തിരുവനന്തപുരം: ശബരിമല ധർമ്മശാസ്താവിന്റെ സ്വർണം കവർന്നതിന് കോടതി ജയിലിലാക്കിയ സിപിഎം നേതാക്കൾക്കെതിരെ നടപടി എടുക്കാത്ത സിപിഎമ്മാണ് പാർട്ടിയിൽ നടന്ന കൊള്ള പുറത്തുപറഞ്ഞ ആൾക്കെതിരെ 24 മണിക്കൂർ തികയുന്നതിന് മുൻപ് നടപടി എടുത്തതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി മുൻ അംഗം കുഞ്ഞികൃഷ്ണൻ നടത്തിയ വെളിപ്പെടുത്തൽ പുറത്തുവന്നതിനെ തുടർന്ന് ടി.ഐ. മധുസൂദനൻ എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് ചെയ്ത സ്ത്രീകൾ അടക്കമുള്ള കോൺഗ്രസ് പ്രവർത്തകരെ സിപിഎം ക്രിമിനലുകൾ ക്രൂരമായി മർദ്ദിച്ചെന്നും അദ്ദേഹം പറഞ്ഞു. നിയമസഭ മീഡിയ റൂമിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സതീശൻ.
എംഎൽഎയുടെ ഓഫീസിന് സമീപം കുറുവടികളുമായി ക്രിമിനൽ സംഘം ആക്രമിക്കാൻ നിൽക്കുകയായിരുന്നു. പോലീസ് നിർദ്ദേശത്തെ തുടർന്ന് പ്രകടനം വഴിമാറി പോയിട്ടും പിന്നിലൂടെ ആക്രമിക്കുകയായിരുന്നു. എംഎൽഎയുടെ ഓഫീസിലേക്ക് മാർച്ച് നടത്തുന്നവരെ ഇല്ലാതാക്കുമെന്നായിരുന്നു സിപിഎം ഏരിയാ സെക്രട്ടറിയുടെ കൊലവിളി. പാർലമെന്റ് തിരഞ്ഞെടുപ്പ് സമയത്ത് അഴിമതികൾ പുറത്ത് കൊണ്ടുവരുന്നവർക്ക് സംരക്ഷണം നൽകുമെന്നാണ് സിപിഎം പറഞ്ഞത്. എന്നിട്ടാണ് വിസിൽ ബ്ലോവറിനെതിരെ നടപടി എടുത്ത് പാർട്ടിയിൽനിന്ന് പുറത്താക്കിയ വിരോധാഭാസം സിപിഎം ചെയ്തതെന്നും സതീശൻ പരിഹസിച്ചു.
പിണറായി വിജയനാണ് ആഭ്യന്തര വകുപ്പിന്റെ ചുമതല. പയ്യന്നൂരിൽ പോലീസിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞ കേസിൽ 20 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ആളെയാണ് കൗൺസിലറാക്കിയിരിക്കുന്നത്. അയാൾക്ക് ജയിലിൽ പോയ ആദ്യമാസം തന്നെ പരോൾ നൽകി. പിന്നീട് പരോൾ നീട്ടിക്കൊടുത്തു. പൊലീസ് ജീപ്പിന് നേരെ സ്റ്റീൽ ബോംബ് എറിഞ്ഞയാളെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ആഭ്യന്തര വകുപ്പ് മന്ത്രിയുടെ കസേരയിൽ ഇരിക്കാനുള്ള എന്ത് ധാർമിക അവകാശമാണുള്ളത്? നിങ്ങളല്ലേ പൊലീസിന്റെ മന്ത്രി? നിങ്ങളുടെ കീഴിലുള്ള പൊലീസുകാരെ കൊല്ലാൻ ശ്രമിച്ചതിന് 20 വർഷം തടവിന് ശിക്ഷിച്ച ആളെയല്ലേ സ്ഥാനാർത്ഥിയാക്കിയതെന്നും സതീശൻ ആരാഞ്ഞു.
പാർട്ടിയിലെ തെറ്റുകൾ ചൂണ്ടിക്കാട്ടിയതിനാണ് ടി.പി ചന്ദ്രശേഖരൻ ക്രൂരമായി വധിക്കപ്പെട്ടത്. അതുപോലെ ജീവന് ഭീഷണി നേരിട്ടുകൊണ്ടാണ് കുഞ്ഞികൃഷ്ണനും പാർട്ടിയിലെ അഴിമതി ചൂണ്ടിക്കാട്ടിയത്. കുഞ്ഞികൃഷ്ണന്റെ ജീവൻ സംരക്ഷിക്കാനുള്ള ബാധ്യത പോലീസിനുണ്ടെന്നും സതീശൻ പറഞ്ഞു.
കോൺഗ്രസ് പ്രവർത്തകരെ ആക്രമിച്ച സംഭവം നിയമസഭയിൽ അവതരിപ്പിക്കാൻ പാടില്ലെന്ന് സ്പീക്കർ പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിലാണെന്നും സതീശൻ ആരാഞ്ഞു. റൂൾ 50-യുമായി ബന്ധപ്പെട്ട ഏത് പ്രൊവിഷന്റെ അടിസ്ഥാനത്തിലാണ് അടിയന്തര പ്രമേയത്തിന് അനുമതി നിഷേധിച്ചത്? സിപിഎം പ്രതിരോധത്തിൽ ആകുന്ന വിഷയം നിയമസഭയിൽ അവതരിപ്പിക്കേണ്ടെന്ന് സ്പീക്കർ തീരുമാനിച്ചിരിക്കുകയാണ്. രാഷ്ട്രീയ പ്രവർത്തകരെ കൊല്ലുമെന്ന് പരസ്യമായി ഭീഷണിപ്പെടുത്തുന്ന സംഭവം നിയമസഭയിൽ അല്ലാതെ എവിടെ പോയി പറയും. അടിയന്തര പ്രമേയം കൊണ്ടുവന്നിരുന്നെങ്കിൽ അനുമതി തരുമായിരുന്നു എന്ന് പറയുന്നവർ ഇപ്പോൾ അനുമതി തന്നില്ലല്ലോ. മുഖ്യമന്ത്രിക്ക് മറുപടി ഇല്ലാത്തതു കൊണ്ടാണ് അടിയന്തര പ്രമേയം ഒഴിവാക്കിയത്. അനീതിയാണ് സ്പീക്കർ ചെയ്തത്. റൂൾസ് ഓഫ് പ്രൊസീജിയറിന് വിരുദ്ധമായാണ് സ്പീക്കർ പെരുമാറിയതെന്നും പ്രതിപക്ഷ നേതാവ് വിമർശിച്ചു.
കുഞ്ഞികൃഷ്ണന് പിന്തുണ നൽകും. അദ്ദഹത്തിന്റെ ജീവൻ അപകടത്തിലാണ്. അദ്ദേഹം ഞങ്ങളുടെ പിന്തുണ തേടി വന്നിട്ടില്ല. പയ്യന്നൂരിൽ അദ്ദേഹം യുഡിഎഫ് സ്ഥാനാർഥിയാകുമെന്ന് മുദ്രാവാക്യം വിളിച്ചത് പാർട്ടി വിരുദ്ധനാണെന്ന് വരുത്തിത്തീർക്കാനാണ്. ഏരിയാ സെക്രട്ടറിയുടെ പ്രഖ്യാപനം ഭീഷണിയാണെന്നും സതീശൻ കൂട്ടിച്ചേർത്തു.
പണാപഹരണം സംബന്ധിച്ച് പാർട്ടി സെക്രട്ടറിയുടെയും മുഖ്യമന്ത്രിയുടെ കയ്യിൽ നൽകിയ പരാതി പൊലീസിന് കൈമാറണം. പാർട്ടി തന്നെ പൊലീസും കോടതിയുമാകുന്നുവെന്ന പ്രതിപക്ഷ ആരോപണമാണ് ഇപ്പോൾ ശരിവയ്ക്കപ്പെട്ടിരിക്കുന്നത്. പ്രധാനപ്പെട്ട നേതാക്കളൊക്കെ കൊലക്കേസിലെ പ്രതിയാണ്. എന്നിട്ടും നേതൃത്വത്തെ വെല്ലുവിളിച്ചു കൊണ്ട് സിപിഎം പ്രവർത്തകർ പ്രതിഷേധ പ്രകടനം നടത്തി. അതിൽ പങ്കെടുത്ത ആളുടെ ബൈക്കാണ് കത്തിച്ചതെന്നും സതീശൻ ചൂണ്ടിക്കാട്ടി.
