
മുഖ്യമന്ത്രിയായതിനുശേഷം വി.ഡി. സതീശൻ നൽകിയ ആദ്യത്തെ ഏറ്റവും ആഴമേറിയ അഭിമുഖഭാഷണമാണിത്. ക്ലിഫ് ഹൗസിലേക്ക് താമസംമാറ്റിയതിന്റെ പിറ്റേന്ന് വൈകുന്നേരം അദ്ദേഹം വാരാന്തപ്പതിപ്പുമായി സംസാരിച്ചതുമുഴുവൻ പണ്ഡിറ്റ് ജവാഹർലാൽ നെഹ്‌റുവിനെക്കുറിച്ചായിരുന്നു. നെഹ്‌റു എന്ന ബഹുമുഖപ്രതിഭയെ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റ് എന്ന് സ്വയം അഭിമാനപൂർവം വിശേഷിപ്പിക്കുന്ന മുഖ്യമന്ത്രി വ്യത്യസ്ത വീക്ഷണകോണുകളിലൂടെ ഈ അഭിമുഖത്തിൽ നോക്കിക്കാണുന്നു. ഒരേസമയം നെഹ്‌റു ഇതിൽ പലതാകുന്നു; പലതാകുമ്പോഴും അദ്ദേഹം ഏകാകിയായ സ്വപ്നാടകനുമാവുന്നു.
?താങ്കൾ നെഹ്‌റൂവിയൻ സോഷ്യലിസ്റ്റാണെന്ന് ആവർത്തിച്ചുപറയുന്നു. വിശാലകാഴ്ചപ്പാടും ശാസ്ത്രാവബോധവും സോഷ്യലിസ്റ്റ് സാമ്പത്തികവ്യവസ്ഥയും മുന്നോട്ടുവെച്ച നെഹ്റുവിനെ ഇന്നത്തെക്കാലത്ത് പിന്തുടരുക എത്രത്തോളം പ്രായോഗികമാണ്
= സ്കൂൾപഠനകാലത്ത് നെഹ്റുവിനെ വായിച്ചുതുടങ്ങിയതാണ്. ആഴത്തിൽ വായിക്കുന്നത് കോളേജ് കാലത്താണ്. തമാശയായെങ്കിലും നമ്മൾ പറയാറുണ്ട്, ചരിത്രം ഇഷ്ടമല്ല എന്നൊക്കെ. കാരണം, കാണാതെ പഠിക്കുകയായിരുന്നുവല്ലോ അന്നൊക്കെ. പ്ലാസിയുദ്ധം നടന്ന വർഷമേത്? പാനിപ്പത്ത് യുദ്ധം നടന്ന വർഷമേത്? അങ്ങനെയാണല്ലോ നമ്മൾ പഠിക്കുന്നത്. ചരിത്രം എന്തിനാണ് പഠിക്കുന്നത് എന്ന ചിന്ത മാറ്റിത്തന്നത് പണ്ഡിറ്റ് നെഹ്റുവാണ്. പ്രീഡിഗ്രിക്കാലത്താണ് നെഹ്റുവിന്റെ GLIMPSES OF WORLD HISTORY വായിക്കുന്നത്. വിശ്വചരിത്രാവലോകം എന്ന പേരിൽ ബൃഹത്തായ ആ ഗ്രന്ഥം മലയാളത്തിലേക്ക് മാതൃഭൂമി മൊഴിമാറ്റം ചെയ്തിരുന്നു. ആദ്യം മലയാളം വിവർത്തനവും പിന്നീട് ഇംഗ്ലീഷും വായിച്ചു. ഒരു കവിത വായിക്കുന്നതുപോലെയാണ് തോന്നിയത്. ലോകരാജ്യങ്ങളുടെ ചരിത്രം, പ്രത്യയശാസ്ത്രം, മഹാസംസ്കാരങ്ങൾ ഇതിനെയെല്ലാം കൈവെള്ളയിലെന്നപോലെ അറിയുന്ന പണ്ഡിതനായ ഒരാൾ. അത്തരമൊരു പണ്ഡിതനുമാത്രമേ അത് ചുരുക്കിയെഴുതാൻ കഴിയൂ. എന്നെ ചരിത്രവായനയിലേക്ക് പ്രേരിപ്പിച്ചത് ആ പുസ്തകമാണ്.
പിന്നീട് ഞാൻ അദ്ദേഹത്തിന്റെ പ്രസംഗങ്ങൾ അന്വേഷിച്ചുനടക്കാൻ തുടങ്ങി. എന്നെ ഏറ്റവും സ്വാധീനിച്ച പ്രസംഗങ്ങളിൽ ഒന്ന് Tryst with Destiny (വിധിയുമായുള്ള മുഖാമുഖം) ആണ്. 1947 ഓഗസ്റ്റ് 14-അർധരാത്രി നടത്തിയ അതിമനോഹരമായ പ്രസംഗം. ആ പ്രസംഗം കേൾക്കുമ്പോൾ ഒരുതരം വൈകാരികത നമ്മെ വന്നുപൊതിയുന്നു. കഴിഞ്ഞ ബജറ്റിൽ ഞാൻ കവിതകളും മഹാന്മാരുടെ ഉദ്ധരണികളൊന്നും ഉൾക്കൊള്ളിക്കുകയുണ്ടായില്ല. സ്വപ്നങ്ങൾ കാണുന്ന ഒരാൾ എന്ന നിലയിൽ ബജറ്റിന്റെ അവസാനം ഞാൻ Tryst with Destiny-യിൽനിന്ന് ചില ഉദ്ധരണികൾ എടുത്തു. പലവട്ടം വായിച്ചിട്ടുള്ളതാണെങ്കിലും ബജറ്റിൽ ഉൾപ്പെടുത്തുന്നതിനായി ഒരിക്കൽകൂടി വായിക്കാനെടുത്തപ്പോൾ ഞാൻ കൂടുതൽ ഇമോഷണലായി. ഒരുപാട് സ്വപ്നങ്ങൾ നമ്മുടെ രാജ്യത്തെക്കുറിച്ച് കാണുകയും ആ സ്വപ്നങ്ങൾ യാഥാർഥ്യമാക്കാനുള്ള പ്രായോഗികമായ പദ്ധതികൾ നടപ്പാക്കുകയും ചെയ്ത മനുഷ്യനായിരുന്നു നെഹ്‌റു.
രണ്ടാംലോകയുദ്ധാനന്തരകാലം ഒരുവശത്ത് കമ്യൂണിസ്റ്റ് സോവിയറ്റ് ചേരിയും മറുവശത്ത് അമേരിക്കയുടെ നേതൃത്വത്തിലുള്ള മുതലാളിത്ത രാഷ്ട്രങ്ങളും. ഇതിൽ ഏത് സാമ്പത്തികനയം സ്വീകരിക്കണമെന്ന വെല്ലുവിളിയുണ്ടായിരുന്ന കാലം. നെഹ്റു സ്വീകരിച്ചത് മിക്സഡ് ഇക്കോണമിയാണ്. അന്ന് പൊതുമേഖലയ്ക്ക് കൂടുതൽ പ്രാധാന്യംകൊടുത്തു. ഇന്ത്യപോലുള്ള ഒരു മഹാരാജ്യത്ത് അന്ന് സ്വകാര്യമേഖലയിൽ അത്രയേറെ നിക്ഷേപം നടത്താനുള്ള ആളുകൾ ഇല്ലായിരുന്നു. ബ്രിട്ടീഷുകാർ എല്ലാം തകർത്തിട്ടുപോയ രാജ്യമാണ്, ഒരുനേരത്തെ ആഹാരം കൊടുക്കാൻപോലും വഴിയില്ല. ഭക്ഷ്യസ്വയംപര്യാപ്തതയില്ല. സത്യത്തിൽ ലോകത്തിന്റെമുന്നിൽ ഭിക്ഷാപാത്രവുമായി നിൽക്കുകയായിരുന്നു ഇന്ത്യ. അമേരിക്കയിൽനിന്ന് ധാന്യങ്ങൾ കയറ്റിവരുന്ന കപ്പലിനായി കാത്തുകിടന്ന ഇന്ത്യ. അവിടെനിന്നാണ് നെഹ്‌റു പദ്ധതികൾ ഉണ്ടാക്കിയത്. പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്ക് പ്രത്യേക ആനുകൂല്യങ്ങൾ, പിന്നാക്കം നിൽക്കുന്ന സംസ്ഥാനങ്ങൾക്ക് പ്രത്യേക പരിഗണന, പിന്നാക്കം നിൽക്കുന്ന പ്രദേശങ്ങൾക്ക് കൂടുതൽ പരിഗണന... ആസൂത്രണത്തിന്റെ പ്രത്യേകതകളാണ് ഇതെല്ലാം.
ആദ്യ പഞ്ചവത്സരപദ്ധതിയിലെ മുൻഗണന കൃഷിക്കായിരുന്നു, ഭക്ഷ്യോത്പാദനത്തിനായിരുന്നു. രാജ്യത്തെ മുഴുവൻ ജനങ്ങളെയും തീറ്റിപ്പോറ്റണം. പഞ്ചാബിലെയും ഹരിയാണയിലെയും പാടശേഖരങ്ങളിൽ വെള്ളമെത്തിക്കണം. ഇറിഗേഷൻ വേണം. ഭക്രാനംഗൽ അണക്കെട്ട് അങ്ങനെയാണ് നിർമിക്കുന്നത്. ഭക്രാനംഗൽ അണക്കെട്ടിന്റെ ഉദ്ഘാടനത്തിന് കരഞ്ഞുകൊണ്ടെത്തുന്ന നെഹ്റുവിനെയാണ് ചരിത്രം സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. രാജ്യത്തെ ജനങ്ങളുടെ പട്ടിണിമാറ്റാനായുള്ള ഒരു ജലസേചനപദ്ധതിയായിരുന്നു അത്. നെഹ്റു നിരീശ്വരവാദിയായിരുന്നു; വിശ്വസിയായിരുന്നില്ല. ‘‘This is the Modern Temple of India...’’ എന്നു പറഞ്ഞുകൊണ്ടുള്ള അതിമനോഹരമായൊരു പ്രസംഗമാണ് അന്ന് നടത്തിയത്. അത് അദ്ദേഹത്തിന്റെ കാഴ്ചപ്പാടാണ്. ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ, സ്റ്റീൽ അതോറിറ്റി ഓഫ് ഇന്ത്യ തുടങ്ങി പിന്നീട് നവരത്ന സ്ഥാപനങ്ങൾ എന്നറിയപ്പെട്ട ഒൻപത് സ്ഥാപനങ്ങൾ രാജ്യത്ത് നിർമിച്ചു. അദ്ദേഹമൊരു വിഷനറിയായിരുന്നു. നെഹ്റുവിയൻ സോഷ്യലിസ്റ്റ് കാഴ്ചപ്പാട് അതാണ്.
?നെഹ്‌റൂവിയൻ ആശയത്തിനനുസരിച്ച് ഇന്ന് ഭരിക്കാൻ കഴിയുമോ? കോർപ്പറേറ്റുകളെ മാറ്റിനിർത്തിക്കൊണ്ട്, സ്വകാര്യവത്കരണത്തെ എതിർത്തുകൊണ്ട്...
= കാലാനുസൃതമായ മാറ്റം എല്ലാറ്റിലും വേണം. നെഹ്റു ഒരു കാലത്തെയാണ് അഭിസംബോധന ചെയ്യുന്നത്. അതിലൊരു സമീപനമുണ്ടായിരുന്നു. തുല്യതയ്ക്കുവേണ്ടിയുള്ള പോരാട്ടമായിരുന്നു അത്. പരിമിതികൾ ഏറെയുണ്ടായിരുന്നു. ആ കാലത്ത് സ്വകാര്യനിക്ഷേപം എത്രത്തോളം നടക്കും എന്നത് മറ്റൊരുകാര്യം. സ്വകാര്യനിക്ഷേപത്തെ നെഹ്റു പ്രോത്സാഹിപ്പിച്ചിരുന്നു. മിക്സഡ് ഇക്കോണമി എന്നുപറഞ്ഞാൽ െപാതുമേഖല മാത്രമായിരുന്നില്ല. സ്വകാര്യമേഖല വേണ്ടാന്ന് നെഹ്റു ഒരിക്കലും പറഞ്ഞിട്ടില്ല. ആ കാലഘട്ടത്തിൽ സ്വകാര്യമേഖലയിൽ അതുപോലെ നിക്ഷേപം നടത്താൻ പറ്റില്ല. കെയ്‌നീഷ്യൻ തിയറിയൊക്കെ വന്ന കാലമാണ്. 1930-ലെ ഗ്രേറ്റ് ഡിപ്രഷനുശേഷം അതിന്റെ അനുരണനങ്ങളെല്ലാം നിലനിൽക്കുന്ന കാലമാണ്. കൊളോണിയലിസം അവസാനിച്ചുനിൽക്കുന്ന കാലമാണ്. ഇന്ത്യ നേരിടുന്ന മറ്റൊരു വെല്ലുവിളി ജനസംഖ്യയാണ്. അവരുടെ പട്ടിണിമാറ്റുന്നതടക്കമുള്ള കാര്യങ്ങളാണ്. വെല്ലുവിളിയായിരുന്നു അത്. താങ്കൾ ഇപ്പോൾ എന്നോട് ചോദിച്ച അതേ ചോദ്യം മൻമോഹൻസിങ് നേരിട്ടിട്ടുണ്ട്. സാമ്പത്തിക പരിഷ്കരണം കൊണ്ടുവന്നു. മാറ്റങ്ങൾ ഉണ്ടായി. അപ്പോഴുയരുന്ന ചോദ്യം നെഹ്റുവിയൻ സോഷ്യലിസത്തിൽനിന്ന് മാറിയോ എന്നുള്ളതാണ്. അതല്ല പ്രശ്നം. കുറച്ചുകൂടി സ്വകാര്യനിക്ഷേപവും വിദേശനിക്ഷേപവും രാജ്യത്ത് കൊണ്ടുവന്നാൽമാത്രമേ സാമ്പത്തിക നടപടികൾ നടക്കുകയുള്ളൂ. സാമ്പത്തിക നടപടികൾ നടന്നാലേ ഖജനാവു നിറയൂ. റിസർവ് ബാങ്കിലിരുന്ന സ്വർണക്കട്ടി എടുത്തുകൊണ്ടുപോയി വിദേശ രാജ്യങ്ങളിൽ പണയപ്പെടുത്തിയ സമയത്താണ് മൻമോഹൻസിങ്, ധനകാര്യമന്ത്രിയായി വരുന്നത്. അവിടംമുതലാണ് സാമ്പത്തിക പരിഷ്കാരങ്ങൾ തുടങ്ങുന്നത്. ആ സമയത്ത് അത് ചെയ്തില്ലെങ്കിലത്തെ അവസ്ഥ ഓർത്തുനോക്കൂ. ഞാൻ ഇതേ ചോദ്യം മൻമോഹൻ സിങ് ഇരിക്കുന്ന സദസ്സിൽ ചോദിച്ചിട്ടുണ്ട്. അന്ന് അദ്ദേഹം നൽകിയ രസകരമായ മറുപടി ഇങ്ങനെയായിരുന്നു: ‘‘ഖജനാവ് നിറയ്ക്കാതെ നമുക്ക് ക്ഷേമപ്രവർത്തനം ചെയ്യാൻ സാധിക്കുമോ?’’ സമ്പദ്‌വ്യവസ്ഥയെ ചലിപ്പിക്കാൻ കാലാകാലങ്ങളായി നമ്മൾ അനുവർത്തിച്ചുപോരുന്ന ചില കാര്യങ്ങൾ ലിബറലൈസ് ചെയ്യണം. ഞാനതിന് വേറൊരു ഭാഷ്യമാണ് നൽകാൻ ഉദ്ദേശിക്കുന്നത്. ഖജനാവ് നിറച്ചുകഴിഞ്ഞപ്പോൾ മൻമോഹൻ സർക്കാർ എന്താണ് ചെയ്തത്, അവിടെയാണ് നെഹ്റുവിയനിസത്തിലേക്ക് കോൺഗ്രസ് സർക്കാർ തിരിച്ചുവന്നത്. സമ്പത്തിന്റെ നീതിപൂർവമായ വിതരണമാണ് അവിടെ കാണാൻ കഴിഞ്ഞത്. മഹാത്മാ ഗാന്ധി തൊഴിലുറപ്പ് പദ്ധതി, നാഷണൽ റൂറൽ ഹെൽത്ത്... റൈറ്റ് ടു എജുക്കേഷൻ പദ്ധതി. നെഹ്റുവിന്റെ സാമ്പത്തിക സമീപനത്തിൽ ഒരു ലക്ഷ്യമുണ്ട്: അസന്തുലിതാവസ്ഥ പരിഹരിക്കുക. നെഹ്റു എന്താണ് ചെയ്തത്? സെമീന്ദാരി വ്യവസ്ഥ അവസാനിപ്പിച്ചു. ഫ്യൂഡൽ വ്യവസ്ഥ അവസാനിപ്പിച്ചു. ഉന്നതവിദ്യാഭ്യാസം, ആരോഗ്യമേഖലയിലെ വളർച്ച ഇതെല്ലാമാണ് നെഹ്റു മുന്നോട്ടുവെച്ചത്.
?ഇന്ത്യയെ കണ്ടെത്തലിൽ നെഹ്റു എഴുതുന്നു: ‘രണ്ടുതരം ഇംഗ്ലണ്ടാണ് ഇന്ത്യയിലേക്കുവന്നത്. ഇന്ത്യയുടെ സമ്പത്തുകളെ കൊള്ളയടിച്ച് നൂറ്റാണ്ടുകളായി നമ്മെ അടക്കിഭരിച്ച ഇംഗ്ലണ്ട്. മറ്റൊന്ന് ഷേക്‌സ്പിയറിന്റെയും ഷെല്ലിയുടെയും സുന്ദരമായ കാവ്യങ്ങളുമായിവന്ന് നമ്മെ കീഴടക്കിയവർ’ ബ്രിട്ടീഷുകാർ അവശേഷിപ്പിച്ചുപോയ ഒരു രാജ്യത്തെ നെഹ്റു എങ്ങനെയാണ് ബഹുതലത്തിൽ രൂപപ്പെടുത്തിയത്
= ദീർഘദർശനത്തോടുകൂടിയ വീക്ഷണമാണ് അദ്ദേഹത്തിനുണ്ടായിരുന്നത്. ഭക്ഷ്യസ്വയംപര്യാപ്തത കൈവരിക്കാനുള്ള നടപടിയാണ് ആദ്യം ആരംഭിച്ചത്. വ്യവസായവത്കരണം ആരംഭിച്ചു. നവരത്ന സ്ഥാപനങ്ങൾ ആരംഭിച്ചു. ഇന്നും ലോകത്തിന്റെ നെറുകയിൽ നിൽക്കുകയാണ് ആ സ്ഥാപനങ്ങൾ. വിദ്യാഭ്യാസരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവന്നു. യൂണിവേഴ്സിറ്റി ഗ്രാന്റ്സ് കമ്മിഷൻ നടപ്പാക്കി, പുതിയ യൂണിവേഴ്സിറ്റികൾ സ്ഥാപിച്ചു. ഇന്ത്യപോലുള്ളൊരു രാജ്യത്ത് ചിന്തിക്കാൻപോലും കഴിയാതിരുന്ന കാലത്ത് വിക്രംസാരാഭായ് സ്‌പെയ്‌സ് സെന്റർ സ്ഥാപിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി പോലുള്ള സ്ഥാപനങ്ങൾ കൊണ്ടുവന്നു. സൈന്റിഫിക് ടെംപർ എന്ന വാക്കുപോലും നെഹ്റുവിന്റെ സംഭാവനയാണ്. അന്ധവിശ്വാസം കൊടികുത്തിവാണിരുന്ന ലോകത്ത് ശാസ്ത്രബോധത്തെ അദ്ദേഹം കുത്തിവെക്കുകയാണുചെയ്തത്. അദ്ദേഹത്തിൽ ഒരു സോഷ്യലിസ്റ്റ് കാഴ്ചപ്പാട് ഉണ്ടായിരുന്നു. അതെല്ലായ്‌പോഴും തുല്യതയ്ക്കു വേണ്ടിയായിരുന്നു.
?എഴുത്തുകാരനായ നെഹ്റുവിനെയാണോ രാഷ്ട്രീയക്കാരനായ നെഹ്റുവിനെയാണോ താങ്കൾക്ക് കൂടുതൽ ഇഷ്ടം
= രണ്ടാളെയും ഒരുപോലെ ഇഷ്ടമാണ്. ഞാൻ എല്ലായ്‌പോഴും പറയാറുണ്ട്, പണ്ഡിറ്റ് നെഹ്റു ഇന്ത്യയുടെ പ്രധാനമന്ത്രിയായിരുന്നില്ലെങ്കിൽ നൊബേൽ സമ്മാനിതനായ എഴുത്തുകാരനായി മാറിയേനെയെന്ന്.
?നെഹ്റുവിന്റെ കൃതികളിൽ ഏറ്റവും ഇഷ്ടപ്പെട്ടതേത്
= ഇന്ത്യയെ കണ്ടെത്തൽ
?ഇന്ത്യയെ കണ്ടെത്തൽ അങ്ങയെ എങ്ങനെയൊക്കെയാണ് ആകർഷിക്കുന്നത്
= നമ്മുടെ രാജ്യം എന്താണെന്ന് മനസ്സിലാക്കാൻ ഈ പുസ്തകംമാത്രം വായിച്ചാൽ മതി. ഇന്ത്യ എന്ന മഹാരാജ്യത്തെ കണ്ടെത്താനായി അതിന്റെ വ്യത്യസ്തങ്ങളായ സാംസ്കാരധാരകളെക്കുറിച്ച്, വൈവിധ്യങ്ങളെക്കുറിച്ച്, ആഴത്തിൽ പഠനവിധേയമാക്കുന്ന മഹാഗ്രന്ഥമാണ് ഇന്ത്യയെ കണ്ടെത്തൽ. അദ്ദേഹത്തിന്റെ ചില ഉദ്ധരണികൾ കാണാപ്പാഠം പഠിച്ചുനടക്കലായിരുന്നു ചെറുപ്പകാലത്തെ എന്റെ ഹോബി. അതിലെ ചില അതിമനോഹരമായ വാചകങ്ങളുണ്ട്. ഒൻപത് വർഷം തടവറയിൽക്കിടന്ന മനുഷ്യൻ. അക്കാലത്താണ് LETTERS FROM A FATHER TO HIS DAUGHTER (ഒരച്ഛൻ മകൾക്കയച്ച കത്തുകൾ) എഴുതുന്നത്. നൈനിത്താളിലെ ജയിലിൽ കിടക്കുമ്പോൾ അദ്ദേഹം എഴുതി: ‘നൈനിത്താളിലെ ജയിലിലെ കിളിവാതിലിലൂടെ ഹിമവാനെ കാണുന്ന അതിമനോഹരമായ കാഴ്ച. ഋതുഭേദങ്ങൾ മാറിമറിയുന്നത് ഞാൻ കണ്ടു’ ഹിമവൽസൗന്ദര്യം മുഴുവൻ ആ വാക്കുകളിൽ ഉണ്ട്. കവിതപോലെയാണ് അദ്ദേഹത്തിൽനിന്ന് വാക്കുകൾ വരുന്നത്. മകൾക്ക് അയക്കുന്നതാണ് ആ കത്തുകളെല്ലാം. മറ്റൊരധ്യായത്തിൽ ജയിലിലെ മുറിയിലേക്ക് തന്നെ കാണാനായി വരുന്ന ഒരു അണ്ണാൻകുഞ്ഞിനെക്കുറിച്ചും അദ്ദേഹം പറയുന്നുണ്ട്. ആ അണ്ണാൻകുഞ്ഞിനുവേണ്ടി തനിക്ക് കിട്ടുന്ന ഭക്ഷണത്തിന്റെ പകുതി മാറ്റിവെക്കുന്ന ഒരു നെഹ്റുവിനെക്കുറിച്ചും അതിൽ പറയുന്നുണ്ട്. സത്യത്തിൽ കണ്ണുനിറയും ആ നെഹ്റുവിനെ ഓർമ്മിക്കുമ്പോൾ.
