തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്ത് പുതിയ റെക്കോഡ് സ്ഥാപിച്ച് ജനുവരിയിൽ എത്തിയത് 1.23 ലക്ഷം ടി.ഇ.യു. കണ്ടെയ്‌നറുകൾ. ഇതുവരെയുള്ളതിൽ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കാണിത്. കഴിഞ്ഞ മാസം തുറമുഖം 62 കപ്പലുകൾ കൈകാര്യം ചെയ്തു. പ്രതിമാസക്കണക്കിൽ ഇതും ഏറ്റവും ഉയർന്ന എണ്ണമാണ്. മണിക്കൂറിൽ 30.12 കണ്ടെയ്‌നറുകൾ എന്ന ഏറ്റവും ഉയർന്ന ഗ്രോസ് ക്രെയിൻ നിരക്ക് വിഴിഞ്ഞം കൈവരിച്ചു. രാജ്യാന്തര തലത്തിൽ തന്നെ ജി.സി.ആർ. 30-നു മുകളിൽ എത്തുന്നത് മികച്ച നേട്ടമാണ്.

To advertise here,

കൈകാര്യം ചെയ്യുന്ന കണ്ടെയ്‌നറുകളുടെ എണ്ണം അടിസ്ഥാനപ്പെടുത്തിയുള്ള ആഗോള റാങ്കിങ്ങിൽ വിഴിഞ്ഞം 83-ാം സ്ഥാനത്തേക്ക് ഉയർന്നു. വിഴിഞ്ഞത്ത് ഇതുവരെ 740 കപ്പലുകളും 15.70 ലക്ഷം ടി.ഇ.യു. ചരക്കും കൈകാര്യം ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ ആദ്യത്തെ സെമി-ഓട്ടോമേറ്റഡ് കണ്ടെയ്‌നർ തുറമുഖമാണ് വിഴിഞ്ഞം. ലോകത്തിലെ ഏറ്റവും വലിയ കണ്ടെയ്‌നർ കപ്പലുകൾ കൈകാര്യം ചെയ്യാൻ കഴിവുള്ള ദക്ഷിണേഷ്യയിലെ ചുരുക്കം തുറമുഖങ്ങളിൽ ഒന്നാണിത്.