
കൊച്ചി: കോൺഗ്രസ് നേതാവ് വി.കെ. മിനിമോൾ കൊച്ചി മേയറാകും. ടേം വ്യവസ്ഥപ്രകാരം ആദ്യ രണ്ടരക്കൊല്ലത്തേക്കാണ് ഇവർ കൊച്ചി മേയറാവുക. ദീപക് ജോയ് ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറാകും. അവസാനത്തെ രണ്ടരക്കൊല്ലം ഷൈനി മാത്യുവിനാണ് മേയർപദവി. കെ.വി.പി. കൃഷ്ണകുമാർ ഇക്കാലയളവിൽ ഡെപ്യൂട്ടി മേയറാകും. കോൺഗ്രസ് കോർ കമ്മിറ്റി യോഗത്തിന് ശേഷം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് പ്രഖ്യാപനം നടത്തിയത് തദ്ദേശ തിരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് മുൻപ് തന്നെ കെപിസിസി ജനറൽ സെക്രട്ടറിയായ ദീപ്തി മേരി വർഗീസിനെ കൊച്ചി മേയർസ്ഥാനത്തേക്ക് യുഡിഎഫ് ഉയർത്തിക്കാണിച്ചിരുന്നു. എന്നാൽ ഫലപ്രഖ്യാപനത്തിന് പിന്നാലെ എ,ഐ ഗ്രൂപ്പുകൾ സംയുക്തമായി ദീപ്തിയെ മേയർസ്ഥാനത്തുനിന്ന് ഒഴിവാക്കുകയായിരുന്നു എന്നാണ് അവരെ അനുകൂലിക്കുന്നവർ പറയുന്നത്.
പാർലമെന്റെറി പാർട്ടി യോഗത്തിൽ ഷൈനി മാത്യുവിനാണ് കൂടുതൽ പിന്തുണ ലഭിച്ചത്. വി.കെ. മിനിമോൾക്ക് 17 പേർ പിന്തുണ നൽകിയപ്പോൾ ഷൈനി മാത്യുവിനെ 19 പേരാണ് പിന്തുണച്ചത്. ദീപ്തിക്ക് നാലുപേരുടെ പിന്തുണ മാത്രമാണ് ലഭിച്ചതെന്നാണ് റിപ്പോർട്ട്.
പാർട്ടിയുടെ ഔദ്യോഗിക പദവി വഹിക്കുന്ന വ്യക്തിക്ക് കൂടുതൽ പരിഗണന നൽകണമെന്ന് കെപിസിസി ഇറക്കിയ സർക്കുലറിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, ഇതും തള്ളിക്കൊണ്ടാണ് തീരുമാനം വന്നിരിക്കുന്നത്. കൊച്ചി കോർപറേഷനിലെ സ്റ്റേഡിയം വാർഡിൽനിന്നുള്ള പ്രതിനിധിയാണ് ദീപ്തി. വി.കെ. മിനിമോൾ പാലാരിവട്ടത്തുനിന്നും ഷൈനി ഫോർട്ട് കൊച്ചിയിൽനിന്നുമുള്ള പ്രതിനിധിയാണ്. ദീപക് ജോയ് അയ്യപ്പൻകാവിനെയും കെവിപി കൃഷ്ണകുമാർ എറണാകുളം സൗത്തിനെയുമാണ് പ്രതിനിധീകരിക്കുന്നത്.
പാർട്ടിയിൽ ദീപ്തിക്കുള്ള സീനിയോറിറ്റി പരിഗണിക്കണം എന്ന നിലപാടിലായിരുന്നു മുതിർന്ന നേതാക്കൾ. ലത്തീൻ വിഭാഗത്തിൽ നിന്നൊരാളെ മേയറാക്കണമെന്ന ആവശ്യം പാർട്ടിയിലെ ഒരു വിഭാഗം ഉയർത്തിയിരുന്നു. പാർട്ടിയുടെ ഉന്നത പദവിയിലിരിക്കുന്നവർക്ക് മുൻഗണന നൽകണമെന്ന നിർദ്ദേശമിരിക്കെ ദീപ്തിയെ വെട്ടിയതിനെതിരേ വിമർശനങ്ങൾ ഉയരുന്നുണ്ട്.
അതേസമയം, ദീപ്തി അനുകൂല ചേരി കടുത്ത നിരാശയിലാണ്. മറ്റ് കോർപറേഷനുകളിലൊന്നും ഇല്ലാത്ത രീതിയിലാണ് കൊച്ചിയിലെ മേയറെ തിരഞ്ഞെടുക്കാൻ എ, ഐ ഗ്രൂപ്പുകളും ഡിസിസിയും പ്രവർത്തിക്കുന്നതെന്നാണ് ആരോപണം. കൗൺസിലർമാരെ നേരിട്ട് കണ്ട് അഭിപ്രായം ചോദിച്ചും രഹസ്യബാലറ്റ് തടഞ്ഞും ദീപ്തി മേരി വർഗീസിനെ വെട്ടാനുള്ള ശ്രമമാണ് നടത്തിയതെന്നും ഇവർ ആരോപിക്കുന്നു.
കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് സൗമിനി ജെയിൻ മേയറായിരിക്കെ സമാനമായ രീതിയിൽ ടേം വ്യവസ്ഥയിൽ മേയർ സ്ഥാനം പങ്കുവെക്കാനുള്ള ധാരണയുണ്ടാക്കുകയും പിന്നീട് സ്ഥാനമൊഴിയാതിരിക്കുകയും പിന്നീട് അത് വലിയ വിഭാഗീയതയ്ക്ക് വഴിവെച്ചിരുന്നുവെന്നതും ശ്രദ്ധേയമാണ്.
Content Highlights: vk minimol to become kochi mayor
Published: 23 Dec 2025, 05:46 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented