറാക്കിയത്. ദുരന്തമേഖലയിൽ ഒറ്റപ്പെട്ട് കഴിയുന്നവരേയും സർക്കാർ പ്രഖ്യാപിച്ച 15 ലക്ഷം രൂപ നഷ്ടപരിഹാരം സ്വീകരിച്ച് ടൗൺഷിപ്പിൽ നിന്ന് പുറത്തുപോകുന്നവരെയും പരി​ഗണിച്ചാണ് അന്തിമ പട്ടിക പുറത്തിറക്കുക. ഈ പട്ടിക ഉടൻ പുറത്തിറക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്. 
  
നിർമാണ പ്രവർത്തികൾ പെട്ടന്ന് തുടങ്ങിവെച്ച് വായ്പാ വിനിയോ​ഗത്തിൽ കേന്ദ്രത്തോട് സാവകാശം തേടാനാണ് സർക്കാർ ധാരണ. യൂണിറ്റിന് 25 ലക്ഷം എന്ന നിർമാണ ചിലവ് കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ഊരാളുങ്കൽ ലേബർ സൊസൈറ്റിയുമായും ചർച്ച നടത്തും.  ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ 16 അം​ഗം കോർഡിനേഷൻ കമ്മറ്റിയേയും മേൽനോട്ടത്തിനായി ചുമതലപ്പെടുത്തിയിട്ടുണ്ട്. വരവ് ചിലവ് കണക്കും ഏകോപനവും ഈ കമ്മിറ്റിക്ക് ആയിരിക്കും. സഹായവാഗ്ദാനം നൽകിയവർ, ഗുണഭോക്താക്കൾ എന്നിവരുമായി ചർച്ച നടത്താനും കോ-ഓർഡിനേഷൻ കമ്മിറ്റിക്ക് നിർദേശം നൽകിയിട്ടുണ്ട്.