തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റ നീക്കവുമായി ബന്ധപ്പെട്ട് സർക്കാർ എന്തുതെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. നേരത്തേ അറിയാമായിരുന്നു എന്നാണ് സർക്കാരിനെതിരേയുള്ള ആരോപണം. ‘‘ഞാൻ മുഖ്യമന്ത്രിയായത് മേയ് 18-നാണ്. പിന്നെയെങ്ങനെയാണ് നേരത്തേ അറിയുന്നത്’’ -അദ്ദേഹം ചോദിച്ചു.

To advertise here,

തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റം നടന്നിട്ടില്ലാത്തതിനാൽ കരാർ ലംഘനം ഉണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തിന്റെ താത്പര്യം ബലികഴിച്ച് ഒരുതീരുമാനവും എടുക്കില്ല. കൺസെഷൻ എഗ്രിമെന്റും സംസ്ഥാന താത്പര്യങ്ങളും മുൻനിർത്തി നിയമപരമായ കാര്യങ്ങൾ പരിശോധിക്കാൻ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റിയെ മന്ത്രിസഭ ചുമതലപ്പെടുത്തി.

ഓഹരിക്കൈമാറ്റ ചർച്ചകൾ നടന്നത് പിണറായി സർക്കാരിന്റെ കാലത്താണ്. അദാനി പോർട്ട് ലിമിറ്റഡും ഷിപ്പിങ് കമ്പനിയായ എം.എസ്.സി.യും ഓഹരിക്കൈമാറ്റം സംബന്ധിച്ച് ഒരുവർഷംമുൻപ് ചർച്ചകൾ തുടങ്ങിയിരുന്നു -ജൂൺ അഞ്ചിന് സി.പി.എം. മുഖപത്രത്തിൽവന്ന വാർത്ത ­ഉയർത്തിക്കാട്ടി മുഖ്യമന്ത്രി പറഞ്ഞു. ഇക്കാര്യം അന്ന് ഔദ്യോഗികമായി അറിഞ്ഞിട്ടും ഇപ്പോൾ യു.ഡി.എഫ്. സർക്കാരിനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ രാഷ്ട്രീയപ്രേരിതമാണ്. -മുഖ്യമന്ത്രി പറഞ്ഞു.

സംസ്ഥാനസർക്കാരിന്റെ അനുമതിയില്ലാതെ ഒരു ഓഹരിയും കൈമാറാൻ സാധിക്കില്ല. കോമൺ യൂസർ ഫെസിലിറ്റി വേണം, കുത്തക പാടില്ല തുടങ്ങിയ വ്യവസ്ഥകൾ കൺസെഷൻ കരാറിൽ ഉൾപ്പെടുത്തിയതിന് ഉമ്മൻചാണ്ടിക്കും കെ. ബാബുവിനും സല്യൂട്ട് നൽകുകയാണ്.49 ശതമാനം ഓഹരികൾ എം.എസ്.സി.ക്ക്‌ കൈമാറുന്നതിന് മുൻകൂർ അനുമതിതേടിയുള്ള കത്ത് മന്ത്രിസഭാ യോഗം ചർച്ചചെയ്തു.

കേന്ദ്രസർക്കാരിന്റെയും വിവിധ മന്ത്രാലയങ്ങളുടെയും അനുമതികൾ ലഭിച്ചാലേ അന്തിമതീരുമാനമെടുക്കാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കി.

“തർക്കം മുൻകൂർ അനുമതി സംബന്ധിച്ച്‌”

വിഴിഞ്ഞം കരാർ വ്യവസ്ഥകളിലല്ല തർക്കം. ഓഹരി കൈമാറ്റത്തിനുമുൻപ് മുൻകൂർ അനുമതി വാങ്ങിയോ എന്നതിലാണ്‌. മുഖ്യമന്ത്രി ഒഴിഞ്ഞുമാറുകയാണ്‌. പൊതുഭരണം, നിയമം, ധനം തുടങ്ങിയ വകുപ്പുകൾ മുഖ്യമന്ത്രി കൈവശംവെക്കുന്നത് അപകടകരമാണ്.-പി.രാജീവ്‌, മുൻ വ്യവസായമന്ത്രി

“പിണറായി ഐ.ടി. കൈവശം വെച്ചത് ആർക്കുവേണ്ടി?”

പിണറായി വിജയൻ മുഖ്യമന്ത്രിയായിരിക്കേ ആരുടെ താത്‌പര്യം സംരക്ഷിക്കാനാണ് വ്യവസായമന്ത്രി കൈകാര്യം ചെയ്യേണ്ട ഐ.ടി. വകുപ്പ് കൈവശം െവച്ചത്‌. ­ഐ.ടി.യടക്കം 29 വകുപ്പുകളാണ് പിണറായി കൈവശം വെച്ചത്.-വി.ഡി.സതീശൻ, മുഖ്യമന്ത്രി