തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടും മൂന്നും ഘട്ട വികസനപ്രവർത്തനങ്ങളുടെ ഭാഗമായി 77.17 ഹെക്ടർ സ്ഥലം, കടൽ നികത്തിയായിരിക്കും കണ്ടെത്തുക. നേരത്തെ ഒന്നാംഘട്ടത്തിൽ തുറമുഖത്തിനായി 63 ഹെക്ടർ ഭൂമി കടൽ നികത്തിയെടുത്തിരുന്നു. നിലവിൽ തുറമുഖത്തിന്റെ യാർഡ് നിലനിൽക്കുന്നത് ആദ്യഘട്ടത്തിൽ നികത്തിയെടുത്ത ഭൂമിയിലാണ്. ഇതോടെ രണ്ടും മൂന്നും ഘട്ടത്തിൽ തുറമുഖ വികസനത്തിനായി സ്വകാര്യഭൂമി ഏറ്റെടുക്കേണ്ടതില്ല.
ഡ്രഡ്ജ് ചെയ്തായിരിക്കും കടൽ നികത്തുന്നതിനുള്ള മണൽ കണ്ടെത്തുക. പദ്ധതിപ്രദേശത്തുതന്നെ ഡ്രെജ്ജിങ് നടത്തി കടൽപ്രദേശം കരയാക്കിമാറ്റും. യാർഡ് നിർമാണത്തിനാണ് കടൽ നികത്തി സ്ഥലം കണ്ടെത്തുക. അടുത്തഘട്ടത്തിൽ നിലവിലുള്ളതിന്റെ മൂന്നിരട്ടിയിലധികം സംഭരണശേഷിയാണ് തുറമുഖം ലക്ഷ്യമിടുന്നത്.
നിലവിൽ ഡ്രഡ്ജ് ചെയ്യേണ്ട ഭാഗത്ത് കണ്ടൽക്കാടുകൾ ഇല്ലാത്തതിനാൽ പാരിസ്ഥിതികപ്രശ്നങ്ങൾക്കു സാധ്യതയില്ലെന്ന് പാരിസ്ഥിതിക അനുമതി നൽകിയ റിപ്പോർട്ടിൽ പറയുന്നു. നിലവിലെ കണ്ടെയ്നർ ടെർമിനൽ 800 മീറ്റർ എന്നത് അടുത്തഘട്ടത്തിൽ 2000 മീറ്റർ എന്നനിലയിൽ വികസിപ്പിക്കും. 1200 മീറ്റർകൂടി അടുത്തഘട്ടത്തിൽ വികസിപ്പിക്കുമ്പോൾ ലോകത്തെ നീളംകൂടിയ വിഭാഗത്തിലുള്ള അഞ്ച് കപ്പലുകൾക്ക് ഒരേസമയം വിഴിഞ്ഞത്ത് ബെർത്ത് ചെയ്യാനാകും. കൂടാതെ നാവികസേന, കോസ്റ്റ് ഗാർഡ് എന്നിവയ്ക്കുംകൂടി ഉപയോഗിക്കാവുന്ന തരത്തിലായിരിക്കും അടുത്തഘട്ടത്തിലെ ബെർത്ത് നിർമാണം.
നിലവിൽ മൂന്ന് കിലോമീറ്റർ നീളത്തിലാണ് ബ്രേക്ക്വാട്ടർ. ഇത് നാലു കിലോമീറ്ററായി ഉയർത്തും. തുറമുഖത്തിന്റെ കണ്ടെയ്നർ ശേഷി ഉയർത്തുകയാണ് അടുത്തഘട്ടത്തിൽ പ്രധാനം. നിലവിൽ 10 ലക്ഷം ടിഇയു(ഒരു ടിഇയു- 20 അടി നീളമുള്ള കണ്ടെയ്നർ) ആണ്. ഇത് 44.5 ലക്ഷം ടിഇയു ആയാണ് ഉയർത്തുന്നത്.
