തിരുവനന്തപുരം: കേന്ദ്ര സർക്കാരിനെതിരേ രൂക്ഷ വിമർശനവുമായി വിദ്യാഭ്യാസമന്ത്രി വി. ശിവൻകുട്ടി. കേന്ദ്ര സർക്കാർ വൃത്തങ്ങൾ വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ മത്സരിക്കുന്നു. എന്നാൽ, കേന്ദ്രത്തിന് കേരളത്തോട് അവഗണനയാണ്. നാളിതുവരെ രാജ്യത്തെ ഒരു പദ്ധതിക്കും ബാധകമല്ലാത്ത ഒട്ടും നീതിയുക്തമല്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കേന്ദ്രം അടിച്ചേൽപ്പിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ശിവൻകുട്ടിയുടെ വാക്കുകൾ;
വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വം അവകാശപ്പെടാൻ പലരും മത്സരിക്കുന്നു. പ്രത്യേകിച്ചും കേന്ദ്ര സർക്കാർവൃത്തങ്ങൾ. എന്നാൽ എന്താണ് യാഥാർത്ഥ്യം? വിഴിഞ്ഞത്തോടുള്ള കേന്ദ്രത്തിന്റെ സമീപനം പിതൃത്വം ഏറ്റെടുക്കലല്ല. മറിച്ച് കേരളത്തോടുള്ള അവഗണനയാണ്. ഇത്തരം വൻകിട പദ്ധതികൾക്ക് കേന്ദ്രം വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) അനുവദിക്കാറുണ്ട്. നാളിതുവരെ രാജ്യത്തെ ഒരു പദ്ധതിക്കും ബാധകമല്ലാത്ത ഒട്ടും നീതിയുക്തമല്ലാത്ത നിബന്ധനകളാണ് വിഴിഞ്ഞത്തിന്റെ കാര്യത്തിൽ കേന്ദ്രം അടിച്ചേൽപ്പിച്ചിരിക്കുന്നത്.
വിജിഎഫ് ഒരു ഗ്രാന്റ് ആണ്. അത് തരിച്ചടക്കേണ്ട വായ്പ അല്ല. കൊച്ചി മെട്രോയ്ക്ക് വിജിഎഫ് അനുവദിച്ചത് ഗ്രാന്റ് ആയിരുന്നു. തമിഴ്നാട്ടിലെ തൂത്തുക്കുടി ഔട്ടർ ഹാർബർ പദ്ധതിക്ക് 1411 കോടി രൂപ അനുവദിച്ചത് തിരിച്ചടക്കേണ്ട എന്നായിരുന്നു തീരുമാനം. എന്നാൽ കേരളത്തിലേക്ക് എത്തുമ്പോൾ കേന്ദ്രത്തിന്റെ തീരുമാനം മാറുന്നു. വിഴിഞ്ഞത്തിനായി കേന്ദ്രം നൽകുന്ന 817.80 കോടി രൂപ വായ്പയായി കണക്കാക്കി പലിശ സഹിതം തിരിച്ചടക്കണമെന്നാണ് വിചിത്രമായ ഉപാധി.
തുറമുഖത്തിന് ലാഭം കിട്ടിത്തുടങ്ങുമ്പോൾ മുതൽ നൽകേണ്ടി വരുന്ന ഈ തുക തിരിച്ചടവ് പൂർത്തിയാകുമ്പോൾ പലിശയും വരുമാന വിഹിതവും ചേർത്ത് 12000 കോടി രൂപ വരെ കേരളം കേന്ദ്രത്തിന് നൽകേണ്ടതായി വരും. വെറും 817 കോടി നൽകിയിട്ട് അതിന്റെ പത്തിരട്ടിയിലധികം തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നത് എങ്ങനെയാണ് വികസന സഹായമാകുക?
ഇതിനകം തന്നെ വിഴിഞ്ഞത്ത് ട്രയൽ റണ്ണിന്റെ ഭാഗമായി കപ്പലുകൾ വന്നപ്പോൾ ജിഎസ്ടി ഇനത്തിൽ മാത്രമായി 182 കോടി രൂപയാണ് കേന്ദ്ര ഖജനാവിലെത്തിയത്. ഭാവിയിൽ പ്രതിവർഷം 6000 കോടിരൂപയോളം കേന്ദ്രത്തിന് വരുമാനം ലഭിക്കും. എന്നിട്ടും, കേന്ദ്രം നൽകുന്ന തുച്ഛമായ വിഹിതം പോലും വായ്പയായി മാറ്റി കേരളത്തെ കടക്കെണിയിലാക്കാൻ ശ്രമിക്കുന്നത് ഫെഡറൽ സംവിധാനത്തോടുള്ള വെല്ലുവിളിയാണ്.
തൂത്തുക്കുടിയ്ക്ക് നൽകുന്ന നീതി. വിഴിഞ്ഞത്ത് നിഷേധിക്കുന്നത് എന്തിനാണ്. വിഴിഞ്ഞം പദ്ധതിയുടെ യഥാർത്ഥ ശില്പികൾ ഇവിടത്തെ ജനങ്ങളും നിശ്ചദാർഢ്യമുള്ള സർക്കാരുമാണ്- വി. ശിവൻകുട്ടി പറഞ്ഞു.
Content Highlights: Education Minister Criticizes Centre's "Unjust" Vizhinjam Port Funding Terms
Published: 24 Jan 2026, 05:38 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented