തൃശ്ശൂർ: കോട്ടപ്പുറത്തെ വൈദ്യുതിഭവനു സമീപമുള്ള കൃഷ്ണ കാറ്ററിങ്ങിൽ വർഷത്തിൽ 365 ദിവസവും മുടങ്ങാതെ ലഭിച്ചിരുന്നത് പാലടയായിരുന്നു. വെളപ്പായ കണ്ണനെന്ന കെ.എച്ച്. കണ്ണന്റെ മാസ്റ്റർപീസായ പാലടപ്രഥമൻ. വാങ്ങാനെത്തുന്നവരെല്ലാം കണ്ണൻ സ്വാമിയുടെ പാലട ഒരു ലിറ്റർ കൂടുതൽ വാങ്ങും. രുചിമുകുളങ്ങളെ അത്രമാത്രം പ്രലോഭിപ്പിക്കുന്നതായിരുന്നു ആ പാലടമധുരം.

To advertise here,

ലക്ഷക്കണക്കിനു പേരുടെ നാവിൽ നിത്യേന രൂചിക്കൂട്ട് നിറച്ച അദ്ദേഹം പാചകരംഗത്ത് വ്യത്യസ്തങ്ങളായ വിഭവങ്ങൾ തയ്യാറാക്കുന്നതിലും മിടുക്കുകാട്ടി. ഓണക്കാലത്ത് പതിനായിരങ്ങൾക്കാണ് ഇവിടെ ഓണസദ്യ ഒരുക്കാറുള്ളത്. സദ്യയ്ക്കുള്ള ബുക്കിങ് ആഴ്ചകൾക്കു മുൻപേ പൂർത്തിയാകും. അത്തം മുതൽ കണ്ണൻ സ്വാമിയുടെ ഓണസദ്യ ആരംഭിക്കും. രാവിലെമുതലേ വിഭവങ്ങൾ വാങ്ങാനെത്തുന്നവരുടെ തിരക്ക് തുടങ്ങും.

പാരമ്പര്യവഴി പിന്തുടർന്ന് 1992-ൽ കാറ്ററിങ് രംഗത്തേയ്ക്കെത്തിയ അദ്ദേഹം തന്റെ സ്ഥാപനത്തിൽ അത്യാധുനികസൗകര്യങ്ങളും സാങ്കേതികവിദ്യകളും കൊണ്ടുവന്ന് പുതിയ സാധ്യതകൾ കണ്ടെത്തി. 1994-ൽ ചെറുകിട യൂണിറ്റായാണ് കൃഷ്ണ കാറ്ററിങ് തുടങ്ങിയത്. ശുചിത്വവും ഗുണനിലവാരവും കണക്കിലെടുത്ത് 2016-ൽ ഇന്റർനാഷണൽ ക്വാളിറ്റി മാനേജ്മെന്റ് പുരസ്കാരം ലഭിച്ചു. മൂന്നുവർഷം സി.ബി.എസ്.ഇ. കലോത്സവത്തിന്റെ അടുക്കള കൈകാര്യം ചെയ്യാനും അവസരം ലഭിച്ചു.

94-ൽ ശക്തൻസ്റ്റാൻഡിനു സമീപമുണ്ടായ അപകടത്തിൽ പരിക്കേറ്റ് രണ്ടാഴ്ചയോളം കിടപ്പായ അദ്ദേഹത്തിന്റെ ശരീരം വിശ്രമത്തെത്തുടർന്ന് വണ്ണംവെച്ചുതുടങ്ങി. 2006 ആയപ്പോഴേക്ക്‌ 148 കിലോയിലെത്തി. വണ്ണം കുറയ്ക്കാനായി സ്വകാര്യ ആശുപത്രിയെ സമീപിച്ചെങ്കിലും ശസ്ത്രക്രിയ നിർദേശിച്ചതിനെത്തുടർന്ന് വേണ്ടെന്നുവെച്ചു. 2006 ഡിസംബറിലെ ശബരിമലയാത്ര പമ്പയ്ക്കുസമീപം നിർത്തിവെക്കേണ്ടിവന്നു. ഏറെ വിഷമിപ്പിച്ച ഈ സംഭവത്തെത്തുടർന്ന് അദ്ദേഹം ഭക്ഷണം നിയന്ത്രിച്ചു. ഏറ്റവും പ്രിയപ്പെട്ട പപ്പടവും പായസവും വരെ വേണ്ടെന്നുവെച്ചു. ഒരു വർഷത്തിനുള്ളിൽ ഭാരം 80 കിലോയിൽത്താഴെയായി. നാലുകൂട്ടം പായസവും വ്യത്യസ്തങ്ങളായ കറിക്കൂട്ടുകളും എന്നും കാണുന്ന പാചകപ്പുരയിൽനിന്നാണ് നിശ്ചയദാർഢ്യത്തോടെ മുന്നോട്ടുപോയത്. ഒടുവിൽ തൃശ്ശൂരുകാരുടെ നാവും മനസ്സും വയറും നിറച്ച യാത്ര അവസാനിപ്പിച്ച് വെളപ്പായ കണ്ണൻ മടങ്ങി.