അരാഷ്ട്രീയ വാദം പറഞ്ഞ് രംഗത്തുവന്ന ട്വന്റി20 നേരം ഇരുട്ടിവെളുക്കുന്നതിന് മുൻപ് എൻ.ഡി.എയിലെ ഘടകകക്ഷി ആയതിനെ കുറിച്ച് അന്വേഷിക്കണമെന്നും സതീശൻ ആവശ്യപ്പെട്ടു. പ്രത്യേകിച്ചും സാബു ജേക്കബ് ബിസിനസുകാരൻ കൂടിയായ സാഹചര്യത്തിൽ. എൻ.ഡി.എയിൽ ചേരാൻ ഏതെല്ലാം തരത്തിലുള്ള സമ്മർദ്ദം ഉണ്ടായെന്ന് പറയണം. കാപട്യം മനസിലായതോടെ ട്വന്റി 20 യിൽ ചേർന്ന പൊതുപ്രവർത്തകരെല്ലാം തിരിച്ച് വരികയാണ്. ആരും ഇല്ലാത്തതു കൊണ്ട് ബിജെപിക്ക് ആരെ കിട്ടിയാലും നല്ലതാണ്, സതീശൻ പരിഹസിച്ചു.
എൻഎസ്എസ് ആദ്യം എടുത്തതും അവസാനം എടുത്തതുമായ തീരുമാനം അവരുടെ ആഭ്യന്തരകാര്യമാണെന്നും സതീശൻ പറഞ്ഞു. സമുദായങ്ങളുടെ ആഭ്യന്തരകാര്യങ്ങളിൽ ഞങ്ങൾ ഇടപെടാറില്ല. വിമർശനത്തിന് പോലും മറുപടി പറഞ്ഞിട്ടില്ല. ഞങ്ങളെ വിമർശിക്കാൻ എല്ലാവർക്കും അധികാരമുണ്ട്. ലീഗിനെതിരെ എൻഎസ്എസ് ഒന്നും പറഞ്ഞിട്ടില്ല. എൻഎസ്എസ്- എസ്എൻഡിപി സഖ്യം ഇല്ലാതാക്കിയത് ലീഗാണെന്ന വെള്ളാപ്പള്ളിയുടെ പ്രസ്താവന ശരിയല്ലെന്നാണ് എൻഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞത്. കാര്യങ്ങളെല്ലാം കേരളത്തിന് അറിയാം. ഒന്നിക്കാൻ പോകുന്നെന്ന് പറഞ്ഞപ്പോൾ നല്ല കാര്യമാണെന്നാണ് ഞങ്ങൾ പറഞ്ഞത്. ന്യായമായ പരാതി ഏത് സമുദായത്തിന് ഉണ്ടായാലും ഇടപെടും. പക്ഷെ ഒരാളും വർഗീയത പറയരുത്. പറഞ്ഞാൽ തിരിച്ച് പറയും. അതിൽ ഒരുവിട്ടുവീഴ്ചയും ഇല്ല.
ശശി തരൂരിനെതിരായ വാർത്തയ്ക്ക് ഒരു അടിസ്ഥാനവുമില്ലെന്നും സതീശൻ പറഞ്ഞു. വിദേശത്ത് പോകുമ്പോൾ ബിസിനസുകാർ ഉൾപ്പെടെയുള്ളവരുമായി എല്ലാവരും സംസാരിക്കും. തരൂർ കോൺഗ്രസിനൊപ്പമാണ്. ഞങ്ങളുമായി നിരന്തരം സമ്പർക്കത്തിലുമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Content Highlights: vd satheesan on cpm action taken against v kunjikrishnan
Published: 27 Jan 2026, 03:03 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented