തിരുവനന്തപുരം: വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിനായി അനുവദിച്ച വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) പലയിരട്ടിയായി തിരിച്ചടയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ആവശ്യപ്പെടുന്നുവെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഗ്രാന്റായി അനുവദിച്ച തുക വായ്പയാണെന്നാണ് കേന്ദ്ര ധനകാര്യമന്ത്രി അറിയിച്ചിരിക്കുന്നതെന്നും സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമ്പോഴാണ് സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. 

To advertise here,

വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി പറഞ്ഞ കാര്യങ്ങള്‍ 

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന് കേന്ദ്ര സര്‍ക്കാര്‍ അനുവദിക്കാനുദ്ദേശിക്കുന്ന വയബിലിറ്റി ഗ്യാപ് ഫണ്ട് (വിജിഎഫ്) പല മടങ്ങായി തിരിച്ചടച്ചേ തീരുവെന്ന് കേന്ദ്ര സര്‍ക്കാര്‍ വീണ്ടും അറിയിച്ചിരിക്കുകയാണ്. വി.ജി.എഫുമായി ബന്ധപ്പെട്ടെടുത്ത തീരുമാനം പിന്‍വലിക്കണമെന്ന് അഭ്യര്‍ഥിച്ച് നല്‍കിയ കത്തിന് മറുപടിയായി കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ അയച്ച കത്തിലാണ് ഇതുള്ളത്. നാളിതുവരെ വി.ജി.എഫ്. ഗ്രാന്റിന്റെ കാര്യത്തില്‍ പുലര്‍ത്തിവന്ന നയമുണ്ട്. ആ നയത്തില്‍ നിന്നുള്ള വ്യതിയാനമാണ് ഈ തീരുമാനം. വി.ജി.എഫ്. വിഭാവനം ചെയ്തിരിക്കുന്ന മാനദണ്ഡമനുസരിച്ച് അത് ഒറ്റത്തവണ ഗ്രാന്റായാണ് നല്‍കുന്നത്. വായ്പയായി പരിഗണിക്കേണ്ടതല്ല. വി.ജി.എഫ്. സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും സംയുക്തമായി നല്‍കാന്‍ തീരുമാനിച്ചതാണ്. കേന്ദ്രവിഹിതം 817 കോടി 80 ലക്ഷം രൂപയാണ്. സംസ്ഥാനത്തിന്റെ വിഹിതം 817 കോടി 20 ലക്ഷം രൂപയാണ്. ഈ വിഹിതം സംസ്ഥാനം നേരിട്ട് അദാനി പോര്‍ട്ട് കമ്പനിയ്ക്ക് നല്‍കും. 

കേന്ദ്രം നല്‍കുന്ന തുക വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ കമ്പനിയ്ക്ക് ലാഭവിഹിതം ലഭിച്ചു തുടങ്ങുമ്പോള്‍ അതിന്റെ 20 ശതമാനം വെച്ച് കേന്ദ്ര സര്‍ക്കാരിന് സംസ്ഥാന സര്‍ക്കാര്‍ നല്‍കണമെന്നതാണ് വ്യവസ്ഥ. ഇക്കണക്കനുസരിച്ച് പതിനായിരം-പന്ത്രണ്ടായിരം കോടി രൂപയായി കേന്ദ്രത്തിന് തിരിച്ചടയ്ക്കണം. തങ്ങള്‍ നല്‍കിയ തുക സംസ്ഥാന സര്‍ക്കാരിന് നല്‍കിയ വായ്പയായി വ്യാഖ്യാനിക്കുകയും അതിന്റെ പലിശയടക്കമുള്ള തിരിച്ചടവ് സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവെക്കുകയുമാണ് ചെയ്യുന്നത്. ഇത് വയബിലിറ്റി ഗ്യാപ് ഫണ്ടിങ്ങിന്റെ യുക്തിയെ തന്നെ നിരാകരിക്കുന്നതാണ്. വി.ജി.എഫ്. ലഭ്യമാക്കുന്നതിനുള്ള കരാര്‍ ഉണ്ടാക്കുന്നത് കേന്ദ്ര സര്‍ക്കാരും അദാനി കമ്പനിയും തുക നല്‍കുന്ന ബാങ്കും തമ്മിലാണ്. എന്നാല്‍, തിരിച്ചടയ്ക്കാനുള്ള കരാര്‍ സംസ്ഥാന സര്‍ക്കാരും കേന്ദ്ര സര്‍ക്കാരും തമ്മില്‍ വേണമെന്നാണ് വിചിത്രമായ നിബന്ധന. 

രാജ്യത്തിനാകെ ഗുണകരമായ ഒരു പദ്ധതിയ്ക്കായി സംസ്ഥാന സര്‍ക്കാര്‍ എല്ലാ പിന്തുണയും നല്‍കുമ്പോഴാണ് സംസ്ഥാനത്തിനുമേല്‍ കേന്ദ്രം അമിതഭാരം അടിച്ചേല്‍പ്പിക്കുന്നത്. ഈ വിഷയത്തിലാണ് മുഖ്യമന്ത്രി എന്ന നിലയില്‍ കേന്ദ്ര ധനമന്ത്രിയ്ക്ക് കത്തെഴുതിയത്. ഇതിനു മറുപടിയായാണ് കേന്ദ്രം അനുവദിക്കുന്നത് ഗ്രാന്റല്ല വായ്പയാണെന്ന് വ്യക്തമാക്കിയിരിക്കുന്നത്. വി.ജി.എഫ്. അനുവദിച്ച ഒറ്റ ഫണ്ടിനുപോലും തിരിച്ചടവ് നിബന്ധന നാളിതുവരെ കേന്ദ്ര സര്‍ക്കാര്‍ വെച്ചിരുന്നില്ല. കൊച്ചി മെട്രോയ്ക്ക് വേണ്ടി നല്‍കിയ തുക തിരികെ വേണമെന്ന് കേന്ദ്രം പറഞ്ഞിട്ടില്ല. കേരളത്തിന് മാത്രമായി തയ്യാറാക്കിയ പുതിയ മാനദണ്ഡം വി.ജി.എഫിന്റെ തന്നെ സ്റ്റാന്‍ഡേഡ് ഗൈഡ്‌ലൈനിന് വിരുദ്ധമാണ്. കേരളവും വിഴിഞ്ഞത്തിനായി വി.ജി.എഫ്. ഗ്രാന്റ് നല്‍കുന്നുണ്ട്. കേരളം ഗ്രാന്റ് നല്‍കുന്നത് വിഴിഞ്ഞത്തിന്റെ വികസനത്തിനാണ്. തിരിച്ചു ലഭിക്കേണ്ടാത്ത തുകയായി തന്നെയാണ് സംസ്ഥാനത്തിന്റെ വി.ജി.എഫ്. വിഹിതത്തെ കേരളം കാണുന്നതും. എന്നാല്‍ കേന്ദ്രത്തിന്റെ വി.ജി.എഫ്. വിഹിതത്തില്‍ ലാഭവിഹിതം വേണമെന്ന് കേന്ദ്രം ആവശ്യപ്പെടുകയാണ്. മുഖ്യമന്ത്രി പറഞ്ഞു.