ബാലുശ്ശേരി: ആർഭാടങ്ങളില്ലാത്ത പേരാമ്പ്ര എരവട്ടൂരിലെ ഒരു കൊച്ചുവീട്. ആ വീട്ടിൽനിന്ന് പേരാമ്പ്രയുടെ പുത്രൻ വി.ടി. സൂരജ് ഇനി ബാലുശ്ശേരിയുടെ ജനപ്രതിനിധിയായി കേരള നിയമസഭയിലേക്കെത്തും.

To advertise here,

ഓലമേയുന്ന പണിക്കും കൃഷിപ്പണിക്കും പോകുന്ന അച്ഛനും അമ്മയും. പേരാമ്പ്ര എരവട്ടൂർ വേട്ടുവർകണ്ടി തറമ്മൽ നാരായണന്റെയും പുഷ്പയുടെയും മകനായ സൂരജിന്, സാധാരണക്കാരന്റെ കഷ്ടപ്പാടുകളും പട്ടിണിയും എന്താണെന്ന് ആരുംപറഞ്ഞു കൊടുക്കേണ്ടതില്ല. അച്ഛൻ ഇന്നുംനാട്ടിലെ കൂലിപ്പണിക്ക് പോകുന്ന സാധാരണക്കാരനാണ്. അമ്മ പുഷ്പ നാട്ടിലെ സഹകരണസംഘത്തിനുവേണ്ടി കളക്ഷൻ ഏജന്റായി ജോലിചെയ്യുന്നു.

സൂരജ് നാമനിർദേശപത്രിക സമർപ്പിക്കാൻ പോയപ്പോൾ കൂലിപ്പണി എടുത്തുകൂട്ടിവെച്ച തന്റെ സമ്പാദ്യത്തിൽ നിന്ന് അച്ഛൻ മകന്റെ കൈയിൽവെച്ചു കൊടുത്തത് മൂവായിരം രൂപയായിരുന്നു. അതിൽ ആയിരംരൂപ മാത്രം സ്വീകരിച്ച് ബാക്കി അച്ഛനെ തിരികെ ഏൽപ്പിച്ചു സൂരജ്.

വിദ്യാർഥിരാഷ്ട്രീയത്തിലൂടെയാണ് വളർന്നുവന്ന നേതാവാണ് സൂരജ്. വാകയാട് ഹൈസ്‌കൂളിലെ കെ.എസ്.യു. യൂണിറ്റ് ഭാരവാഹിയിൽ തുടങ്ങി കെ.എസ്.യു. കോഴിക്കോട് ജില്ലാപ്രസിഡന്റ് പദവി വരെ എത്തിയ ഈ മുപ്പതുകാരന്റെ രാഷ്ട്രീയജീവിതം പോരാട്ടങ്ങളുടേതായിരുന്നു. ചോദ്യപ്പേപ്പർ ചോർച്ചയ്‌ക്കെതിരേ സമരംചെയ്തതിന് 12 ദിവസം ജയിലിൽ കിടക്കുകയും മലബാറിലെ പ്ലസ് വൺ സീറ്റ് പ്രതിസന്ധി പരിഹരിക്കാൻ തെരുവിലിറങ്ങി ലാത്തിയടി ഏറ്റുവാങ്ങിയും ഈ നേതാവ് നേടിയെടുത്തത് ആയിരക്കണക്കിന് വിദ്യാർഥികളുടെ ഭാവിയാണ്.

കോഴിക്കോട് എൻ.ഐ.ടി.യിൽ ഗാന്ധിജിയുടെ രക്തസാക്ഷിദിനത്തിൽ ഗോഡ്സെയെ പ്രകീർത്തിച്ച പ്രൊഫ. ഷൈജ ആണ്ടവനെ ഡീൻസ്ഥാനത്തേക്ക് ഉയർത്തിയ നടപടിക്കെതിരേ നടന്ന സമരം, എൻ.ഐ.ടി.യിലെ തന്നെ വിദ്യാർഥി ആത്മഹത്യയുമായി ബന്ധപ്പെട്ട ദുരൂഹതകൾ നീക്കണമെന്നാവശ്യപ്പെട്ടും, താമരശ്ശേരി ഷഹബാസ് കൊലക്കേസ് പ്രതികൾക്ക് പരീക്ഷ എഴുതാൻ സൗകര്യമൊരുക്കിയ നടപടിക്കെതിരേയും സൂരജ് നടത്തിയ പോരാട്ടങ്ങൾ അദ്ദേഹത്തിന് വലിയ സ്വീകാര്യത നൽകിയിട്ടുണ്ട്.

അർഹതയില്ലാത്തവർക്ക് വഴിവിട്ട സഹായം നൽകുന്നതിനെതിരേയും കാമ്പസുകളിലെ നീതികേടുകൾക്കെതിരേയും സൂരജ് ശബ്ദമുയർത്തിയിരുന്നു. രാഷ്ട്രീയത്തിനപ്പുറം ഒരു വലിയ സുഹൃദ്ബന്ധത്തിനും ഉടമയാണ് സൂരജ്. സൗമ്യമായ പെരുമാറ്റവും ആരോടും സ്‌നേഹത്തോടെയുള്ള സംസാരവുമാണ് ചുരുങ്ങിയ കാലംകൊണ്ട് സൂരജ് ബാലുശ്ശേരിയുടെ ഹൃദയം കീഴടക്കിയത്. കേരള നിയമസഭയിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിനിധികളിലൊരാളായി സൂരജ് എത്തുമ്പോൾ ബാലുശ്ശേരിയും വലിയപ്രതീക്ഷയിലാണ്. ഒൻപത് പഞ്ചായത്തുകളുടെ വികസനസ്വപ്നങ്ങൾക്ക് നേതൃത്വം നൽകാൻ സമരവീഥികളിലെ ചൂടേറ്റുവളർന്ന ഈ സാധാരണക്കാരൻ ഇനി നിയമസഭയിൽ ബാലുശ്ശേരിയുടെ ഹൃദയമിടിപ്പായി മാറും.