തിരുവനന്തപുരം: കൗമാരക്കാരെ പിടികൂടുന്ന ലഹരിതാത്പര്യത്തെ മറികടക്കാൻ മനഃശാസ്ത്രരീതികൾ സ്വീകരിക്കാൻ ആഭ്യന്തരവകുപ്പിനു നിർദേശം സമർപ്പിച്ച് വില്ലേജ് ഓഫീസർ. ഓപ്പറേഷൻ തൂഫാൻ പദ്ധതിയുടെ ഭാഗമായി ഉൾപ്പെടുത്തേണ്ട നാലു കാര്യങ്ങളാണ് വിശദമായ കുറിപ്പോടെ നെടുമങ്ങാട് ഉഴമലയ്ക്കൽ സ്വദേശി എസ്.സജികുമാർ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നൽകിയത്. നെല്ലിയാമ്പതി സ്‌പെഷ്യൽ വില്ലേജ് ഓഫീസറാണ് സജികുമാർ. ഈ നിർദേശങ്ങൾ നടപ്പാക്കുന്നതു പരിഗണിക്കാനായി എല്ലാ ജില്ലകളിലേക്കും ആഭ്യന്തരവകുപ്പ് കൈമാറിയിട്ടുണ്ട്. പഠനത്തിന്റെ ഭാഗമായി മനോനിയന്ത്രണം സാധ്യമാകുന്ന രീതികൾ സ്‌കൂളിൽ കൊണ്ടുവരണമെന്നതാണ് ഒന്നാമത്തെ നിർദേശം. സ്‌കൂളുകളിലെ ലഹരിവിരുദ്ധ ക്ലബ്ബുകൾ മുഖേന ഇത്തരം പരിശീലനം സംഘടിപ്പിക്കാനാണ് ആഭ്യന്തരവകുപ്പ് ആലോചിക്കുന്നത്. ലഹരിക്ക് അടിപ്പെട്ടുപോയ കുട്ടികളെ മാറ്റിയെടുക്കുന്നതിനുള്ള നടപടികളാണ് മറ്റൊരു നിർദേശം. ലഹരിയുപയോഗം പിടിക്കപ്പെടുന്നതോടെ, ഇവരുടെ മനസ്സ് ഒരു കുറ്റവാളിയുടെ രീതിയിലേക്കു മാറും. ഇതിന് അനുവദിക്കാതെ മാനസികാരോഗ്യത്തെ മുൻനിർത്തിയുള്ള ചികിത്സാരീതികൾ ശ്രദ്ധയോടെ അവലംബിക്കണമെന്നാണ് ചൂണ്ടിക്കാട്ടുന്നത്.

To advertise here,

ലഹരിയുപയോഗം തടയുന്നതിനായി കൊണ്ടുവരേണ്ട നിയന്ത്രണങ്ങൾ, സമഗ്രമായ പരിഹാരത്തിനു സ്വീകരിക്കേണ്ട മാർഗങ്ങൾ എന്നിവയാണ് മറ്റുനിർദേശങ്ങളായി ഉൾപ്പെടുത്തിയിട്ടുള്ളത്. ശിക്ഷ കൂടിയതുകൊണ്ടുമാത്രം കുറ്റകൃത്യം കുറയില്ലെന്നതാണ് സജികുമാർ നൽകിയ നിർദേശങ്ങളുടെ ഉള്ളടക്കം. ഇതിനായി, മാനസികമായ മാറ്റം ഉണ്ടാക്കാനാകണം. അതിനുള്ള വഴികളാണ് കത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.