കൊച്ചി: ചേരാനല്ലൂർ അപകടവുമായി ബന്ധപ്പെട്ട് പോലീസ് ഉദ്യോഗസ്ഥർക്കെതിരെ എടുത്ത നടപടിയിൽ പരോക്ഷ വിമർശനവുമായി കേരള പോലീസ് ഓഫീസേഴ്‌സ് അസോസിയേഷൻ പ്രമേയം. പോലീസിനുമേൽ തെറ്റായ ശുപാർശകളും അന്യായമായ നിർദ്ദേശങ്ങളും വരുന്നുണ്ടെന്നും, നിയമവിരുദ്ധമായ നിർദേശങ്ങൾ ആരിൽ നിന്ന് വന്നാലും അത് അനുസരിക്കാൻ ഒരു പോലീസ് ഉദ്യോഗസ്ഥനും ബാധ്യതയില്ലെന്നും അസോസിയേഷൻ പ്രമേയത്തിൽ വ്യക്തമാക്കി.

To advertise here,

പോലീസ് അസോസിയേഷൻ ഇന്നലെ ചേർന്ന യോഗത്തിലാണ് പ്രമേയം അവതരിപ്പിച്ചത്. ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥർ വിവേകത്തോടെയും സത്യസന്ധതയോടെയും നീതിബോധത്തോടെയും നിയമാനുസൃതമായും നിലപാടെടുക്കണമെന്നും അല്ലാത്തപക്ഷം പ്രത്യാഘാതം കടമ നിറവേറ്റുന്നവർ മാത്രം അനുഭവിക്കേണ്ട സ്ഥിതിയാണ് ഉണ്ടാവുകയെന്നും അസോസിയേഷൻ പ്രമേയത്തിലൂടെ ഓർമിപ്പിച്ചു.

മുൻകാലങ്ങളിലെ നടപടികൾ തെറ്റായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥരെ ശിക്ഷിക്കുന്ന പ്രവണതയ്‌ക്കെതിരെയും പ്രമേയത്തിൽ വിമർശനമുണ്ട്. വർഷങ്ങൾക്ക് മുൻപ് ശരിയാണെന്ന് വരുത്തിതീർത്ത ചില നടപടികൾ പിന്നീട് തെറ്റായി വ്യാഖ്യാനിച്ച് ഉദ്യോഗസ്ഥർക്കെതിരെ സമീപ ദിവസങ്ങളിൽ അച്ചടക്ക നടപടികൾ ഉണ്ടാകുന്നുണ്ടെന്നും പ്രമേയത്തിൽ ചൂണ്ടിക്കാണിക്കുന്നു.

ചേരാനല്ലൂർ സംഭവത്തിൽ സ്വാധീനങ്ങൾക്ക് വഴങ്ങി പ്രവർത്തിച്ചതിന്റെ പേരിൽ അച്ചടക്ക നടപടിക്ക് ഇരയായത് ഉദ്യോഗസ്ഥർ മാത്രമാണെന്ന വിമർശനത്തിന്റെ പശ്ചാത്തലത്തിലാണ് അസോസിയേഷൻ യോഗത്തിൽ ഈ പ്രമേയം അവതരിപ്പിച്ചത്. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ആർ. പ്രശാന്തിന്റെയും ജനറൽ സെക്രട്ടറി സി.ആർ. ബിജുവിന്റെയും രാഷ്ട്രീയചായ്‌വ് കണക്കിലെടുക്കുമ്പോൾ പ്രമേയത്തിന് രാഷ്ട്രീയപശ്ചാത്തലം കൂടി ഉണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്.