രണ്ടും മൂന്നും ഘട്ടം പ്രവർത്തനസജ്ജമാകുമ്പോൾ പ്രത്യക്ഷമായും പരോക്ഷമായും 2700 പേർക്ക് ജോലി ലഭിക്കുമെന്നാണ് വിലയിരുത്തുന്നത്. കേരളത്തിന്റെ കയറ്റുമതി-ഇറക്കുമതി മേഖലയിൽ വലിയ കുതിപ്പ് ഈ രണ്ടുഘട്ടം പൂർത്തിയാകുമ്പോൾ ഉണ്ടാകുമെന്ന്, പാരിസ്ഥിതിക അനുമതി നൽകിയ കേന്ദ്രസർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. തുറമുഖത്തോടനുബന്ധിച്ചുള്ള ക്രൂയിസ് ടെർമിനൽകൂടി പ്രവർത്തനസജ്ജമാകുമ്പോൾ വിനോദസഞ്ചാരമേഖലയിലും വലിയ കുതിപ്പുണ്ടാകുമെന്നാണ് വിലയിരുത്തൽ.
2015 ഡിസംബർ അഞ്ചിനാണ് വിഴിഞ്ഞം തുറമുഖം നിർമാണം ആരംഭിച്ചത്. നാലുവർഷത്തിനുള്ളിൽ(1460 ദിവസം) നിർമാണം പൂർത്തിയാക്കണമെന്നായിരുന്നു സർക്കാരും അദാനി ഗ്രൂപ്പും തമ്മിലുള്ള കരാർ. എന്നാൽ, പലകാരണങ്ങളാൽ നിർമാണം നീണ്ടുപോവുകയായിരുന്നു.
വയബിലിറ്റി ഗ്യാപ്പ് ഫണ്ട്: തിരിച്ചടയ്ക്കണമെന്ന വ്യവസ്ഥ വിഴിഞ്ഞം പദ്ധതിക്കുമാത്രം
ന്യൂഡല്‍ഹി: വയബിലിറ്റി ഗ്യാപ്പ് ഫണ്ട് (വിജിഎഫ്) ഇനത്തില്‍ അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ക്ക് നല്കിയ തുകകള്‍ തി രിച്ചടയ്ക്കണമെന്ന വ്യവസ്ഥ വെച്ചിട്ടുള്ളത് വിഴിഞ്ഞം തുറമുഖ പദ്ധതിക്കുമാത്രം. ജോണ്‍ ബ്രിട്ടാസ് എംപിയു ടെ ചോദ്യത്തിന് രാജ്യസഭയില്‍ നല്കിയ മറുപടിയിലാണ് ഇക്കാര്യം.
കേന്ദ്രം ഇതുവരെ രാജ്യത്ത് 71 അടിസ്ഥാനസൗകര്യ വികസന പദ്ധതികള്‍ക്ക് വയബിലിറ്റി ഗ്യാപ്പ് ഫണ്ടിങ് സഹായം നല്‍കിയിട്ടുണ്ടെന്ന് കഴിഞ്ഞ ഡിസംബറില്‍ ജോണ്‍ ബ്രിട്ടാസ് എംപിക്ക് ധനമന്ത്രാലയം മറുപടി നല്‍കിയിരുന്നു. വിജിഎഫ് നല്കിയ പദ്ധതികളില്‍ ഏതൊക്കെ പദ്ധതികള്‍ക്കാണ് ഇത് തിരിച്ചടയ്ക്കണമെന്ന് വ്യവസ്ഥ വെച്ചിട്ടുള്ളതെന്ന ചോദ്യത്തിനാണ് വിഴിഞ്ഞം ഇന്റര്‍നാഷണല്‍ സീ പോര്‍ട്ട് പ്രോജക്ടിന് മാത്രമാണ് തുക കേന്ദ്രവുമായി പങ്കിടണമെന്ന അധിക നി ബന്ധന ഏര്‍പ്പെടുത്തിയിട്ടുള്ളതെന്ന് കേന്ദ്രം വ്യക്തമാക്കിയത്. ഇത് അന്യായവും കേന്ദ്രത്തിന് കേരളത്തോടുള്ള അവഗണന വെളിവാക്കുന്നതുമാണെന്ന് ബ്രിട്ടാസ് കുറ്റപ്പെടുത്തി. വിഴിഞ്ഞം തുറമുഖപദ്ധതിക്ക് കേന്ദ്രവിഹിതമായ 818.80 കോടി രൂപയ്ക്ക് സമാനമായ തുക കേരള ത്തിന്റെ വിഹിതമായി നല്‍കുന്നുണ്ട്.
Content Highlights: Vizhinjam Port Expansion: 77 Hectare Sea Reclamation
Published: 12 Mar 2025, 08:12 am IST
Related Topics
മാതൃഭൂമി.കോം വാട്സാപ്പിലും
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



Most Commented