പ്രായമായി വരവേ അദ്ദേഹത്തെ ആരോ പിറന്നാൾ ആശംസിച്ചു. അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു: ‘‘Birth days are the un plesant remainders of advancing age’’ ചെറുപ്പത്തിൽ കുട്ടികളോട് ഹാപ്പി ബെർത്ത് ഡേ പറഞ്ഞാൽ സന്തോഷമായിരിക്കും. വലുതാകുമ്പോൾ നമ്മളോട് ഹാപ്പി ബർത്ത് ഡേ പറയുമ്പോൾ ഇത്രയും പ്രായമായല്ലോയെന്ന അസുഖകരമായ ഒരോർമ്മപ്പെടുത്തലായി അത് മാറുന്നു. കവിത തുളുമ്പുന്ന വാക്കുകളാണ് അദ്ദേഹത്തിന്റെ പ്രസംഗത്തിലെല്ലാം. ഒരിക്കൽ ആർനോൾഡ് ടോയൻബി എന്ന വിശ്വപ്രസിദ്ധ എഴുത്തുകാരനെ കാണാൻ അദ്ദേഹം പ്രോട്ടക്കോൾ ലംഘിച്ച് പോയി. എന്നിട്ട് ആർനോൾഡ് ടോയൻബിയെക്കുറിച്ച് നടത്തിയ പ്രസംഗം. നെഹ്റുവിനെക്കുറിച്ച് അർനോൾഡ് ടോയൻബി നടത്തിയ പ്രസംഗം. ഇതുരണ്ടും ഞാൻ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഞാൻ എപ്പോഴും എടുത്തുവായിച്ചുനോക്കുന്ന അതിമനോഹരങ്ങളായി രണ്ടു പ്രസംഗങ്ങളാണിത്. കേന്ദ്രസാഹിത്യ അക്കാദമിയിൽ അദ്ദേഹം നടത്തിയ പ്രസംഗങ്ങൾ. അതുപോലെ, കോൺസ്റ്റിറ്റ്യുവന്റ് അസംബ്ലിയിൽ നടത്തിയ പ്രസംഗങ്ങൾ, 1948 ജനുവരി 30-ന് മഹാത്മാഗാന്ധി വെടിയേറ്റുമരിച്ചുവെന്ന് ലോകത്തെ അറിയിക്കുന്ന The light has gone out of our lives and there is darkness everywhere എന്നുതുടങ്ങുന്ന നമ്മൾ തകർന്നുപോകുന്ന പ്രസംഗം. ഞാനിനി എന്ത് ചെയ്യണമെന്ന് പകച്ചുനിൽക്കുന്ന ഒരാൾ. പ്രധാനമന്ത്രിയായിട്ടും ഗാന്ധിജി നടത്തുന്ന നിരാഹാരസമരത്തിൽപ്പോയി അദ്ദേഹത്തോട് നടത്തുന്ന അഭ്യർഥന. എനിക്ക് എല്ലാറ്റിനെക്കാളും വൈകാരികമായി തോന്നിയിട്ടുള്ളത് മറ്റൊന്നാണ്. 1947-ന് ശേഷം വിഭാഗീയത നടക്കുന്ന സമയത്ത് ഡൽഹിയിലെ ജാമിയ മിലിയ യൂണിവേഴ്സിറ്റി കത്തിക്കാൻ ഒരുസംഘം ആളുകൾ പുറപ്പെട്ടുവെന്ന വാർത്ത അദ്ദേഹം അറിയുന്നു. കേട്ടപാതി കേൾക്കാത്ത പാതി അക്രമികൾക്ക് മുന്നിലേക്കെത്തുന്ന നെഹ്റുവിനെയാണ് നാം കാണുന്നത്. ജാമിയ മിലിയ കത്തിക്കാൻ തീപ്പന്തവും കൈയിലേന്തി വരുന്നവർ കാണുന്നത് ഇന്ത്യയുടെ പ്രധാനമന്ത്രി ആക്രോശിച്ചുകൊണ്ട് വരുന്ന കാഴ്ചയാണ്. പട്ടാളവുമില്ല, പോലീസുമില്ല, പ്രധാനമന്ത്രിയെ കണ്ടപ്പോൾ അവർ മാറി. ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാൻ വേണ്ടി പട്ടാളത്തിന്റെയും പോലീസിന്റെയും അകമ്പടിയില്ലാതെ ഒരു രാത്രിമുഴുവൻ ഒരു സർവകലാശാലയ്ക്ക് കാവലിരുന്ന ഒരാളെക്കുറിച്ച് പറയുമ്പോൾ ഞാനും വികാരാധീനനായിപ്പോകുന്നു.
?വിചാരശീലനെക്കാൾ വൈകാരിക മനുഷ്യനായിരുന്നോ നെഹ്‌റു
= തീർച്ചയായും. വൈകാരികമായ ഉള്ളടക്കം അദ്ദേഹം പ്രസംഗിക്കുമ്പോൾപോലും കാണാനാകും. അതിലെ വാക്കുകൾ കേൾക്കുമ്പോൾ അറിയാൻപറ്റും. അത്രമേൽ പോയറ്റിക്കാണ്. കവി ആകേണ്ട ആളാണ്. ഗദ്യമല്ല, കവിതയാണ് പലപ്പോഴും നെഹ്റുവിൽനിന്നും പ്രവഹിച്ചിരുന്നത്. പ്രസംഗിക്കുമ്പോഴും കവിതയാണ് വരുന്നത്. പെട്ടെന്ന് ദേഷ്യം വരുകയും പൊടുന്നനെ കണ്ണുകൾ നിറയുകയും വൈകാരികമായി തന്റെ മനസ്സിലുള്ള ആശയങ്ങൾ അവതരിപ്പിക്കുകയും ചെയ്യുന്ന മനുഷ്യനായിരുന്നു അദ്ദേഹം.
?നെഹ്റുവും ഗാന്ധിജിയും തമ്മിൽ ഒരുപാട് വിഷയങ്ങളിൽ ഭിന്നാഭിപ്രായം ഉണ്ടായിരുന്നല്ലോ. അതിൽ ആർക്കൊപ്പമാണ് വി.ഡി. സതീശൻ
= അത് വിഷയാധിഷ്ഠിതമാണ്. പക്ഷേ, കൂടുതലും നെഹ്റുവിനൊപ്പമാണ്.
?ഒരു സംസ്ഥാനത്തിന്റെ ഭരണാധികാരി എന്ന നിലയിൽ നെഹ്റുവിൽനിന്ന് ആദ്യമായി ഉൾക്കൊള്ളുന്നത് ഏത് ആശയമായിരിക്കും
= Empathi (സഹാനുഭൂതി). ഏത് തീരുമാനമെടുക്കുമ്പോഴും സമൂഹത്തിന്റെ താഴെത്തട്ടിലുള്ള മനുഷ്യന് പ്രയോജനം ചെയ്യണം എന്നാണ് ഞാൻ കരുതുന്നത്. നെഹ്റു അങ്ങനെയായിരുന്നു. പട്ടിണി കിടക്കുന്നവനെക്കുറിച്ച്, വസ്ത്രവും പാർപ്പിടവും ഇല്ലാത്തവനെക്കുറിച്ച്. അതുമാത്രമായിരുന്നു അദ്ദേഹത്തിന് എന്നും ഉണ്ടായിരുന്ന ആശങ്ക. ആഴം കുറഞ്ഞിട്ടുണ്ടെങ്കിലും അരികുവത്കരിക്കപ്പെട്ട, പാർശ്വവത്കരിക്കപ്പെട്ട ധാരാളം മനുഷ്യർ നമുക്ക് ചുറ്റുമുണ്ട്. അവരെ മറക്കരുത്. മറന്നാൽപ്പിന്നെ ഭരണാധികാരിയില്ല. ആ കസേരയിൽ ഒരു നിമിഷം പോലും ഇരിക്കാൻ പിന്നെ അയാൾ യോഗ്യനല്ല.
?ഇന്ത്യയുടെ മതേതരത്വം കാത്തുസൂക്ഷിക്കാൻ ജാമിയ മിലിയയ്ക്ക് കാവലിരുന്ന പ്രധാനമന്ത്രിയെക്കുറിച്ച് അങ്ങ് പറഞ്ഞു. നെഹ്റു ഉണ്ടായിരുന്നെങ്കിൽ ബാബറി മസ്ജിദ് തകർക്കപ്പെടുമായിരുന്നോ
= ബാബറി മസ്ജിദ് തകർക്കാൻവേണ്ടി നടത്തിയിട്ടുള്ളത് ഒരു ഗൂഢാലോചനയാണ്. ഞാനിപ്പോഴും കരുതുന്നില്ല അന്നത്തെ കേന്ദ്രസർക്കാരിന് അതിനെക്കുറിച്ച് ധാരണയുണ്ടായിരുന്നുവെന്ന്. ആ സർക്കാരിനെ കുറ്റപ്പെടുത്താൻ കഴിയില്ല. അവർക്കറിയില്ലായിരുന്നു തകർക്കാൻ വരുന്നതാണെന്ന്. പിന്നെ സുപ്രീംകോടതിയുടെ ഇടപെടലുമുണ്ടായിരുന്നു. സംസ്ഥാനം ഭരിക്കുന്നത് അന്ന് ബി.ജെ.പി.യാണ്. ലോ ആൻഡ് ഓർഡർ സ്റ്റേറ്റ് സബ്ജക്റ്റാണ്. സുപ്രീംകോടതിയുടെ വിധിയിലും അതായിരുന്നു പറഞ്ഞിരുന്നത്. കേന്ദ്ര ഗവൺമെന്റിന് ഒരിടപെടൽ നടത്താനുള്ള സാധ്യത ആ സുപ്രീംകോടതി വിധിയിലൂടെ ഇല്ലാതായ സാഹചര്യവും നിലനിൽക്കുന്നുണ്ട്. പക്ഷേ, ഞാൻ തീർച്ചയായും കരുതുന്നു നെഹ്റുവുണ്ടായിരുന്നെങ്കിൽ ബാബരി മസ്ജിദ് തകർക്കപ്പെടുന്ന സാഹചര്യത്തിലേക്ക് പോകില്ലായിരുന്നു. കാരണം, നെഹ്റു അതിനെക്കാൾ വലിയ സാഹചര്യത്തെ നേരിട്ട മനുഷ്യനാണ്. വിഭജനത്തെ നേരിട്ട മനുഷ്യനാണ്, വിഭജനത്തിന്റെ രക്തരൂഷിതമായ സാഹചര്യത്തെ മറികടന്ന മനുഷ്യനാണ്, ഇന്ത്യയിൽ മതസൗഹാർദം ദീർഘകാലം നിലനിർത്താൻ കഴിഞ്ഞ ആളാണ്. അദ്ദേഹത്തിന് ബഹുജനവുമായി കമ്യൂണിക്കേഷൻ ഉണ്ടായിരുന്നു. എല്ലാ വിഭാഗങ്ങൾക്കും ആത്മവിശ്വാസവും ധൈര്യവുമൊക്കെ നൽകാൻ കഴിയുമായിരുന്നു. ‘പേടിക്കണ്ട, ഇത് നമ്മുടെ ഇന്ത്യയാണ്, ആർക്കും തീറെഴുതിക്കൊടുക്കുന്ന ഒരു ഇന്ത്യയല്ല ഇത്, നമ്മുടെ എല്ലാവരുടെയും ഇന്ത്യയാണിത്...’ അത്തരത്തിലൊരു വികാരം ഉണ്ടാക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
?നെഹ്റുവിന്റെ സ്ത്രീസൗഹൃദം, പഴയകാല ചിത്രങ്ങൾ, സ്വതന്ത്രചിന്ത.... നെഹ്റുവിനെ സംഘപരിവാർ കടന്നാക്രമിക്കുന്നത് എന്തിനാണ്
= അവർ ഭയപ്പെടുന്നു. കാരണം, സംഘപരിവാർ ഐഡിയോളജിക്കുള്ള മറുപടിയാണ് പണ്ഡിറ്റ് ജവാഹർലാൽ നെഹ്റു എന്ന പേര്. സംഘപരിവാർ മുന്നോ ട്ടുവെക്കുന്ന പ്രത്യയശാസ്ത്രത്തെ ഇല്ലാതാക്കുന്ന ആശയങ്ങളാണ് നെഹ്റുവിന്റേത്. നെഹ്റു മരിച്ചിട്ടും അവർക്ക് നെഹ്റുവിനെ പേടിയാണ്. നെഹ്റുവിന്റെ ആശയങ്ങൾ നിലനിൽക്കുന്ന കാലത്തോളം സംഘപരിവാറിന് ഇവിടെ പ്രസക്തിയില്ല. പുതിയ തലമുറയുടെ മനസ്സിൽനിന്ന് നെഹ്റുവിയൻ ചിന്തകളെ മായ്‌ച്ചുകളയണം. അതിനാണ് സംഘപരിവാറും ബി.ജെ.പി.യും ശ്രമിക്കുന്നത്. തലമുറകളിൽനിന്ന് തലമുറകളിലേക്ക് ആ ആശയത്തെ കമ്യൂണിക്കേറ്റ് ചെയ്യരുത് എന്നതാണ് അവരുടെ ലക്ഷ്യം. വിദ്യാഭ്യാസമേഖലകളിൽ ഇടപെടൽ നടത്തി, നെഹ്റുവിന്റെ പേരിലുള്ള സ്ഥാപനങ്ങൾ മുഴുവൻ മാറ്റി, ആ ആശയത്തിന് എതിരായ പ്രചാരണം നടത്തി.
സ്ത്രീസൗഹൃദം ഉണ്ടെങ്കിൽ എന്താണ് കുഴപ്പം? സ്ത്രീസൗഹൃദം തെറ്റായ ഒരുകാര്യം ആണോ? സ്ത്രീകളുമായും പുരുഷൻമാരുമായും എല്ലാതരം പ്രായക്കാരുമായും അദ്ദേഹത്തിന് സൗഹൃദം ഉണ്ടായിരുന്നു. അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ടവർ കുട്ടികൾ ആയിരുന്നു. അത് വൈകാരികമായ ഒരവസ്ഥയാണ്. ഇമോഷണൽ ആയിട്ടുള്ളയാളുകൾക്ക് കുട്ടികളോട് കൂടുതൽ അടുപ്പമുണ്ടാകും. കുട്ടികളോടൊപ്പം ഉണ്ടായിരിക്കുമ്പോഴാണ് അദ്ദേഹം ഏറ്റവും സന്തോഷവാനായിരുന്നത്. അദ്ദേഹത്തിന്റെ യുക്തിചിന്തയെക്കുറിച്ചാണ് പറയാനുള്ളത്. അദ്ദേഹം ഒരു വിശ്വാസിയല്ല. കഴിഞ്ഞദിവസം എന്നോട് ഒരു ചോദ്യംവന്നു:' നിങ്ങൾ നെഹ്റൂവിയൻ ആണ് പക്ഷേ, നിങ്ങൾ ഈശ്വരവിശ്വാസിയാണ്'. ഞാൻ പൂർണമായ ഒരു ഈശ്വരവിശ്വാസിയായിരിക്കുമ്പോഴും ക്ഷേത്രാരാധനയിൽ ഉൾപ്പെടെ വിശ്വസിക്കുമ്പോഴും മതാതീതമായി ഒരു ദൈവവിശ്വാസം ഉള്ളയൊരാളാണ്. പിന്നെ, അവിശ്വാസിയായിരിക്കുമ്പോൾത്തന്നെ നെഹ്റു ആരോടെങ്കിലും ക്ഷേത്രത്തിൽ പോകരുതെന്നോ പള്ളിയിൽ പോകരുതെന്നോ നിങ്ങൾ ആരാധന ചെയ്യരുതെന്നോ ദൈവത്തിൽ വിശ്വസിക്കരുതെന്നോ പറഞ്ഞിട്ടില്ല. അദ്ദേഹത്തിന് വിശ്വാസം ഉണ്ടായിരുന്നില്ല, അതുതന്നെ ഒരു വിശ്വാസമാണ്. വിശ്വാസിയായിരിക്കാൻ പാടില്ല എന്ന് ഒരു ഭരണാധികാരിയും പറയാൻ പാടില്ല, ഞാൻ പറയില്ല. അവിശ്വാസിയായിരിക്കുന്ന ആളോട് എനിക്ക് ബഹുമാനമേയുള്ളൂ. അത് ഒാരോരുത്തരുടെയും തിരഞ്ഞെടുക്കലാണ്. ഞാൻ വിശ്വാസിയായിരിക്കുന്നതുകൊണ്ട് എല്ലാവരും വിശ്വാസിയായിരിക്കണം എന്ന് എനിക്ക് പറയാമോ? പാടില്ല. അദ്ദേഹം അങ്ങനെയായിരുന്നു.
?നെഹ്‌റൂവിയൻ കാഴ്ചപ്പാടിൽനിന്നുകൊണ്ട് അങ്ങ് സംഘപരിവാർ ഐഡിയോളജിയെ എങ്ങനെയാണ് നിർവചിക്കുക
= സംഘപരിവാർ ഐഡിയോളജി ഇന്ത്യയെ മതപരമായി ഭിന്നിപ്പിക്കുകയും മതത്തിന്റെ പേരിൽ ഭൂരിപക്ഷവർഗീയതയെ പ്രോത്സാഹിപ്പിക്കുകയും ന്യൂനപക്ഷവികാരങ്ങളെ വ്രണപ്പെടുത്തുകയും ഭൂരിപക്ഷവും ന്യൂനപക്ഷവും തമ്മിൽ ഭിന്നിപ്പുണ്ടാക്കി അതിലൂടെ രാഷ്ട്രീയ മുതലെടുപ്പ് നടത്തി അധികാരത്തിലേക്കു വരാനുള്ള കുറുക്കുവഴി സൃഷ്ടിക്കുകയും ചെയ്യുന്നു. ഞാൻ ഹിന്ദുവാണ്. സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വ അല്ല ഞാൻ അഭിസംബോധന ചെയ്യുന്ന ഹിന്ദു. ഹിന്ദുവും ഹിന്ദുത്വവും തമ്മിൽ ഒരുപാട് വ്യത്യാസങ്ങളുണ്ട്. സനാതനധർമവും സംഘപരിവാർ മുന്നോട്ടുവെക്കുന്ന ഹിന്ദുത്വയും തമ്മിൽ യാതൊരുവിധ ബന്ധവുമില്ല. ആ സനാതന ധർമ്മത്തിന്, ഇന്ത്യയുടെ പാരമ്പര്യത്തിന്, ലെഗസിക്ക് ഇതിനെല്ലാം എതിരാണ് ഹിന്ദുത്വ എന്ന ആശയം. ഇന്ത്യയുടെ പരമ്പരാഗതമായ ഋഷിവര്യന്മാരെല്ലാം ഉണ്ടാക്കിയ ഒരു പാരമ്പര്യത്തിന്റെ പിന്തുടർച്ച അല്ല സംഘപരിവാർ മുേന്നാട്ടുവെക്കുന്ന രാഷ്ട്രീയം.
?എ.കെ.ജിയും നെഹ്റുവും സുഹൃത്തുക്കളായിരുന്നുല്ലോ. അത്തരമൊരു ജനാധിപത്യ അന്തരീക്ഷം മാറി വരുന്നതായി തോന്നിയിട്ടുണ്ടോ? ഇടതുപക്ഷം നിലനിൽക്കേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ കരുതുന്നുണ്ടോ
= ഇടതുപക്ഷം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന ഒരാളാണ് ഞാൻ. കേരളത്തിൽ പ്രത്യേകിച്ചും. ബംഗാളിലും ത്രിപുരയിലും സി.പി.എമ്മും ഇടതുപക്ഷവും തകർന്നപ്പോൾ ആ സ്പേസ് കൊണ്ടുപോയത് സംഘപരിവാർ അല്ലെങ്കിൽ ബി.ജെ.പി. രാഷ്ട്രീയമാണ്. കേരളത്തിൽ സി.പി.എം. അല്ലെങ്കിൽ ഇടതുപക്ഷം തകർന്നാൽ ആ സ്‌പെയ്‌സ് കൊണ്ടുപോകുന്നത് സംഘപരിവാർ രാഷ്ട്രീയമായിരിക്കും. അതുകൊണ്ടുതന്നെ ഇടതുപക്ഷം കേരളത്തിൽ നശിച്ചു പോകരുതെന്നാണ് ഞാൻ ആഗ്രഹിക്കുന്നത്. എല്ലാ രാഷ്ട്രീയപ്പാർട്ടികളും നവീകരണത്തിന് തയ്യാറാകണം. കോൺഗ്രസിനും അത് ബാധകമാണ്. മുഖ്യമന്ത്രിയായശേഷം ആദ്യത്തെ പത്രസമ്മേളനത്തിൽ ഞാൻ പറഞ്ഞതും അതുതന്നെയാണ്. എനിക്ക് തെറ്റുപറ്റും. തെറ്റുപറ്റിയാൽ ഞാനത് കുറ്റസമ്മതം നടത്തി തിരുത്തും.
?നേതാജിയും നെഹ്റുവും തമ്മിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടായിരുന്നു. അത്തരം ഭിന്നതകൾ പരാമർശിക്കുന്ന പുസ്തകങ്ങൾപോലും വന്നിട്ടുണ്ട്...
= രണ്ടുപേരുടെയും രീതികൾ രണ്ടു തരത്തിലായിരുന്നു. നെഹ്റുവിന് പ്രായോഗികമായ സമീപനംകൂടി ഉണ്ടായിരുന്നു. ബ്രിട്ടീഷുകാരോട് പോരാടുന്നതിൽേപ്പാലും അത്തരമൊരു സമീപനം കാണാം. ഗാന്ധിജിയും നെഹ്റുവും കൂടി ഒരുമിച്ചെടുത്ത ഒരു തീരുമാനം അദ്‌ഭുതപ്പെടുത്തിയിരുന്നു. ബ്രിട്ടനെതിരായി ജർമനി യുദ്ധപ്രഖ്യാപനം നടത്തുകയാണ്. ഇവിടെ ജർമനി ഫാസിസ്റ്റ് ശക്തിയാണ്, കൂടെയുള്ളതോ നാസിസ്റ്റായ ഇറ്റലിയാണ്. ഇവർ രണ്ടുപേരും കൂടിയാണ് ബ്രിട്ടനെതിരേ പോരാടുന്നത്. നമ്മൾ സ്വാതന്ത്ര്യസമരത്തിന്റെ അവസാനദശകത്തിലേക്ക് കടക്കുന്ന ഘട്ടത്തിലാണ് ഇത് നടക്കുന്നത്. സാധാരണയായി എന്താണ് ചെയ്യുക? ബ്രിട്ടനെ പരാജയപ്പെടുത്തുന്നതിനായി ഫാസിസ്റ്റ്-നാസിസ്റ്റ് ശക്തികൾക്കൊപ്പം ചേരുകയാണല്ലോ ചെയ്യുന്നത്. പക്ഷേ, ഇവർ രണ്ടുപേരും അതിന് മുതിർന്നില്ല. അന്ന് കമ്യൂണിസ്റ്റ് പാർട്ടിയും സ്റ്റാലിനും ഈ ഫാസിസ്റ്റ് നാസിസ്റ്റ് കൂട്ടുകെട്ടിനൊപ്പം നിന്നത് ലോകം കണ്ടതാണ്. അന്ന് സുഭാഷ് ചന്ദ്രബോസ് ബ്രിട്ടനെ പരാജയപ്പെടുത്തണമെന്ന നിലപാട് സ്വീകരിച്ച ആളാണ്. രാജ്യസ്നേഹം കൊണ്ടായിരിക്കാം നേതാജി അത്തരത്തിൽ ചിന്തിച്ചിട്ടുണ്ടാവുക. പക്ഷേ, നെഹ്റുവും ഗാന്ധിജിയും തിരിച്ചറിഞ്ഞ വലിയൊരു വാസ്തവമുണ്ട് -ബ്രിട്ടന്റെ സാമ്രാജ്യത്വത്തെക്കാൾ അപകടകാരിയാണ് ഫാസിസം. ഞാനും ഒരുകാലത്ത് ഇതിനെ സംശയത്തോടെ നോക്കിയിരുന്നു. പിന്നീടാണ് ഞാൻ മനസ്സിലാക്കിയത് സാമ്രാജ്യത്വത്തെക്കാൾ അപകടകരമാണ് ഫാസിസം എന്ന്. പിന്നെ, നെഹ്റുവിനെ ദുർവ്യാഖ്യാനം ചെയ്യുകയാണ് ചിലരുടെ ലക്ഷ്യം. അതിന്റെ ഭാഗമായി ഒട്ടേറെ പുസ്തകങ്ങൾ അവർ എഴുതിയിട്ടുണ്ട്.
?ഇന്ത്യയെ കണ്ടെത്തൽ പോലൊരു ഗ്രന്ഥം രചിച്ച നെഹ്‌റുവിന്, ഈ രാജ്യത്തെ ജാതിയാഥാർഥ്യങ്ങളെ മനസ്സിലാക്കാൻ സാധിച്ചിരുന്നോ? അംബേദ്കറെപ്പോലെ ദളിത് വിഷയങ്ങളെ അഭിമുഖീകരിക്കാൻ സാധിച്ചുവോ
= അംബേദ്കർ നെഹ്റുവിന്റെയും ഗാന്ധിയുടെയും നിതാന്തവിമർശകനായിരുന്നു. പക്ഷേ, പണ്ഡിറ്റ് നെഹ്‌റു പ്രധാനമന്ത്രിയായിട്ടുള്ള ആദ്യത്തെ മന്ത്രിസഭയിൽ നെഹ്റുവിന്റെ വിമർശകനായിരുന്ന അംബേദ്കർ ഇന്ത്യയുടെ ആദ്യത്തെ നിയമമന്ത്രിയായി. ഇന്ത്യക്ക് സ്വന്തമായി ഒരു ഭരണഘടന നിർമിക്കുന്നതിനായി ഭരണഘടനാനിർമാണസമിതി ഉണ്ടാക്കിയപ്പോൾ അതിന്റെ ഡ്രാഫ്റ്റിങ് കമ്മിറ്റിയുടെ ചെയർമാനായതും ഡോ. ബി ആർ. അംബേദ്കറായിരുന്നല്ലോ. എത്ര മനോഹരമായ ചേർത്തുനിർത്തലായിരുന്നു അവരുടേതെന്ന് ചിന്തിച്ചുനോക്കൂ. ഇപ്പോഴാണെങ്കിൽ അംബേദ്കറുടെ വീട്ടിൽ ഇ.ഡി. റെയ്ഡ് നടത്തുമായിരുന്നു. എന്നെ എല്ലാകാലത്തും വിസ്മയിപ്പിച്ചൊരു സമീപനമായിരുന്നു അത്. ഗാന്ധിജിയെയും നെഹ്റുവിനെയും നിരന്തരമായി വിമർശിക്കുന്ന ആളായിരുന്നു അംബേദ്കർ. അദ്ദേഹത്തെ ചേർത്തുപിടിക്കാനാണ് അവർ ശ്രമിച്ചത്. കാരണം അംബേദ്കർ എന്തിനാണ് തങ്ങളെ വിമർശിച്ചിരുന്നത് എന്ന് അവർക്ക് കൃത്യമായ ബോധ്യമുണ്ടായിരുന്നു. അതിനെ അവർ ഉൾക്കൊണ്ടിരുന്നു എന്നാണ് മനസ്സിലാക്കേണ്ടത്. സംവരണമുൾപ്പെടെയുള്ള ആശയത്തെ നെഹ്റു ഉൾക്കൊണ്ടു. അതുകൊണ്ടാണല്ലോ ഇത്രയും മഹത്തരമായൊരു ഭരണഘടന ഇന്ത്യക്കുവേണ്ടി അംബേദ്കർക്ക് നിർമിക്കാൻ സാധിച്ചത്. എല്ലാവരും തുല്യരാണെന്ന ഭരണഘടനയുടെ മഹത്തരമായ ആശയം തന്നെ ആ ചേർത്തുപിടിക്കലിന്റെ ഉത്തമോദാഹരണമാണ്.
?കശ്മീർ വിഷയത്തിൽ നെഹ്റുവിന് പാളിച്ചപറ്റിയിരുന്നല്ലോ
= ഒരു തെറ്റും പറ്റിയിട്ടില്ല. അന്നത്തെ കശ്മീരിലെ ജനങ്ങളുടെ ആഗ്രഹം ഇന്ത്യയോടൊപ്പം നിൽക്കണമെന്നതായിരുന്നു. പാകിസ്താനിലേക്ക് പോയതിനെക്കാൾ എത്രയോ ഇരട്ടി മുസ്‌ലിങ്ങളാണ് ഇന്ത്യയിൽത്തന്നെ നിന്നത്. നെഹ്റുവിന്റെ സ്വതന്ത്ര ഇന്ത്യ മതേതരമായിരിക്കുമെന്ന് ഉറച്ചുവിശ്വസിച്ചവരായിരുന്നു പാകിസ്താനിലേക്കു പോകാതെ ഇന്ത്യയിൽത്തന്നെ നിലനിന്നവർ. ഇന്ത്യവിട്ട് ഞങ്ങൾ പോകില്ലെന്നും ഇവിടെ ഞങ്ങൾ സുരക്ഷിതരായിരിക്കുമെന്നും അവർ ഉറക്കെ വിളിച്ചുപറഞ്ഞു. അധിനിവേശ കശ്മീർ ഉൾപ്പെടെയുള്ള വിഷയങ്ങൾ രാജ്യത്തിന്റെ തന്ത്രപ്രധാനമായ തീരുമാനങ്ങളാണ്. രാജ്യത്തിന്റെ സുരക്ഷയും സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ്. കശ്മീർ ഇന്ത്യയുടെ ഭാഗമാക്കുന്നത് കശ്മീരിലെ ജനതയുടെ താത്‌പര്യത്തെ മുൻനിർത്തിയാണ്. ഇന്നും അവിടത്തെ മഹാഭൂരിപക്ഷം ജനങ്ങൾക്കും ഇന്ത്യയോടൊപ്പം നിൽക്കണമെന്നുതന്നെയാണ് ആഗ്രഹം. പാകിസ്താനിൽനിന്ന് നുഴഞ്ഞുകയറുന്നവരും ഇന്ത്യയെ ദുർബലമാക്കാൻ ശ്രമിക്കുന്നവരുമാണ് ഇത്തരം കശ്മീർവാദങ്ങൾ ഉയർത്തുന്നത്. തീവ്രവാദികളുടെ അജൻഡ വേറെയാണ്.
?ശാസ്ത്രാവബോധം ഒഴിച്ചുനിർത്തിക്കൊണ്ട് നമുക്ക് നെഹ്റുവിനെ സങ്കല്പിക്കാൻ സാധിക്കില്ല. 2021-ലെ യു.ഡി.എഫിന്റെ പ്രകടനപത്രിയിൽ ശബരിമല വിഷയവുമായി ബന്ധപ്പെടുത്തിക്കൊണ്ട് ആചാരസംരക്ഷണം എന്നൊരു വാദം ഉന്നയിച്ചിരുന്നു. ഒരു നെഹ്‌റുവിയൻ രാഷ്ട്രീയ സങ്കല്പത്തിൽ ഇത്തരമൊരു പദം അഭികാമ്യമാണോ
= എല്ലാ മതവിഭാഗത്തിലും വരുത്തേണ്ട നവോത്ഥാനം അവിടെനിന്ന് വരേണ്ടതാണ്. നമ്മൾ വല്ലാത്തൊരു സെൻസിറ്റീവായ കാലത്താണ് ജീവിക്കുന്നത്. വെള്ളത്തിന് തീപിടിപ്പിക്കാൻവരെ പറ്റുന്ന വർഗീയതയുടെ കാലമാണ്. ആ വർഗീയവാദികൾക്ക് ഇടം ഉണ്ടാക്കി കൊടുക്കരുത്. അതുകൊണ്ടു തന്നെ ശ്രദ്ധയോടുകൂടിവേണം ഇത്തരം കാര്യങ്ങൾ ചെയ്യാൻ. മുഖ്യധാരാവിഷയങ്ങളിൽനിന്ന് മാറി ഇത്തരം വർഗീയസംഘർഷങ്ങൾ ഉണ്ടാവുമ്പോൾ രാജ്യം പിന്നിലേക്കാണ് പോകുന്നത്. ചില ആചാരങ്ങൾ സംരക്ഷിക്കപ്പെടേണ്ടതുണ്ട് എങ്കിലും ആചാരങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ എല്ലാ മതവിഭാഗങ്ങൾക്കിടയിലും ഉണ്ടാകണം. പക്ഷേ, അത് വർഗീയവാദികൾക്ക് ഇടംനൽകുന്ന തരത്തിലാകരുത് എന്നുമാത്രം. അത് അപകടത്തിലേക്ക് നമ്മളെ നയിക്കും. അതുകൊണ്ടുതന്നെ ഇത്തരം കാര്യങ്ങളിൽ കുറച്ചുകൂടി പ്രായോഗികമായ നിലപാടാണ് സ്വീകരിക്കേണ്ടത് എന്നാണ് എന്റെ അഭിപ്രായം.
?നെഹ്‌റൂവിയൻ സോഷ്യലിസ്റ്റായ അങ്ങേക്ക് ശബരിമലയിൽ യുവതികൾ പ്രവേശിക്കുന്നതിനെക്കുറിച്ച് എന്താണ് പറയാനുള്ളത്
= അതത് സമുദായത്തിനുള്ളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരട്ടെ. ചില മുസ്‌ലിം സമുദായങ്ങൾക്കിടയിൽ സ്ത്രീകളെ പള്ളിയിൽ പോകാൻ അനുവദിക്കാറില്ല. അതൊരു സംസ്കാരത്തിന്റെ ഭാഗമാണ്. ആ സമുദായത്തിനുള്ളിൽ ചർച്ചകൾ ഉണ്ടായി കാലാനുസൃതമായി മാറ്റങ്ങൾ വരട്ടെ. നമ്മളിപ്പോൾ അധികാരത്തിലിരിക്കുമ്പോൾ ഒരവസരംപോലും വർഗീയവാദികൾക്ക് ഉണ്ടാക്കി ക്കൊടുക്കരുത് എന്നാണ് എന്റെ അഭിപ്രായം. അത്തരം ആളുകൾ നെഹ്റുവിന്റെ കാലത്തും ഉണ്ടായിരുന്നു. അന്ന് അവരും വർഗീയതയ്ക്ക് തീപിടിപ്പിച്ചിട്ടുണ്ടല്ലോ. അത്തരക്കാർ അതിനായി ബ്രിട്ടീഷുകാരുമായിപ്പോലും സന്ധിചെയ്തല്ലോ. മതേതരവാദികൾ ബ്രിട്ടീഷുകാരുമായി സന്ധിചെയ്തിരുന്നില്ല.
?പ്രണബ് മുഖർജി മുൻപ് ആർഎസ്എസ് പരിപാടിയിൽ പോയിരുന്നു. ആ വേദിയിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ പറയുകയും ചെയ്തു. അങ്ങും അത്തരത്തിൽ ഒരു വിവാദത്തിൽ പെട്ടിരുന്നുവല്ലോ...
= ഒരു പത്തിരുപതു വർഷം മുൻപുവരെ നമ്മുടെ ഗ്രാമത്തിൽ അല്ലെങ്കിൽ പട്ടണത്തിൽ സി.പി.എമ്മിന്റെ സംസ്ഥാനസമ്മേളനമോ ഏരിയസമ്മേളമോ നടക്കുകയാണെങ്കിൽ എല്ലാരാഷ്ട്രീയപ്പാർട്ടിക്കാരെയും വിളിക്കും. അതൊരുപക്ഷേ, ഒരു സെമിനാറിൽ സംസാരിക്കുന്നതിന് വേണ്ടിയാകാം. അവരെല്ലാം വന്ന് അവിടെ അഭിപ്രായം പറയും. സമീപകാലം വരെ അത്തരത്തിലൊരു സമീപനം സി.പി.എമ്മിലുണ്ടായിരുന്നു. എന്നാൽ, ഇപ്പോൾ ഇല്ല. ഞാൻ അങ്ങനെ സി.പി.ഐ. സമ്മേളത്തിൽ പങ്കെടുത്തിട്ടുണ്ട്. എന്റെ മണ്ഡലമായ പറവൂരിൽ ഇ.എം.എസ്. സാംസ്കാരികവേദിയുണ്ട്. അവിടെ ഞാൻ ഒന്നിലധികംതവണ പരിപാടികളിൽ പങ്കെടുത്തിട്ടുണ്ട്. ഞാൻ അവിടെ പോയാൽ കമ്യൂണിസമല്ല പറയുന്നത്, എന്റെ ആശയമാണ് അവിടെ പറയുക. അങ്ങനെ ഓരോ പരിപാടികൾക്ക് അങ്ങോട്ടും ഇങ്ങോട്ടുമൊക്കെ പോകുമായിരുന്നു. പി. പരമേശ്വരന്റെ പുസ്തകം പ്രകാശനംചെയ്യാൻ എം.പി. വീരേന്ദ്രകുമാർ വിളിച്ചിട്ട് ഞാൻ പോയിരുന്നു. അത് പിന്നീട് വിവാദമായി. പിന്നീടാണ് ഞാൻ അറിഞ്ഞത് അദ്ദേഹത്തിന്റെ ആദ്യത്തെ പുസ്തകം വി.എസ്. അച്യുതാനന്ദനാണ് തിരുവനന്തപുരത്തുവെച്ച് പ്രകാശനം ചെയ്തതതെന്ന്. ഞാൻ ചെയ്തതു മാത്രമാണ് പക്ഷേ, ചരിത്രത്തിൽ ഇടംപിടിച്ചത്. അന്ന് പരിപാടിയിൽ വിളക്കുകൊളുത്തിയെന്നാണല്ലോ വിവാദം. വിളക്കുകൊളുത്താനുള്ള ആൾ വന്നില്ല. എം.എൽ.എ. വിളക്കുകൊളുത്തണമെന്നു പറഞ്ഞു. ഞാൻ ചെയ്തു. അതിൽ എന്താണ് തെറ്റ്. പത്തിരുപതുവർഷം മുൻപുവരെ എല്ലാ നേതാക്കളും ഇത്തരം പരിപാടികളിലും ചർച്ചകളിലും പങ്കെടുക്കും. എത്രയോ സി.പി.എം. നേതാക്കൾ ഗ്രാമങ്ങളിൽ ഇത്തരം ചർച്ചകളിൽ പങ്കെടുത്തിട്ടുണ്ട്.
?നെഹ്റു നല്ലൊരു വായനക്കാരൻ ആയിരുന്നിട്ടും പിൽക്കാലത്ത് കോൺഗ്രസിൽ നിന്നൊരു വായനസമൂഹം ഉണ്ടാകാതിരുന്നിട്ടുണ്ടോ
= അത് തെറ്റാണ്. കോൺഗ്രസിൽനിന്ന് എല്ലാകാലത്തും നല്ലൊരു വായനസമൂഹം ഉണ്ടായിട്ടുണ്ട്. സി.പി.എമ്മിനകത്ത് ഒരു തരം ബുദ്ധിജീവി ചമയലുണ്ടല്ലോ, അതിവിടെ ഉണ്ടായില്ല. ഇ.എം.എസിനെപ്പോലെയും അച്യുതമേനോനെപ്പോലെയുമൊക്കെയുള്ള എഴുത്തുകാരും വായനക്കാരും സി.പി.എമ്മിലുണ്ടായിരുന്നു. അതുപോലെ കോൺഗ്രസിലും ഉണ്ടായിരുന്നു. പനമ്പിള്ളി ഗോവിന്ദമേനോനാണ് കേരളം കണ്ടിട്ടുള്ള ഏറ്റവും വലിയ വായനക്കാരൻ എന്നാണ് ഞാൻ മനസ്സിലാക്കുന്നത്. കെ.പി.സി.സി. പ്രസിഡന്റായിരുന്ന എ.പി. ഉദയഭാനു സാർ നല്ല വായനശീലമുള്ള ആളായിരുന്നു. മുല്ലപ്പള്ളി രാമചന്ദ്രൻ നല്ല വായനക്കാരനാണ്. അദ്ദേഹത്തിന്റെ കൈയിലിരിക്കുന്ന പുസ്തകങ്ങൾ കണ്ടിട്ട് ഞാൻ അദ്‌ഭുതപ്പെട്ടിട്ടുണ്ട്. സി.പി.എമ്മിൽ മുഴുവൻ ബുദ്ധിജീവികളും കോൺഗ്രസിൽ അക്ഷരവിരോധികളും ആണെന്നുള്ളത് സി.പി.എമ്മിന്റെ പ്രാചാരണങ്ങൾ മാത്രമാണ്.
Content Highlights: V.D. Satheesan identifies as a Nehruvian socialist., Nehru's 'Glimpses of World History' inspired his interest in historical study., Satheesan reflects on the emotional resonance of Nehru's 'Tryst with Destiny' speech., Discussion on the practical application of Nehruvian socialist values in 2026.
Published: 05 Jul 2026, 09:30 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented