ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങള് ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണെന്ന് സുധീരൻ

തിരുവനന്തപുരം: എസ്.എൻ.ഡി.പി നേതാവും മൈക്രോ ഫിനാൻസ് കോർഡിനേറ്ററുമായിരുന്ന കെ.കെ. മഹേശന്റെ മരണം എസ്‌ഐടി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് കത്ത് നൽകി വി.എം. സുധീരൻ. മഹേശന്റെ ഭാര്യ നൽകിയ സങ്കടഹർജി അടക്കമുള്ള പകർപ്പും മുഖ്യമന്ത്രിക്ക് അയച്ചു.
വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഡനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവൻ വെടിയേണ്ടിവന്നയാളാണ് കെ.കെ. മഹേശനെന്നും എസ്.എൻ.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറികൂടിയായിരുന്ന മഹേശന്റെ മരണത്തിന് കാരണക്കാരായവർക്കെതിരേ നടപടി വേണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ സമീപനം ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് മഹേശന്റെ കുടുംബമുള്ളത്. ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങൾ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്നാണ് അപേക്ഷയെന്ന് മുഖ്യമന്ത്രിക്കയച്ച കത്തിൽ സുധീരൻ പറയുന്നു.
ആഭ്യന്തരമന്ത്രിക്കും എക്‌സൈസ് മന്ത്രിക്കും കത്തിന്റെ പകർപ്പ് അയച്ചിട്ടുണ്ട്. കത്തയച്ച വിവരം സുധീരൻതന്നെയാണ് ഫെയ്‌സ്ബുക്കിലൂടെ അറിയിച്ചത്.
കഴിഞ്ഞദിവസം വെള്ളാപ്പള്ളി നടേശൻ സുധീരനെതിരേ അതിരൂക്ഷമായ ഭാഷയിൽ വിമർശിച്ചിരുന്നു. സുധീരനല്ല ഏത് ധീരൻ വന്നാലും ഒരു ചുക്കും സംഭവിക്കില്ലെന്നായിരുന്നു വെള്ളാപ്പള്ളിയുടെ വെല്ലുവിളി. പിന്നാലെയാണ് വെള്ളാപ്പള്ളിക്കെതിരേ നിലപാട് കടുപ്പിച്ചുകൊണ്ടുള്ള സുധീരന്റെ നീക്കം. ആലപ്പുഴയിൽനിന്ന് സുധീരനെ കെട്ടുകെട്ടിച്ചതിന്റെ വിരോധമാണ് സുധീരനുള്ളതെന്ന് വെള്ളാപ്പള്ളി ആരോപിച്ചിരുന്നു. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷമാണ് ഇരുവരും തമ്മിൽ പരസ്യമായ പോര് തുടങ്ങിയത്.
വിഎം സുധീരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്
പ്രിയപ്പെട്ട മുഖ്യമന്ത്രി,
എസ്.എൻ.ഡി.പി. യോഗം ജനറൽ സെക്രട്ടറിസ്ഥാനത്തിരിക്കുന്ന വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടേയും മാനസിക പീഢനത്തിന്റെയും ഭീഷണിയുടേയും ഫലമായി ജീവൻ വെടിയേണ്ടിവന്ന എസ്.എൻ.ഡി.പി.യോഗം കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറികൂടിയായിരുന്ന കെ.കെ.മഹേശന്റെ ഭാര്യ ഉഷാദേവിയുടെ സങ്കടഹർജി അടിയന്തിര നടപടികൾക്കായി ഇതോടൊപ്പം അയയ്ക്കുന്നു. മഹേശനെ ആത്മഹത്യയിലേയ്ക്ക് എത്തിച്ചതിന്റെ കാരണക്കാരായവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കുന്നതിനുവേണ്ടി സംസ്ഥാന ഭരണാധികാരികൾക്കു മുന്നിൽ നിരവധി പരാതികൾ നൽകിയിട്ടും ഇതേവരെ ഫലപ്രദമായ യാതൊരു നടപടിയും ഉണ്ടായിട്ടില്ല. ഏറ്റവുമൊടുവിൽ 06.06.2026-ൽ ബഹു.മുഖ്യമന്ത്രിക്ക് പരാതി നൽകിയെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായതായി കാണുന്നില്ല.
വെള്ളാപ്പള്ളി പ്രീണനവുമായി മുന്നോട്ടുപോയ പിണറായി സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായ നിഷ്‌ക്രിയമായ സമീപനം ഈ സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടാകില്ലെന്ന ഉറച്ച വിശ്വാസത്തിലാണ് ഇപ്പോഴും മഹേശന്റെ കുടുംബം. ഇനിയെങ്കിലും ആ കുടുംബത്തിന് നീതി ലഭിക്കുന്നതിനുവേണ്ടി സത്യസന്ധരായ ഉന്നത പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ഹതഭാഗ്യനായ മഹേശനെതിരെ മനുഷ്യത്വരഹിതമായ അധിക്ഷേപങ്ങൾ ഇപ്പോഴും വെള്ളാപ്പള്ളി പറഞ്ഞുകൊണ്ടിരിക്കുകയാണ്. നിയമ സംവിധാനത്തെ വെല്ലുവിളിക്കുന്ന സമീപനമാണ് വെള്ളാപ്പള്ളി സ്വീകരിച്ചുവരുന്നത്. ഒരു നിയമവും തങ്ങൾക്ക് ബാധകമല്ലെന്ന മട്ടിലാണ് വെള്ളാപ്പള്ളിയുടെ പോക്ക്. നിയമവാഴ്ച ഉറപ്പുവരുത്താൻ ബാധ്യതപ്പെട്ട ഭരണസംവിധാനം ഉണർന്നു പ്രവർത്തിക്കാൻ ഇനിയും വൈകരുതെന്നാണ് എന്റെ അപേക്ഷ. ഉഷാദേവിയുടെ സങ്കടഹർജിയിൽ എത്രയും വേഗത്തിൽത്തന്നെ ഫലപ്രദമായ നടപടികൾ സ്വീകരിക്കണമെന്ന് താൽപര്യപ്പെടുന്നു.
Content Highlights: VM Sudheeran urges Kerala CM for an SIT probe into KK Maheshan's death., Allegations of mental harassment against Vellappally Natesan cited as the cause of death., Usha Devi, wife of KK Maheshan, filed a petition seeking justice., Sudheeran highlights the inactivity of previous government handling of the case., Public feud between VM Sudheeran and Vellappally Natesan escalates in 2026.
Published: 22 Jun 2026, 08:25 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented