വെള്ളനാട്: വെള്ളനാട് പഞ്ചായത്ത് സെക്രട്ടറി എൽ.സിന്ധുവിനെ ജാതിപറഞ്ഞ് അധിക്ഷേപിച്ച് കൈയേറ്റം ചെയ്യാൻ ശ്രമിച്ചെന്ന കേസിൽ ഐ.എൻ.ടി.യു.സി. ജില്ലാ സെക്രട്ടറിയും കോൺഗ്രസ് വെള്ളനാട് മുൻ മണ്ഡലം പ്രസിഡൻറും പഞ്ചായത്ത് വൈസ് പ്രസിഡൻറുമായ വെള്ളനാട് ശ്രീകണ്ഠനെ(62) പോലീസ് അറസ്റ്റ് ചെയ്തു.

To advertise here,

നെടുമങ്ങാട് ജില്ലാ സ്പെഷ്യൽ എസ്‌.സി., എസ്‌.ടി. കോടതിയിൽ ഹാജരാക്കിയ ശ്രീകണ്ഠന് ആരോഗ്യപ്രശ്നങ്ങൾ പരിഗണിച്ച് 16-ാം തീയതിവരെ കോടതി ഇടക്കാലജാമ്യം അനുവദിച്ചു.

കഴിഞ്ഞമാസം 6-ന് വൈകീട്ട് നാലുമണിയോടെയാണ് കേസിനാസ്പദമായ സംഭവം നടന്നത്.

പഞ്ചായത്ത് ഓഫീസിലെ സെക്രട്ടറിയുടെ ക്യാബിനിൽ ജീവനക്കാരോടു സംസാരിക്കുകയായിരുന്ന സെക്രട്ടറിയെ ക്യാബിനിലെത്തി വൈസ് പ്രസിഡൻറ്്‌ മോശമായ പദപ്രയോഗം നടത്തി ജാതിപ്പേരു പറഞ്ഞ് അധിക്ഷേപിച്ച് അടിക്കാൻ ശ്രമിച്ചെന്നാണ് കേസ്.

രാഷ്ട്രീയപ്രേരിതം- വെള്ളനാട് ശ്രീകണ്ഠൻ

ജാതിപ്പേരു വിളിച്ച് ആക്ഷേപിച്ചെന്നു പറഞ്ഞ് തന്നെ കേസിൽ കുടുക്കിയത് രാഷ്ട്രീയപ്രേരിതമായ നടപടിയാണെന്ന് വെള്ളനാട് ശ്രീകണ്ഠൻ ‘മാതൃഭൂമി’യോടു പറഞ്ഞു. സെക്രട്ടറിയുമായി വാക്കേറ്റം ഉണ്ടായിട്ടുണ്ടെന്നും ജാതിപ്പേര് വിളിച്ചിട്ടില്ലെന്നും ശ്രീകണ്ഠൻ വ്യക്തമാക്കി.

രാഷ്ട്രീയമായി തന്നെ ഇല്ലായ്മചെയ്യാൻ ശ്രമിക്കുന്നവരെ രാഷ്ട്രീയമായിത്തന്നെ നേരിടുമെന്നും വെള്ളനാട് ശ്രീകണ്ഠൻ പറഞ്ഞു.