കണ്ണൂർ: ഒരിക്കൽ നെപ്പോളിയനോട് ഒരാൾ ചോദിച്ചു കുതിരപ്പുറത്ത് കയറാൻ ഭയമുണ്ടോ എന്ന്, ഭയം എന്നുപറഞ്ഞാൽ എന്താണെന്നാണ് അദ്ദേഹം തിരിച്ചുചോദിച്ചത്. എനിക്കും പറയാനുള്ളത് അതുമാത്രമാണ്. ഭയം തീരേയില്ല. നിലപാടുകളുടെ കാര്യത്തിൽ ഒരു വിട്ടുവീഴ്ചയും ഉണ്ടായിട്ടില്ല. ഇനിയും മാറ്റമുണ്ടാകില്ല... വീട്ടുമുറ്റത്ത് റീത്തുവെച്ച സംഭവത്തിൽ കണ്ണപുരത്തെ ടി.പി. കരുണാകരൻ റോഡിന് മുൻവശത്തെ ‘മരുതം’ വീട്ടിലിരുന്ന് വി.എസ്. അനിൽകുമാർ ചിരിച്ചുകൊണ്ട് പറഞ്ഞു.

To advertise here,

റീത്തിന് പിന്നിലാരെന്ന് അറിയില്ല, ഊഹിച്ച് പറയാൻ തയ്യാറാകുന്നുമില്ല. സംഭവമറിഞ്ഞ് വീട്ടിലെത്തിയ സി.പി.എം. പ്രാദേശികനേതാക്കളോടും പ്രവർത്തകരോടും പറഞ്ഞു. സംശയം ദൂരീകരിക്കാൻ നിങ്ങളും പോലീസിനോട് പറയണം, എന്നാ പിന്നെ പ്രശ്നമില്ലല്ലോ. വാർത്താചാനലിലൂടെ കാണുന്ന മുഴുവൻ ആളുകളും വിശ്വസിക്കുന്നത് സി.പി.എമ്മുകാരാണെന്നാണ്. തെളിവില്ലാത്തതുകൊണ്ട് ഒന്നും പറയാൻ പറ്റില്ല. പാർട്ടി പുറത്താക്കിയ വി. കുഞ്ഞികൃഷ്ണന്റെ പുസ്തകപ്രകാശനത്തിന് പോയതും തനിക്കെതിരേ സാമൂഹികമാധ്യമങ്ങളിൽ വന്ന പോസ്റ്റുകളുമാണ് സി.പി.എമ്മിനെ സംശയിക്കാൻ ചിലർ പറയുന്നതെന്ന് അദ്ദേഹം പറഞ്ഞു.

ഫുട്ബോൾ കോച്ചിങ്ങിന് പങ്കെടുക്കാൻ മകൻ സുകൃതി ഗേറ്റ് തുറക്കാൻ എത്തിയപ്പോഴാണ് റീത്ത് കണ്ടത്. അച്ഛാ, ഇവിടെയൊരു മാല കിടക്കുന്നുവെന്ന് അവൻ വിളിച്ചുപറഞ്ഞപ്പോൾ മുറ്റത്തേക്കിറങ്ങി നോക്കിയപ്പോഴാണ് റീത്ത് കണ്ടത്.

കഴിഞ്ഞ ദിവസം സ്ഥലത്തെ പ്രധാനപ്പെട്ട വ്യക്തിയുടെ സഹോദരി മരിച്ചിരുന്നു. ഇവിടെനിന്ന് 500 മീറ്റർ അപ്പുറത്തുള്ള ശ്മശാനത്തിലാണ് അവരുടെ സംസ്കാരം നടന്നത്. ധാരാളം റീത്തുകൾ ഉണ്ടായിരുന്നു. അതിലൊരെണ്ണമാണ് വീട്ടുമുറ്റത്ത് കൊണ്ടിട്ടിരിക്കുന്നതെന്നും പണം കൊടുത്ത് റീത്ത് വാങ്ങാൻ സാധ്യതയില്ലെന്നും നാട്ടുകാരിൽ ചിലർ പരിഹാസരൂപേണ പറയുന്നുണ്ട്.

സി.പി.എം. പുറത്താക്കിയ വി. കുഞ്ഞികൃഷ്ണനെ നേരിട്ട് കണ്ടത് പുസ്തകപ്രകാശനത്തിനാണ്. അതിന് മുൻപ് ഒരിക്കൽപോലും നേരിൽ കണ്ടിട്ടില്ല. യാതൊരു ബന്ധവുമില്ല. എന്നാൽ കുഞ്ഞികൃഷ്ണന്റെ പ്രവർത്തനങ്ങളെക്കുറിച്ച് അറിയാം.

നേതാക്കളുടെ അഴിമതിക്കെതിരേ പാർട്ടിയിൽ നടത്തിയ ഇടപെടലുകളും അറിയാം. രക്തസാക്ഷി, പാർട്ടി ഫണ്ടുകളിലും ക്രമക്കേടുണ്ടെന്ന് മനസ്സിലാക്കുന്നു. പുസ്തകം വായിച്ചപ്പോൾ കൂടുതൽ മനസ്സിലായി. കുഞ്ഞികൃഷ്ണന്റെ പുസ്തകം ഏറ്റുവാങ്ങാൻ ക്ഷണിച്ചപ്പോൾ ഭാര്യയാണ് പോകണമെന്ന് പറഞ്ഞത്. ടി.പി. ചന്ദ്രശേഖരനെ കൊന്നപ്പോൾ നാലുതവണ വടകരയിൽ ആർ.എം.പി. പൊതുയോഗത്തിൽ പ്രസംഗിച്ചിട്ടുണ്ട്. ആ സമയത്ത് രാത്രിയിൽ പോലും നിരവധി യാത്ര ചെയ്തിട്ടുണ്ട്. അന്നൊന്നും ശത്രുക്കൾ ഉണ്ടായിട്ടില്ല.

നാട്ടിൽ ശത്രുക്കളൊന്നുമില്ല. തന്റെ നിലപാടുകൾ നാട്ടുകാർക്കറിയാം. സംഭവമറിഞ്ഞ് നിരവധിപേർ ഫോൺ വിളിച്ചിരുന്നു. റീത്ത് കണ്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്. ഒരു വികാരവും തോന്നിയിട്ടില്ല.

മരിക്കാത്തവരുടെ വീട്ടിൽ റീത്ത് വെക്കുന്നത് അപായസൂചനയാണല്ലോയെന്ന ചോദ്യത്തിന് അനിൽകുമാർ ആവർത്തിച്ച് പറഞ്ഞു, ഒരു തരിമ്പുപോലും ഭയമില്ല.